ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ഏകതാ ദിനം-2025 പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ. അമിത് ഷാ, സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷിക വർഷാചരണം സംബന്ധിച്ച് പട്‌നയിൽ നടത്തിയ വാർത്താസമ്മേളനം

Posted On: 30 OCT 2025 3:05PM by PIB Thiruvananthpuram
ദേശീയ ഏകതാ ദിനം 2025 നോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഇന്ന് പട്‌നയിൽ സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷിക വർഷാചരണത്തെക്കുറിച്ച് വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്തു. 
 
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഒന്നിപ്പിക്കുന്നതിലും ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും ഐക്യരാഷ്ട്രം സൃഷ്ടിക്കുന്നതിലും സർദാർ പട്ടേൽ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് വാർത്താസമ്മേനത്തിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
2014 മുതൽ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ വർഷവും ഒക്ടോബർ 31-ന് കെവാദിയയിൽ വരാറുണ്ടെന്നും, അവിടെ സർദാർ പട്ടേലിൻ്റെ  ഗംഭീര പ്രതിമയ്ക്ക് മുന്നിൽ വലിയ പരേഡ് നടക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം, സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കാനും എല്ലാ വർഷവും ഒക്ടോബർ 31-ന് ഒരു മഹത്തായ പരേഡ് നടത്താനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
 
രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനായി എല്ലാ കേന്ദ്ര സായുധ പോലീസ് സേനകളെയും (CAPFs) സംസ്ഥാന പോലീസ് സേനകളെയും ആദരിക്കുന്നതിനായാണ് ഈ പരേഡ് സംഘടിപ്പിക്കുന്നതെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിൻ്റെയും അഖണ്ഡതയുടെയും പ്രതീകമായ സർദാർ പട്ടേലിൻ്റെ പ്രതിമയ്ക്ക് മുന്നിലായിരിക്കും പരേഡ് നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഈ വർഷം വളരെ വിശാലമായ രീതിയിൽ ഏകതാ റൺ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാ പോലീസ് സ്റ്റേഷനുകളിലും സ്കൂളുകളിലും സർവകലാശാലകളിലും ഏകതാ റൺ സംഘടിപ്പിക്കും. തുടർന്ന് എല്ലാ പൗരന്മാരും രാജ്യത്തിൻ്റെ  ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ഏകതാ പ്രതിജ്ഞ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
സർദാർ പട്ടേലിൻ്റെ  150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, നവംബർ 1 മുതൽ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികമായ നവംബർ 15 വരെ ഏകതാ നഗറിൽ ഭാരത് പർവ് സംഘടിപ്പിക്കുകയാണെന്നും ശ്രീ. ഷാ വ്യക്തമാക്കി. നവംബർ 15-ന് ഗോത്രവർഗ്ഗ സംസ്കാരത്തിൻ്റെയും സാംസ്കാരിക പരിപാടികളുടെയും മഹത്തായ ആഘോഷത്തോടെ ഭാരത് പർവ് സമാപിക്കും. ഈ പരിപാടി രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗക്കാരുടെ സാംസ്കാരിക വൈവിധ്യം, ഭക്ഷണം, വസ്ത്രധാരണം, കരകൗശലവസ്തുക്കൾ, നാടൻ കല, സംഗീതം എന്നിവയുടെ മനോഹരമായ സമന്വയം പ്രദർശിപ്പിക്കും.
 
