പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു


ഇന്ന് നടന്ന നിയമനങ്ങൾ വെറും സർക്കാർ ജോലികളല്ല, മറിച്ച് രാഷ്ട്രനിർമ്മാണത്തിന് സജീവമായി സംഭാവന നൽകാനുള്ള അവസരങ്ങളാണ്: പ്രധാനമന്ത്രി

യുവാക്കൾ വിജയിക്കുമ്പോൾ, രാഷ്ട്രം വിജയിക്കുന്നു: പ്രധാനമന്ത്രി

റോസ്ഗർ മേളകളിലൂടെ മാത്രം നമ്മുടെ സർക്കാർ 11 ലക്ഷത്തിലധികം നിയമന കത്തുകൾ നൽകിയിട്ടുണ്ട്: പ്രധാനമന്ത്രി

'ജിഎസ്ടി ബചത് ഉത്സവ്'- ആവശ്യകത, ഉത്പാദനം, തൊഴിൽ എന്നിവയെ എങ്ങനെ ഉത്തേജിപ്പിച്ചുവെന്ന് റെക്കോർഡ് ദീപാവലി വിൽപ്പന കാണിക്കുന്നു: പ്രധാനമന്ത്രി

യുപിഎസ്‌സിയുടെ അവസാനഘട്ട ലിസ്റ്റിൽ ഇടം നേടിയവരുടെ കഴിവുകൾ പാഴാകുന്നില്ലെന്ന് പ്രതിഭ സേതു പോർട്ടൽ ഉറപ്പാക്കുന്നു - അത് രാഷ്ട്രനിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നു: പ്രധാനമന്ത്രി

വികസിത ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് യുവ കർമ്മയോഗികൾ നേതൃത്വം നൽകും: പ്രധാനമന്ത്രി

Posted On: 24 OCT 2025 12:27PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു. ഈ വർഷത്തെ ദീപാവലി എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾക്കിടയിൽ സ്ഥിരം ജോലികൾക്കുള്ള നിയമന കത്തുകളും ലഭിക്കുന്നത്, ഉത്സവത്തിന്റെ ആവേശവും തൊഴിൽ നേട്ടവും എന്നിങ്ങനെ ഇരട്ടി സന്തോഷം നൽകുന്നു. ഇന്ന് രാജ്യത്തുടനീളമുള്ള 51,000-ത്തിലധികം യുവാക്കളിലേക്ക് ഈ സന്തോഷം എത്തിയിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് അവരുടെ കുടുംബങ്ങൾക്ക് നൽകുന്ന വലിയ സന്തോഷം അദ്ദേഹം പരാമർശിക്കുകയും എല്ലാ സ്വീകർത്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. അവരുടെ ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് അദ്ദേഹം ആശംസകൾ നേർന്നു.

പുതുതായി നിയമിതരായ യുവാക്കളിലെ ആവേശം, കഠിനാധ്വാന ശേഷി, സ്വപ്നങ്ങളിൽ നിന്ന് ഉടലെടുക്കുന്ന ആത്മവിശ്വാസം എന്നിവ എടുത്തുകാണിച്ചുകൊണ്ട്, ഈ ആവേശം രാഷ്ട്രത്തെ സേവിക്കാനുള്ള അഭിനിവേശവുമായി സംയോജിപ്പിക്കുമ്പോൾ, അവരുടെ വിജയം വ്യക്തിപരമായ നേട്ടങ്ങളെ മറികടക്കുകയും രാജ്യത്തിന്റെ വിജയമായി മാറുകയും ചെയ്യുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്നത്തെ നിയമനങ്ങൾ വെറും സർക്കാർ ജോലികളല്ല, മറിച്ച് രാഷ്ട്രനിർമ്മാണത്തിൽ സജീവമായി സംഭാവന നൽകാനുള്ള അവസരങ്ങളാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നിയമിതർ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുമെന്നും ഭാവിയിലെ ഇന്ത്യയ്ക്കായി മികച്ച സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'നഗരിക് ദേവോ ഭവ' എന്ന മന്ത്രം മറക്കരുതെന്നും സേവനത്തിന്റെയും സമർപ്പണത്തിന്റെയും മനോഭാവം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പുതിയ നിയമിതരോട് അഭ്യർത്ഥിച്ചു.

