പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിഹാറിലെ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം

Posted On: 26 SEP 2025 4:47PM by PIB Thiruvananthpuram

അവതാരകൻ – ഇനി, മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയുടെ (മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽ പദ്ധതി) തിരഞ്ഞെടുത്ത ഗുണഭോക്താക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. ആദ്യം, പശ്ചിമ ചമ്പാരൻ ജില്ലയിലെ രഞ്ജിത കാജി ദീദിയോട് അവരുടെ അനുഭവം പങ്കുവെക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ഗുണഭോക്താവ് (രഞ്ജിത കാജി) – ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭയ്യയ്ക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭയ്യയ്ക്കും എന്റെ ആദരപൂർവ്വമായ പ്രണാമം. എന്റെ പേര് രഞ്ജിത കാജി. ഞാൻ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബഗഹാ-2 ബ്ലോക്കിലെ വാൽമീകി വനമേഖലയിൽ നിന്നുള്ളയാളാണ്. ഞാൻ ആദിവാസി സമൂഹത്തിൽ നിന്നുള്ളയാളാണ്, ജീവിക സ്വയം സഹായ സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രദേശം ഒരു വനമേഖലയാണ്. റോഡുകൾ, വൈദ്യുതി, വെള്ളം, ശൗചാലയങ്ങൾ , വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങൾ ഞങ്ങളുടെ പ്രദേശത്ത് ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ഇന്ന് ഈ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭയ്യയ്ക്ക് ഞാൻ എന്റെ ഹൃദയംഗമമായ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു. ഞങ്ങളെപ്പോലെയുള്ള സ്ത്രീകൾക്കായി നിങ്ങൾ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് സംവരണത്തിനായി നിങ്ങൾ നിബന്ധനകൾ ഏർപ്പെടുത്തി, അതുകൊണ്ടാണ് ഇന്ന് ​ഗവൺമെൻ്റ് ജോലികളിലും പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും കൂടുതൽ സ്ത്രീകളെ നമ്മൾ കാണുന്നത്. സൈക്കിൾ പദ്ധതിയും യൂണിഫോം പദ്ധതിയും നിങ്ങൾ ഇതിനകം നടപ്പിലാക്കിയിരുന്നു. പെൺകുട്ടികൾ യൂണിഫോം ധരിച്ച് സൈക്കിൾ ചവിട്ടുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭയ്യ, താങ്കൾ നടപ്പിലാക്കിയ ഉജ്ജ്വല പദ്ധതി പ്രകാരം, സ്ത്രീകൾക്ക് ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുന്നു. ഇക്കാരണത്താൽ, നമ്മുടെ സ്ത്രീകൾ ഇനി പുകയിൽ പാചകം ചെയ്യേണ്ടതില്ല. താങ്കൾ അവരുടെ ആരോഗ്യവും ശ്രദ്ധിച്ചു. താങ്കളുടെ അനുഗ്രഹത്താൽ, ആവാസ് യോജന കാരണം ഇന്ന് ഞങ്ങൾ അടച്ചുറപ്പുള്ള വീടുകളിൽ താമസിക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭയ്യ, അടുത്തിടെ താങ്കൾ 125 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുകയും പെൻഷൻ 400 ൽ നിന്ന് 1100 രൂപയായി ഉയർത്തുകയും ചെയ്തു. ഇത് സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് രണ്ട് ലക്ഷത്തി പതിനായിരം രൂപ കൈമാറുന്നത് ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു, ഞാനും വളരെ സന്തോഷവതിയാണ്. 10,000 രൂപ എന്റെ അക്കൗണ്ടിൽ വരുമ്പോൾ, കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഞാൻ ഒരു പമ്പ് സെറ്റ് വാങ്ങും. ഞാൻ ജോവർ, ബജ്ര എന്നിവ കൃഷി ചെയ്യും. അതിനുശേഷം, 2 ലക്ഷം രൂപ ഞങ്ങളുടെ അക്കൗണ്ടിൽ വരുമ്പോൾ, ഞാൻ ജോവർ, ബജ്ര എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു മാവ് ബിസിനസ്സ് ആരംഭിക്കും. ഇത് സ്വദേശി (പ്രാദേശിക സ്വാശ്രയത്വം) എന്ന ആശയത്തെയും പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ പിന്തുണ ഇതുപോലെ തുടർന്നാൽ, ഞങ്ങളുടെ തൊഴിൽ വർദ്ധിക്കും, ഞങ്ങൾ പുരോഗമിക്കും, ഞങ്ങൾ 'ലഖ്പതി ദീദികൾ' ആയി മാറും. ഈ സമയത്ത് നമ്മുടെ സഹോദരിമാർ വളരെ സന്തുഷ്ടരാണ്. നവരാത്രി ഉത്സവത്തോടൊപ്പം, അവർ ബഹുമാനപ്പെട്ട മുഖ്യമന്ത്രി റോജ്ഗർ യോജനയും ഒരു ഉത്സവമായി ആഘോഷിക്കുന്നു. പശ്ചിമ ചമ്പാരനിലെ എല്ലാ സഹോദരിമാരുടെയും പേരിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭയ്യയ്ക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭയയ്യയ്ക്കും എന്റെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. നന്ദി.

