പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
രാഷ്ട്രത്തിനായി ആർഎസ്‌എസ് നൽകിയ സംഭാവനകൾ എടുത്തുകാണിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മണിക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി
ഒരു നൂറ്റാണ്ട് മുമ്പ് ആർഎസ്‌എസ് സ്ഥാപിക്കപ്പെട്ടത്,എല്ലാ യുഗങ്ങളുടെയും വെല്ലുവിളികളെ നേരിടാനായി ഉയർന്നുവന്ന ദേശീയ ബോധത്തിന്റെ ശാശ്വത ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
പരമ പൂജ്യ ഡോ. ഹെഡ്‌ഗേവാർജിക്ക് ആദരം അർപ്പിക്കുന്നു: പ്രധാനമന്ത്രി
രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർഎസ്‌എസ് പ്രവർത്തകർ അക്ഷീണം സമർപ്പിതരായിരിക്കുന്നു: പ്രധാനമന്ത്രി
1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനത്തോടെ മാർച്ച് ചെയ്ത ആർഎസ്‌എസ് സന്നദ്ധപ്രവർത്തകർക്കുള്ള ആദരമാണ് ഇന്ന് പുറത്തിറക്കിയ സ്മരണിക സ്റ്റാമ്പ്: പ്രധാനമന്ത്രി
സ്ഥാപിതമായതുമുതൽ, ആർഎസ്‌എസ് രാഷ്ട്രനിർമ്മാണത്തിൽ ശ്രദ്ധ നൽകുന്നു: പ്രധാനമന്ത്രി
'ഞാൻ' എന്നതിൽ നിന്ന് 'നാം ' എന്നതിലേക്കുള്ള യാത്ര ആരംഭിക്കുന്ന പ്രചോദനത്തിന്റെഇടമാണ് ആർഎസ്‌എസ് ശാഖ: പ്രധാനമന്ത്രി
ആർഎസ്‌എസിന്റെ നൂറ്റാണ്ടിന്റെ അടിത്തറ രാഷ്ട്രനിർമ്മാണമെന്ന ലക്ഷ്യത്തിലും, വ്യക്തിഗത വികസനത്തിന്റെ പാതയിലും, ശാഖയുടെ ഊർജ്ജസ്വലമായ പരിശീലനത്തിലും അധിഷ്ഠിതമാണ്: പ്രധാനമന്ത്രി
'രാഷ്ട്രം ആദ്യം' എന്ന ഏക തത്വത്താലും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ഏകലക്ഷ്യത്താലും നയിക്കപ്പെടുന്ന ആർഎസ്എസ് എണ്ണമറ്റ ത്യാഗങ്ങൾ വരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
ഭരണഘടനാ മൂല്യങ്ങളിലുള്ള വിശ്വാസത്താൽ നയിക്കപ്പെടുന്ന, സംഘ പ്രവർത്തകർ സമൂഹത്തോട് പ്രതിജ്ഞാബദ്ധത പുലർത്തി ഉറച്ചുനിൽക്കുന്നു : പ്രധാനമന്ത്രി
സംഘം ദേശസ്‌നേഹത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണ്: പ്രധാനമന്ത്രി
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് വ്യക്തിപരമായ കഷ്ടപ്പാടുകൾ സഹിക്കുന്നത് ഓരോ സ്വയംസേവകനെയും നിർവചിക്കുന്നു: പ്രധാനമന്ത്രി
സംഘം, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരിൽ ആത്മാഭിമാനവും സാമൂഹിക അവബോധവും വളർത്തിയെടുത്തിട്ടുണ്ട്: പ്രധാനമന്ത്രി
രാജ്യത്തിന്റെ വെല്ലുവിളികളെ നേരിടാനും മറികടക്കാനും പഞ്ച് പരിവർത്തൻ ഓരോ സ്വയംസേവകനെയും പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി
Posted On:
01 OCT 2025 1:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഇന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവരാത്രി ദിനത്തിൽ എല്ലാ പൗരന്മാർക്കും ശ്രീ മോദി ആശംസകൾ നേർന്നു. ഇന്ന് മഹാ നവമിയും സിദ്ധിധാത്രി ദേവി ദിനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നീതിയുടെയും, അസത്യത്തിനെതിരെ സത്യത്തിന്റെയും, അന്ധകാരത്തിനെതിരെ വെളിച്ചത്തിന്റെയും വിജയം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ പ്രഖ്യാപനമാണ്- നാളെ വിജയദശമിയിൽ ആഘോഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറ് വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത് ഈയൊരു പുണ്യ വേളയിൽ ആണെന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പുരാതന പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണിതെന്നും, ഓരോ യുഗത്തിലെയും വെല്ലുവിളികളെ നേരിടാൻ ദേശീയ ബോധം പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ യുഗത്തിൽ, ആ ശാശ്വത ദേശീയ ബോധത്തിന്റെ മഹത്തായ അവതാരമാണ് സംഘം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വർഷത്തിന് സാക്ഷ്യം വഹിക്കുന്നത് ഇപ്പോഴത്തെ തലമുറയിലെ സ്വയംസേവകർക്ക് അഭിമാനമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ദേശീയ സേവനത്തിനായി സമർപ്പിച്ചിരിക്കുന്ന എണ്ണമറ്റ സ്വയംസേവകർക്ക് ശ്രീ മോദി ആശംസകൾ നേർന്നു. സംഘത്തിന്റെ സ്ഥാപകൻ ആദരണീയ ഡോ. ഹെഡ്‌ഗേവാറിന് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. സംഘത്തിന്റെ 100 വർഷത്തെ മഹത്തായ യാത്രയുടെ സ്മരണയ്ക്കായി, ഇന്ത്യാ ഗവൺമെന്റ് ഒരു പ്രത്യേക തപാൽ സ്റ്റാമ്പും സ്മണിക നാണയവും പുറത്തിറക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു. 100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് സിംഹത്തോടൊപ്പം വരദ മുദ്രയിലുള്ള ഭാരത മാതാവിനെ സ്വയംസേവകർ അഭിവാദ്യം ചെയ്യുന്ന ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭാരത മാതാവിന്റെ ചിത്രം ഇന്ത്യൻ നാണയത്തിൽ ഉൾപ്പെടുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. "രാഷ്ട്രായ സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" എന്ന സംഘത്തിന്റെ മാർഗ്ഗനിർദ്ദേശ മുദ്രാവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് പുറത്തിറക്കിയ സ്മരണിക തപാൽ സ്റ്റാമ്പിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ അദ്ദേഹം അതിന്റെ ചരിത്രപരമായി ആഴത്തിലുള്ള പ്രസക്തിയും ചൂണ്ടിക്കാട്ടി. ജനുവരി 26 ന് റിപ്പബ്ലിക് ദിന പരേഡിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, 1963 ൽ ആർഎസ്‌എസ് സ്വയംസേവകർ ദേശഭക്തി ഗാനത്തിന്റെ താളത്തോടൊപ്പം അഭിമാനപുരസരം പരേഡിൽ പങ്കെടുത്തിരുന്നുവെന്ന് എടുത്തുപറഞ്ഞു. ആ ചരിത്ര നിമിഷത്തിന്റെ സ്മരണയ്ക്കായാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"രാഷ്ട്രത്തെ സേവിക്കുകയും സമൂഹത്തെ ശാക്തീകരിക്കുകയും ചെയ്യുന്ന ആർഎസ്‌എസ് സ്വയംസേവകരുടെ അചഞ്ചലമായ സമർപ്പണത്തെയും ഈ സ്മരണിക തപാൽ സ്റ്റാമ്പ് പ്രതിഫലിപ്പിക്കുന്നു". ഈ സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കിയ വേളയിൽ രാജ്യത്തെ പൗരന്മാർക്ക് ശ്രീ മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
മഹാനദികൾ അവയുടെ തീരങ്ങളിൽ മനുഷ്യ നാഗരികതകളെ പരിപോഷിപ്പിക്കുന്നതുപോലെ, രാഷ്ട്രീയ സ്വയംസേവക സംഘവും എണ്ണമറ്റ ജീവിതങ്ങളെ പോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളെയും അത് ഒഴുകുന്ന പ്രദേശങ്ങളെയും പരിപോഷിപ്പിക്കുന്ന ഒരു നദിയുമായി , ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ മേഖലകളെയും രാജ്യത്തിന്റെ എല്ലാ കോണുകളെയും സ്പർശിച്ച സംഘത്തിനെ അദ്ദേഹം താരതമ്യപ്പെടുത്തി. ഇത് അചഞ്ചലമായ സമർപ്പണത്തിന്റെയും ശക്തമായ ദേശീയ ബോധത്തിന്റെയും ഫലമാണെന്ന് ശ്രീ മോദി പറഞ്ഞു
വിവിധ മേഖലകളെ പരിപോഷിപ്പിച്ചുകൊണ്ട് ശാഖകളായി ഒഴുകുന്ന നദിയോട് രാഷ്ട്രീയ സ്വയംസേവക സംഘത്തിനെ താരതമ്യപ്പെടുത്തിയ അദ്ദേഹം, വിദ്യാഭ്യാസം, കൃഷി, സാമൂഹിക ക്ഷേമം, ഗോത്ര ഉന്നമനം, സ്ത്രീ ശാക്തീകരണം, കല, ശാസ്ത്രം, തൊഴിൽ മേഖല എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദേശീയ സേവനം നടത്തുന്ന വിവിധ അനുബന്ധ പോഷക സംഘടനകളുമായാണ് സംഘത്തിന്റെ യാത്രയെന്ന് ചൂണ്ടിക്കാട്ടി. നിരവധി മേഖലകളിലേക്ക് സംഘം വ്യാപിച്ചിട്ടും, അവയ്ക്കിടയിൽ ഒരിക്കലും വിഭജനം ഉണ്ടായിട്ടില്ലെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. "ഓരോ ശാഖയും, വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ സംഘടനയും ' രാഷ്ട്രം ആദ്യം'എന്ന ഏക ലക്ഷ്യവും വികാരവും പങ്കിടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
" സ്ഥാപിതമായത് മുതൽ രാഷ്ട്രീയ സ്വയംസേവക സംഘം - രാഷ്ട്ര നിർമ്മാണം- എന്ന ഒരു മഹത്തായ ലക്ഷ്യം പിന്തുടർന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി, ദേശീയ വികസനത്തിനുള്ള അടിത്തറയായി സംഘം വ്യക്തിഗത വികസനത്തിന്റെ പാത തിരഞ്ഞെടുത്തതായും ശ്രീ മോദി പറഞ്ഞു. ഈ പാതയിൽ സ്ഥിരമായി മുന്നേറുന്നതിന്, സംഘം അച്ചടക്കമുള്ള പ്രവർത്തന രീതി സ്വീകരിച്ചു: ശാഖകളുടെ ദൈനംദിനവും പതിവായതുമായ നടത്തിപ്പ്.
"ഓരോ പൗരനും സ്വന്തം ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ മാത്രമേ രാഷ്ട്രം യഥാർത്ഥത്തിൽ ശക്തമാകൂ എന്ന് ഡോ. ഹെഡ്‌ഗേവാർ മനസ്സിലാക്കിയിരുന്നു; ഓരോ പൗരനും രാഷ്ട്രത്തിനുവേണ്ടി ജീവിക്കാൻ പഠിക്കുമ്പോൾ മാത്രമേ ഇന്ത്യ ഉയർച്ച നേടുകയുള്ളൂ", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഡോ. ഹെഡ്‌ഗേവാർ വ്യക്തിഗത വികസനത്തിന് പ്രതിജ്ഞാബദ്ധമായി നിലകൊണ്ടതെന്നും അതുല്യമായ സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഹെഡ്‌ഗേവാറിന്റെ മാർഗ്ഗനിർദ്ദേശ തത്വം ശ്രീ മോദി ഉദ്ധരിച്ചു: "ജനങ്ങളെ അവർ ആയിരിക്കുന്നതുപോലെ സ്വീകരിക്കുക, അവർ ആയിരിക്കേണ്ട രീതിയിൽ അവരെ രൂപപ്പെടുത്തുക." ഡോ. ഹെഡ്‌ഗേവാറിന്റെ പൊതു ഇടപെടലിന്റെ രീതിയെ ഒരു കുശവന്റെ രീതിയോട് അദ്ദേഹം ഉപമിച്ചു. സാധാരണ കളിമണ്ണിനെയെടുത്ത്, അതിനെ വിദഗ്ധമായി കുഴച്ചു രൂപപ്പെടുത്തുകയും ചൂടാക്കുകയും ഒടുവിൽ ഇഷ്ടികകൾ ഉപയോഗിച്ച് ഒരു മഹത്തായ ഘടന നിർമ്മിക്കുകയും ചെയ്യുന്നതുമായി അദ്ദേഹം സാമ്യപ്പെടുത്തി. അതുപോലെ, ഡോ. ഹെഡ്‌ഗേവാർ സാധാരണ വ്യക്തികളെ തിരഞ്ഞെടുത്തു, അവരെ പരിശീലിപ്പിച്ചു, അവർക്ക് ദർശനം നൽകി, അവരെ രാഷ്ട്രത്തിനുവേണ്ടി സമർപ്പിതരായ സ്വയംസേവകരാക്കി രൂപപ്പെടുത്തി. അസാധാരണവും അഭൂതപൂർവവുമായ ജോലികൾ നിറവേറ്റുന്നതിനായി സാധാരണക്കാരുടെ ഒത്തുചേരൽ എന്ന് സംഘത്തെക്കുറിച്ച് പറയുന്നത് ഇതുകൊണ്ടാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിൽ വ്യക്തിഗത വികസനത്തിന്റെ ഉദാത്തമായ പ്രക്രിയ തുടർന്നും മുന്നേറുന്നതായി എടുത്തുപറഞ്ഞ ശ്രീ മോദി, ശാഖാ മൈതാനത്തെ പ്രചോദനത്തിന്റെ പവിത്രഇടമായി വിശേഷിപ്പിച്ചു. അവിടെ ഒരു സ്വയംസേവകൻ "ഞാൻ" എന്നതിൽ നിന്ന് "നാം" എന്നതിലേക്കുള്ള യാത്ര ആരംഭിക്കുന്നു. അത് കൂട്ടായ ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്നു. ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്ന, സ്വഭാവ രൂപീകരണത്തിന്റെ ത്യാഗപൂർണമായ യജ്ഞ വേദികളാണ് ഈ ശാഖകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശാഖകൾക്കുള്ളിൽ, ദേശീയ സേവനത്തിനുള്ള ആവേശവും ധൈര്യവും വേരൂന്നുന്നുവെന്നും, ത്യാഗവും സമർപ്പണവും സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വ്യക്തിഗത അംഗീകാരങ്ങളോടുള്ള ആഗ്രഹം മങ്ങുന്നുവെന്നും, സ്വയംസേവകർ കൂട്ടായ തീരുമാനമെടുക്കലിന്റെയും സംഘശക്തിയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറുവർഷത്തെ യാത്ര മൂന്ന് അടിസ്ഥാന സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത് - രാഷ്ട്രനിർമ്മാണത്തിന്റെ മഹത്തായ ദർശനം, വ്യക്തിഗത വികസനത്തിന്റെ വ്യക്തമായ പാത, ലളിതവും എന്നാൽ ചലനാത്മകവുമായശാഖകളുടെ രൂപത്തിലുള്ള പ്രവർത്തന രീതി - എന്ന് ശ്രീ മോദി പറഞ്ഞു.ഈ സ്തംഭങ്ങളിലൂന്നി, സമർപ്പണം, സേവനം, ദേശീയ മികവിനായുള്ള പ്രതിജ്ഞാബദ്ധത എന്നിവയിലൂടെ വ്യത്യസ്ത മേഖലകളിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ലക്ഷക്കണക്കിന് സ്വയംസേവകരെ സംഘം വാർത്തെടുത്തിട്ടുണ്ട് എന്ന് അദ്ദേഹം പ്രസ്താവിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനകാലംമുതൽ, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് സംഘം പ്രവർത്തിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ കാലഘട്ടത്തിലും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെ സംഘം നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ അനുസ്മരിച്ച്, ആദരണീയരായ ഡോ. ഹെഡ്‌ഗേവാറും മറ്റ് നിരവധി കാര്യകർത്താക്കളും സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്നുവെന്നും, ഡോ. ഹെഡ്‌ഗേവാർ പലതവണ തടവിലാക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി സ്വാതന്ത്ര്യസമര സേനാനികളെ സംഘം പിന്തുണച്ചിരുന്നുവെന്നും അവരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചിരുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 1942-ൽ ചിമൂറിൽ നടന്ന പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അവിടെ നിരവധി സ്വയംസേവകർ കഠിനമായ ബ്രിട്ടീഷ് അതിക്രമങ്ങൾ സഹിച്ചു. സ്വാതന്ത്ര്യാനന്തരം, ഹൈദരാബാദിലെ നിസാമിന്റെ അടിച്ചമർത്തലിനെ ചെറുക്കുന്നത് മുതൽ ഗോവയുടെയും ദാദ്ര & നാഗർ ഹവേലിയുടെയും വിമോചനത്തിന് സംഭാവന നൽകുന്നത് വരെ സംഘം അതിന്റെ ത്യാഗങ്ങൾ തുടർന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "രാഷ്ട്രം ആദ്യം" എന്നതായിരുന്നു മാർഗനിർദേശക വികാരം. "ഏകഭാരതം, ശ്രേഷ്ഠഭാരതം" എന്നതായിരുന്നു അചഞ്ചലമായ ലക്ഷ്യം.
ദേശീയ സേവന യാത്രയിലുടനീളം രാഷ്ട്രീയ സ്വയംസേവക സംഘം ആക്രമണങ്ങളും ഗൂഢാലോചനകളും നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിനു ശേഷവും സംഘത്തെ അടിച്ചമർത്താനും മുഖ്യധാരയിലേക്കുള്ള അതിന്റെ സംയോജനം തടയാനും ശ്രമിച്ചതെങ്ങനെയെന്ന് വ്യക്തമാക്കി. ആദരണീയനായ ഗുരുജിയെ തെറ്റായി കേസിൽ കുടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തതായി അദ്ദേഹം എടുത്തുപറഞ്ഞു. എന്നിരുന്നാലും, മോചിതനായപ്പോൾ, ഗുരുജി അഗാധമായ സംയമനത്തോടെ പ്രതികരിച്ചു: "ചിലപ്പോൾ നാവ് പല്ലുകൾക്കടിയിൽ കുടുങ്ങി ചതഞ്ഞരയും. പക്ഷേ, നമ്മൾ പല്ലുകൾ ഒടിക്കില്ല, കാരണം പല്ലുകളും നാവും രണ്ടും നമ്മുടേതാണ്." കഠിനമായ പീഡനങ്ങളും വിവിധ തരത്തിലുള്ള അടിച്ചമർത്തലുകളും സഹിച്ചിട്ടും ഗുരുജിക്ക് ഒരു നീരസമോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗുരുജിയുടെ ഋഷിതുല്യമായ വ്യക്തിത്വവും പ്രത്യയശാസ്ത്ര വ്യക്തതയും ഓരോ സ്വയംസേവകനും വഴികാട്ടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇത് സമൂഹത്തോടുള്ള ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നു. വിലക്കുകൾ, ഗൂഢാലോചനകൾ, അല്ലെങ്കിൽ വ്യാജ കേസുകൾ എന്നിവ നേരിടേണ്ടി വന്നാലും, സ്വയംസേവകർ ഒരിക്കലും മോശമായി പ്രതികരിച്ചില്ല. ജനാധിപത്യത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും ഓരോ സ്വയംസേവകനും അചഞ്ചലമായ വിശ്വാസം പുലർത്തിയതാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഒരിക്കലും വിദ്വേഷം തോന്നാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അടിയന്തരാവസ്ഥക്കാലത്ത് ഈ വിശ്വാസം തന്നെയാണ് സ്വയംസേവകരെ ശാക്തീകരിക്കുകയും ചെറുത്തുനിൽക്കാൻ അവർക്ക് ശക്തി നൽകുകയും ചെയ്തതെന്ന് ഓർമ്മിപ്പിച്ചു. സമൂഹവുമായുള്ള ഐക്യവും ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസവും എന്ന രണ്ട് അടിസ്ഥാനമൂല്യങ്ങൾ എല്ലാ പ്രതിസന്ധികളിലും സ്വയംസേവകരെ ഒരുമയോടെ നിലനിർത്തുകയും സാമൂഹിക ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ളവരാക്കി നിലനിർത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലക്രമേണ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും, സംഘം ശക്തമായ ആൽമരം പോലെ ഉറച്ചുനിൽക്കുന്നു, രാഷ്ട്രത്തെയും സമൂഹത്തെയും നിരന്തരം സേവിക്കുന്നു.
വിഭജനത്തിന്റെ വേദനാജനകമായ കാലഘട്ടത്തിൽ, ദശലക്ഷക്കണക്കിന് കുടുംബങ്ങൾ കുടിയിറക്കപ്പെട്ടപ്പോൾ, അഭയാർത്ഥികളെ സേവിക്കാൻ പരിമിതമായ വിഭവങ്ങളുമായി സ്വയംസേവകർ മുൻപന്തിയിൽ നിന്നിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത് കേവലം ദുരിതാശ്വാസ പ്രവർത്തനമല്ലെന്നും - രാജ്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
1956-ൽ ഗുജറാത്തിൽ അഞ്ജാറിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തെ പ്രധാനമന്ത്രി പരാമർശിച്ചു. വ്യാപകമായ നാശത്തെ വിവരിച്ചുകൊണ്ട് അന്നത്തെ നാശനഷ്ടങ്ങൾ അദ്ദേഹം പരാമർശിച്ചു. അപ്പോഴും സ്വയംസേവകർ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. മറ്റൊരാളുടെ കഷ്ടപ്പാടുകൾ കുറയ്ക്കുന്നതിന് നിസ്വാർത്ഥമായി സ്വയം കഷ്ടപ്പാടുകൾ സഹിക്കുന്നത് മാന്യമായ ഹൃദയത്തിന്റെ ലക്ഷണമാണെന്ന് പ്രസ്താവിച്ച് ബഹുമാനപ്പെട്ട ഗുരുജി ഗുജറാത്തിലെ സംഘത്തിന്റെ അന്നത്തെ തലവനായ വക്കീൽ സാഹിബിന് കത്തെഴുതിയതായി അദ്ദേഹം പരാമർശിച്ചു.
