ആഭ്യന്തരകാര്യ മന്ത്രാലയം
"രാജ്യം വിട്ട കുറ്റവാളികളുടെ കൈമാറ്റം: വെല്ലുവിളികളും തന്ത്രങ്ങളും" എന്ന വിഷയത്തിൽ ന്യൂഡൽഹിയിൽ CBI സംഘടിപ്പിച്ച സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു.
Posted On:
16 OCT 2025 4:06PM by PIB Thiruvananthpuram
"രാജ്യം വിട്ട കുറ്റവാളികളുടെ കൈമാറ്റം: വെല്ലുവിളികളും തന്ത്രങ്ങളും" എന്ന വിഷയത്തിലൂന്നി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. സമ്മേളനത്തെ ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, ഇൻ്റെലിജൻസ് ബ്യൂറോ ഡയറക്ടർ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ഡയറക്ടർ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ആഗോളതലത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. സമസ്ത തലങ്ങളിലും ദേശ സുരക്ഷ ഉറപ്പാക്കുകയെന്നത് ഏറെ നിർണ്ണായകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിനകത്ത് അഴിമതി, കുറ്റകൃത്യം, ഭീകരത എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുന്നതിനൊപ്പം, അതിർത്തികൾക്കപ്പുറത്ത് അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനവും നാം കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലുള്ള കുറ്റവാളികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരികയും അതിനായി ശക്തമായ ഒരു സംവിധാനം സൃഷ്ടിക്കുകയും ചെയ്യുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇൻ്റെർപോളിനു കീഴിലുള്ള വ്യവസ്ഥകളും മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളും പ്രയോജനപ്പെടുത്തി, രാജ്യം വിട്ട കുറ്റവാളികളെ ഇന്ത്യൻ കോടതികൾക്ക് മുന്നിൽ ഹാജരാക്കുന്നതിനുള്ള കൂട്ടായ പരിശ്രമവും, അത് സാധ്യമാക്കുന്നതിനുള്ള മാർഗ്ഗരേഖയും ഈ സമ്മേളനം മുന്നോട്ടു വയ്ക്കുന്നതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഒന്നര വർഷം മുമ്പ് താൻ നൽകിയ നിർദ്ദേശം പാലിച്ചുകൊണ്ട്, രാജ്യം വിട്ട കുറ്റവാളികളെ രാജ്യത്ത് തിരികെയെത്തിക്കുക എന്ന ആശയം CBI പ്രായോഗികമായി നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിന് സംഘടന അഭിനന്ദനം അർഹിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ഒരു കുറ്റവാളി എത്ര തന്ത്രശാലിയായാലും നീതി നിർവ്വഹണം ത്വരിതപ്പെടുത്തുകയെന്നത് നമ്മുടെ ദൃഢനിശ്ചയമായിരിക്കണമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, അതിർത്തി സുരക്ഷയും നിയമവാഴ്ചയും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിലെ പ്രവർത്തനങ്ങൾ, ശക്തമായ ഏകോപനം, സ്മാർട്ട് നയതന്ത്രം എന്നിവയുടെ ഏകോപനം രണ്ട് ദിവസത്തെ സമ്മേളനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. സമ്മേളനത്തിൻ്റെ പ്രമേയം ഏറെ ഗൗരവമേറിയതും പ്രസക്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം വിട്ട കുറ്റവാളികളുടെ കൈമാറ്റ പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയം രാജ്യത്തിൻ്റെ പരമാധികാരം, സാമ്പത്തിക സ്ഥിരത, ക്രമസമാധാനം, ദേശ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ഏറെക്കാലത്തിനുശേഷം, ഈ വിഷയത്തിൽ ഘടനാപരമായ ഒരു സമീപനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദയാരഹിതമായ സമീപനം സ്വീകരിക്കുകയും രാജ്യം വിട്ട ഓരോ കുറ്റവാളിയെയും സമയബന്ധിതമായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ കൊണ്ടുവരികയും ചെയ്യുന്ന ഒരു സംവിധാനം ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വിട്ട് ഒളിച്ചോടുന്ന ഏതൊരു കുറ്റവാളിയെയും പിടികൂടുന്നതിന് രണ്ട് ഘടകങ്ങൾ - ദൃഢനിശ്ചയവും സംവിധാനങ്ങളും - അനിവാര്യമാണെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു. നിയമത്തിൻ്റെ കരങ്ങൾ തങ്ങളിലേക്ക് എത്തില്ലെന്ന് ഒളിച്ചോടുന്ന കുറ്റവാളികൾക്കുള്ള വിശ്വാസം തകർക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മാത്രമല്ല, നിയമ, സാമ്പത്തിക, രാഷ്ട്രീയ പിന്തുണ ലഭ്യമാക്കുന്ന ആവാസവ്യവസ്ഥയും തകർക്കണം. വിദേശത്ത് കടന്ന കുറ്റവാളികൾ സൃഷ്ടിക്കുന്ന സ്ഥാപനപരമായ അവിശുദ്ധ ശൃംഖലകളും ഇല്ലാതാക്കണം.