"കഴിഞ്ഞ 11 വർഷമായി, വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് രാജ്യം മുന്നേറുന്നത്, ഈ യാത്രയിൽ യുവാക്കൾ ഏറ്റവും നിർണായക പങ്ക് വഹിക്കുന്നു", പ്രധാനമന്ത്രി എടുത്തുപറഞ്ഞു, യുവജന ശാക്തീകരണം തങ്ങളുടെ  ഗവൺമെന്റിന്റെ മുൻ‌ഗണനയായി തുടരുന്ന കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു. യുവ ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി റോസ്ഗർ മേളകൾ മാറിയിട്ടുണ്ടെന്നും സമീപകാലത്ത് ഈ മേളകളിലൂടെ 11 ലക്ഷത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ശ്രമങ്ങൾ സർക്കാർ ജോലികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. 3.5 കോടി യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ 'പിഎം വികസിത്  ഭാരത് റോസ്ഗർ യോജന' ആരംഭിച്ചത്. സ്‌കിൽ ഇന്ത്യ മിഷൻ പോലുള്ള സംരംഭങ്ങൾ യുവാക്കളെ ആവശ്യമായ പരിശീലനം നൽകി സജ്ജരാക്കുന്നുണ്ടെന്നും നാഷണൽ കരിയർ സർവീസ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ അവരെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമിലൂടെ 7 കോടിയിലധികം ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനകം യുവാക്കളുമായി പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുപിഎസ്‌സിയുടെ അന്തിമ പട്ടികയിൽ എത്തിയിട്ടും തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നൽകുന്ന 'പ്രതിഭ സേതു പോർട്ടൽ' എന്ന പേരിൽ യുവാക്കൾക്കായി ഒരു പ്രധാന സംരംഭം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യ, പൊതു സ്ഥാപനങ്ങൾ ഇപ്പോൾ ഈ വ്യക്തികളുമായി പോർട്ടൽ വഴി ഇടപഴകുന്നതിനാൽ അവരുടെ ശ്രമങ്ങൾ വെറുതെയാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവാക്കളുടെ പ്രതിഭയുടെ ഈ പരമാവധി ഉപയോഗം ഇന്ത്യയുടെ യുവത്വ ശേഷി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

