പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിലെ ബാൻസ്വാരയിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
Posted On:
25 SEP 2025 6:11PM by PIB Thiruvananthpuram
മാതാ ത്രിപുര സുന്ദരി കീ ജയ്, ബനേശ്വർ ധാം കീ ജയ്, മംഗർ ധാം കീ ജയ്, ജയ് ഗുരു! റാം-റാം! ബഹുമാനപ്പെട്ട ഗവർണർ ശ്രീ ഹരിഭാവു ബഗഡെ ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ജി, മുൻ മുഖ്യമന്ത്രി, സഹോദരി വസുന്ധര രാജെ ജി, മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകൻ പ്രഹ്ലാദ് ജോഷി ജി, ജോധ്പൂരിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, അശ്വിനി വൈഷ്ണവ് ജി, ബിക്കാനേറിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ശ്രീ അർജുൻ റാം മേഘ്‌വാൾ ജി, ഉപമുഖ്യമന്ത്രിമാരായ പ്രേം ചന്ദ് ബൈരവാ ജി , ദിയാ കുമാരി ജി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ മദൻ റാത്തോഡ് ജി, രാജസ്ഥാൻ ഗവൺമെന്റിലെ മന്ത്രിമാർ, ഇവിടെ സന്നിഹിതരായ മറ്റ് പ്രമുഖർ, സഹോദരീസഹോദരന്മാരേ,
നവരാത്രിയുടെ ഈ നാലാം ദിവസം, മാതാ ത്രിപുര സുന്ദരിയുടെ നാടായ ബാൻസ്വാരയിൽ എത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കാന്തലിലെയും വാഗഡിലെയും ഗംഗയായി കണക്കാക്കപ്പെടുന്ന മാതാ മാഹിയുടെ ദർശനവും എനിക്ക് ലഭിച്ചു. മാഹി നദിയിലെ ജലം നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാരുടെ പോരാട്ടത്തെയും സഹിഷ്ണുതയെയും സൂചിപ്പിക്കുന്നു. മഹാനായ ഗോവിന്ദ് ഗുരുജിയുടെ പ്രചോദനാത്മകമായ നേതൃത്വം ഒരു പുതിയ അവബോധത്തിന് തുടക്കമിട്ടു. ആ ഇതിഹാസ കഥയ്ക്ക് മാഹിയിലെ പുണ്യജലം സാക്ഷ്യം വഹിക്കുന്നു. മാതാ ത്രിപുര സുന്ദരിയെയും മാതാ മാഹിയെയും ഞാൻ ആദരവോടെ വണങ്ങുന്നു.
സുഹൃത്തുക്കളേ,
ഭക്തിയും വീര്യവും നിറഞ്ഞ ഈ ഭൂമിയിൽ വെച്ച് മഹാറാണ പ്രതാപിനും രാജാ ബൻസിയ ഭില്ലിനും ഞാൻ ആദരപൂർവ്വം ശ്രദ്ധാഞ്ജലി അർപ്പിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
നവരാത്രിക്കാലത്ത് നമ്മൾ ശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു, ഇന്ന് ഊർജ്ജത്തിന്റെ ശക്തിയുമായി ബന്ധപ്പെട്ട ഒരു മഹത്തായ സംഭവം, അതായത് വൈദ്യുതി ഉൽപാദനം, ഇവിടെ നടക്കുന്നു. വൈദ്യുതി മേഖലയിൽ ഭാരതത്തിന്റെ സാധ്യതകളുടെ ഒരു പുതിയ അധ്യായം ഇന്ന് രാജസ്ഥാന്റെ മണ്ണിൽ നിന്ന് എഴുതപ്പെടുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇന്ന് 90,000 കോടിയിലധികം രൂപയുടെ വൈദ്യുത പദ്ധതികൾ ആരംഭിച്ചു. ഒരേസമയം 90,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ആരംഭിക്കുന്നത് രാജ്യം വൈദ്യുതിയുടെ വേഗതയിൽ മുന്നേറുന്നുവെന്നും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഈ വേഗതയിൽ പങ്കാളികളാണെന്നും കാണിക്കുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും മുൻഗണന നൽകുന്നു. രാജസ്ഥാനിലും ശുദ്ധമായ ഊർജ്ജ പദ്ധതികളുടെയും ട്രാൻസ്മിഷൻ ലൈനുകളുടെയും അടിത്തറ പാകിയിരിക്കുന്നു. ബാൻസ്വാരയിൽ രാജസ്ഥാൻ ആണവ വൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു സൗരോർജ്ജ പദ്ധതിയും ഇവിടെ ആരംഭിച്ചു. ഇതിനർത്ഥം രാജ്യം അതിന്റെ വൈദ്യുതി ഉൽപാദന ശേഷി സൗരോർജ്ജത്തിൽ നിന്ന് ആണവോർജ്ജത്തിലേക്ക് ഉയർത്തി പുതിയ ഉയരങ്ങളിലേക്ക് പോകുന്നു എന്നാണ്.