ഇന്ത്യൻ കുറ്റവാളി കൈമാറ്റ സംവിധാനത്തിന് രണ്ട് പ്രധാന ഘടകങ്ങൾ ആവശ്യമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു - ലക്ഷ്യവും നിർവ്വഹണ പ്രക്രിയയും. നമ്മുടെ കുറ്റവാളി കൈമാറ്റ സംവിധാനത്തിന് അഞ്ച് ലക്ഷ്യങ്ങളുണ്ടാകണമെന്ന് ആഭ്യന്തര മന്ത്രി വിശദീകരിച്ചു: അതിർത്തികൾ കടന്നും നീതിനിർവ്വഹണം ഉറപ്പാക്കൽ, തിരിച്ചറിയൽ സംവിധാനം അത്യാധുനികവും കൃത്യവുമാക്കി ദേശ സുരക്ഷ ശക്തിപ്പെടുത്തൽ, നിയമത്തിലും നീതിന്യായ സംവിധാനങ്ങളിലും അന്താരാഷ്ട്ര വിശ്വാസ്യത മെച്ചപ്പെടുത്തൽ, മറ്റ് രാജ്യങ്ങളെ നമ്മുടെ ആശങ്കകളുടെ ഭാഗമാക്കിക്കൊണ്ട് സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കൽ, നിയമവാഴ്ചയ്ക്ക് ആഗോള സ്വീകാര്യത നേടൽ എന്നിവയാണ് അഞ്ച് ലക്ഷ്യങ്ങൾ. തടസ്സ രഹിത ആശയവിനിമയം, തന്ത്രപരമായ സമീപനം, സംഘടിത നിർവ്വഹണം എന്നിവയിലൂടെ പ്രക്രിയകളെ മെച്ചപ്പെടുത്തി നമുക്ക് ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ശ്രീ ഷാ വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ ചെയ്ത് സംസ്ഥാനം വിടുന്ന കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും CBI സഹകരണത്തോടെ ഓരോ യൂണിറ്റ് സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി നിർദ്ദേശിച്ചു. സമഗ്ര സർക്കാർ സമീപനത്തിലൂടെ ഇത്തരം ഉദ്യമങ്ങൾ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം പല പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളുടെ ഇന്ത്യയിലെ സ്വത്തു വകകൾ കണ്ടുകെട്ടാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡേഴ്‌സ് ആക്ട് 2018 ൽ ഞങ്ങൾ അവതരിപ്പിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ, ഈ നിയമപ്രകാരം സർക്കാർ ഏകദേശം 2 ബില്യൺ ഡോളർ തിരിച്ചുപിടിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമം കൂടുതൽ കർശനവും ശക്തവുമാക്കിയിട്ടുണ്ടെന്നും 2014 നും 2023 നും മധ്യേ ഏകദേശം 12 ബില്യൺ ഡോളറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വിട്ട, ലോകമെമ്പാടുമുള്ള കുറ്റവാളികളെ പിടികൂടുന്നതിനായി CBI അന്താരാഷ്ട്ര തലത്തിൽ ഒരു പ്രത്യേക ഗ്ലോബൽ ഓപ്പറേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ഇത് ലോകമെമ്പാടുമുള്ള പോലീസ് സേനകളുമായി, തത്സമയ ഏകോപനത്തോടെ പ്രവർത്തിക്കുന്നു. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ 190 ലധികം റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇത് CBI യുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണെന്നും ശ്രീ ഷാ പറഞ്ഞു. 'ഓപ്പറേഷൻ ത്രിശൂൽ' പ്രകാരം, ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ഇത് ഗുണപ്രദമായ ഫലങ്ങൾ നൽകുന്നു. അതുപോലെ, 2025 ജനുവരിയിൽ 'ഭാരത്‌പോൾ' സ്ഥാപിതമായതിനു ശേഷം, പ്രോത്സാഹജനകമായ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.
