ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

‘ഭാരത് മന്ഥൻ-2025: നക്സൽ മുക്ത ഭരതം- മോദിയുടെ നേതൃത്വത്തിൽ ചുവപ്പ് ഭീകരതയ്ക്ക് അന്ത്യം’ എന്ന പരിപാടിയുടെ സമാപന സമ്മേളനത്തെ ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു

Posted On: 28 SEP 2025 9:15PM by PIB Thiruvananthpuram
‘ഭാരത് മന്ഥൻ-2025: നക്സൽ മുക്ത ഭരതം- മോദിയുടെ നേതൃത്വത്തിൽ ചുവപ്പ് ഭീകരതയ്ക്ക് അന്ത്യം’ എന്ന പരിപാടിയുടെ സമാപന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു.

2026 മാർച്ച് 31-ഓടെ ഇന്ത്യ നക്സൽ മുക്തമാകുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വ്യക്തമാക്കി. നക്സലിസത്തിന് പ്രത്യയശാസ്ത്രപരവും നിയമപരവും സാമ്പത്തികവുമായ പിന്തുണ നൽകുന്നവരെ ഇന്ത്യൻ സമൂഹം മനസ്സിലാക്കുന്നതുവരെ നക്സലിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആഭ്യന്തര സുരക്ഷയും രാജ്യാതിർത്തികളുടെ സംരക്ഷണവും നാം ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളുടെ കാതലായ വശങ്ങളാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 
CR3_1877.JPG

ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ സ്വാധീനമുള്ള ഇടനാഴി എന്നീ മൂന്ന് പ്രധാന ഹോട്ട്‌സ്‌പോട്ടുകൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ പ്രതികൂലമായി ബാധിച്ചിരുന്ന കാര്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ തന്നെ തിരിച്ചറിഞ്ഞിരുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. ഈ മൂന്ന് മേഖലകളിലും വർദ്ധിച്ചു വന്ന അശാന്തി കാരണം ഏകദേശം നാലോ അഞ്ചോ പതിറ്റാണ്ടുകളായി ആയിരക്കണക്കിന് സാധാരണക്കാർക്ക്  ജീവൻ നഷ്ടമായിട്ടുണ്ടെന്നും, സ്വത്ത് വകകൾക്ക് ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട രാജ്യത്തിന്റെ ബജറ്റിന്റെ വലിയൊരു പങ്ക്  ഈ ഹോട്ട്‌സ്‌പോട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നും, സുരക്ഷാ സൈനികർക്ക് വൻതോതിൽ ജീവഹാനി നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ശ്രീ നരേന്ദ്ര മോദി ഈ മൂന്ന് ഹോട്ട്‌സ്‌പോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും, സുവ്യക്തവും ദീർഘകാലീനവുമായ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

CR3_1844.JPG

മോദി സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്ത് ഗണ്യമായ പരിവർത്തനം സംഭവിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 2014 ൽ ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ, ചർച്ച, സുരക്ഷ, ഏകോപനം എന്നീ മൂന്ന് വശങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ പ്രവർത്തനമാരംഭിച്ചു. ഇത് മൂലം , 2026 മാർച്ച് 31-ഓടെ, രാജ്യത്ത് നിന്ന് സായുധ നക്സലിസം തുടച്ചുനീക്കപ്പെടും.
 
CR5_9046.JPG


നക്സലിസത്തിനെതിരായ മുൻകാല പ്രതിരോധങ്ങളിൽ വികേന്ദ്രീകൃത സമീപനമായിരുന്നു സ്വീകരിച്ചിരുന്നതെന്നും , അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമായിരുന്നു പ്രതികരണമെന്നും  സ്ഥായിയായ നയ സമീപനം ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി പറഞ്ഞു.  സർക്കാരിന്റെ പ്രതികരണത്തിന്റെ നിയന്ത്രണം നക്സലൈറ്റുകളുടെ കൈകളിലായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. 2014 ന് ശേഷം സർക്കാരിന്റെ പ്രചാരണങ്ങളുടെയും പരിപാടികളുടെയും നിയന്ത്രണം കേന്ദ്ര  ആഭ്യന്തര മന്ത്രാലയമേറ്റെടുത്തതായും ഇത് സുപ്രധാന നയം മാറ്റമായിരുന്നുവെന്നും  ശ്രീ ഷാ പറഞ്ഞു.

വികേന്ദ്രീകൃത സമീപനത്തിന് പകരം, മോദി സർക്കാർ കേന്ദ്രീകൃതവും കർശനവുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ആയുധം താഴെ വെച്ച് കീഴടങ്ങാൻ ആഗ്രഹിക്കുന്നവരെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിന്റെ നയമെന്നും എന്നാൽ നിരപരാധികളായ ഗോത്രവിഭാഗക്കാരെ കൊല്ലാൻ ആയുധമെടുത്താൽ, അവരെ സംരക്ഷിക്കുന്നതിന് വേണ്ടി സായുധരായ നക്സലൈറ്റുകളെ നേരിടുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നക്സലിസത്തെ നേരിടുന്നതിൽ സർക്കാർ യാതൊരുവിധ ആശയക്കുഴപ്പങ്ങളുമില്ലാതെ സുവ്യക്തമായ ഒരു നയം ആവിഷ്‌ക്കരിച്ചുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സംസ്ഥാന പോലീസിനും കേന്ദ്ര  സേനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും, രഹസ്യാന്വേഷണം, വിവര വിനിമയം, സംയുക്തപ്രവർത്തനം എന്നീ മേഖലകളിൽ ഏകോപനത്തിനായി ഭാരത സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിൽ പ്രായോഗിക സഹകരണം സുഗമമാക്കിയതായും അദ്ദേഹം പറഞ്ഞു. നക്സലൈറ്റുകൾ ഉപയോഗിക്കുന്ന ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വിതരണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ന് ശേഷം, അവരുടെ വിതരണ ശൃംഖലയുടെ 90 ശതമാനത്തിലധികവും തടയുന്നതിൽ  വിജയിച്ചു. നക്സലൈറ്റുകൾക്ക് ധനസഹായം നൽകുന്നവർക്ക് NIA  യും ED യും കുരുക്ക് മുറുക്കിയിട്ടുണ്ടെന്നും, നഗരങ്ങളിൽ നിന്ന് നക്സലുകൾക്ക് ലഭിക്കുന്ന പിന്തുണ,  നിയമ സഹായ ശൃംഖലകൾ, മാധ്യമ ആഖ്യാനങ്ങൾ എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കെതിരെ ലക്ഷ്യവേധിയായ നടപടികൾ സ്വീകരിച്ചു വരുന്നതായും, ഓഗസ്റ്റ് 19 മുതൽ ഇതുവരെ 18 ലധികം കേന്ദ്ര കമ്മിറ്റി അംഗങ്ങളെ വധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ വീഴ്ചകൾ പരിഹരിച്ചതായും ഓപ്പറേഷൻ ഒക്ടോപസ്, ഓപ്പറേഷൻ ഡബിൾ ബുൾ തുടങ്ങിയ ലക്ഷ്യവേധിയായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു. DRG, STF, CRPF, COBRA    യൂണിറ്റുകളുടെ സംയുക്ത പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നാലു വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തനങ്ങൾ. സേനാവിഭാഗങ്ങളുടെ കമാൻഡ് ശൃംഖലയിൽ വ്യക്തത വരുത്തിയിട്ടുണ്ട്. സംയുക്ത പരിശീലനം വിജയത്തിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, ഫോറൻസിക് അധിഷ്ഠിത അന്വേഷണങ്ങൾ ആരംഭിച്ചു. ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം ലഭ്യമാക്കി. മൊബൈൽ ഫോൺ വിവരങ്ങൾ സംസ്ഥാന പോലീസുമായി പങ്കിട്ടു. ശാസ്ത്രീയമായ കോൾ-ലോഗ് വിശകലനത്തിന് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു.  മറഞ്ഞിരുന്ന് നക്സലുകളെ പിന്തുണയ്ക്കുന്നവരെ കണ്ടെത്തുന്നതിനായി മൂഹ്യ മാധ്യമ വിശകലനം ഉപയോഗിക്കുന്നു. ഇത് നക്സൽ വിരുദ്ധ പ്രചാരണത്തിന് വേഗം കൂട്ടുക മാത്രമല്ല, കൂടുതൽ വിജയകരവും ഫലപ്രാപ്തിയുള്ളതുമാക്കി മാറ്റുകയും ചെയ്തു.

2019 ന് ശേഷം സംസ്ഥാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും  ഊന്നൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. SRE, SIS പദ്ധതികൾ പ്രകാരം ഏകദേശം ₹3,331 കോടി അനുവദിച്ചു. ഇത് പദ്ധതിവിഹിതത്തിൽ 55 ശതമാനം വർദ്ധന പ്രതിഫലിപ്പിക്കുന്നു.  പോലീസ് സ്റ്റേഷനുകൾ ശാക്തീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനായി ഏകദേശം ₹1,741 കോടി  ചെലവഴിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടെ, മോദി സർക്കാർ സുരക്ഷാ വിടവുകൾ പരിഹരിക്കുന്നതിനായി 336 പുതിയ CAPF ക്യാമ്പുകൾ സ്ഥാപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തത്ഫലമായി, 2004–14 കാലയളവിനെ അപേക്ഷിച്ച്, 2014–24 കാലയളവിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിൽ 73 ശതമാനം കുറവും സാധാരണക്കാരുടെ മരണത്തിൽ 74 ശതമാനം കുറവും രേഖപ്പെടുത്തി. പ്രതിപക്ഷ സർക്കാരിന്റെ ഉപേക്ഷ കാരണം ഛത്തീസ്ഗഡിൽ വിജയം അസാധ്യമായിരുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു. എന്നാൽ, 2024 ൽ, നമ്മുടെ സർക്കാർ അധികാരത്തിൽ വന്നതോടെ, ഒരു വർഷത്തിനുള്ളിൽ ഏറ്റവുമധികം നക്സലൈറ്റുകൾ - 290 പേർ- നിർവീര്യമാക്കപ്പെട്ടു.

ആരെയും വധിക്കാൻ സർക്കാർ താത്പര്യപ്പെടുന്നില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. താരതമ്യം പരിശോധിച്ചാൽ  290 നക്സലൈറ്റുകൾ വധിക്കപ്പെട്ടപ്പോൾ, 1,090 പേർ അറസ്റ്റിലായെന്ന് കാണാം. 881 പേർ കീഴടങ്ങി. ഇത് സർക്കാരിന്റെ ശരിയായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കീഴടങ്ങാനോ അറസ്റ്റ് ചെയ്യപ്പെടാനോ ഉള്ള അവസരം നക്സലൈറ്റുകൾക്ക് നൽകാൻ എല്ലാ ശ്രമങ്ങളും നടക്കുന്നു. എന്നാൽ, നക്സലൈറ്റുകൾ ആയുധമെടുത്ത് നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കൊല്ലാൻ മുതിരുമ്പോൾ, സുരക്ഷാ സേനയ്ക്ക് ബലപ്രയോഗത്തിലൂടെ പ്രതികരിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. 2025 ൽ ഇതുവരെ 270 നക്സലൈറ്റുകളെ നിർവീര്യമാക്കിയിട്ടുണ്ടെന്നും 680 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 1,225 പേർ കീഴടങ്ങിയിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.  കീഴടങ്ങലുകളുടെയും അറസ്റ്റുകളുടെയും എണ്ണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. കീഴടങ്ങലുകളുടെ എണ്ണം ഉയരുന്നത്  സൂചിപ്പിക്കുന്നത് നക്സലൈറ്റുകളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നാണ്.

തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിലെ കരേഗുട്ട കുന്നുകളിൽ നക്സലൈറ്റുകൾ ഒരു വലിയ ക്യാമ്പ് സ്ഥാപിച്ചിരുന്നുവെന്നും അവിടെ ആയുധങ്ങളുടെ ഗണ്യമായ ശേഖരം, രണ്ട് വർഷത്തേക്കുള്ള റേഷൻ, ആയുധങ്ങളും IED കളും നിർമ്മിക്കുന്നതിനുള്ള ഫാക്ടറികൾ എന്നിവ ഒരുക്കിയിരുന്നെന്നും അവിടെ എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 2025 മെയ് 23 ന് ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിലൂടെ ഈ ക്യാമ്പ് നശിപ്പിക്കപ്പെട്ടുവെന്നും 27 തീവ്ര നക്സലൈറ്റുകൾ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബിജാപൂരിലും 24 തീവ്ര നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഈ ഓപ്പറേഷനിലൂടെ ഛത്തീസ്ഗഡിലെ ശേഷിക്കുന്ന നക്സലൈറ്റുകളുടെ നട്ടെല്ലാണ് തകർന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. 2024 ൽ വധിക്കപ്പെട്ട നക്സലൈറ്റുകളിൽ ഒരു സോണൽ കമ്മിറ്റി അംഗം, 5 സബ്-സോണൽ കമ്മിറ്റി അംഗങ്ങൾ, 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, 31 ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ, 59 ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുണ്ടെന്ന് ശ്രീ ഷാ ചൂണ്ടിക്കാട്ടി.

1960 മുതൽ 2014 വരെ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളോടു കൂടിയ 66 പോലീസ് സ്റ്റേഷനുകൾ മാത്രമാണുണ്ടായിരുന്നതെന്നും മോദി സർക്കാരിന്റെ 10 വർഷത്തിനുള്ളിൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളോടു കൂടിയ 576 പുതിയ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചുവെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. 2014 ൽ 126 നക്സലൈറ്റ് ബാധിത ജില്ലകളുണ്ടായിരുന്നത്, ഇപ്പോൾ 18 ആയി കുറഞ്ഞു. രൂക്ഷമായ നക്സലൈറ്റ് ശല്യമുള്ള ജില്ലകളുടെ എണ്ണം 36 ൽ നിന്ന് 6 ആയി കുറഞ്ഞു. നക്സലൈറ്റ് ബാധിത പോലീസ് സ്റ്റേഷൻ പരിധികളുടെ എണ്ണം 330 ൽ നിന്ന് 151 ആയി കുറഞ്ഞു, അതിൽ 41 എണ്ണം പുതുതായി സ്ഥാപിച്ചവയാണ്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 336 സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചു, രാത്രി ലാൻഡിംഗിന് സജ്ജമായ 68 ഹെലിപാഡുകൾ നിർമ്മിച്ചു. കൂടാതെ, CRPF ഉദ്യോഗസ്ഥർക്കായി 76 നൈറ്റ്-ലാൻഡിംഗ് ഹെലിപാഡുകൾ നിർമ്മിച്ചിട്ടുണ്ട്. നക്സലൈറ്റുകളുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനായി, NIA, ED സംസ്ഥാന സർക്കാർ ഏജൻസികൾ എന്നിവ ചേർന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനത്തിനായി, മുഖ്യമന്ത്രിമാരുമായി ചേർന്ന് 12 യോഗങ്ങൾ തന്റെ സന്നിധ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നും, ഛത്തീസ്ഗഡിൽ മാത്രം ഇത്തരത്തിലുള്ള 8 യോഗങ്ങൾ നടന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു. കീഴടങ്ങുന്ന നക്സലൈറ്റുകൾക്കായി ഛത്തീസ്ഗഡ് സർക്കാർ ആകർഷകമായ ഒരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദ മേഖലകളിൽ  ഒട്ടേറ വികസന സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ തീവ്രവാദത്തിന്റെ മൂലകാരണം വികസനമില്ലായ്മയാണെന്ന ആശയം പ്രചരിപ്പിക്കുന്നവർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 60 കോടി ദരിദ്രർക്കായി പ്രധാനമന്ത്രി മോദി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാൽ നക്സൽ ബാധിത പ്രദേശങ്ങളിൽ, ഈ പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നത് ആരാണ് തടയുന്നതെന്ന് അദ്ദേഹം ചോദിച്ചു. സുക്മയിലോ ബിജാപൂരിലോ സ്ക്കൂളുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരാഞ്ഞു. നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവർ ആദിവാസികളുടെ വികസനം ആഗ്രഹിക്കുന്നില്ലെന്നും അവരുടെ യഥാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  ആഗോളതലത്തിൽ നിരസിക്കപ്പെട്ട പ്രത്യയശാസ്ത്രത്തെ സംരക്ഷിക്കുന്നതിൽ  മാത്രമാണ് അവർ ശ്രദ്ധാലുക്കളെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് നടന്നപ്പോൾ അത് നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച്  ഇടതു രാഷ്ട്രീയ കക്ഷികൾ പ്രചാരണം നടത്തുകയും കത്തുകൾ എഴുതുകയും ചെയ്തത് അവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നക്സലൈറ്റുകളുമായി വെടിനിർത്തൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വെടിനിർത്തലിന്റെ ആവശ്യമില്ല - അവർ ആയുധം താഴെ വെച്ചാൽ മതി. പോലീസ് ഒരു വെടിയുണ്ട പോലും പായിക്കില്ല.  അവരെ മുഖ്യധാരയിലേക്ക് ആനയിക്കും. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് ആരംഭിച്ചപ്പോൾ, നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവരുടെ യഥാർത്ഥ മുഖം  തുറന്നുകാട്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