സുഹൃത്തുക്കളേ,
ഇന്ന്, സാങ്കേതികവിദ്യയുടെയും വ്യവസായങ്ങളുടെയും കാലഘട്ടത്തിൽ വികസനത്തിന്റെ വാഹനം വൈദ്യുതിയിൽ മാത്രമാണ് ഓടുന്നത്. വൈദ്യുതി ഉണ്ടെങ്കിൽ, വെളിച്ചമുണ്ട്! വൈദ്യുതി ഉണ്ടെങ്കിൽ, വേഗതയുണ്ട്! വൈദ്യുതി ഉണ്ടെങ്കിൽ, പുരോഗതിയുണ്ട്! വൈദ്യുതി ഉണ്ടെങ്കിൽ, ദൂരങ്ങൾ ചുരുങ്ങുന്നു! വൈദ്യുതി ഉണ്ടെങ്കിൽ, ലോകം നമ്മുടെ കൈയെത്തും ദൂരത്തിലാണ്.
എന്നാൽ എന്റെ സഹോദരീ സഹോദരന്മാരേ,
നമ്മുടെ രാജ്യത്തെ കോൺഗ്രസ് ഗവൺമെന്റുകൾ ഒരിക്കലും വൈദ്യുതിയുടെ പ്രാധാന്യത്തിൽ ശ്രദ്ധ ചെലുത്തിയില്ല. 2014 ൽ നിങ്ങൾ എനിക്ക് സേവനം ചെയ്യാൻ അവസരം നൽകുകയും ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തപ്പോൾ, രാജ്യത്ത് 2.5 കോടി വീടുകൾക്ക് വൈദ്യുതി കണക്ഷൻ ഇല്ലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും രാജ്യത്തെ 18,000 ഗ്രാമങ്ങളിൽ ഒരു വൈദ്യുതി തൂൺ പോലും ഉണ്ടായിരുന്നില്ല. വലിയ നഗരങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു. ഗ്രാമങ്ങളിൽ, 4–5 മണിക്കൂർ വൈദ്യുതി ലഭിക്കുന്നത് ഒരു വലിയ കാര്യമായി കണക്കാക്കപ്പെട്ടിരുന്നു. അക്കാലത്ത്, വൈദ്യുതി പോയപ്പോഴല്ല, വൈദ്യുതി വന്നപ്പോഴായിരുന്നു വാർത്ത എന്ന് ആളുകൾ തമാശ പറയുമായിരുന്നു. ഒരു മണിക്കൂർ വൈദ്യുതി ഉണ്ടായിരുന്നെങ്കിൽ ആളുകൾ പരസ്പരം അഭിനന്ദിച്ചു. അതായിരുന്നു സ്ഥിതി. വൈദ്യുതിയില്ലാതെ ഫാക്ടറികൾ പ്രവർത്തിക്കില്ല, പുതിയ വ്യവസായങ്ങൾ സ്ഥാപിക്കാനും കഴിയില്ല. രാജസ്ഥാനിലും രാജ്യമെമ്പാടും സ്ഥിതി ഇതുതന്നെയായിരുന്നു.
സഹോദരീ സഹോദരന്മാരേ,
2014-ൽ, ഈ അവസ്ഥ മാറ്റാൻ നമ്മുടെ ഗവൺമെന്റ് തീരുമാനിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഞങ്ങൾ വൈദ്യുതി എത്തിച്ചു. 2.5 കോടി വീടുകൾക്ക് ഞങ്ങൾ സൗജന്യ വൈദ്യുതി കണക്ഷൻ നൽകി. വയറുകൾ എത്തുന്നിടത്തെല്ലാം വൈദ്യുതി എത്തി, ജീവിതം എളുപ്പമായി, പുതിയ വ്യവസായങ്ങൾ ഉയർന്നുവന്നു.