160 വർഷം പഴക്കമുള്ള കൊളോണിയൽ നിയമങ്ങൾക്ക് പകരം മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ മോദി സർക്കാർ കൊണ്ടുവന്നിട്ടുണ്ടെന്നും, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പരിഷ്കാരമാണിതെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 2027 ന് ശേഷം, സുപ്രീം കോടതി വരെയുള്ള ഏത് കേസിലും മൂന്ന് വർഷത്തിനുള്ളിൽ നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 355, 356 വകുപ്പുകൾ അസാന്നിധ്യ വിചാരണയ്ക്ക് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം നേടിയ ശേഷം ഇതാദ്യമായാണ് ഈ വ്യവസ്ഥ ഇന്ത്യൻ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാൽ, പ്രതിനിധീകരിക്കാൻ ഒരു അഭിഭാഷകനെ നിയോഗിച്ചുകൊണ്ട്, അയാളുടെ അഭാവത്തിൽ പോലും കോടതിക്ക് വിചാരണ തുടരാനാകുമെന്ന് ശ്രീ ഷാ വിശദീകരിച്ചു. ഒരു പിടികിട്ടാപ്പുള്ളി അയാളുടെ അസാന്നിധ്യത്തിൽ ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാൽ, അന്താരാഷ്ട്ര നിയമപ്രകാരം ആ വ്യക്തിയുടെ പദവി കണക്കാക്കുന്നതിൽ കാര്യമായ മാറ്റം വരുമെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. BNSS പ്രകാരമുള്ള അസാന്നിധ്യ വിചാരണയുടെ വ്യവസ്ഥ പരമാവധി ഉപയോഗിക്കണമെന്നും, രാജ്യം വിട്ട കുറ്റവാളികളുടെ വിചാരണ അവരുടെ അഭാവത്തിൽ പോലും തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഈ സമ്മേളനത്തിൽ നിന്ന് ഉയർന്നു വന്ന പ്രായോഗിക നിർദ്ദേശങ്ങൾ, ഭാരത്പോൾ, അസാന്നിധ്യ വിചാരണ വ്യവസ്ഥകൾ എന്നിവ സമന്വയിപ്പിച്ച് സംസ്ഥാന പോലീസ് സേനകളിലും കേന്ദ്ര ഏജൻസികളിലും സ്ഥായിയായ ഒരു സംവിധാനം സൃഷ്ടിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സിബിഐ ഔദ്യോഗികമായി ഇതിന് മേൽനോട്ടം വഹിക്കും.ഒളിച്ചോടിയ കുറ്റവാളികളുടെ ഡാറ്റാബേസ് രാജ്യത്തുടനീളമുള്ള പോലീസ് സേനകളുമായി പങ്കിടുന്നതിന് ശക്തമായ ഒരു സംവിധാനം സ്ഥാപിക്കേണ്ടതിൻ്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. ലഹരി മരുന്ന്, ഭീകരവാദം, ഗുണ്ടാസംഘങ്ങൾ, സാമ്പത്തിക-സൈബർ കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് എല്ലാ സംസ്ഥാന പോലീസ് സേനകളിലും ഒരു കേന്ദ്രീകൃത ഏകോപന ഗ്രൂപ്പ് രൂപീകരിക്കണമെന്ന് ശ്രീ ഷാ നിർദ്ദേശിച്ചു. മൾട്ടി ഏജൻസി സെൻ്റെർ (MAC) മുഖേന ഈ കേന്ദ്രീകൃത ഏകോപന ഗ്രൂപ്പിനെ ശക്തിപ്പെടുത്താനും ത്വരിതപ്പെടുത്താനും ഇൻ്റെലിജൻസ് ബ്യൂറോയും (IB) CBI യും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റവാളികളെ കൈമാറുന്നതിനുള്ള കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന പോലീസ് സേനകളും പ്രത്യേക വിദഗ്ദ്ധ സെൽ ദ്രുതഗതിയിൽ രൂപീകരിക്കണമെന്നും ശ്രീ ഷാ നിർദ്ദേശിച്ചു. കൈമാറൽ അപേക്ഷകൾ പരിശോധിക്കുന്ന ഈ പ്രത്യേക സെല്ലുകൾക്ക് നേതൃത്വം നൽകാൻ CBI യിൽ പ്രത്യേക വിഭാഗം സ്ഥാപിക്കണം.
അസാന്നിധ്യ വിചാരണ എന്ന വ്യവസ്ഥ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, രാജ്യം വിട്ട കുറ്റവാളികൾക്കായി എല്ലാ സംസ്ഥാനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രത്യേക ജയിലുകൾ സ്ഥാപിക്കണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. പാസ്‌പോർട്ട് വിതരണ പ്രക്രിയയും നിയമ നിർവ്വഹണ ഏജൻസികളും തമ്മിലുള്ള ഏകോപന സംവിധാനങ്ങളും പ്രോട്ടോക്കോളുകളും വികസിപ്പിക്കേണ്ടതുണ്ടെന്നും, അതു മുഖേന ഏതെങ്കിലും പാസ്‌പോർട്ട് ഉടമയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന പ്രക്രിയ ആരംഭിക്കുമ്പോൾ, അവരുടെ പാസ്‌പോർട്ടിന് റെഡ്-ഫ്ലാഗ് നൽകാമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. നിലവിലുള്ള ബ്ലൂ കോർണർ നോട്ടീസുകളെ റെഡ് കോർണർ നോട്ടീസുകളാക്കി മാറ്റുന്നതിന് പ്രത്യേക പ്രചാരണം ആരംഭിക്കണമെന്നും, ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക സെൽ രൂപീകരിക്കണമെന്നും ശ്രീ ഷാ പറഞ്ഞു. മൾട്ടി ഏജൻസി സെൻ്റെറിന് (MAC) കീഴിൽ, മുഴുവൻ പ്രക്രിയയും സുഗമമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ CBI യും IB യും സംയുക്തമായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദേശത്ത് താമസിച്ചു കൊണ്ട് രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഹാനി വരുത്തുന്ന മുഴുവൻ പേരും നമ്മുടെ നീതിന്യായ വ്യവസ്ഥയെ ഭയപ്പെടാൻ തുടങ്ങുന്നതുവരെ ഇന്ത്യയ്ക്ക് യഥാർത്ഥ സുരക്ഷിതത്വം ഉറപ്പാക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
****************
(Release ID: 2180156)
Visitor Counter : 7
Read this release in:
Bengali
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada