പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ചു
ഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിജ്ഞാബദ്ധത എന്നിവയുടെ സാക്ഷ്യമാണ്: പ്രധാനമന്ത്രി
സ്വയംപര്യാപ്ത ഇന്ത്യയുടെയും ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെയും ഉജ്വല പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത്: പ്രധാനമന്ത്രി
‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ മൂന്നു സേനകളും തമ്മിലുള്ള അസാധാരണമായ ഏകോപനമാണു പാകിസ്ഥാനെ കീഴടങ്ങാൻ നിർബന്ധിതരാക്കിയത്: പ്രധാനമന്ത്രി
കഴിഞ്ഞ ദശകത്തിൽ, നമ്മുടെ പ്രതിരോധ സേനകൾ സ്വയംപര്യാപ്തതയിലേക്കാണു സ്ഥിരമായി മുന്നേറുന്നത്: പ്രധാനമന്ത്രി
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ കയറ്റുമതി രാജ്യങ്ങളിലൊന്നാക്കി ഇന്ത്യയെ മാറ്റുക എന്നതാണു നമ്മുടെ ലക്ഷ്യം: പ്രധാനമന്ത്രി
ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാവൽക്കാരായി ഇന്ത്യയുടെ നാവികസേന നിലകൊള്ളുന്നു: പ്രധാനമന്ത്രി
നമ്മുടെ സുരക്ഷാസേനയുടെ ധീരതയാലും നിശ്ചയദാർഢ്യത്താലും രാഷ്ട്രം സുപ്രധാന നാഴികക്കല്ലു പിന്നിട്ടു; നാം മാവോയിസ്റ്റ് ഭീകരത ഇല്ലാതാക്കുകയാണ്: പ്രധാനമന്ത്രി
Posted On:
20 OCT 2025 12:53PM by PIB Thiruvananthpuram
ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു ശ്രീ മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐഎൻഎസ് വിക്രാന്തിൽ ചെലവഴിച്ച രാത്രി അനുസ്മരിച്ച അദ്ദേഹം, ആ അനുഭവം വാക്കുകളാൽ വിവരിക്കാൻ പ്രയാസമാണെന്നു വ്യക്തമാക്കി. കടലിലെ ആഴമേറിയ രാത്രിയും സൂര്യോദയവും ഈ ദീപാവലിയെ പലതരത്തിൽ അവിസ്മരണീയമാക്കുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഐഎൻഎസ് വിക്രാന്തിൽനിന്ന്, രാജ്യത്തെ 140 കോടി പൗരന്മാർക്കും പ്രധാനമന്ത്രി ഹൃദയംഗമമായ ദീപാവലി ആശംസകൾ നേർന്നു.
ഐഎൻഎസ് വിക്രാന്ത് രാഷ്ട്രത്തിനു കൈമാറിയ നിമിഷം അനുസ്മരിച്ച ശ്രീ മോദി, ‘വിക്രാന്ത് മഹത്തായതും ബൃഹത്തായതും വിശാലമായതും അതുല്യവും അസാധാരണവുമാണ്’ എന്ന് ആ സമയത്തു പറഞ്ഞതായി ചൂണ്ടിക്കാട്ടി. “വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും സാക്ഷ്യമാണത്” - പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് രാഷ്ട്രത്തിനു ലഭിച്ച ദിവസംതന്നെ, ഇന്ത്യൻ നാവികസേന കോളനിവൽക്കരണത്തിന്റെ പ്രധാന പൈതൃകചിഹ്നം ഉപേക്ഷിച്ചുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു നാവികസേന പുതിയ പതാക സ്വീകരിച്ചു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
“ഇന്ന് ഐഎൻഎസ് വിക്രാന്ത് സ്വയംപര്യാപ്ത ഇന്ത്യയുടെയും ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെയും കരുത്തുറ്റ പ്രതീകമായി നിലകൊള്ളുന്നു” - തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്ത് സമുദ്രത്തിന്റെ ആഴങ്ങൾ താണ്ടി ഇന്ത്യയുടെ സൈനിക ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ്, ‘വിക്രാന്ത്’ എന്ന പേരുതന്നെ പാകിസ്ഥാന്റെ ഉറക്കം കെടുത്തിയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ശത്രുവിന്റെ ധാർഷ്ട്യത്തിന് അറുതിവരുത്താൻ ‘ഐഎൻഎസ് വിക്രാന്ത്’ എന്ന യുദ്ധക്കപ്പലിന്റെ പേരുമാത്രം മതിയെന്നു പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