സുഹൃത്തുക്കളേ,
21-ാം നൂറ്റാണ്ടിൽ, വേഗത്തിൽ വളരാൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കണം. ഏറ്റവും വിജയകരമാകുന്നത് ശുദ്ധമായ ഊർജ്ജത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളായിരിക്കും. അതുകൊണ്ടാണ് നമ്മുടെ ഗവൺമെന്റ് ശുദ്ധമായ ഊർജ്ജ പ്രചാരണത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത്. ഞങ്ങൾ പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, നഗരങ്ങളിലും ഗ്രാമങ്ങളിലും മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നു. നമ്മുടെ കർഷകർക്ക് വിലകുറഞ്ഞ വൈദ്യുതി നൽകുന്നതിന്, പിഎം-കുസും യോജന പ്രകാരം വയലുകളിൽ സോളാർ പമ്പുകൾ സ്ഥാപിക്കുന്നു. ഇന്ന്, ഈ ദിശയിൽ പല സംസ്ഥാനങ്ങളിലും സോളാർ പദ്ധതികൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾ ലക്ഷക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. അതായത് വീട്ടിൽ സൗജന്യ വൈദ്യുതിക്ക് പിഎം സൂര്യ ഘർ യോജനയും കൃഷിയിടങ്ങളിൽ സൗജന്യ വൈദ്യുതിക്ക് പിഎം-കുസും യോജനയും. കുറച്ചു മുൻപ്, മഹാരാഷ്ട്രയിലെ കർഷകർ ഉൾപ്പെടെയുള്ള പിഎം-കുസും യോജനയുടെ നിരവധി കർഷക ഗുണഭോക്താക്കളുമായി ഞാൻ സംസാരിച്ചു, അവർ പങ്കുവെച്ച അനുഭവങ്ങൾ വളരെ പ്രോത്സാഹജനകമായിരുന്നു. സൗരോർജ്ജത്തിൽ നിന്നുള്ള സൗജന്യ വൈദ്യുതി അവർക്ക് വലിയൊരു അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഭാരതം വികസനത്തിനായി അതിവേഗം പ്രവർത്തിക്കുകയാണ്, രാജസ്ഥാനും ഇതിൽ വലിയ പങ്കുവഹിക്കുന്നു. ഇന്ന്, രാജസ്ഥാനിലെ ജനങ്ങൾക്കായി 30,000 കോടി രൂപയുടെ പദ്ധതികൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. വെള്ളം, വൈദ്യുതി, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികൾ നിങ്ങൾക്കെല്ലാവർക്കും സൗകര്യങ്ങൾ വർദ്ധിപ്പിക്കും. വന്ദേ ഭാരത് ഉൾപ്പെടെ മൂന്ന് പുതിയ ട്രെയിനുകളും ഞാൻ ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്. ഈ സമയത്ത്, രാജ്യത്തുടനീളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന പ്രചാരണവും നടക്കുന്നുണ്ട്. ഈ ശ്രമത്തിന്റെ ഭാഗമായി, ഇന്ന് രാജസ്ഥാനിലെ 15,000 യുവാക്കൾക്ക് ഗവൺമെന്റ് ജോലികൾക്കുള്ള നിയമന കത്തുകൾ ലഭിച്ചു. ഈ പുതിയ ജീവിത യാത്രയിൽ എല്ലാ യുവാക്കൾക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. ഈ വികസന പദ്ധതികളിൽ രാജസ്ഥാനിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് രാജസ്ഥാനിലെ ബിജെപി ഗവൺമെന്റ് സംസ്ഥാനത്തിന്റെ വികസനത്തിനായി പൂർണ്ണ സത്യസന്ധതയോടെ പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രാജസ്ഥാനെ കൊള്ളയടിച്ച് കോൺഗ്രസ് ഉണ്ടാക്കിയ മുറിവുകൾ ഞങ്ങളുടെ ഗവൺമെൻറ് ഉണക്കുകയാണ്. കോൺഗ്രസ് ഗവൺമെന്റിന്റെ കീഴിൽ രാജസ്ഥാൻ ചോദ്യ പേപ്പർ ചോർച്ചയുടെ കേന്ദ്രമായി മാറിയിരുന്നു. ജൽ ജീവൻ മിഷൻ പോലും അഴിമതിയുടെ ബലിപീഠത്തിൽ ബലിയർപ്പിക്കപ്പെട്ടു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു, ബലാത്സംഗികൾ സംരക്ഷിക്കപ്പെട്ടു. ബാൻസ്വാര, ഡൂംഗർപുർ, പ്രതാപ്ഗഡ് തുടങ്ങിയ പ്രദേശങ്ങളിൽ കോൺഗ്രസ് ഭരണകാലത്ത് കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ മദ്യക്കച്ചവടത്തിലും വർധനയുണ്ടായി. എന്നാൽ നിങ്ങൾ ഇവിടെ ബിജെപിക്ക് അവസരം നൽകിയപ്പോൾ, ഞങ്ങൾ ക്രമസമാധാനം ശക്തിപ്പെടുത്തി, പദ്ധതികൾ ത്വരിതപ്പെടുത്തി, പ്രധാന പദ്ധതികൾ ആരംഭിച്ചു. ഇന്ന്, രാജസ്ഥാനിലുടനീളം ഹൈവേകളും എക്സ്പ്രസ് വേകളും നിർമ്മിക്കുന്നു. ഇന്ന്, ബിജെപി ഗവൺമെന്റ് രാജസ്ഥാനെ, പ്രത്യേകിച്ച് ദക്ഷിണ രാജസ്ഥാനെ, ദ്രുതഗതിയിലുള്ള വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയാണ്.