'ജിഎസ്ടി ബചത് ഉത്സവ്' ആഘോഷ കാലത്തെ സമ്പന്നമാക്കിയെന്ന് എടുത്തുപറഞ്ഞുകൊണ്ട്, രാജ്യത്തുടനീളമുള്ള ജിഎസ്ടി നിരക്ക് കുറയ്ക്കലുകളിലെ ഗണ്യമായ പരിഷ്കാരങ്ങൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ തൊഴിലവസരങ്ങൾ വികസിപ്പിക്കുന്നതിനാൽ, ഈ പരിഷ്കാരങ്ങളുടെ ഫലം  ഉപഭോക്തൃ സമ്പാദ്യത്തിനപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ വിലകുറഞ്ഞതായിത്തീരുമ്പോൾ, ഡിമാൻഡ് വർദ്ധിക്കുന്നു; വർദ്ധിച്ച ആവശ്യകത ഉൽപാദനത്തെയും വിതരണ ശൃംഖലകളെയും ത്വരിതപ്പെടുത്തുന്നു; ഉയർന്ന ഫാക്ടറി ഉൽപ്പാദനം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു. അതിനാൽ, ജിഎസ്ടി ബചത് ഉത്സവ് ഒരു തൊഴിൽ ഉത്സവമായി മാറുകയാണ്. ദന്തേരസിലും ദീപാവലിയിലും നടന്ന റെക്കോർഡ് വിൽപ്പന, പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയും പഴയവ മറികടക്കുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് എങ്ങനെ പുതിയ ആക്കം നൽകിയെന്ന് ഇത് തെളിയിക്കുന്നു. ഉൽപ്പാദനം, ലോജിസ്റ്റിക്സ്, പാക്കേജിംഗ്, വിതരണം എന്നിവയിൽ ഇപ്പോൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന എംഎസ്എംഇ മേഖലയിലും ചില്ലറ വ്യാപാരത്തിലും ഈ പരിഷ്കാരങ്ങളുടെ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും ചെറുപ്പമുള്ള  രാജ്യമാണ്, ഇന്ത്യയിലെ യുവാക്കളുടെ ശക്തിയാണ് അതിന്റെ ഏറ്റവും വലിയ ആസ്തികളിൽ ഒന്ന്", ശ്രീ മോദി പറഞ്ഞു, ഈ വിശ്വാസവും ആത്മവിശ്വാസവുമാണ് യുവ ഇന്ത്യക്കാരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി രൂപപ്പെടുത്തിയ വിദേശനയം ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള രാജ്യത്തിന്റെ പുരോഗതിയെ നയിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളിലും ആഗോള ധാരണാപത്രങ്ങളിലും യുവാക്കളുടെ പരിശീലനം, വൈദഗ്ധ്യം മെച്ചപ്പെടുത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കുള്ള വ്യവസ്ഥകൾ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമീപകാല സന്ദർശന വേളയിൽ, എഐ, ഫിൻടെക്, ക്ലീൻ എനർജി തുടങ്ങിയ മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും യുകെയും തമ്മിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറും പുതിയ അവസരങ്ങൾ തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, നിരവധി യൂറോപ്യൻ രാജ്യങ്ങളുമായുള്ള നിക്ഷേപ പങ്കാളിത്തം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രസീൽ, സിംഗപ്പൂർ, കൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാറുകൾ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും, സ്റ്റാർട്ടപ്പുകളെയും എംഎസ്എംഇകളെയും പിന്തുണയ്ക്കുമെന്നും, കയറ്റുമതി വർദ്ധിപ്പിക്കുമെന്നും, യുവാക്കൾക്ക് ആഗോള പദ്ധതികളിൽ പ്രവർത്തിക്കാൻ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വിജയങ്ങളും ദർശനങ്ങളും വരും കാലങ്ങളിൽ പുതുതായി നിയമിതരായ യുവാക്കളിൽ നിന്ന് ഗണ്യമായ സംഭാവനകൾക്ക്  വഴിയൊരുക്കുമെന്ന് അടിവരയിട്ടുകൊണ്ട്, വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള തുടർച്ചയായ ശ്രമങ്ങളുടെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന് നിയമിതരായവരെപ്പോലുള്ള യുവ കർമ്മയോഗികൾ ഈ ദൃഢനിശ്ചയത്തെ ഫലത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ യാത്രയിൽ 'ഐ-ഗോട്ട് കർമ്മയോഗി ഭാരത് പ്ലാറ്റ്‌ഫോമി'ന്റെ പ്രയോജനം അദ്ദേഹം എടുത്തുപറഞ്ഞു, ഏകദേശം 1.5 കോടി സർക്കാർ ജീവനക്കാർ ഇതിനകം തന്നെ അതിലൂടെ കാര്യങ്ങൾ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയതായി നിയമിതരായവരെ പ്ലാറ്റ്‌ഫോമിൽ ചേരാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു, ഇത് ഒരു പുതിയ തൊഴിൽ സംസ്കാരവും സദ്ഭരണത്തിന്റെ മനോഭാവവും വളർത്തിയെടുക്കും. ഇന്ത്യയുടെ ഭാവി രൂപപ്പെടുന്നതും പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതും അവരുടെ ശ്രമങ്ങളിലൂടെയാണെന്ന് പരാമർശിച്ചുകൊണ്ട് ശ്രീ മോദി ഉപസംഹരിച്ചു. നിയമിതരായ എല്ലാവർക്കും അദ്ദേഹം വീണ്ടും തന്റെ ആശംസകൾ നേർന്നു.

 

 

***

SK


(Release ID: 2182129) Visitor Counter : 17