അവതാരകൻ - നന്ദി ദീദി. ഇപ്പോൾ ഭോജ്പൂർ ജില്ലയിലെ റീതാ ദേവി ദീദിയോട് അവരുടെ അനുഭവം പങ്കുവെക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ഗുണഭോക്താവ് (റീതാ ദേവി) - ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭയ്യയ്ക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭയ്യയ്ക്കും ആര ജില്ലയുടെ പേരിൽ എന്റെ ആദരപൂർവ്വമായ പ്രണാമം. എന്റെ പേര് റീതാ ദേവി ഹട്ടേ. ഞാൻ ആര ജില്ലയിലെ കൊയ്‌ല പോലീസ് സ്റ്റേഷനിലെ ദൗലത്പൂർ പഞ്ചായത്തിലെ മുഹമ്മദ്പൂർ ഗ്രാമത്തിൽ നിന്നാണ്. 2015 ൽ ഞാൻ ഒരു സ്വയം സഹായ സംഘത്തിൽ അംഗമായി. അംഗമായ ശേഷം, ആദ്യ ഗഡുവായ 5,000 രൂപ ഉപയോഗിച്ച് ഞാൻ നാല് ആടുകളെ വാങ്ങി, ആട് വളർത്തലിലൂടെ എന്റെ ഉപജീവനമാർഗ്ഗം ആരംഭിച്ചു. ഞാൻ സമ്പാദിച്ച വരുമാനത്തിൽ നിന്ന് ഞാൻ 50 കോഴികളെ വാങ്ങി ഒരു മുട്ട ബിസിനസ്സും ആരംഭിച്ചു. 15 രൂപയ്ക്ക് മുട്ടകളും വിറ്റു, മുട്ട വിരിയിക്കാൻ വിളക്കുകൾ ഉള്ള ഒരു മത്സ്യപ്പെട്ടിയിൽ ഞങ്ങൾ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങി, ഇത് എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടുത്തി. ഭയ്യ, ഞാൻ ഒരു ലഖ്പതി ദീദിയും ഡ്രോൺ ദീദിയും ആയി. എന്റെ പുരോഗതി സവിശേഷമാണ്. ഒരിക്കൽ കൂടി, ആര ജില്ലയിലെ സ്ത്രീകൾക്കുവേണ്ടി, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭയ്യയ്ക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭയ്യയ്ക്കും ഞാൻ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന ആരംഭിച്ചതുമുതൽ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും വലിയ ആവേശം പ്രകടമാണ്. സ്ത്രീകൾ അതിയായി സന്തോഷിക്കുന്നു. ചില ദീദിമാർ പറയുന്നു, ഞങ്ങൾ പശുക്കളിൽ നിക്ഷേപിച്ചു, ചിലർ ആടുകളിൽ നിക്ഷേപിച്ചു, ചിലർ വളക്കടകൾ തുറന്നു. എന്നെ സംബന്ധിച്ചിടത്തോളം, 10,000 രൂപയുടെ ആദ്യ ഗഡു വന്നപ്പോൾ, ഞാൻ 100 കോഴികളെ കൂടി വാങ്ങി, കാരണം ശൈത്യകാലത്ത് മുട്ടയുടെ ആവശ്യകത വർദ്ധിക്കുന്നു. അങ്ങനെ 100 കോഴികളെ കൂടി വാങ്ങി ഞാൻ എന്റെ കോഴി ബിസിനസ്സ് ആരംഭിച്ചു. 2 ലക്ഷം രൂപ വരുമ്പോൾ, ഞാൻ യന്ത്രങ്ങൾ ഉപയോഗിച്ച് ഒരു കോഴി ഫാം സ്ഥാപിക്കും, എന്റെ ബിസിനസ്സ് വികസിപ്പിക്കും, എന്റെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തും. ​ഗവൺമെൻ്റ് പദ്ധതികൾ ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു, ഭയ്യ. ഉദാഹരണത്തിന്, മുമ്പ് ഞങ്ങൾ മഴക്കാലത്ത് ചോർന്നൊലിക്കുന്ന മൺ വീടുകളിലാണ് താമസിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഞങ്ങളുടെ മുഴുവൻ ഗ്രാമത്തിലും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അടച്ചുറപ്പുള്ള വീടുകളുണ്ട്, എല്ലാ ദീദികളും അവരുടെ വീടുകളിൽ സന്തോഷത്തോടെ താമസിക്കുന്നു. ശൗചാലയങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, മുമ്പ് വയലിൽ വെളിയിട വിസർജ്ജനം നടത്താൻ ഞങ്ങൾക്ക് വളരെ നാണക്കേടായിരുന്നു, എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ എല്ലാ വീട്ടിലും ഒരു ശൗചാലയം ഉണ്ട്, ഒരു സ്ത്രീ പോലും പുറത്തിറങ്ങേണ്ടതില്ല. നാൽ സേ ജൽ പദ്ധതി ആരംഭിച്ചതിനുശേഷം, ഗ്രാമത്തിൽ ഞങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു, കൂടാതെ നിരവധി രോഗങ്ങളിൽ നിന്ന് ഇത് ഞങ്ങളെ മോചിപ്പിച്ചു, കാരണം ഞങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ തുടങ്ങി. ഉജ്ജ്വല ഗ്യാസ് പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ചതിനുശേഷം, ഭക്ഷണം പാകം ചെയ്യാൻ ഞങ്ങൾ പുകയുന്ന അടുപ്പ് ഉപേക്ഷിച്ചു. മുമ്പ് അടുപ്പിൽ നിന്നുള്ള പുക കണ്ണിന് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇപ്പോൾ ഞങ്ങൾ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നു, വളരെ സന്തുഷ്ടരാണ്. ആയുഷ്മാൻ ഹെൽത്ത് കാർഡ് വഴി, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഞങ്ങൾക്ക് ലഭിക്കുന്നു. ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. 5 ലക്ഷം രൂപ വരെയുള്ള ചികിത്സ പൂർണ്ണമായും സൗജന്യമാണ്. 125 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കാൻ തുടങ്ങിയതിനുശേഷം, ഇപ്പോൾ എല്ലായിടത്തും വെളിച്ചമുണ്ട്. നേരത്തെ വൈകുന്നേരങ്ങൾ ഇരുട്ടായിരുന്നു. മുമ്പ് ഞങ്ങൾ കുട്ടികളോട് ലൈറ്റ് വേഗത്തിൽ ഓഫ് ചെയ്യാൻ പറയാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവർക്ക് വിഷമിക്കാതെ സുഖമായി പഠിക്കാൻ കഴിയും. അവർ വെളിച്ചത്തിന് കീഴിൽ സന്തോഷത്തോടെ പഠിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, സ്ത്രീകൾക്ക് ഈ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിക്കുമ്പോൾ, അവരുടെ കുട്ടികൾക്കും പ്രയോജനം ലഭിക്കും എന്നതാണ്. മുമ്പ്, ദീദികൾക്ക് വളരെ ദൂരം നടക്കേണ്ടി വന്നിരുന്നു, എന്നാൽ ഇപ്പോൾ അവരുടെ കുട്ടികൾക്ക് സ്കൂളിലേക്ക് സൈക്കിളുകൾ നൽകിയിട്ടുണ്ട്. കുട്ടികൾ യൂണിഫോം ധരിച്ച് സൈക്കിളിൽ സഞ്ചരിക്കുന്നു. എല്ലാ കുട്ടികളും ഒരേ യൂണിഫോം ധരിച്ച് റോഡിൽ ഒരുമിച്ച് സൈക്കിൾ ചവിട്ടുമ്പോൾ, അത് അതിശയകരമായി തോന്നുന്നു. പ്രധാനമായി, ഭയ്യ, ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഒരു സൈക്കിളും യൂണിഫോമും ലഭിച്ചു. എന്റെ യൂണിഫോം ധരിച്ച് സ്കൂളിലേക്ക് സൈക്കിൾ ചവിട്ടുന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. അതുകൊണ്ടാണ്, മുഴുവൻ ആരാ ജില്ലയുടെയും, എല്ലാ സഹോദരിമാരുടെയും സ്ത്രീകളുടെയും പേരിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭയയ്യയ്ക്കും നിതീഷ് ഭയ്യയ്ക്കും ഞാൻ ഹൃദയംഗമമായ നന്ദിയും അനുഗ്രഹവും അറിയിക്കുന്നത്. (ഡിസ്ക്ലയ്മർ - ആരാ ജില്ലയിൽ നിന്നുള്ള ഗുണഭോക്താവ് റീതാ ദേവി തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പ്രാദേശിക ഭാഷയിലാണ് അത് ഇപ്പോൾ മലയാളം ഭാഷയിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു.)

പ്രധാനമന്ത്രി - റീതാ ദീദി, നിങ്ങൾ വളരെ വേഗത്തിൽ സംസാരിക്കുന്നു! എല്ലാ പദ്ധതികളുടെയും പേരുകൾ നിങ്ങൾ പറഞ്ഞു. നിങ്ങൾ വളരെ നന്നായി സംസാരിക്കുന്നു, എല്ലാം വളരെ മനോഹരമായി വിശദീകരിച്ചു. റീതാ ദീദി, നിങ്ങൾ എത്ര വരെ പഠിച്ചു?

ഗുണഭോക്താവ് (റീതാ ദേവി) - ഭയ്യ, ജീവികയിൽ (സ്വയം സഹായ സംഘം) ചേർന്നതിനുശേഷം, ഞാൻ പഠിക്കാൻ തുടങ്ങി. ഞാൻ എന്റെ മെട്രിക്കുലേഷൻ പൂർത്തിയാക്കി, തുടർന്ന് ഇന്റർമീഡിയറ്റ്, തുടർന്ന് ബി.എ ചെയ്തു. ഇപ്പോൾ ഞാൻ എം.എ.യ്ക്ക് പ്രവേശനം നേടി.

പ്രധാനമന്ത്രി - ഓ, ആശ്ചര്യകരം!

ഗുണഭോക്താവ് (റീതാ ദേവി) - ഇപ്പോൾ ഞാൻ ജീവികയിലൂടെയാണ് പഠിക്കുന്നത്. ഭയ്യ, മുമ്പ് ഞാൻ വിദ്യാഭ്യാസം നേടിയിരുന്നില്ല.

പ്രധാനമന്ത്രി - ശരി, നിങ്ങൾക്ക് എൻ്റെ ആശംസകൾ!

ഗുണഭോക്താവ് (റീതാ ദേവി) - ഭയ്യ, എല്ലാ ദീദികളുടെയും പേരിൽ താങ്കൾക്ക് എൻ്റെ അനുഗ്രഹങ്ങൾ.

അവതാരകൻ - നന്ദി, റീതാ ദേവി ദീദി. ഇപ്പോൾ ഗയ ജില്ലയിൽ നിന്നുള്ള നൂർജഹാൻ ഖാതൂൻ ദീദിയെ തന്റെ അനുഭവം പങ്കിടാൻ ഞാൻ ക്ഷണിക്കുന്നു.