സുഹൃത്തുക്കളേ,
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിനമാണ് ഇന്ന്. അന്ത്യോദയ എന്ന തത്വം അദ്ദേഹം നമുക്ക് നൽകി. അന്ത്യോദയ എന്നാൽ സമൂഹത്തിന്റെ അവസാന പടിയിലെ വ്യക്തിയുടെ ഉന്നമനമാണ്. അദ്ദേഹത്തിന്റെ ദർശനം ഇന്ന് നമ്മുടെ ദൗത്യമായി മാറിയിരിക്കുന്നു. ദരിദ്രരുടെയും ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി ഞങ്ങൾ സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്നു. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രത്താൽ നയിക്കപ്പെടുന്ന ഞങ്ങൾ മുന്നോട്ട് പോകുന്നു.
സുഹൃത്തുക്കളേ,
കോൺഗ്രസ് എല്ലായ്‌പ്പോഴും ആദിവാസി സമൂഹത്തെ അവഗണിച്ചു, അവരുടെ ആവശ്യങ്ങൾ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല. ആദിവാസി ക്ഷേമത്തിന് മുൻഗണന നൽകുകയും അതിനായി ഒരു പ്രത്യേക മന്ത്രാലയം സൃഷ്ടിക്കുകയും ചെയ്തത് ബിജെപി ഗവൺമെന്റാണ്. അടൽ ജിയുടെ ഗവൺമെന്റ് വന്നപ്പോൾ, ആദ്യമായി ആദിവാസികാര്യ മന്ത്രാലയം സ്ഥാപിക്കപ്പെട്ടു. അതിനുമുമ്പ്, പതിറ്റാണ്ടുകൾ കടന്നുപോയി, മഹാനായ നേതാക്കൾ വന്നു പോയി, പക്ഷേ ആദിവാസി സമൂഹങ്ങൾക്കായി പ്രത്യേക മന്ത്രാലയം ഉണ്ടാക്കിയില്ല. അടൽ ജി വന്നപ്പോഴാണ് ബിജെപി ഗവൺമെൻ്റിൻ്റെ കാലത്ത് അത് സംഭവിച്ചത്. കോൺഗ്രസ് കാലഘട്ടത്തിൽ, ആദിവാസി മേഖലകളിൽ ഇത്രയും വലിയ പദ്ധതികൾ ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല! എന്നാൽ ബിജെപി ഗവൺമെൻ്റിൻ്റെ കീഴിൽ ഇതെല്ലാം സാധ്യമായി. അടുത്തിടെ, മധ്യപ്രദേശിലെ ധാറിൽ ഞങ്ങൾ ഒരു വലിയ പിഎം മിത്ര പാർക്ക് ആരംഭിച്ചു, അതും ഒരു ആദിവാസി മേഖലയാണ്. ഇത് ആദിവാസി കർഷകർക്ക്, പ്രത്യേകിച്ച് പരുത്തി കൃഷി ചെയ്യുന്ന കർഷകർക്ക് വളരെയധികം ഗുണം ചെയ്യും.
സുഹൃത്തുക്കളേ,
ബിജെപിയുടെ പരിശ്രമം മൂലമാണ് ഇന്ന് ഒരു ദരിദ്ര ആദിവാസി കുടുംബത്തിലെ മകൾ, ആദരണീയയായ ദ്രൗപതി മുർമു ജി, രാജ്യത്തിന്റെ രാഷ്ട്രപതിയായത്. ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹങ്ങളുടെ വിഷയം ഉന്നയിച്ചത് പ്രസിഡന്റ് മുർമു തന്നെയാണ്. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞങ്ങൾ പ്രധാൻമന്ത്രി ജൻമൻ യോജന(PM JANMAN Yojana)ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, ഏറ്റവും അരികുവൽക്കരിക്കപ്പെട്ട ആദിവാസി വിഭാഗങ്ങൾക്ക് പോലും മുൻഗണന നൽകുന്നു. ഇന്ന്, ധർത്തി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ(Dharti Aaba Janjatiya Gram Utkarsh Abhiyan)പ്രകാരം ആദിവാസി ഗ്രാമങ്ങൾ നവീകരിക്കപ്പെടുന്നു. ഭഗവാൻ ബിർസ മുണ്ടയെ ആളുകൾ അറിയപ്പെടുന്നത് ധർത്തി ആബ എന്നാണ്. ഈ ക്യാമ്പെയ്ൻ 5 കോടിയിലധികം ആദിവാസി ജനങ്ങൾക്ക് പ്രയോജനപ്പെടും. രാജ്യത്തുടനീളം നൂറുകണക്കിന് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ തുറക്കുന്നു. വനവാസികളുടെയും പട്ടികവർഗക്കാരുടെയും വനാവകാശങ്ങളും ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാർ വനവിഭവങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. ഈ വനവിഭവങ്ങൾ അവരുടെ പുരോഗതിക്കുള്ള ഒരു മാർഗമായി മാറുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ വൻ ധൻ യോജന(Van Dhan Yojana) ആരംഭിച്ചു. വനഉൽപ്പന്നങ്ങൾക്കുള്ള MSP ഞങ്ങൾ വർദ്ധിപ്പിച്ചു. ഗോത്ര ഉൽപ്പന്നങ്ങളെ വിപണിയുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി, രാജ്യത്തുടനീളം വനോൽപ്പന്നങ്ങളിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
സുഹൃത്തുക്കളേ,
ആദിവാസി സമൂഹത്തിന് അന്തസ്സോടെ ജീവിക്കാനുള്ള അവസരം ലഭിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞാബദ്ധത. അവരുടെ വിശ്വാസം, ആത്മാഭിമാനം, സംസ്കാരം എന്നിവ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ദൃഢമായ പ്രതിജ്ഞയാണ്.
സുഹൃത്തുക്കളേ,
സാധാരണ പൗരന്മാരുടെ ജീവിതം എളുപ്പമാകുമ്പോൾ, രാജ്യത്തിന്റെ പുരോഗതിക്ക് അവർ തന്നെ നേതൃത്വം നൽകും. 11 വർഷം മുമ്പ് കോൺഗ്രസ് കാലഘട്ടത്തിൽ സ്ഥിതി വളരെ മോശമായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്തുകൊണ്ടാണ് അത് മോശമായത്? കാരണം കോൺഗ്രസ് ഗവൺമെന്റുകൾ രാജ്യത്തെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിലും രാജ്യത്തെ പൗരന്മാരെ കൊള്ളയടിക്കുന്നതിലും ഏർപ്പെട്ടിരുന്നു. ആ സമയത്ത്, നികുതിയും പണപ്പെരുപ്പവും വളരെ ഉയർന്നതായിരുന്നു. നിങ്ങൾ മോദിയെ അനുഗ്രഹിച്ചപ്പോൾ, ഞങ്ങളുടെ ഗവൺമെന്റ് കോൺഗ്രസിന്റെ കൊള്ളയ്ക്ക് അറുതി വരുത്തി.
സുഹൃത്തുക്കളേ,
ഇക്കാലത്ത് അവർ എന്നോട് ഇത്രയധികം ദേഷ്യപ്പെടുന്നതിന്റെ കാരണം ഇതാണ്.