ഈ അവസരത്തിൽ ഇന്ത്യൻ സായുധസേനയ്ക്കു പ്രധാനമന്ത്രി പ്രത്യേക അഭിവാദ്യമർപ്പിച്ചു. ഇന്ത്യയുടെ നാവികസേന ശത്രുക്കളിൽ ഉളവാക്കിയ ഭയം, വ്യോമസേന പ്രകടിപ്പിച്ച അസാധാരണ വൈദഗ്ധ്യം, കരസേനയുടെ ധീരത, മൂന്നു സേനകളുടെയും അസാമാന്യമായ ഏകോപനം എന്നിവയാണ് ‘ഓപ്പറേഷൻ സിന്ദൂറി’നിടെ പാകിസ്ഥാനെ വേഗത്തിൽ കീഴടങ്ങാൻ നിർബന്ധിതരാക്കിയതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ദൗത്യത്തിൽ ഉൾപ്പെട്ട എല്ലാ സൈനികരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശത്രു മുന്നിലുള്ളപ്പോഴും യുദ്ധം ആസന്നമായിരിക്കുമ്പോഴും സ്വതന്ത്രമായി പോരാടാൻ ശക്തിയുള്ള പക്ഷത്തിനാണ് എപ്പോഴും മുൻതൂക്കം എന്നു ശ്രീ മോദി പ്രസ്താവിച്ചു. സായുധസേന ശക്തമാകണമെങ്കിൽ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ സൈന്യം സ്വയംപര്യാപ്തതയിലേക്കു സ്ഥിരമായി മുന്നേറിയതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഇറക്കുമതി ചെയ്യേണ്ടതില്ലാത്ത ആയിരക്കണക്കിനു സൈനികസാമഗ്രികൾ സായുധസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അതിന്റെ ഫലമായി മിക്ക അവശ്യ സൈനികോപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം മൂന്നിരട്ടിയിലധികം വർധിച്ച്, കഴിഞ്ഞ വർഷം ₹1.5 ലക്ഷം കോടി കവിഞ്ഞു. മറ്റൊരുദാഹരണം ചൂണ്ടിക്കാട്ടി, 2014 മുതൽ ഇന്ത്യൻ കപ്പൽശാലകൾ 40-ലധികം തദ്ദേശീയ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നാവികസേനയ്ക്കു കൈമാറിയതായി ശ്രീ മോദി രാജ്യത്തെ അറിയിച്ചു. നിലവിൽ, ശരാശരി, ഓരോ 40 ദിവസത്തിലും പുതിയ തദ്ദേശീയ യുദ്ധക്കപ്പലോ അന്തർവാഹിനിയോ നാവികസേനയിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ബ്രഹ്മോസ്, ആകാശ് തുടങ്ങിയ മിസൈലുകൾ ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ അവയുടെ കഴിവു തെളിയിച്ചു. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഇപ്പോൾ ഈ മിസൈലുകൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്” – മൂന്നു സായുധസേനകൾക്കും ആയുധങ്ങളും ഉപകരണങ്ങളും കയറ്റുമതി ചെയ്യാനുള്ള ശേഷി ഇന്ത്യ വളർത്തിയെടുക്കുന്നുണ്ടെന്നു വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. “ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ കയറ്റുമതിക്കാരിൽ ഒരാളാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം” - ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30 മടങ്ങു വർധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ സ്റ്റാർട്ടപ്പുകളുടെയും തദ്ദേശീയ പ്രതിരോധ യൂണിറ്റുകളുടെയും സംഭാവനകളാണ് ഈ വിജയത്തിനു പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ശക്തിയെയും കഴിവിനെയും കുറിച്ചുള്ള ഇന്ത്യയുടെ പാരമ്പര്യം എല്ലായ്പ്പോഴും “ജ്ഞാനായ ദാനായ ച രക്ഷണായ” എന്ന തത്വത്തിൽ വേരൂന്നിയതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രവും സമ്പത്തും ശക്തിയും മനുഷ്യരാശിയുടെ സേവനത്തിനും സംരക്ഷണത്തിനുമായി സമർപ്പിക്കപ്പെട്ടതാണ്. രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയും പുരോഗതിയും സമുദ്രപാതകളെ വളരെയധികം ആശ്രയിച്ചിരിക്കുന്ന ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത്, ആഗോള സ്ഥിരത ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേന നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ എണ്ണവിതരണത്തിന്റെ 66 ശതമാനവും കണ്ടെയ്നർ കയറ്റുമതിയുടെ 50 ശതമാനവും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണു കടന്നുപോകുന്നതെന്നു ശ്രീ മോദി പറഞ്ഞു. ഈ സമുദ്രപാതകൾ സുരക്ഷിതമാക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാവൽക്കാരായി ഇന്ത്യൻ നാവികസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ദൗത്യാധിഷ്ഠിത വിന്യാസങ്ങൾ, കടൽക്കൊള്ള നേരിടാനുള്ള പട്രോളിങ്, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ഇന്ത്യൻ നാവികസേന ഈ മേഖലയിലുടനീളം ആഗോള സുരക്ഷാപങ്കാളിയായി പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
"രാജ്യത്തെ ദ്വീപുകളുടെ സുരക്ഷയും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ നാവികസേനക്ക് സുപ്രധാനമായ പങ്കുണ്ട്," പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജനുവരി 26 ന് രാജ്യത്തെ എല്ലാ ദ്വീപുകളിലും ദേശീയ പതാക ഉയർത്താൻ കുറച്ചു കാലം മുമ്പ് എടുത്ത തീരുമാനം അദ്ദേഹം അനുസ്മരിച്ചു. നാവികസേന ഈ ദേശീയ പ്രതിബദ്ധത നിറവേറ്റിയെന്നും, ഇന്ന് ത്രിവർണ്ണ പതാക ഓരോ ഇന്ത്യൻ ദ്വീപിലും നാവികസേന അഭിമാനത്തോടെ ഉയർത്തുന്നുണ്ടെന്നും ശ്രീ മോദി സ്ഥിരീകരിച്ചു.
ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കിമ്പോൾ, ഗ്ലോബൽ സൗത്തിലെ എല്ലാ രാജ്യങ്ങളും അതോടൊപ്പം മുന്നേറുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'മഹാസാഗർ മാരിടൈം വിഷനു' മായി ഇന്ത്യ മുന്നോട്ടുപോവുകയാണെന്നും നിരവധി രാജ്യങ്ങളുടെ വികസന പങ്കാളിയായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആവശ്യമുള്ളപ്പോഴെല്ലാം ലോകത്തെവിടെയും മാനുഷിക സഹായം നൽകാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആഫ്രിക്ക മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ, ദുരന്തസമയങ്ങളിൽ ലോകം ഇന്ത്യയെ ഒരു ആഗോള പങ്കാളിയായിട്ടാണ് കാണുന്നത്. 2014-ൽ അയൽരാജ്യമായ മാലിദ്വീപ് ജലപ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യ ആരംഭിച്ച 'ഓപ്പറേഷൻ നീർ' ദൗത്യത്തിലൂടെ നാവികസേന ശുദ്ധജലം ആ രാജ്യത്തിന് എത്തിച്ചു നൽകിയ കാര്യം ശ്രീ മോദി ഓർമ്മിപ്പിച്ചു. 2017-ൽ ശ്രീലങ്കയെ വിനാശകരമായ വെള്ളപ്പൊക്കം ബാധിച്ചപ്പോൾ, സഹായഹസ്തം നീട്ടിയ ആദ്യ രാജ്യം ഇന്ത്യയായിരുന്നു. 2018-ൽ ഇന്തോനേഷ്യയിലുണ്ടായ സുനാമി ദുരന്തത്തെ തുടർന്ന്, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യ അവിടുത്തെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നു. അതുപോലെ, മ്യാൻമറിലെ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടമായാലും, 2019-ലെ മൊസാംബിക്കിലെയും 2020-ലെ മഡഗാസ്കറിലെയും പ്രതിസന്ധികളായാലും, സേവന മനോഭാവത്തോടെ ഇന്ത്യ എല്ലായിടത്തും എത്തിച്ചേർന്നു.
