ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പോലീസ് സ്മൃതി ദിനത്തിൽ( 2025 ഒക്ടോബർ 21 ചൊവ്വാഴ്ച) ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ രക്തസാക്ഷികൾക്ക് രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ശ്രദ്ധാഞ്‌ജലി അർപ്പിക്കും

Posted On: 19 OCT 2025 11:00AM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ 2025 ഒക്ടോബർ 21 ചൊവ്വാഴ്ച രക്തസാക്ഷികൾക്ക് രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ശ്രദ്ധാഞ്‌ജലി അർപ്പിക്കും.
 
1959 ഒക്ടോബർ 21 ന് ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സിൽ ആയുധധാരികളായ ചൈനീസ് സൈന്യം നടത്തിയ ഒളിയാക്രമണത്തിൽ ധീരരായ പത്ത് പോലീസുദ്യോഗസ്ഥർ ജീവത്യാഗം വരിച്ചതിൻ്റെ  സ്മരണയ്ക്കായാണ് എല്ലാ വർഷവും ഒക്ടോബർ 21 പോലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ വരിച്ച ത്യാഗങ്ങളോടും ദേശീയ സുരക്ഷയും സമഗ്രതയും സംരക്ഷിക്കുന്നതിൽ അവരുടെ പരമപ്രധാനമായ പങ്കിനോടുമുള്ള ആദരസൂചകമായി, ന്യൂഡൽഹിയിലെ ചാണക്യപുരിയിലുള്ള ദേശീയ പോലീസ് സ്മാരകം (NPM) പ്രധാനമന്ത്രി 2018 ലെ പോലീസ് സ്മൃതി ദിനത്തിൽ രാഷ്ട്രത്തിന് സമർപ്പിച്ചു.
 
 പോലീസ് സേനയുടെ ദേശീയസ്വത്വം, അഭിമാനം, ലക്ഷ്യത്തിനായുള്ള ഐക്യം, പൊതു ചരിത്രം, ഭാഗധേയം എന്നിവയെക്കുറിച്ചുള്ള ഒരു ബോധം ഈ സ്മാരകം നൽകുന്നു.കൂടാതെ ജീവൻ പോലും നഷ്ടപ്പെടുത്തി രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിജ്ഞാബദ്ധതയെയും ഇത് ശക്തിപ്പെടുത്തുന്നു. സ്മാരകത്തിൽ ഒരു കേന്ദ്ര ശിൽപം-'ധീരതയുടെ ചുവർ ', ഒരു മ്യൂസിയം എന്നിവ ഉൾപ്പെടുന്നു. 30 അടി ഉയരമുള്ള ഗ്രാനൈറ്റ് മോണോലിത്ത് സ്മാരകമായ കേന്ദ്ര ശിൽപം, പോലീസ് ഉദ്യോഗസ്ഥരുടെ ശക്തി, പുനരുജീവനശേഷി, നിസ്വാർത്ഥ സേവനം എന്നിവയെ പ്രതിനിധീകരിക്കുന്നു. രക്തസാക്ഷികളുടെ പേരുകൾ കൊത്തിവച്ചിരിക്കുന്ന ധീരതയുടെ ചുവർ- സ്വാതന്ത്ര്യാനന്തരം കർത്തവ്യ നിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയുടെയും ത്യാഗത്തിൻ്റെ യും ദൃഢമായ അംഗീകാരമായി നിലകൊള്ളുന്നു. ഇന്ത്യയിലെ പോലീസിംഗിനെക്കുറിച്ചുള്ള ചരിത്രപരവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ പ്രവർത്തനങ്ങളുടെ ഒരു പ്രദർശനമായിട്ടാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും ഒരുപോലെ ആദരമർപ്പിക്കാൻ കഴിയുന്ന ഒരു കേന്ദ്രമാണ് ഈ സ്മാരകം. തിങ്കളാഴ്ചകൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പൊതുജനങ്ങൾക്കായി ദേശീയ പോലീസ് സ്മാരകം തുറന്നിരിക്കും. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ മുമ്പ് ദേശീയ പോലീസ് സ്മാരകത്തിൽ സിഎപിഎഫ് ബാൻഡ് പ്രദർശനം, പരേഡ്, റിട്രീറ്റ് ചടങ്ങ് എന്നിവ നടത്തും
 
രാജ്യമെമ്പാടും പോലീസ് സ്മൃതി ദിനത്തിൽ ( ഒക്ടോബർ 21) രക്തസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. പ്രധാന ചടങ്ങ് ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യും. പരിപാടിയിൽ കേന്ദ്ര സായുധ പോലീസ് സേനകളുടെയും (CAPF) ഡൽഹി പോലീസിൻ്റെ യും സംയുക്ത പരേഡ് നടക്കും. രക്ഷാ മന്ത്രി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി,പോലീസ് പശ്ചാത്തലമുള്ള എംപിമാർ, സിഎപിഎഫ്/സിപിഒ മേധാവികൾ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ച് രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. വിരമിച്ച ഡിജിമാർ,ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
 
 ചടങ്ങിൽ,രക്തസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന രക്ഷാ മന്ത്രി അവരെ അനുസ്മരിക്കുകയും പോലീസിംഗിൻ്റെ  വെല്ലുവിളികൾ വിശദീകരിക്കുകയും ചെയ്യും. ഹോട്ട് സ്പ്രിംഗ്‌സിലെ രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ബലിപീഠത്തിൽ രക്ഷാ മന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ പരിപാടി അവസാനിക്കും. ദൂരദർശനിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.പോലീസ് വെബ്‌സൈറ്റുകളിൽ വെബ്‌കാസ്റ്റ് ഉണ്ടായിരിക്കും. ആകാശവാണിയും മറ്റു മാധ്യമങ്ങളും പരിപാടി സംപ്രേഷണം ചെയ്യും. 
 
അനുസ്മരണങ്ങളുടെ ഭാഗമായി, ഒക്ടോബർ 22 മുതൽ 30 വരെ ദേശീയ പോലീസ് സ്മാരകത്തിൽ സിഎപിഎഫ്/സിപിഒ എന്നിവ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ സന്ദർശനം, പോലീസ് ബാൻഡ് പ്രദർശനം, മോട്ടോർ സൈക്കിൾ റാലികൾ, രക്തസാക്ഷികളുടെ അനുസ്മരണത്തിനായുള്ള ഓട്ടം, രക്തദാന ക്യാമ്പുകൾ, കുട്ടികൾക്കുള്ള ഉപന്യാസ/പെയിൻ്റിം ഗ് മത്സരങ്ങൾ, പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗം, വീര്യം, സേവനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന വീഡിയോ ഫിലിമുകളുടെ പ്രദർശനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ കാലയളവിൽ രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സേനകളും സമാനമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

നാഷണൽ പോലീസ് മെമ്മോറിയൽ

ചാണക്യപുരി, ന്യൂഡൽഹി

********************************


(Release ID: 2180841) Visitor Counter : 15