സുഹൃത്തുക്കളേ,
2017 ൽ, ജിഎസ്ടി നടപ്പിലാക്കി ഞങ്ങൾ രാജ്യത്തെ നികുതികളുടെയും തീരുവകളുടെയും കുരുക്കിൽ നിന്ന് മോചിപ്പിച്ചു. ഈ നവരാത്രിയുടെ ആദ്യ ദിവസം മുതൽ തന്നെ, ജിഎസ്ടിയിൽ വീണ്ടും ഒരു പ്രധാന പരിഷ്കരണം വരുത്തി. തൽഫലമായി, ഇന്ന് രാജ്യം മുഴുവൻ ജിഎസ്ടി 'ബച്ചത്' (സമ്പാദ്യ) ഉത്സവം ആഘോഷിക്കുകയാണ്. വീടുകളിൽ ഉപയോഗിക്കുന്ന മിക്ക നിത്യോപയോഗ സാധനങ്ങളുടെയും വില കുറഞ്ഞു. ഇവിടെ, ധാരാളം അമ്മമാരും സഹോദരിമാരും ഒത്തുകൂടി. ഞാൻ ജീപ്പിൽ ഇവിടെ വരുമ്പോൾ, എല്ലാ അമ്മമാരും സഹോദരിമാരും അവരുടെ അനുഗ്രഹങ്ങൾ ചൊരിയുകയായിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും വീട്ടുചെലവുകൾ കുറഞ്ഞു.
സുഹൃത്തുക്കളേ,
2014 ന് മുമ്പ്, നിങ്ങൾ 100 രൂപ വിലയുള്ള സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് അല്ലെങ്കിൽ പൽപ്പൊടി പോലുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോൾ, നിങ്ങൾക്ക് യഥാർത്ഥത്തിൽ 131 രൂപ നൽകേണ്ടിവന്നു. ആ സാധനത്തിന് 100 രൂപയായിരുന്നു വില, പക്ഷേ, നിങ്ങൾ 131 രൂപ നൽകേണ്ടിവന്നു. 2014 ന് മുമ്പുള്ള കാലത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, ഇന്നത്തെ "പ്രസ്താവന യോദ്ധാക്കൾ" എന്ന് വിളിക്കപ്പെടുന്നവർ എല്ലാത്തരം നുണകളും പ്രചരിപ്പിച്ചു. 100 രൂപയുടെ വാങ്ങലിന് കോൺഗ്രസ് ഗവൺമെന്റ് 31 രൂപ നികുതി ഈടാക്കിയിരുന്നു. 2017 ൽ, ഞങ്ങൾ ആദ്യമായി ജിഎസ്ടി നടപ്പിലാക്കിയപ്പോൾ, അതേ 100 രൂപ സാധനം വെറും 118 രൂപയ്ക്ക് ലഭ്യമായി. അതായത്, കോൺഗ്രസ് ഗവൺമെന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിജെപി ഗവൺമെൻ്റിൻ്റെ കീഴിൽ ഓരോ 100 രൂപയ്ക്കും ആളുകൾ 13 രൂപ ലാഭിച്ചു. ഇപ്പോൾ, സെപ്റ്റംബർ 22 ന് ഞങ്ങൾ അവതരിപ്പിച്ച ജിഎസ്ടി പരിഷ്കരണത്തിനുശേഷം, മുമ്പ് 131 രൂപ വിലയുണ്ടായിരുന്ന അതേ 100 രൂപ സാധനത്തിന് ഇപ്പോൾ 105 രൂപ മാത്രമേ വിലയുള്ളൂ. വെറും 5 രൂപ നികുതി! 31 രൂപ നികുതിയിൽ നിന്ന് വെറും 5 രൂപ നികുതിയായി! ഇതിനർത്ഥം കോൺഗ്രസ് കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ന് നിങ്ങൾ ചെലവഴിക്കുന്ന ഓരോ 100 രൂപയിലും 26 രൂപ ലാഭിക്കുന്നു എന്നാണ്. അമ്മമാരും സഹോദരിമാരും പ്രതിമാസ ബജറ്റ് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നു. ഈ കണക്കുകൂട്ടൽ അനുസരിച്ച്, നിങ്ങൾ ഇപ്പോൾ എല്ലാ മാസവും നൂറുകണക്കിന് രൂപ ലാഭിക്കും.
