ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക സ്മരണയില്‍ എല്ലാ വർഷവും ഒക്ടോബർ 31-ന് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിക്കുന്നു

Posted On: 24 OCT 2025 4:09PM by PIB Thiruvananthpuram

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തിന്‍റെ സ്മരണാര്‍ത്ഥം  എല്ലാ വർഷവും ഒക്ടോബർ 31-ന് രാഷ്ട്രീയ ഏകതാ ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിന്‍റെയും അഖണ്ഡതയുടെയും ദേശീയ സൗഹാര്‍ദ്ദത്തിന്‍റെയും  പ്രതീകമാണ് രാഷ്ട്രീയ ഏകതാ ദിനാചരണം. സർദാർ പട്ടേലിന്‍റെ 150-ാം ജന്മവാർഷികമാഘോഷിക്കുന്ന ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. പല തലങ്ങളില്‍ അതുല്യമായ ദിനാഘോഷങ്ങൾ ഈ വർഷത്തെ  ദിനാചരണത്തിന് ഓർമകളില്‍‌ പ്രത്യേക ഇടം നല്‍കും.  



സ്വതന്ത്ര ഭാരതത്തിന്‍റെ രൂപീകരണത്തിലും 562 നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിലും ആധുനിക ഇന്ത്യയ്ക്ക് അടിത്തറ പാകുന്നതിലും സർദാർ പട്ടേൽ വഹിച്ച നിർണായക പങ്ക് രാഷ്ട്രീയ ഏകതാ ദിന വാർഷികാഘോഷം രാജ്യത്തെ ജനങ്ങളെ ഓര്‍മപ്പെടുത്തുന്നു. ദേശീയ ഐക്യത്തോട് പുലര്‍ത്തിയ അചഞ്ചലമായ പ്രതിബദ്ധതയും നേതൃപാടവവും കാരണമാണ് "ദേശീയ ഐക്യത്തിന്‍റെ ശില്പി", "ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ" എന്നീ നിലകളില്‍ സർദാർ പട്ടേൽ ആദരിക്കപ്പെടുന്നത്.  


സത്പുര, വിന്ധ്യാചൽ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഏകതാ നഗർ പ്രകൃതി സൗന്ദര്യവും സാംസ്കാരിക സമ്പന്നതയും സമന്വയിപ്പിച്ച് "നാനാത്വത്തിൽ ഏകത്വം" എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്നു.
 

 


ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിനത്തിന്‍റെ സവിശേഷ ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ നഗറിൽ പ്രൗഢമായ പരേഡും സാംസ്കാരികോത്സവവും സംഘടിപ്പിക്കും.  കേന്ദ്ര സായുധ പോലീസ് സേനകളും സംസ്ഥാന പോലീസ് സേനകളും പരേഡിൽ അവരുടെ കഴിവുകളും കര്‍മശേഷിയും ധീരതയും പ്രദർശിപ്പിക്കും.  അതിര്‍ത്തി സുരക്ഷാ സേന  (ബിഎസ്എഫ്), കേന്ദ്ര റിസർവ് പോലീസ് സേന (സിആര്‍പിഎഫ്), കേന്ദ്ര  ഔദ്യോഗിക സുരക്ഷാസേന (സിഐഎസ്എഫ്), ഇൻഡോ-ടിബറ്റൻ അതിര്‍ത്തി പൊലീസ് (ഐടിബിപി), സശസ്ത്ര സീമാ ബൽ (എസ്എസ്ബി) എന്നിവയിലെ  സംഘങ്ങൾക്കൊപ്പം അസം, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീർ, കേരളം, ആന്ധ്രാപ്രദേശ്  സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും എൻസിസിയും ഈ വർഷത്തെ ദേശീയ ഏകതാ ദിന പരേഡിൽ അണിനിരക്കും. കുതിരപ്പടയും ഒട്ടക സംഘങ്ങളും അണിനിരക്കുന്ന പരേഡില്‍ സൈന്യത്തിന്‍റെ ഭാഗമായ തദ്ദേശീയ നായകളുടെ  പ്രകടനങ്ങളും വിവിധ ആയോധന കലകളും നിരായുധ പോരാട്ട പരിശീലനങ്ങളും വിസ്മയം തീര്‍ക്കും.  


 


വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും സേനാംഗങ്ങളുടെയും പങ്കാളിത്തവും പരേഡിന്‍റെ സവിശേഷതയാണ്. പ്രധാനമന്ത്രിക്ക് നൽകുന്ന ഗാർഡ് ഓഫ് ഓണറിന്  വനിതാ ഉദ്യോഗസ്ഥ നേതൃത്വം നൽകും. സിഐഎസ്എഫ്, സിആർപിഎഫ് വിഭാഗങ്ങളിലെ വനിതാ ഉദ്യോഗസ്ഥർ നടത്തുന്ന ആയോധന കലകളുടെയും നിരായുധ പരിശീലനങ്ങളുടെയും പ്രകടനങ്ങള്‍ രാജ്യത്തിന്‍റെ പെൺമക്കളുടെ ശക്തിയും ധൈര്യവും ലോകത്തിന് മുന്നിൽ പ്രദര്‍ശിപ്പിക്കും.  