സർദാർ പട്ടേൽ വെറുമൊരു വ്യക്തിമാത്രമല്ല, നമ്മുടെരാജ്യത്തിൻ്റെ  ഒരു പ്രത്യയശാസ്ത്രം കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തിനായി സർവ്വം സമർപ്പിച്ച വ്യക്തിയായിരുന്നു സർദാർ പട്ടേൽ. അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്ക് വഹിക്കുക മാത്രമല്ല, മഹാത്മാഗാന്ധിയോടൊപ്പം പ്രവർത്തിച്ച് പ്രസ്ഥാനത്തിൻ്റെ  സംഘടനാപരമായ പിന്തുണയായി മാറുകയും ചെയ്തു. കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ 1928-ൽ ആരംഭിച്ച ബാർദോളി സത്യാഗ്രഹം ആയിരുന്നു അദ്ദേഹത്തിൻ്റെ  പ്രധാന സമരങ്ങളിലൊന്ന്. ഈ പ്രസ്ഥാനത്തിനിടയിലാണ് മഹാത്മാഗാന്ധി അദ്ദേഹത്തിന് "സർദാർ" എന്ന പദവി നൽകിയത്. സ്വാതന്ത്ര്യാനന്തരം 562 നാട്ടുരാജ്യങ്ങളായി രാജ്യത്തെ വിഭജിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. അന്ന് ഈ 562 നാട്ടുരാജ്യങ്ങളെ ഒരു രാജ്യമായി ഒന്നിപ്പിക്കൽ അസാധ്യമാണെന്ന് ലോകം മുഴുവൻ കരുതി. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ, 562 നാട്ടുരാജ്യങ്ങളെയും സംയോജിപ്പിക്കുന്ന മഹത്തായ ദൗത്യം സർദാർ പട്ടേൽ പൂർത്തിയാക്കി. ഇന്ന് നമ്മൾ കാണുന്ന ആധുനിക ഇന്ത്യയുടെ ഭൂപടം അദ്ദേഹത്തിൻ്റെ  ദർശനത്തിൻ്റെയും പരിശ്രമങ്ങളുടെയും ഫലമാണെന്ന് ശ്രീ. ഷാ പറഞ്ഞു.
 
ഹൈദരാബാദിലെ പോലീസ് നടപടി, ജുനഗഢിൻ്റെ  സംയോജനം എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളികൾ സർദാർ പട്ടേൽ ഒന്നിനുപുറകെ ഒന്നായി പരിഹരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഭോപ്പാൽ, കത്തിയവാർ, തിരുവിതാംകൂർ, ജോധ്പൂർ എന്നിവിടങ്ങളിലെല്ലാം സർദാർ പട്ടേൽ ദൃഢനിശ്ചയത്തോടെ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ഇന്ത്യൻ പ്രദേശത്തുകൂടി ഒരു ഇടനാഴി സൃഷ്ടിക്കാനുള്ള പാകിസ്ഥാൻ്റെ  ശ്രമത്തെപ്പോലും തകർക്കുകയും ചെയ്തു.
 
പ്രശസ്തിക്കോ വ്യക്തിപരമായ മഹത്വത്തിനോ വേണ്ടി ആഗ്രഹിക്കാതെ, ജീവിതകാലം മുഴുവൻ രാജ്യത്തിനുവണ്ടി ജീവിച്ച ഒരു വ്യക്തിയുടെ അസാധാരണമായ ഉദാഹരണമാണ് സർദാർ പട്ടേൽ എന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. 1947 ഓഗസ്റ്റ് 15 ന് രാജ്യം മുഴുവൻ സ്വാതന്ത്ര്യം ആഘോഷിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തപ്പോൾ, സർദാർ പട്ടേൽ നാവിക ഉദ്യോഗസ്ഥരോടൊപ്പം കമാൻഡ് റൂമിൽ ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമായി മാറുന്നത് ഉറപ്പാക്കുന്ന ഒരു ഓപ്പറേഷൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ഓപ്പറേഷൻ ഇന്ത്യയുടെ തെക്കൻ അതിർത്തികൾക്ക് ശക്തി നൽകി. സർദാർ പട്ടേലിൻ്റെ  ദീർഘവീക്ഷണവും പ്രവർത്തനവുമാണ് ലക്ഷദ്വീപിൽ ത്രിവർണ്ണ പതാക ഉയരാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
****
 
 
 

(Release ID: 2184368) Visitor Counter : 17