സുഹൃത്തുക്കളേ,
പാദരക്ഷകൾ എല്ലാവരുടെയും ആവശ്യമാണ്. കോൺഗ്രസ് ഭരണകാലത്ത്, നിങ്ങൾ 500 രൂപയ്ക്ക് ഒരു ജോഡി ഷൂസ് വാങ്ങിയാൽ, അതിന് നിങ്ങൾക്ക് 575 രൂപ നൽകണമായിരുന്നു. അതായത് 500 രൂപ ഷൂസിന് കോൺഗ്രസ് 75 രൂപ നികുതി ഈടാക്കിയിരുന്നു. ഞങ്ങൾ GST നടപ്പിലാക്കിയപ്പോൾ, നികുതി 15 രൂപ കുറച്ചു. ഇപ്പോൾ, പുതിയ GST പരിഷ്കരണത്തിനുശേഷം, അതേ ജോഡി ഷൂസിൽ നിങ്ങൾക്ക് 50 രൂപ കൂടി ലാഭിക്കാം. നേരത്തെ, 500 രൂപയ്ക്ക് മുകളിലുള്ള ഷൂസിന് കൂടുതൽ നികുതി ഉണ്ടായിരുന്നു. ഞങ്ങൾ ആ 500 രൂപ സ്ലാബ് നീക്കം ചെയ്തു. ഇപ്പോൾ,ഞങ്ങൾ നികുതി സ്ലാബ് 2,500 രൂപയിൽ കൂടുതൽ വിലയുള്ള ഷൂസുകൾക്ക് മാത്രമാക്കി കുറച്ചു.
സുഹൃത്തുക്കളേ,
ഒരു സാധാരണ കുടുംബം ഒരു സ്കൂട്ടറോ മോട്ടോർ സൈക്കിളോ ഉണ്ടായിരിക്കണമെന്ന് സ്വപ്നം കാണുന്നു. കോൺഗ്രസ് ഭരണകാലത്ത്, ഇത് പോലും അപ്രാപ്യമായിരുന്നു. 60,000 രൂപ ബൈക്കിന്, കോൺഗ്രസ് 19,000 രൂപയിൽ കൂടുതൽ നികുതി ഈടാക്കി. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ! 60,000 രൂപയ്ക്ക് 19,000 രൂപയിൽ കൂടുതൽ നികുതി. 2017 ൽ, ഞങ്ങൾ GST കൊണ്ടുവന്നപ്പോൾ, ഈ നികുതി 2,000–2,500 രൂപ കുറച്ചു. ഇപ്പോൾ, സെപ്റ്റംബർ 22 ന് പ്രാബല്യത്തിൽ വന്ന പുതിയ GST നിരക്കുകൾക്ക് ശേഷം, 60,000 രൂപ വിലയുള്ള ബൈക്കിന്റെ നികുതി വെറും 10,000 രൂപയായി കുറച്ചു. 2014 നെ അപേക്ഷിച്ച്, ഇതിനർത്ഥം ഏകദേശം 9,000 രൂപയുടെ ആനുകൂല്യം എന്നാണ്.
സുഹൃത്തുക്കളേ,
കോൺഗ്രസ് ഭരണകാലത്ത് വീട് പണിയുന്നതും വളരെ ചെലവേറിയതായിരുന്നു. 300 രൂപയുടെ ഒരു ചാക്ക് സിമന്റിന്, കോൺഗ്രസ് ഗവൺമെന്റ് 90 രൂപയിൽ കൂടുതൽ നികുതി ഈടാക്കിയിരുന്നു. 2017 ൽ ജിഎസ്ടി വന്നതിനുശേഷം ഇത് ഏകദേശം 10 രൂപ കുറച്ചു. ഇപ്പോൾ, സെപ്റ്റംബർ 22 ന് ഞങ്ങൾ വരുത്തിയ പരിഷ്കാരത്തോടെ, അതേ ചാക്ക് സിമന്റിന്റെ ജിഎസ്ടി ഏകദേശം 50 രൂപ മാത്രമാണ്. അതായത്, 2014 നെ അപേക്ഷിച്ച്, ഇന്ന് ഓരോ ചാക്ക് സിമന്റിന് 40 രൂപയുടെ ലാഭമുണ്ട്. ചുരുക്കത്തിൽ, കോൺഗ്രസിന്റെ കീഴിൽ കൊള്ള മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇന്ന് ബിജെപി ഗവൺമെൻ്റിൻ്റെ കീഴിൽ സമ്പാദ്യം മാത്രമേയുള്ളൂ. അതുകൊണ്ടാണ് രാജ്യം മുഴുവൻ ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ ആഘോഷിക്കുന്നത്.