ഗുണഭോക്താവ് (നൂർജഹാൻ ഖാതൂൻ) – ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭയ്യയ്ക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭയ്യയ്ക്കും എന്റെ ആദരപൂർവ്വമായ ആശംസകൾ. എന്റെ പേര് നൂർജഹാൻ ഖാതൂൻ. ഗയ ജില്ലയിലെ ബോധ് ഗയയിലെ ജികാതിയ ബ്ലോക്കിലെ ജികാതിയ ഗ്രാമത്തിലെ നിവാസിയാണ് ഞാൻ. ഗുലാബ് ജി വികാസ് സ്വയം സഹായ സംഘത്തിന്റെ പ്രസിഡന്റാണ് ഞാൻ. ഒന്നാമതായി, ഉപജീവനത്തിനായി 10,000 രൂപ ആദ്യ ഗഡു ലഭിക്കുമെന്ന് കേട്ടപ്പോൾ എല്ലാവരും വളരെ സന്തോഷിച്ചു. വീടുകളിലും അയൽപക്കങ്ങളിലും മുഴുവൻ ഗ്രാമത്തിലും ആവേശം നിറഞ്ഞു. സ്ത്രീകൾ ഒരുമിച്ച് ഇരുന്നു തങ്ങൾക്ക് ഇപ്പോൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന ജോലി ഏറ്റെടുക്കാൻ കഴിയുമെന്ന് ചർച്ച ചെയ്യുന്നു. എല്ലായിടത്തും സന്തോഷകരമായ അന്തരീക്ഷം കാണാം. ആദ്യ ഗഡുവായ 10,000 രൂപ ലഭിക്കുമ്പോൾ, എന്റെ തയ്യൽക്കടയിൽ ഒരു വലിയ കൗണ്ടർ നിർമ്മിക്കാൻ ഞാൻ പദ്ധതിയിടുന്നു. ഞാൻ അവിടെ സാധനങ്ങൾ പ്രദർശിപ്പിച്ച് വിൽക്കും. ഞാൻ ഇതിനകം ഒരു തയ്യൽക്കട നടത്തുന്നു. മുമ്പ്, എന്റെ ഭർത്താവ് പുറത്ത് തയ്യൽ ജോലികൾ ചെയ്തിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു, ഭാര്യാഭർത്താക്കന്മാരായി ഞങ്ങൾ ഒരുമിച്ച് കട നടത്തുന്നു. ഞാൻ 10 പേർക്ക് ജോലിയും നൽകിയിട്ടുണ്ട്. ഭാവിയിൽ, 2 ലക്ഷം രൂപ ഗഡു ലഭിച്ചാൽ, ഞാൻ എന്റെ ബിസിനസ്സ് കൂടുതൽ വികസിപ്പിക്കുകയും കൂടുതൽ യന്ത്രങ്ങൾ വാങ്ങുകയും 10 പേർക്ക് കൂടി ജോലി നൽകുകയും ചെയ്യും. നമ്മുടെ മുഖ്യമന്ത്രി ഭയ്യ എപ്പോഴും സ്ത്രീകളെ ഓർക്കുകയും ഞങ്ങളുടെ പുരോഗതിക്കായി സഹായിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.
ഒരു പ്രധാന വിഷയത്തെക്കുറിച്ചും ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു. മുമ്പ്, ഞങ്ങളുടെ അടുക്കളകളിൽ വിളക്കുകളും എണ്ണ വിളക്കുകളും ഉപയോഗിച്ചിരുന്നു. എന്നാൽ 125 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയതിനാൽ, എനിക്ക് ഇതുവരെ ബിൽ ലഭിച്ചിട്ടില്ല. അതിൽ നിന്ന് ലാഭിച്ച പണം ട്യൂഷൻ ഫീസിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കുന്നു. മുമ്പ്, ബിൽ ഭാരം കാരണം ഏറ്റവും ദരിദ്രരായ സ്ത്രീകൾ വൈദ്യുതി കണക്ഷൻ എടുക്കുന്നത് ഒഴിവാക്കി. ഇന്ന്, 100% വീടുകളിലും, ഏറ്റവും ദരിദ്രർക്കുപോലും വൈദ്യുതി കണക്ഷനുകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു, അവരുടെ കുട്ടികൾ ഇപ്പോൾ രാത്രിയിൽ ബൾബുകളുടെ വെളിച്ചത്തിൽ പഠിക്കുന്നു. ഭയ്യ, പണ്ട്, ഞങ്ങൾക്ക് ഒരു സ്വാശ്രയ സംഘവും ഇല്ലാതിരുന്നപ്പോൾ, ഞങ്ങൾ വളരെ അപൂർവമായി മാത്രമേ വീടിന് പുറത്തേക്ക് ഇറങ്ങുമായിരുന്നുള്ളൂ. കൂട്ടായ പ്രവർത്തനങ്ങൾക്കായി ഞങ്ങൾ ആദ്യമായി പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ, ഞങ്ങൾക്ക് ശകാരം ലഭിക്കുകയും ഭർത്താക്കന്മാരിൽ നിന്ന് തല്ല് പോലും നേരിടുകയും ചെയ്തു. ഭയം കാരണം, ഞങ്ങൾ അധികം പുറത്തുപോയിരുന്നില്ല. എന്നാൽ ഇന്ന്, ആരെങ്കിലും, ഏതെങ്കിലും മാന്യൻ അല്ലെങ്കിൽ സന്ദർശകൻ ഞങ്ങളുടെ വീട്ടിൽ വന്നാൽ, ഞങ്ങളുടെ ഭർത്താക്കന്മാരോ കുടുംബാംഗങ്ങളോ ആണ് ആദ്യം ഞങ്ങളോട് പറയുന്നത്: "പുറത്തേക്ക് പോകൂ, ആരോ നിങ്ങളെ കാണാൻ വന്നിരിക്കുന്നു." ഇപ്പോൾ, ഞങ്ങൾ പുറത്തിറങ്ങുമ്പോൾ, ഞങ്ങളുടെ കുടുംബങ്ങൾ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു, അവരുടെ സ്ത്രീകൾ പുറത്ത് സജീവമായും ഉപജീവനമാർഗ്ഗങ്ങളിലും ജോലി ചെയ്യുന്നുണ്ട്. തൊഴിൽ സൃഷ്ടിക്കാനും മറ്റുള്ളവർക്ക് പരിശീലനം നൽകാനും എനിക്ക് കഴിയുന്നതിനാൽ ഈ ജോലിയിൽ എനിക്ക് സന്തോഷം തോന്നുന്നു. എന്റെ ഭർത്താവ് ഒരു തയ്യൽക്കാരനാണ്. ഭയ്യ, മുമ്പ്, എന്റെ ഭർത്താവിനെയാണ് ഞങ്ങളുടെ വീടിന്റെ യഥാർത്ഥ സ്വത്തായി ഞാൻ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് എന്റെ ഭർത്താവ് എന്നെ ഒരു ലഖ്പതിയായി കണക്കാക്കുകയും ഞങ്ങളുടെ വീടിന്റെ യഥാർത്ഥ സമ്പത്ത് ഞാനാണെന്ന് പറയുകയും ചെയ്യുന്നു. ഭയ്യ, ഞങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്നു. ഞങ്ങൾ മുമ്പ് ഓല മേഞ്ഞ കുടിലുകളിലാണ് താമസിച്ചിരുന്നത്, എന്നാൽ ഇന്ന് ഞങ്ങൾ ഒരു കൊട്ടാരത്തിലെന്നപോലെ സന്തോഷത്തോടെ ജീവിക്കുന്നു. ഗയ ജില്ലയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി, എന്റെ പ്രധാനമന്ത്രി ഭയ്യയ്ക്കും മുഖ്യമന്ത്രി ഭയ്യയ്ക്കും ഞാൻ ഹൃദയംഗമമായ പ്രാർത്ഥനകളും അനുഗ്രഹങ്ങളും അർപ്പിക്കുന്നു. ഞാൻ നിങ്ങൾക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു.