വിദേശത്ത് കുടുങ്ങിയവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഇന്ത്യൻ സായുധ സേന കാലാകാലങ്ങളിൽ ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ടെന്ന് ശ്രീ മോദി വ്യക്തമാക്കി. യെമൻ മുതൽ സുഡാൻ വരെ, ആവശ്യമുള്ളപ്പോഴെല്ലാം, അവരുടെ വീര്യവും ധീരതയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിൽ വിശ്വാസം വർദ്ധിപ്പിച്ചു. ഈ ദൗത്യങ്ങളിലൂടെ ആയിരക്കണക്കിന് വിദേശ പൗരന്മാരുടെയും ജീവൻ ഇന്ത്യ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“കര, കടൽ, ആകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും - എല്ലാ സാഹചര്യങ്ങളിലും - ഇന്ത്യൻ സായുധ സേന രാജ്യത്തെ സേവിക്കുന്നു”, ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ സമുദ്രാതിർത്തികളും വ്യാപാര താൽപ്പര്യങ്ങളും സംരക്ഷിക്കാൻ നാവികസേന കടലിൽ വിന്യസിക്കപ്പെടുമ്പോൾ, വ്യോമസേന ആകാശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നു. കരയിൽ ചുട്ടുപൊള്ളുന്ന മരുഭൂമികൾ മുതൽ മഞ്ഞുമൂടിയ ഹിമാനികൾ വരെ, സൈന്യവും ബിഎസ്‌എഫ്, ഐടിബിപി ഉദ്യോഗസ്ഥരും പാറപോലെ ഉറച്ചുനിൽക്കുന്നു. വിവിധ അതിർത്തി മേഖലകളിൽ, എസ്എസ്ബി, അസം റൈഫിൾസ്, സിആർപിഎഫ്, സിഐഎസ്എഫ് , ഇന്റലിജൻസ് ഏജൻസികളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഭാരത മാതാവിനെ ശക്തമായി കാത്തുകൊണ്ട് സേവനമനുഷ്ഠിക്കുന്നു. ദേശീയ പ്രതിരോധത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ തീരദേശ സുരക്ഷ ഉറപ്പാക്കാൻ രാവും പകലും അവർ നാവികസേനയുമായി നിരന്തരമായ ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ ഈ മഹത്തായ ദൗത്യത്തിൽ അവരുടെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സുരക്ഷാ സേനയുടെ വീര്യത്തിന്റെയും ധീരതയുടെയും ഫലമായി രാജ്യം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു - അതാണ് മാവോയിസ്റ്റ് ഭീകരതയുടെ ഉന്മൂലനം. നക്സൽ-മാവോയിസ്റ്റ് തീവ്രവാദത്തിൽ നിന്ന് രാജ്യം പൂർണ്ണമായി മോചനം നേടുന്നതിന്റെ വക്കിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2014-ന് മുമ്പ്, ഏകദേശം 125 ജില്ലകളെ മാവോയിസ്റ്റ് അക്രമം ബാധിച്ചിരുന്നു; ഇന്ന്, അത് 11 ജില്ലകളായി കുറഞ്ഞു, 3 ജില്ലകളിൽ മാത്രമാണ് അവർക്ക് കാര്യമായ സ്വാധീനമുള്ളത്. 