ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

വൈദ്യുതി മേഖലയിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ: സ്ഥാപിത ശേഷി 500 ജിഗാവാട്ട് പിന്നിട്ടു; പുനരുപയോഗ ഊർജ്ജോൽപ്പാദനം ആവശ്യകതയുടെ 50% കവിഞ്ഞു

Posted On: 29 OCT 2025 5:46PM by PIB Thiruvananthpuram
സംശുദ്ധവും  സുരക്ഷിതവും  സ്വയംപര്യാപ്തവുമായ ഊർജ ഭാവിയിലേക്ക് ഇന്ത്യ നടത്തുന്ന തുടര്‍ച്ചയായ പുരോഗമന യാത്രയെ അടയാളപ്പെടുത്തുന്ന ചരിത്രപരമായ രണ്ട് നാഴികക്കല്ലുകള്‍ രാജ്യത്തെ വൈദ്യുതി മേഖല കൈവരിച്ചു.

2025 സെപ്റ്റംബർ 30 വരെ രാജ്യത്തെ ആകെ സ്ഥാപിത വൈദ്യുതി ശേഷി 500 ജിഗാവാട്ട് പിന്നിട്ട് 500.89 ജിഗാവാട്ടിലെത്തി. ഊർജരംഗത്തെ കരുത്തുറ്റ നയ പിന്തുണയുടെയും നിക്ഷേപങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും പ്രതിഫലനമാണ് ഈ നേട്ടം.  
 

 
ഇന്ത്യയുടെ വൈദ്യുതി ശേഷി വിവരങ്ങൾ:
 
  • ഫോസിൽ ഇതര ഇന്ധന സ്രോതസുകൾ (പുനരുപയോഗ ഊർജം, ജലവൈദ്യുതി, ആണവോര്‍ജം): 256.09 ജിഗാവാട്ട് - ആകെ ശേഷിയുടെ 51% ത്തിലധികം.
  • ഫോസിൽ ഇന്ധനാധിഷ്ഠിത സ്രോതസുകൾ: 244.80 ജിഗാവാട്ട് - ആകെ ശേഷിയുടെ ഏകദേശം 49% .
  • പുനരുപയോഗ ഊർജശേഷിയിലെ കണക്കുകൾ:
  • സൗരോർജം: 127.33 ജിഗാവാട്ട്
  • കാറ്റിൽ നിന്നുള്ള ഊർജം: 53.12 ജിഗാവാട്ട്

2025–26 സാമ്പത്തിക വർഷം (2025 ഏപ്രിൽ മുതല്‍ സെപ്റ്റംബർ വരെ) 28 ജിഗാവാട്ട് ഫോസിൽ ഇതര ഊര്‍ജശേഷിയും 5.1 ജിഗാവാട്ട് ഫോസിൽ ഇന്ധന ശേഷിയും ഇന്ത്യ അധികമായി നേടി.  രാജ്യത്ത് സംശുദ്ധ ഊർജത്തിന്‍റെ തോത് എത്ര പെട്ടെന്നാണ് വര്‍ധിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.  

പുനരുപയോഗ ഊർജത്തിലെ റെക്കോഡ് ദിനം


2025 ജൂലൈ 29-ന് ഇന്ത്യയിലെ വൈദ്യുതി ഉല്പാദനത്തിൽ പുനരുപയോഗ ഊര്‍‍ജം എക്കാലത്തെയും ഉയർന്ന പങ്ക് രേഖപ്പെടുത്തി.

അന്ന് രാജ്യത്തിന്‍റെ ആകെ 203 ജിഗാവാട്ട് വൈദ്യുതിയില്‍ 51.5% പുനരുപയോഗ സ്രോതസുകളില്‍നിന്നാണ് ഉല്പാദിപ്പിച്ചത്.  

 

  • സൗരോർജ്ജ ഉല്പാദനം: 44.50 ജിഗാവാട്ട്
  • കാറ്റിൽ നിന്നുള്ള ഉല്പാദനം: 29.89 ജിഗാവാട്ട്
  • ജലവൈദ്യുതി ഉല്പാദനം: 30.29 ജിഗാവാട്ട്


ഒരു ദിവസത്തെ രാജ്യത്തെ വൈദ്യുതിയുടെ പകുതിയിലേറെയും ഹരിത സ്രോതസുകളിൽനിന്ന് ഉല്പാദിപ്പിക്കപ്പെട്ടുവെന്നത് മാറ്റത്തിന്‍റെ ശ്രദ്ധേയമായ അടയാളമാണ്.  

ദേശീയ ലക്ഷ്യങ്ങൾ നിശ്ചിത സമയക്രമത്തിന് മുൻപ് കൈവരിച്ച് രാജ്യം ഈ പുരോഗതിയോടെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50% ഫോസിൽ ഇതര ഇന്ധന സ്രോതസുകളിൽ നിന്ന് ഉല്പാദിപ്പിക്കുകയെന്ന COP26-ലെ പ്രധാന പഞ്ചാമൃത ലക്ഷ്യങ്ങളിലൊന്ന് 2030-ലെ നിശ്ചിത സമയക്രമത്തിന് അഞ്ചുവർഷം നേരത്തെ ഇന്ത്യ കൈവരിച്ചു. വൈദ്യുത ശൃംഖലയുടെ  സ്ഥിരതയും വിശ്വാസ്യതയും നിലനിർത്തി രാജ്യം കൈവരിച്ച ഈ വിജയം  സംശുദ്ധ ഊർജ പരിവര്‍ത്തനത്തിലെ ഇന്ത്യയുടെ നേതൃശക്തിയെ എടുത്തു കാണിക്കുന്നു.

നേട്ടത്തിന്‍റെ പ്രാധാന്യം
പുനരുപയോഗ ഊർജ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം നിർമാണത്തിലും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലും  പരിപാലനത്തിലും നൂതനാശയങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഗ്രാമീണ, നഗര മേഖലകളിലെ യുവതയ്ക്ക് ഇത് ഒരുപോലെ പ്രയോജനകരമാകുന്നു.  

കൂട്ടായ പരിശ്രമം

ഈ നേട്ടം കൈവരിക്കുന്നതിൽ വലിയ പങ്കുവഹിച്ച വൈദ്യുതി ഉല്പാദന കമ്പനികള്‍ക്കും പ്രസരണ കേന്ദ്രങ്ങള്‍ക്കും  സിസ്റ്റം ഓപ്പറേറ്റർമാർക്കും സംസ്ഥാന ഏജൻസികൾക്കുമെല്ലാം  വൈദ്യുതി മന്ത്രാലയവും നവ പുനരുപയോഗ ഊർജ മന്ത്രാലയവും അഭിനന്ദനമറിയിച്ചു.
 
****

(Release ID: 2183965) Visitor Counter : 12