പ്രധാനമന്ത്രി - നൂർജഹാൻ ദീദി, നിങ്ങൾ എല്ലാം വളരെ മനോഹരമായി വിശദീകരിച്ചു. എനിക്ക് വേണ്ടി താങ്കൾ ഒരു കാര്യം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഗുണഭോക്താവ് (നൂർജഹാൻ ഖാതൂൻ) - തീർച്ചയായും.

പ്രധാനമന്ത്രി - താങ്കൾ കാര്യങ്ങൾ വളരെ നന്നായി വിശദീകരിച്ചു തരുന്നു. ആഴ്ചയിൽ ഒരു ദിവസം മാറ്റിവെച്ച് വിവിധ പ്രദേശങ്ങളിലോ ഗ്രാമങ്ങളിലോ പോയി 50–100 ദീദികളെ കൂട്ടി അവർക്ക് ഈ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ കഴിഞ്ഞാൽ, അത് അവരുടെ ജീവിതത്തിനും വലിയൊരു പ്രചോദനമാകും. കാരണം താങ്കൾ പൂർണ്ണമായും സ്വന്തം അനുഭവത്തിൽ നിന്നും, ഹൃദയത്തിൽ നിന്നും, നിങ്ങളുടെ കുടുംബ യാത്രയിൽ നിന്നുമാണ് സംസാരിക്കുന്നത്. നമ്മുടെ അമ്മമാരും സഹോദരിമാരും നിങ്ങളെ ശ്രദ്ധിക്കുമ്പോൾ അവർക്ക് ആഴത്തിലുള്ള പ്രചോദനം തോന്നുമെന്ന് ഞാൻ വിശ്വസിക്കുന്നു. താങ്കൾ വളരെ നല്ല രീതിയിലാണ് സംസാരിച്ചത്. താങ്കൾക്ക് അഭിനന്ദനങ്ങൾ, വളരെ നന്ദി.

ഗുണഭോക്താവ് (നൂർജഹാൻ ഖാതൂൻ)– ശരി, ഭയ്യ, ഞാൻ തീർച്ചയായും അവർക്ക് വിശദീകരിക്കാം.

അവതാരകൻ – നന്ദി, ദീദി. ഇപ്പോൾ, ഒടുവിൽ, പൂർണിയ ജില്ലയിൽ നിന്നുള്ള പുതുൽ ദേവി ദീദിയെ അവരുടെ അനുഭവം പങ്കിടാൻ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഗുണഭോക്താവ് (പുതുൽ ദേവി)– ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജിക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജിക്കും എന്റെ ആദരപൂർവ്വമായ പ്രണാമം. എന്റെ പേര് പുതുൽ ദേവി. ഞാൻ ഭവാനിപൂരിൽ നിന്നുള്ളയാളാണ്, ഞാൻ മുസ്‌കാൻ സ്വയം സഹായ സംഘത്തിന്റെ സെക്രട്ടറിയാണ്. ഇന്ന് മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രകാരം 10,000 രൂപ ലഭിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. മുമ്പ് ഞാൻ ലഡ്ഡുവും ബതാസെയും (പരമ്പരാഗത മധുരപലഹാരങ്ങൾ) വിൽക്കുന്ന ഒരു കട നടത്തിയിരുന്നു. ഇപ്പോൾ ഞാൻ ടിക്കി, ബാലൂശാഹി, ജിലേബി, ബർഫി എന്നിവയും തയ്യാറാക്കും. കൂടുതൽ കഠിനാധ്വാനം ചെയ്തുകൊണ്ട്, എനിക്ക് 2 ലക്ഷം രൂപയുടെ സഹായവും ലഭിക്കും, അതിലൂടെ ഞാൻ എന്റെ കട വികസിപ്പിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. കൂടാതെ, നിങ്ങൾ ആരംഭിച്ച ജീവിക ബാങ്കിലൂടെ, ഞാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ എടുക്കുകയും എന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജിയുടെ സ്വദേശി ആഹ്വാനത്തെ പിന്തുണയ്ക്കുന്നതിലൂടെ, ഞാൻ രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്റെ അമ്മായിയമ്മയുടെ പെൻഷൻ 400 രൂപയിൽ നിന്ന് 1100 രൂപയായി വർദ്ധിപ്പിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു, 125 യൂണിറ്റ് സൗജന്യ വൈദ്യുതി ഉപയോഗിച്ച് എനിക്ക് കൂടുതൽ പണം ലാഭിക്കാനും എന്റെ കുട്ടിയെ കൂടുതൽ പഠിപ്പിക്കാനും കഴിയും. പൂർണിയ ജില്ലയിലെ മുഴുവൻ നിവാസികളുടെയും പേരിൽ, നമ്മുടെ വീടുകളിൽ സന്തോഷം നിറച്ച ഇത്തരമൊരു പദ്ധതി കൊണ്ടുവന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജിക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജിക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഞാൻ നിങ്ങളെ പൂർണ്ണഹൃദയത്തോടെ വണങ്ങുന്നു. നന്ദി.