"മറ്റുള്ളവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള അചഞ്ചലമായ കഠിനാധ്വാനമാണ് ഓരോ സ്വയംസേവകന്റെയും മുഖമുദ്ര" ശ്രീ മോദി വിശേഷിപ്പിച്ചു. 1962-ലെ യുദ്ധത്തെ അനുസ്മരിച്ചുകൊണ്ട്, അന്ന് ആർ.എസ്.എസ്. സ്വയംസേവകർ സായുധ സേനയെ പിന്തുണയ്ക്കാനും അവരുടെ മനോവീര്യം വർദ്ധിപ്പിക്കാനും അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങൾക്ക് സഹായം എത്തിക്കാനും അക്ഷീണം പ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. തുടർന്ന് 1971-ലെ പ്രതിസന്ധി എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അന്ന് കിഴക്കൻ പാകിസ്താനിൽ നിന്ന് ലക്ഷക്കണക്കിന് അഭയാർത്ഥികൾ അഭയമോ വിഭവങ്ങളോ ഇല്ലാതെ ഇന്ത്യയിൽ എത്തിയാതായി ഓർമ്മിപ്പിച്ചു. ആ ദുഷ്‌കരമായ സമയത്ത്, സ്വയംസേവകർ ഭക്ഷണം ശേഖരിക്കുകയും, അഭയം നൽകുകയും, ആരോഗ്യ സേവനങ്ങൾ എത്തിക്കുകയും, അവരുടെ കണ്ണീരൊപ്പുകയും, അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. 1984-ലെ കലാപസമയത്ത് നിരവധി സിഖുകാർക്ക് സ്വയംസേവകർ അഭയം നൽകിയെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
നാനാജി ദേശ്മുഖിന്റെ ചിത്രകൂടിലെ ആശ്രമത്തിൽ കണ്ട സേവന പ്രവർത്തനങ്ങളിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം അത്യധികം അത്ഭുതപ്പെട്ടതായി അനുസ്മരിച്ചുകൊണ്ട്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂർ സന്ദർശന വേളയിൽ സംഘത്തിന്റെ അച്ചടക്കത്തിലും ലാളിത്യത്തിലും അതീവ സന്തുഷ്ടനായിരുന്നുവെന്നും ശ്രീ മോദി പരാമർശിച്ചു.
ഇപ്പോഴും, പഞ്ചാബിലെ വെള്ളപ്പൊക്കം, ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും ദുരന്തങ്ങൾ, കേരളത്തിലെ വയനാട്ടിലുണ്ടായ ദുരന്തം തുടങ്ങിയ കഷ്ടപ്പാടുകളിലൊക്കെ ആദ്യം പ്രതികരണവുമായെത്തിയവരിൽ സ്വയംസേവകർ ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് സംഘത്തിന്റെ ധൈര്യവും സേവന മനോഭാവവും ലോകം മുഴുവൻ നേരിട്ട് കണ്ടുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ 100 വർഷത്തെ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്ന്, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ആത്മബോധവും അഭിമാനവും ഉണർത്തിയതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വിദൂരവും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിലെ പത്ത് കോടിയോളം വരുന്ന ഗോത്രവർഗ്ഗ സഹോദരീസഹോദരങ്ങൾക്കിടയിൽ സംഘം നിരന്തരം പ്രവർത്തിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർച്ചയായി വന്ന ഗവൺമെന്റുകൾ ഈ സമൂഹങ്ങളെ പലപ്പോഴും അവഗണിച്ചപ്പോൾ, സംഘം അവരുടെ സംസ്കാരം, ഉത്സവങ്ങൾ, ഭാഷകൾ, പാരമ്പര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകി. സേവാ ഭാരതി, വിദ്യാ ഭാരതി, വനവാസി കല്യാൺ ആശ്രമം തുടങ്ങിയ സംഘടനകൾ ഗോത്രവർഗ്ഗ ശാക്തീകരണത്തിന്റെ സ്തംഭങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. ഇന്ന് ഗോത്രവർഗ്ഗ സമുദായങ്ങൾക്കിടയിൽ വളർന്നുവരുന്ന ആത്മവിശ്വാസം അവരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുകയാണെന്ന് ശ്രീ മോദി സ്ഥിരീകരിച്ചു.
ഇന്ത്യയുടെ വിദൂര കോണുകളിൽ ഗോത്രവർഗ്ഗ സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അക്ഷീണം പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് രാഷ്ട്രീയ സ്വയംസേവക് സംഘം സന്നദ്ധപ്രവർത്തകർക്ക് ആഴത്തിൽ അഭിനന്ദനം രേഖപ്പെടുത്തിയ ശ്രീ മോദി, അവരുടെ അർപ്പണമനോഭാവം രാജ്യത്തിന്റെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. ചരിത്രപരമായി ഗോത്രവർഗ്ഗ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള വെല്ലുവിളികളെയും ചൂഷണപരമായ പ്രചാരണങ്ങളെയും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അത്തരം പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സംഘം പതിറ്റാണ്ടുകളായി നിശബ്ദമായും അചഞ്ചലമായും ത്യാഗം സഹിക്കുകയും കടമ നിറവേറ്റുകയും ചെയ്തിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
