പ്രധാനമന്ത്രിയുടെ ഓഫീസ്
ക്വാലാലംപൂരിൽ നടന്ന 22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പങ്കാളിത്തം
Posted On:
26 OCT 2025 9:31PM by PIB Thiruvananthpuram
22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി 2025 ഒക്ടോബർ 26-ന് ക്വാലാലംപൂരിൽ നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടിയിൽ വെർച്വലായി പങ്കെടുത്തു. പ്രധാനമന്ത്രിയും ആസിയാൻ നേതാക്കളും സംയുക്തമായി ആസിയാൻ-ഇന്ത്യ ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുകയും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലെ 12-ാമത്തെ പങ്കാളിത്തമായിരുന്നു ഇത്.
ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആസിയാനിലെ 11-ാമത് അംഗമായി ചേർന്ന ടിമോർ ലെസ്സയെ അഭിനന്ദിക്കുകയും ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ ഒരു പൂർണ്ണ അംഗമെന്ന നിലയിലുള്ള അവരുടെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്യുകയും, ആ രാജ്യത്തിന്റെ മാനവ വികസനത്തിന് ഇന്ത്യയുടെ തുടർച്ചയായ പിന്തുണ അറിയിക്കുകയും ചെയ്തു.
ആസിയാൻ ഐക്യത്തിനും, ആസിയാൻ കേന്ദ്രീകരണത്തിനും, ഇൻഡോ-പസഫിക്കിനായുള്ള ആസിയാൻ കാഴ്ചപ്പാടിനുമുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച പ്രധാനമന്ത്രി, ആസിയാൻ കമ്മ്യൂണിറ്റി വിഷൻ 2045 അംഗീകരിച്ചതിന് അംഗരാജ്യങ്ങളെ അഭിനന്ദിച്ചു.
ആസിയാൻ-ഇന്ത്യ സ്വതന്ത്ര്യ വ്യാപാര കരാർ (AITIGA) എത്രയും വേഗം അവലോകനം ചെയ്യുന്നത്, മേഖലയിലെ ജനങ്ങളുടെയാകെ പ്രയോജനത്തിനായി നമ്മുടെ ബന്ധത്തിന്റെ മുഴുവൻ സാമ്പത്തിക സാധ്യതകൾ തുറക്കാനും പ്രാദേശിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഭീകരവാദം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
മലേഷ്യയുടെ അധ്യക്ഷതയിലുള്ള ഉച്ചകോടിയിലെ"ഉൾച്ചേർക്കലും സുസ്ഥിരതയും"എന്ന പ്രമേയത്തെ പിന്തുണച്ചുകൊണ്ട്, പ്രധാനമന്ത്രി ഇനിപ്പറയുന്ന കാര്യങ്ങൾ പ്രഖ്യാപിച്ചു:
* ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം (2026-2030) നടപ്പിലാക്കുന്നതിനുള്ള ആസിയാൻ-ഇന്ത്യ കർമ്മ പദ്ധതിക്കുള്ള വിപുലമായ പിന്തുണ.
* ആസിയാൻ-ഇന്ത്യ ടൂറിസം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ആ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് സുസ്ഥിര വിനോദസഞ്ചാരത്തെക്കുറിച്ചുള്ള ആസിയാൻ-ഇന്ത്യ സംയുക്ത നേതാക്കളുടെ പ്രസ്താവന അംഗീകരിക്കൽ.
* സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ പങ്കാളിത്തം സ്ഥാപിക്കുന്നതിനായി 2026-നെ "ആസിയാൻ-ഇന്ത്യ മാരിടൈം സഹകരണ വർഷം" ആയി പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശം.
* സുരക്ഷിത സമുദ്ര പരിസ്ഥിതിക്കായി രണ്ടാം ആസിയാൻ-ഇന്ത്യ പ്രതിരോധ മന്ത്രിമാരുടെ യോഗവും രണ്ടാമത്തെ ആസിയാൻ-ഇന്ത്യ മാരിടൈം പരിശീലനവും സംഘടിപ്പിക്കാനുള്ള നിർദ്ദേശം.
* അയൽരാജ്യത്തുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലെ പ്രഥമ പ്രതികരണ ശക്തി എന്ന നിലയിൽ ഇന്ത്യ അതിന്റെ പങ്ക് തുടരുകയും ദുരന്ത നിവാരണത്തിലും, മാനുഷിക സഹായത്തിലും ദുരിതാശ്വാസത്തിലും (HADR) സഹകരണം കൂടുതൽ ദൃഢമാക്കുകയും ചെയ്യും.
* ആസിയാൻ പവർ ഗ്രിഡ് സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി പുനരുപയോഗ ഊർജ്ജത്തിൽ വിദഗ്ധരായ 400 പേർക്ക് പരിശീലനം നൽകും.
* ടിമോർ ലെസ്സയ്ക്ക് അതിവേഗ ഫലം സിദ്ധിക്കുന്ന പദ്ധതികൾ (Designation - QIPs) വ്യാപിപ്പിക്കും.
* പ്രാദേശിക വൈദഗ്ധ്യം വികസിപ്പിക്കുന്നതിനായി നളന്ദ യൂണിവേഴ്സിറ്റിയിൽ തെക്കുകിഴക്കനേഷ്യൻ പഠന കേന്ദ്രം സ്ഥാപിക്കാനുള്ള നിർദ്ദേശം.
* വിദ്യാഭ്യാസം, ഊർജ്ജം, ശാസ്ത്ര-സാങ്കേതിക വിദ്യ, ഫിൻടെക്, സാംസ്കാരിക സംരക്ഷണം എന്നിവയിലെ നിലവിലുള്ള സഹകരണത്തെ പിന്തുണയ്ക്കുകയും അടിസ്ഥാന സൗകര്യങ്ങൾ, അർദ്ധചാലകങ്ങൾ, നവീന സാങ്കേതികവിദ്യകൾ, അപൂർവ ഭൗമ മൂലകങ്ങൾ, നിർണ്ണായക ധാതുക്കൾ എന്നിവയിലെ സഹകരണം തുടങ്ങിയവ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
* ഗുജറാത്തിലെ ലോഥലിൽ കിഴക്കനേഷ്യ ഉച്ചകോടി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ മാരിടൈം സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സമ്മേളനം എന്നിവ സംഘടിപ്പിക്കും.
22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി വെർച്വലായി നടത്തുന്നതിന് ആതിഥേയത്വം വഹിച്ചതിലും അതിനായി മികച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിലും ബഹുമാന്യ പ്രധാനമന്ത്രി ഡാറ്റോ സെരി അൻവർ ഇബ്രാഹിമിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നന്ദി പറഞ്ഞു. അംഗരാജ്യങ്ങളുടെ കാര്യക്ഷമമായ ഏകോപനം നിർവഹിച്ചതിന് ഫിലിപ്പീൻസ് പ്രസിഡന്റ് മാർക്കോസ് ജൂനിയറിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ആസിയാനുമായുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയ്ക്കും അതിന്റെ ആക്റ്റ് ഈസ്റ്റ് നയത്തിലൂടെ മേഖലയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള നമ്മുടെ നിരന്തരമായ പ്രതിബദ്ധതയ്ക്കും ആസിയാൻ നേതാക്കൾ ഇന്ത്യയെയും അഭിനന്ദിച്ചു.
***
NK
(Release ID: 2182744)
Visitor Counter : 10