പ്രധാനമന്ത്രി - പുതുൽ ജി, പുതുൽ ദീദി, താങ്കൾ സ്വന്തമായി ഒരു ബിസിനസ്സിലേക്ക് ഇറങ്ങിയതാണ്. അതുകൊണ്ട് തുടക്കത്തിൽ കുടുംബത്തിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടാകണം, കടയിൽ ഇങ്ങനെ ഇരിക്കുമ്പോൾ, അയൽപക്കത്തുള്ള എല്ലാവരും അതിനെ എതിർത്തിട്ടുണ്ടാകണം, ഗ്രാമത്തിലെ ആളുകൾ അതിനെ എതിർത്തിട്ടുണ്ടാകണം.

ഗുണഭോക്താവ് (പുതുൽ ദേവി) – അതെ, സർ. എല്ലാവരും എന്റെ ജോലി കണ്ട് പരിഹസിച്ചു, പക്ഷേ ഞാൻ പിന്മാറിയില്ല. എന്റെ ദൃഢനിശ്ചയത്തിൽ, ലഡ്ഡുവും ബതാസെയും ഉണ്ടാക്കി ഞാൻ ചെറുതായി തുടങ്ങി. ഞാൻ ജീവികയിൽ ചേർന്നപ്പോൾ, ഞാൻ ഒരു ലോൺ എടുത്തു. സർ, അന്ന് എനിക്ക് ഒരു വീട് പോലും ഉണ്ടായിരുന്നില്ല, പക്ഷേ അതുപയോഗിച്ചാണ് ഞാൻ എന്റെ വീട് പണിതത്, എന്റെ കുട്ടിയെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് എന്റെ കുട്ടി കതിഹാറിൽ ബി.ടെക് പഠിക്കുന്നു. സ്വന്തം മെറിറ്റിൽ അവൻ ഒരു ​ഗവൺമെൻ്റ് സ്ഥാപനത്തിൽ പ്രവേശനം നേടി.

പ്രധാനമന്ത്രി - ഓ, അത് വിസ്മയകരമാണ്, പുതുൽ ദേവി ജി. നിങ്ങൾ ജിലേബിയെക്കുറിച്ച് പറഞ്ഞു. നിങ്ങൾക്കറിയാമോ, ഒരു കാലത്ത് നമ്മുടെ രാജ്യത്ത് ഒജിലേബിയെ ചുറ്റിപ്പറ്റി ധാരാളം രാഷ്ട്രീയം ഉണ്ടായിരുന്നു.

ഗുണഭോക്താവ് (പുതുൽ ദേവി) - അതെ, അതെ.

പ്രധാനമന്ത്രി - ശരി, വളരെ നന്ദി.

അവതാരകൻ - നന്ദി, ദീദി. ഇനി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജിയോട് മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രകാരം 7,500 കോടി രൂപ കൈമാറുന്നതിന് റിമോട്ട് ബട്ടൺ അമർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, ഇത് 10,000 രൂപ വീതം 75 ലക്ഷം വനിതാ ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടും.

-SK-


(Release ID: 2172786) Visitor Counter : 8