ജാതി വിവേചനം പോലെ ആഴത്തിൽ വേരൂന്നിയ സാമൂഹിക രോഗങ്ങളും പിന്തിരിപ്പൻ ആചാരങ്ങളും ഹിന്ദു സമൂഹത്തിന് ദീർഘകാലമായി ഗുരുതരമായ വെല്ലുവിളിയായി നിലകൊള്ളുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ആശങ്ക പരിഹരിക്കാൻ രാഷ്ട്രീയ സ്വയംസേവക് സംഘ് നിരന്തരം പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വർധയിലെ ഒരു സംഘ് ക്യാമ്പ് മഹാത്മാഗാന്ധി സന്ദർശിച്ചത് അനുസ്മരിച്ചുകൊണ്ട്, സംഘത്തിന്റെ സമത്വത്തിന്റെയും, ദയയുടെയും, സൗഹൃദത്തിന്റെയും മനോഭാവത്തെ ഗാന്ധിജി പരസ്യമായി പ്രശംസിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഡോ. ഹെഡ്‌ഗേവാർ മുതൽ ഇന്നത്തെ കാലം വരെ സംഘത്തിലെ എല്ലാ പ്രമുഖ വ്യക്തികളും സർസംഘചാലകന്മാരും വിവേചനത്തിനും അയിത്തത്തിനും എതിരെ പോരാടിയിട്ടുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. "ന ഹിന്ദു പതിതോ ഭവേത്" എന്ന വികാരം, അതായത് ഓരോ ഹിന്ദുവും ഒരേ കുടുംബത്തിന്റെ ഭാഗമാണ്, ആരും അധമനോ അധഃസ്ഥിതനോ അല്ല എന്ന വികാരം, ആരാധ്യനായ ഗുരുജി നിരന്തരം മുന്നോട്ട് കൊണ്ടുപോയിരുന്നുവെന്ന് എന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. "അയിത്തം ഒരു പാപമല്ലെങ്കിൽ, ലോകത്ത് മറ്റൊന്നും പാപമല്ല" എന്ന പൂജ്യ ബാലാസാഹേബ് ദേവറസിന്റെ ചിന്ത അദ്ദേഹം ഉദ്ധരിച്ചു. പൂജ്യ രജ്ജു ഭയ്യയും പൂജ്യ സുദർശൻ ജിയും സർസംഘചാലക് ആയിരുന്നപ്പോൾ ഈ വികാരം മുന്നോട്ട് കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സർസംഘചാലക് ശ്രീ മോഹൻ ഭാഗവത് ജി, "ഒരു കുളം, ഒരു ക്ഷേത്രം, ഒരു ശ്മശാനം" എന്ന കാഴ്ചപ്പാടിൽ സാമൂഹിക സൗഹൃദത്തിനായി സമൂഹത്തിന് മുന്നിൽ വ്യക്തമായ സന്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവേചനവും, ഭിന്നിപ്പും, അനൈക്യവും ഇല്ലാത്ത ഒരു സമൂഹം വളർത്തിയെടുക്കുന്നതിനായി സംഘം ഈ സന്ദേശം രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതാണ് സൗഹൃദത്തിന്റെ അടിത്തറയും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിനായുള്ള ദൃഢനിശ്ചയവും, ഇത് സംഘം പുതിയ വീര്യത്തോടെ ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൂറ് വർഷം മുമ്പ് രാഷ്ട്രീയ സ്വയംസേവക് സംഘം സ്ഥാപിക്കുമ്പോൾ, അന്നത്തെ ആവശ്യങ്ങളും പോരാട്ടങ്ങളും വ്യത്യസ്തമായിരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ നൂറ്റാണ്ടുകളുടെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് മോചനം നേടാനും അതിന്റെ സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കാനും ശ്രമിക്കുകയായിരുന്നു. ഇന്ന്, ഇന്ത്യ വികസിത രാഷ്ട്രമായും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും മാറാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ, ഈ വെല്ലുവിളികൾ മാറിയിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ജനസംഖ്യയുടെ വലിയൊരു ഭാഗം ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയാണ്, പുതിയ മേഖലകൾ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നു, കൂടാതെ നയതന്ത്രം മുതൽ കാലാവസ്ഥാ നയങ്ങൾ വരെ ആഗോളതലത്തിൽ ഇന്ത്യ അതിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന സാമ്പത്തിക സ്ഥിതി, ദേശീയ ഐക്യം തകർക്കാനുള്ള ഗൂഢാലോചനകൾ, ജനസംഖ്യാപരമായ കൃത്രിമങ്ങൾ എന്നിവ ഇന്നത്തെ വെല്ലുവിളികളിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിഷയങ്ങൾ ഗവണ്മെന്റ് വേഗത്തിൽ പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി എന്ന നിലയിലുള്ള സംതൃപ്തി അദ്ദേഹം പ്രകടമാക്കി. രാഷ്ട്രീയ സ്വയംസേവക് സംഘ് ഈ വെല്ലുവിളികൾ തിരിച്ചറിയുക മാത്രമല്ല, അവയെ നേരിടാൻ വ്യക്തമായ രൂപരേഖ തയ്യാറാക്കുകയും ചെയ്തതിൽ ഒരു സ്വയംസേവകൻ എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ട് എന്നും അദ്ദേഹം പ്രകടിപ്പിച്ചു.
ആത്മബോധം, സാമൂഹിക സൗഹൃദം, കുടുംബ പ്രബുദ്ധത, പൗര അച്ചടക്കം, പാരിസ്ഥിതിക അവബോധം, എന്നീ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അഞ്ച് പരിവർത്തനപരമായ ദൃഢനിശ്ചയങ്ങൾ, രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സ്വയംസേവകർക്ക് ശക്തമായ പ്രചോദനമാണെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി അവ ഓരോന്നും വിശദീകരിച്ചു. ആത്മബോധം എന്നാൽ അടിമത്ത മനോഭാവത്തിൽ നിന്നുള്ള വിമോചനവും ഒരാളുടെ പൈതൃകത്തിലും മാതൃഭാഷയിലും അഭിമാനിക്കുന്നതും എന്നാണ് അർത്ഥമാക്കുന്നത്. സ്വദേശിയെ സ്വീകരിക്കുന്നതിനെയും ആത്മബോധം സൂചിപ്പിക്കുന്നു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വയംപര്യാപ്തത ഇപ്പോൾ ഒരു തെരെഞ്ഞെടുക്കലല്ല , ഒരു അത്യാവശ്യമാണെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. സ്വദേശി മന്ത്രം ഒരു കൂട്ടായ ദൃഢനിശ്ചയമായി സ്വീകരിക്കാൻ പ്രധാനമന്ത്രി സമൂഹത്തോട് ആഹ്വാനം ചെയ്യുകയും, "വോക്കൽ ഫോർ ലോക്കൽ" കാമ്പയിൻ മികച്ച വിജയമാക്കാൻ എല്ലാവരും തങ്ങളുടെ ശേഷി പൂർണമായും സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
"രാഷ്ട്രീയ സ്വയംസേവക് സംഘ് സാമൂഹിക സൗഹൃദത്തിന് എന്നും മുൻഗണന നൽകിയിട്ടുണ്ട്", പ്രധാനമന്ത്രി ഉദ്ഘോഷിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മുൻഗണന നൽകി സാമൂഹിക നീതി ഉറപ്പാക്കുകയും ദേശീയ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് സാമൂഹിക സൗഹൃദം എന്ന് അദ്ദേഹം നിർവചിച്ചു. വിഘടനവാദപരമായ പ്രത്യയശാസ്ത്രങ്ങൾ - പ്രാദേശികവാദം മുതൽ ജാതിയുടെയും ഭാഷയുടെയും പേരിലുള്ള തർക്കങ്ങൾ, ബാഹ്യശക്തികൾ പ്രേരിപ്പിക്കുന്ന ഭിന്നിപ്പിക്കുന്ന പ്രവണതകൾ വരെയുള്ള രാഷ്ട്രത്തിന്റെ ഐക്യം, സംസ്കാരം, സുരക്ഷ എന്നിവയെ നേരിട്ട് ലക്ഷ്യമിടുന്ന വെല്ലുവിളികൾ ഇന്ന് രാജ്യം നേരിടുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ആത്മാവ് എപ്പോഴും "നാനാത്വത്തിൽ ഏകത്വത്തിൽ" വേരൂന്നിയതാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു, ഈ തത്വം തകർന്നുപോയാൽ ഇന്ത്യയുടെ ശക്തി കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ, അടിസ്ഥാനപരമായ ഈ ധാർമ്മികതയെ നിരന്തരം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജനസംഖ്യാപരമായ കൃത്രിമത്വത്തിൽ നിന്നും നുഴഞ്ഞുകയറ്റത്തിൽ നിന്നും സാമൂഹിക സൗഹൃദം ഇന്ന് ഗുരുതരമായ വെല്ലുവിളി നേരിടുന്നുണ്ടെന്നും, ഇത് ആഭ്യന്തര സുരക്ഷയെയും ഭാവി സമാധാനത്തെയും നേരിട്ട് ബാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. ഈ ആശങ്കയാണ് ചുവപ്പുകോട്ടയിൽ നിന്നുകൊണ്ട് ജനസംഖ്യ ദൗത്യം പ്രഖ്യാപിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ഭീഷണിയെ നേരിടാൻ ജാഗ്രതയും ദൃഢനിശ്ചയത്തോടെയുള്ള നടപടിയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബ പ്രബുദ്ധത കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശ്രീ മോദി തുടർന്ന് പറഞ്ഞു. ഇന്ത്യൻ നാഗരികതയുടെ അടിത്തറ രൂപപ്പെടുത്തുന്നതും ഇന്ത്യൻ മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമായ കുടുംബ സംസ്കാരം പരിപോഷിപ്പിക്കുന്നതാണ് ഇതെന്നും അദ്ദേഹം നിർവചിച്ചു. കുടുംബ തത്വങ്ങൾ ഉയർത്തിപ്പിടിക്കുക, മുതിർന്നവരെ ബഹുമാനിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, യുവാക്കളിൽ മൂല്യങ്ങൾ വളർത്തുക, ഒരാളുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുക എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വിഷയത്തിൽ കുടുംബങ്ങളിലും സമൂഹത്തിലും അവബോധം വളർത്തേണ്ടതിന്റെ അടിയന്തിര ആവശ്യകത അദ്ദേഹം അടിവരയിട്ടു.
എല്ലാ കാലഘട്ടങ്ങളിലും പുരോഗമിച്ച രാഷ്ട്രങ്ങൾ പൗര അച്ചടക്കത്തിന്റെ ശക്തമായ അടിത്തറയോടെയാണ് അത് നേടിയത് എന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പൗര അച്ചടക്കം എന്നാൽ കർത്തവ്യബോധം വളർത്തുകയും ഓരോ പൗരനും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നാണ് അർത്ഥമാക്കുന്നത് എന്ന് ഊന്നിപ്പറഞ്ഞു. ശുചിത്വം പ്രോത്സാഹിപ്പിക്കുക, ദേശീയ സ്വത്തുക്കളെ ബഹുമാനിക്കുക, നിയമങ്ങളും ചട്ടങ്ങളും പാലിക്കുക എന്നിവ പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പൗരന്മാർ അവരുടെ കടമകൾ നിറവേറ്റുക എന്നത് ഭരണഘടനയുടെ അന്തസത്തയാണെന്നും, ഈ ഭരണഘടനാപരമായ ധാർമ്മികത നിരന്തരം ശക്തിപ്പെടുത്തണമെന്നും ശ്രീ മോദി ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷിക്കുന്നത് നിലവിലും ഭാവി തലമുറകൾക്കും അത്യന്താപേക്ഷിതമാണെന്നും, അത് മനുഷ്യരാശിയുടെ ഭാവിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി തുടർന്ന് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, പരിസ്ഥിതിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പരാമർശിച്ചു. ജലസംരക്ഷണം, ഹരിത ഊർജ്ജം, ശുദ്ധ ഊർജ്ജം തുടങ്ങിയ കാമ്പയിനുകൾ ഈ ദിശയിലുള്ള സുപ്രധാന ചുവടുകളാണ്.
"രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അഞ്ച് പരിവർത്തനപരമായ ദൃഢപ്രതിജ്ഞകൾ- ആത്മബോധം, സാമൂഹിക സൗഹൃദം, കുടുംബ പ്രബുദ്ധത, പൗര അച്ചടക്കം, പാരിസ്ഥിതിക അവബോധം എന്നിവ രാഷ്ട്രത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയും, വൈവിധ്യമാർന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തെ സഹായിക്കുകയും, 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന സ്തംഭങ്ങളായി വർത്തിക്കുകയും ചെയ്യുന്ന സുപ്രധാന ഉപകരണങ്ങളാണ്", പ്രധാനമന്ത്രി പറഞ്ഞു.
തത്വചിന്തയും ശാസ്ത്രവും, സേവനവും സാമൂഹിക സൗഹൃദവും എന്നിവയാൽ രൂപപ്പെട്ട ഒരു മഹത്തായ രാഷ്ട്രമായിരിക്കും 2047-ലെ ഇന്ത്യ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇതാണ് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ കാഴ്ചപ്പാടും, എല്ലാ സ്വയംസേവകരുടെയും കൂട്ടായ പരിശ്രമവും, അവരുടെ ഗൗരവമേറിയ ദൃഢനിശ്ചയവുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഷ്ട്രത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലാണ് സംഘം കെട്ടിപ്പടുത്തതെന്നും അത് അഗാധമായ സേവന മനോഭാവത്താൽ നയിക്കപ്പെട്ടെന്നും, ത്യാഗത്തിന്റെയും ധ്യാനത്തിന്റെയും അഗ്നിയിൽ രൂപപ്പെടുത്തിയെന്നും, മൂല്യങ്ങളിലൂടെയും അച്ചടക്കത്തിലൂടെയും ശുദ്ധീകരിക്കപ്പെട്ടെന്നും, ദേശീയ കടമയെ ജീവിതത്തിലെ പരമമായ കടമയായി കണക്കാക്കി ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം രാഷ്ട്രത്തെ ഓർമ്മിപ്പിച്ചു. ഭാരതമാതാവിനെ സേവിക്കുക എന്ന മഹത്തായ സ്വപ്നവുമായി സംഘം ആത്യന്തികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ത്യൻ സംസ്കാരത്തിന്റെ വേരുകൾ ആഴത്തിലാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ ആദർശം. സമൂഹത്തിൽ ആത്മവിശ്വാസവും അഭിമാനവും വളർത്താനാണ് അതിന്റെ ശ്രമം. ഓരോ ഹൃദയത്തിലും പൊതുസേവനത്തിന്റെ തീജ്വാല ജ്വലിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇന്ത്യൻ സമൂഹം സാമൂഹിക നീതിയുടെ പ്രതീകമായി മാറണമെന്നതാണ് അതിന്റെ കാഴ്ചപ്പാട്. ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദം കൂടുതൽ ഉയർത്തുക എന്നതാണ് അതിന്റെ ദൗത്യം. രാഷ്ട്രത്തിന് സുരക്ഷിതവും ശോഭനവുമായ ഭാവി ഉറപ്പാക്കുക എന്നതാണ് അതിന്റെ ദൃഢനിശ്ചയം", എന്ന് വ്യക്തമാക്കിക്കൊണ്ടും ചരിത്രപരമായ ഈ വേളയിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടും അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.
കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, ആർ.എസ്.എസ്. സർകാര്യവാഹ് (ജനറൽ സെക്രട്ടറി) ശ്രീ ദത്താത്രേയ ഹൊസബാലെ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ആർ.എസ്.എസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, രാഷ്ട്രത്തിന് ആർ.എസ്.എസ് നൽകിയ സംഭാവനകൾ എടുത്തു കാണിക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
1925-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ സ്ഥാപിച്ച ആർ.എസ്.എസ്., ജനങ്ങൾക്കിടയിൽ സാംസ്കാരിക അവബോധം, അച്ചടക്കം, സേവനം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സന്നദ്ധപ്രവർത്തക സംഘടനയായിട്ടാണ് സ്ഥാപിക്കപ്പെട്ടത്.
ദേശീയ പുനർനിർമ്മാണത്തിനായുള്ള, ജനങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ട അതുല്യമായ പ്രസ്ഥാനമാണ് ആർ.എസ്.എസ്. നൂറ്റാണ്ടുകളുടെ വിദേശ ഭരണത്തോടുള്ള പ്രതികരണമായാണ് അതിന്റെ ഉയർച്ചയെ കാണുന്നത്, ധർമ്മത്തിൽ വേരൂന്നിയ ഇന്ത്യയുടെ ദേശീയ മഹത്വത്തെക്കുറിച്ചുള്ള അതിന്റെ ദർശനത്തിന്റെ വൈകാരിക അനുരണനമാണ് അതിന്റെ തുടർച്ചയായ വളർച്ചയ്ക്ക് കാരണം.
ദേശസ്‌നേഹത്തിലും ദേശീയ സ്വഭാവ രൂപീകരണത്തിലും സംഘം പ്രധാന ഊന്നൽ നൽകുന്നു. മാതൃരാജ്യത്തോടുള്ള ഭക്തി, അച്ചടക്കം, ആത്മനിയന്ത്രണം, ധൈര്യം, വീര്യം എന്നിവ വളർത്താൻ സംഘം ശ്രമിക്കുന്നു. ഇന്ത്യയുടെ "സർവാംഗീണ ഉന്നതി" (സർവ്വതോമുഖ വികസനം) ആണ് സംഘത്തിന്റെ ആത്യന്തിക ലക്ഷ്യം, അതിനായി ഓരോ സ്വയംസേവകനും സ്വയം സമർപ്പിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, ദുരന്ത നിവാരണം എന്നിവയിൽ ആർ.എസ്.എസ്. പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ ആർ.എസ്.എസ്. വോളണ്ടിയർമാർ സജീവമായി പങ്കെടുത്തിട്ടുണ്ട്. കൂടാതെ, ആർ.എസ്.എസ്സുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ യുവാക്കളെയും സ്ത്രീകളെയും കർഷകരെയും ശാക്തീകരിക്കുന്നതിനും, പൊതു പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും സംഭാവന നൽകുന്നു.
ശതാബ്ദി ആഘോഷങ്ങൾ ആർ.എസ്.എസ്സിന്റെ ചരിത്രപരമായ നേട്ടങ്ങളെ ആദരിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക യാത്രയിലും ദേശീയ ഐക്യം സംബന്ധിച്ചസന്ദേശത്തിലുമുള്ള അതിന്റെ നിലവിലെ സംഭാവനകളെ എടുത്തു കാണിക്കുകയും ചെയ്യുന്നു.
-SK-
-SK-
(Release ID: 2173979)
Visitor Counter : 6