എന്നാൽ സഹോദരീ സഹോദരന്മാരേ,
ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ നടക്കുമ്പോൾ, നമുക്ക് മറ്റൊരു ലക്ഷ്യവുമുണ്ട്, അത് 'ആത്മനിർഭർ ഭാരത്' (സ്വാശ്രയ ഇന്ത്യ) ആണ് . മറ്റുള്ളവരെ ആശ്രയിക്കാതിരിക്കേണ്ടത് ഇപ്പോൾ വളരെ അത്യാവശ്യമാണ്, ഇതിലേക്കുള്ള പാത സ്വദേശിയുടെ മന്ത്രത്തിലാണ്. അതിനാൽ, സ്വദേശിയുടെ മന്ത്രം നാം ഒരിക്കലും മറക്കരുത്. നിങ്ങളെല്ലാവരോടും, രാജസ്ഥാനിലുടനീളമുള്ള ജനങ്ങളോടും, എന്നെ ശ്രദ്ധിക്കുന്ന രാജ്യത്തിന്റെ എല്ലാ കോണുകളോടും, പ്രത്യേകിച്ച് എന്റെ കടയുടമയോടും വ്യാപാരി സുഹൃത്തുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു: നമ്മൾ വിൽക്കുന്നതെന്തും സ്വദേശിയായിരിക്കണം, എന്റെ സഹപൗരന്മാരോടും ഞാൻ അഭ്യർത്ഥിക്കുന്നു: നമ്മൾ വാങ്ങുന്നതെന്തും സ്വദേശിയായിരിക്കണം. നമ്മൾ കടയുടമയോട് ചോദിക്കണം, "എന്നോട് പറയൂ സഹോദരാ, ഇത് സ്വദേശിയാണോ അല്ലയോ?" സ്വദേശിയെക്കുറിച്ചുള്ള എന്റെ നിർവചനം വളരെ ലളിതമാണ്: കമ്പനി ഏത് രാജ്യത്തിന്റേതുമായിക്കോട്ടേ, ബ്രാൻഡ് ഏത് രാജ്യത്തിന്റേതുമായിക്കോട്ടേ, പക്ഷേ ഉൽപ്പന്നം ഭാരതത്തിൽ നിർമ്മിക്കണം, നമ്മുടെ യുവാക്കളുടെ കഠിനാധ്വാനത്താൽ സൃഷ്ടിക്കപ്പെട്ടതും, നമ്മുടെ ജനങ്ങളുടെ വിയർപ്പും സുഗന്ധവും, നമ്മുടെ മണ്ണിന്റെ സത്തയും ചേർന്നതുമായിരിക്കണം അത്. എനിക്ക്, അതാണ് സ്വദേശി. അതുകൊണ്ടാണ് ഞാൻ എല്ലാ വ്യാപാരികളോടും പറയുന്നത്: അഭിമാനത്തോടെ "ഇത് സ്വദേശിയാണ്" എന്ന് എഴുതിയ ഒരു ബോർഡ് നിങ്ങളുടെ കടകളിൽ സ്ഥാപിക്കുക. നിങ്ങൾ സ്വദേശി വാങ്ങുമ്പോൾ, ആ പണം നമ്മുടെ സ്വന്തം രാജ്യത്തെ ഒരു കരകൗശല വിദഗ്ധൻ, തൊഴിലാളി, വ്യാപാരി എന്നിവർക്കാണ് പോകുന്നത്. ആ പണം വിദേശത്തേക്ക് പോകുന്നില്ല; അത് രാജ്യത്തിന്റെ വികസനത്തിനായി ഇവിടെ തങ്ങിനിൽക്കുന്നു. അത് പുതിയ ഹൈവേകൾ, പുതിയ റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, ദരിദ്രർക്കായി വീടുകൾ എന്നിവ നിർമ്മിക്കുന്നു. അതിനാൽ, സുഹൃത്തുക്കളേ, നാം സ്വദേശിയെ നമ്മുടെ അഭിമാനമാക്കി മാറ്റണം. ഈ ഉത്സവകാലത്ത്, സ്വദേശി സാധനങ്ങൾ മാത്രം വാങ്ങുമെന്ന് പ്രതിജ്ഞയെടുക്കാൻ ഞാൻ നിങ്ങളെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ പ്രതിജ്ഞയോടെ, വികസനവും തൊഴിലുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾക്ക് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. വളരെ നന്ദി! പൂർണ്ണ ഊർജ്ജത്തോടെ എന്നോടൊപ്പം പറയുക: ഭാരത് മാതാ കീ ജയ്! നിങ്ങളുടെ കൈകൾ ഉയർത്തി ഭാരത മാതാവിനെ വാഴ്ത്തുക. ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! വളരെ നന്ദി!
***
SK
(Release ID: 2172743)
Visitor Counter : 8
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada