പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പത്മ വിഭൂഷൺ പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി മോദിയുടെ അനുശോചന സന്ദേശം


പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് സംഭവിച്ച തീരാനഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബനാറസ് ഘരാനയുടെ സംഗീത പാരമ്പര്യത്തെ പണ്ഡിറ്റ് ചന്നൂലാൽ മിശ്ര പുതിയ ഉയരങ്ങളിലെത്തിച്ചു: പ്രധാനമന്ത്രി

കാശിയിലെ ഓരോ ഉത്സവത്തേയും പണ്ഡിറ്റ് ചന്നൂലാൽ മിശ്ര തൻ്റെ സ്വരവും ഗാനങ്ങളും കൊണ്ട് സമ്പന്നമാക്കി: പ്രധാനമന്ത്രി

ഭാരതത്തിലെ ഓരോ സംഗീത പ്രേമിയും പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നത് തുടരുമെന്നും പ്രധാനമന്ത്രി.

അദ്ദേഹത്തിൻ്റെ കുടുംബത്തിനുള്ള ദുഃഖം തൻെറയും ദു:ഖമാണ്: പ്രധാനമന്ത്രി

Posted On: 02 OCT 2025 3:44PM by PIB Thiruvananthpuram

പത്മ വിഭൂഷൺ പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പണ്ഡിറ്റ് ചന്നൂലാൽ മിശ്ര തൻ്റെ ജീവിതം കലയ്ക്കും സംസ്കാരത്തിനുമായി സമർപ്പിക്കുകയും ബനാറസ് ഘരാനയുടെ സംഗീത പാരമ്പര്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

പണ്ഡിറ്റ് മിശ്ര തൻ്റെ സ്വരവും ഗാനങ്ങളും കൊണ്ട് കാശിയുടെ  പാരമ്പര്യങ്ങളേയും ഉത്സവങ്ങളേയും സമ്പന്നമാക്കിയെന്ന്  ശ്രീ മോദി ചൂണ്ടിക്കാട്ടി. മണികർണിക ഘട്ടിലെ ഹോളിയാകട്ടെ, ശ്രാവണ മാസത്തിലെ  കജ്രി ആലാപനങ്ങളാകട്ടെ, കാശിയിൽ അദ്ദേഹത്തിൻ്റെ സംഗീതം എന്നും  അലയടിച്ചു കൊണ്ടിരിക്കും. പ്രധാനപ്പെട്ട നാടോടി പാരമ്പര്യങ്ങൾക്ക് ആഗോള വേദിയിൽ അംഗീകാരം നേടിക്കൊടുക്കുന്നതിൽ പണ്ഡിറ്റ് മിശ്രജി നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു.

പണ്ഡിറ്റ് മിശ്രജിയെ പലതവണ കാണാനും അദ്ദേഹത്തിൻ്റെ വാത്സല്യം നേടാനും  ഭാഗ്യം  ലഭിച്ചതായി അദ്ദേഹവുമായുള്ള തൻ്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 2014-ലെ തിരഞ്ഞെടുപ്പിൽ തൻ്റെ നിർദ്ദേശകരിൽ ഒരാൾ പണ്ഡിറ്റ് ചന്നൂലാൽ മിശ്രജിയായിരുന്നെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, കാശിയുമായി പണ്ഡിറ്റ് മിശ്രജിക്ക് ഉണ്ടായിരുന്ന ആഴത്തിലുള്ള വൈകാരിക ബന്ധം സവിശേഷമാണെന്നും  അഭിപ്രായപ്പെട്ടു.

കാശിയുടെ വികസനത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് പണ്ഡിറ്റ് മിശ്രജി തനിക്ക് പലപ്പോഴും വിലയേറിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക വേളയിൽ താൻ ചന്നൂലാൽ ജിയുടെ വസതി സന്ദർശിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ സന്ദേശം ഗാന്ധി ജയന്തി ദിനത്തിൽ എഴുതുമ്പോൾ ആ ഓർമ്മ പ്രത്യേകിച്ച് സജീവമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പണ്ഡിറ്റ് മിശ്രജി ഇനി ഭൗതികമായി ഇല്ലെങ്കിലും, ഭാരതത്തിലെ ഓരോ സംഗീത പ്രേമിയും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നത് തുടരുമെന്നും, ഓരോ ആഘോഷത്തിലും അദ്ദേഹത്തിൻ്റെ ഭജനുകളിലൂടെ കാശി അദ്ദേഹത്തെ അനുസ്മരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പണ്ഡിറ്റ് മിശ്രജിയുടെ ദുഃഖിതരായ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. അവരുടെ ദുഃഖം തൻ്റെ വ്യക്തിപരമായ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു.  പണ്ഡിറ്റ് ചന്നൂലാൽ മിശ്രജി, ബാബ വിശ്വനാഥൻ്റെ  പാദങ്ങളിൽ പ്രതിഷ്ഠിക്കപ്പെടട്ടെയെന്നും ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികൾക്ക് ശക്തി നൽകട്ടെയെന്നും പ്രധാനമന്ത്രി പ്രാർത്ഥിച്ചു.

****

SK


(Release ID: 2174215) Visitor Counter : 11