ഈ വർഷത്തെ പരേഡിൽ ബിഎസ്എഫ് സേനയിലെ ഇന്ത്യൻ നായകളുടെ പ്രത്യേക മാർച്ചിങ്  സംഘം, ഗുജറാത്ത് പൊലീസിൻ്റെ കുതിരപ്പട സംഘം, അസം പോലീസിൻ്റെ മോട്ടോർ സൈക്കിൾ ഡെയർഡെവിൾ ഷോ, ബിഎസ്എഫിൻ്റെ ഒട്ടക സംഘവും ബാന്‍റും എന്നിവ പ്രധാന ആകർഷണങ്ങളായി മാറും. കൂടാതെ റാംപൂർ ഹൗണ്ട്സ്, മുധോൾ ഹൗണ്ട്സ് തുടങ്ങിയ തദ്ദേശീയ നായകളുടെ കഴിവുകളും പ്രദർശിപ്പിക്കും. ബിഎസ്എഫ് ദൗത്യങ്ങളില്‍ സേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ സംഭാവന നൽകുന്ന ഈ നായ ഇനങ്ങള്‍ ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിന്‍റെ പ്രതിഫലനമാണ്. അടുത്തിടെ നടന്ന പൊലീസ് നായകളുടെ അഖിലേന്ത്യ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ 'റിയ' എന്ന മുധോൾ ഹൗണ്ട് ഈ വർഷത്തെ പരേഡിൽ ഡോഗ് സ്ക്വാഡിന് നേതൃത്വം നൽകും.

നാഷണല്‍ കേഡറ്റ് കോർപ്‌സ് (എൻ‌സി‌സി)  കേഡറ്റുകളും സ്കൂൾ ബാന്‍റുകളും അവരുടെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ചടങ്ങിന്‍റെ പ്രൗഢി വർധിപ്പിക്കും. അച്ചടക്കവും ആവേശവും കാഴ്ചവെയ്ക്കുന്ന യുവ എൻ‌സി‌സി കേഡറ്റുകൾ  "ഐക്യമാണ് ശക്തി" എന്ന സന്ദേശം കൈമാറും. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘത്തിന്‍റെ മനോഹര വ്യോമാഭ്യാസ പ്രകടനവും പരേഡിന് മിഴിവേകും.

നാനാത്വത്തിൽ ഏകത്വമെന്ന സന്ദേശം എടുത്തുകാണിക്കാന്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും സജ്ജീകരിച്ച നിശ്ചലദൃശ്യങ്ങളും  പരേഡിന്‍റെ ഭാഗമാകും. ഈ വർഷത്തെ ദേശീയ ഏകതാദിന പരേഡിൽ അണിനിരക്കുന്ന ദേശീയ സുരക്ഷാ ഗാർഡ് (എന്‍എസ്ജി), എൻഡിആർഎഫ് സംഘങ്ങളുടെയും ഗുജറാത്ത്, ജമ്മു കശ്മീർ, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, മണിപ്പൂർ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നിവിടങ്ങളിലെയും 10 നിശ്ചല ദൃശ്യങ്ങള്‍ "നാനാത്വത്തിൽ ഏകത്വം" എന്ന ആശയത്തെ പ്രതിഫലിപ്പിക്കും.

ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഡൽഹി പൊലീസ് എന്നിവയുടെയും മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ജമ്മു കശ്മീർ സംസ്ഥാനങ്ങളുടെയും ബ്രാസ് ബാന്‍റുകള്‍ പങ്കുചേരുന്നതോടെ ഈ വർഷത്തെ പരേഡ് കൂടുതൽ മനോഹരമാകും. സിആർപിഎഫിലെ അഞ്ച് ശൗര്യചക്ര പുരസ്കാര ജേതാക്കളും ബിഎസ്എഫിലെ 16 ധീരതാ മെഡൽ ജേതാക്കളും ഈ വർഷത്തെ പരേഡിൽ പങ്കെടുക്കും. ഝാർഖണ്ഡിലെ നക്സൽ വിരുദ്ധ ദൗത്യങ്ങളിലും ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും  അസാധാരണ ധീരത പ്രകടിപ്പിച്ചവരാണിവര്‍.  പടിഞ്ഞാറൻ അതിർത്തിയില്‍ ഓപ്പറേഷൻ സിന്ദൂർ ദൗത്യവേളയില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥർ അതുല്യമായ വീര്യവും ധീരതയും കാഴ്ചവെച്ചു.  

പരേഡിനൊപ്പം കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയിൽ 900 കലാകാരന്മാർ ഇന്ത്യയുടെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിക്കും. രാജ്യത്തിന്‍റെ സാംസ്കാരിക സമ്പന്നമായ വൈവിധ്യവും ദേശീയ ഐക്യവും ഈ കലാരൂപങ്ങള്‍ എടുത്തു കാണിക്കും.


ദേശീയ ഐക്യം, സൗഹാര്‍ദ്ദം, രാജ്യസ്നേഹം എന്നീ മൂല്യങ്ങള്‍ ഉയർത്തിക്കാട്ടാനും അവ പിന്തുടരാന്‍ രാജ്യത്തെ പൗരന്മാരെ പ്രേരിപ്പിക്കാനുമാണ് രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങൾ ലക്ഷ്യമിടുന്നത്.  രാജ്യത്തെ പൗരന്മാര്‍ക്ക് ഈ മഹത്തായ ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്ത് ദിനാചരണത്തിന്‍റെ ഭാഗമാകാം.

നവംബർ 1 മുതൽ 15 വരെ ഭാരത് പർവ് എന്ന പരിപാടിക്ക് ഏകതാ നഗർ ആതിഥേയത്വം വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ  സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും.  രാജ്യത്തെ ഗോത്ര സമൂഹങ്ങളുടെ മഹത്തായ സംസ്കാരത്തെയും ചെറുത്തുനിൽപ്പിൻ്റെ കരുത്താര്‍ന്ന മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്ന മേള  നവംബർ 15-ന്  ഭഗവാൻ ബിർസ മുണ്ട ജയന്തി ആഘോഷത്തോടെ  സമാപിക്കും.  

*****************

 
 
 

(Release ID: 2182312) Visitor Counter : 35