100-ൽ അധികം ജില്ലകൾ ഇപ്പോൾ മാവോയിസ്റ്റ് ഭീകരതയുടെ നിഴലിൽ നിന്ന് പൂർണ്ണമായി പുറത്തുവന്നിരിക്കുകയാണെന്നും ആദ്യമായി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയും ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. തലമുറകളായി ഭയത്തിൽ കഴിഞ്ഞുവന്നിരുന്ന ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ വികസനത്തിന്റെ മുഖ്യധാരയിലേക്ക് വന്നു ചേരുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, മൊബൈൽ ടവറുകൾ എന്നിവയുടെ നിർമ്മാണത്തിന് മാവോയിസ്റ്റുകൾ തടസ്സമുണ്ടാക്കിയ പ്രദേശങ്ങളിൽ ഇപ്പോൾ ഹൈവേകൾ നിർമ്മിക്കപ്പെടുകയും പുതിയ വ്യവസായങ്ങൾ ഉയർന്നുവരുകയും ചെയ്യുന്നു. ഈ വിജയം ഇന്ത്യൻ സുരക്ഷാ സേനയുടെ അർപ്പണബോധം, ത്യാഗം, ധീരത എന്നിവയിലൂടെയാണ് സാധ്യമായതാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അത്തരം നിരവധി ജില്ലകളിൽ ജനങ്ങൾ ആദ്യമായി ദീപാവലി ആഘോഷിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പ്രദേശങ്ങളിൽ ജിഎസ്ടി ബചത് ഉത്സവത്തിലൂടെ റെക്കോർഡ് വിൽപ്പനയും വാങ്ങലുകളും ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവോയിസ്റ്റ് ഭീകരത ഭരണഘടനയുടെ പേര് പോലും പറയാൻ അനുവദിക്കാതിരുന്ന ജില്ലകളിൽ ഇപ്പോൾ സ്വദേശി മന്ത്രം മുഴങ്ങുന്നു.
"ഇന്ത്യ അതിവേഗം പുരോഗമിക്കുകയും 140 കോടി പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ഭൂമി മുതൽ ബഹിരാകാശം വരെ, ഒരിക്കൽ ഭാവനകൾക്കപ്പുറമെന്ന് കരുതിയ നേട്ടങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്," പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ വേഗത, പുരോഗതി, പരിവർത്തനം, വളരുന്ന വികസനം, ആത്മവിശ്വാസം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിന്റെ ഈ മഹത്തായ ദൗത്യത്തിൽ സായുധ സേന സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. സേന വെറും വർത്തമാനകാലത്തെ മാത്രം പിന്തുടരുന്നവരല്ലെന്നും; അതിന്റെ ദിശയെ നയിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും, കാലത്തെ നയിക്കാനുള്ള ധൈര്യമുണ്ടെന്നും, അനന്തതയെ മറികടക്കാനുള്ള വീര്യമുണ്ടെന്നും, മറികടക്കാൻ കഴിയാത്തതിനെ മറികടക്കാനുള്ള ചൈതന്യം ഉണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ സൈനികർ ഉറച്ചുനിൽക്കുന്ന പർവത ശിഖരങ്ങൾ ഇന്ത്യയുടെ വിജയസ്തംഭങ്ങളായി നിലകൊള്ളുമെന്നും, അതിനു താഴെയുള്ള സമുദ്രത്തിന്റെ അലയൊലികൾ ഇന്ത്യയുടെ വിജയത്തെ പ്രതിധ്വനിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഗർജ്ജനത്തിനിടയിൽ, ഒരു ഏകീകൃത ശബ്ദം ഉയരും - 'ഭാരത് മാതാ കി ജയ്!' ഈ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടി, ഒരിക്കൽക്കൂടി എല്ലാവർക്കും ഹൃദയംഗമമായ ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.
-NK-
(Release ID: 2181006)
Visitor Counter : 11