2014 നും 2024 നും മധ്യേ ഇടതുപക്ഷ തീവ്രവാദം ബാധിച്ച സംസ്ഥാനങ്ങളിൽ  മാത്രം 12,000 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചതായും 17,500 റോഡുകൾക്ക് ബജറ്റ് അംഗീകാരം ലഭിച്ചതായും 6,300 കോടി രൂപ ചെലവിൽ 5,000 മൊബൈൽ ടവറുകൾ സ്ഥാപിച്ചതായും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. 1,060 ബാങ്ക് ശാഖകൾ തുറന്നതായും 937 എടിഎമ്മുകൾ സ്ഥാപിച്ചതായും 37,850 ബാങ്കിംഗ് കറസ്‌പോണ്ടന്റുമാരെ നിയോഗിച്ചതായും 5,899 പോസ്റ്റ് ഓഫീസുകൾ തുറന്നതായും 850 സ്‌കൂളുകൾ സ്ഥാപിച്ചതായും 186  ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. നിയാദ് നെല്ലനാർ പദ്ധതി പ്രകാരം ആയുഷ്മാൻ ഭാരത് കാർഡുകൾ, ആധാർ കാർഡുകൾ, വോട്ടർ കാർഡുകൾ, സ്‌ക്കൂളുകളുടെ നിർമ്മാണം, റേഷൻ കടകൾ, അംഗൻവാടി കേന്ദ്രങ്ങൾ എന്നിവയ്ക്ക് അംഗീകാരം നൽകുന്നതിനായി ഛത്തീസ്ഗഢ് സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയിലെ കലാപങ്ങളെക്കുറിച്ച് പരാമർശിക്കവേ, 2004–2014 നെ അപേക്ഷിച്ച് 2014–2024 കാലയളവിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിൽ 70 ശതമാനം കുറവുണ്ടായതായി ആഭ്യന്തരമന്ത്രി പറഞ്ഞു. അതുപോലെ, 2004–2014 നെ അപേക്ഷിച്ച് 2014–2024 ൽ സാധാരണക്കാരുടെ മരണങ്ങൾ 85 ശതമാനം കുറഞ്ഞു. മോദി സർക്കാർ 12 പ്രധാന സമാധാന കരാറുകൾക്ക് വഴിയൊരുക്കുകയും സായുധരായ   10,500 യുവാക്കളുടെ കീഴടങ്ങൽ സാധ്യമാക്കി മുഖ്യധാരയിലേക്ക് ആനയിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്ന് വടക്കുകിഴക്കൻ മേഖല ഒറ്റപ്പെട്ടതായി തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് ട്രെയിനുകൾ, റെയിൽ‌വേ, വ്യോമഗതാഗതം എന്നിവയിലൂടെ ആ പ്രദേശം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയും വടക്കുകിഴക്കൻ പ്രദേശങ്ങളും തമ്മിലുള്ള ഭൗതിക അകലം മാത്രമല്ല, വൈകാരിക അകലവും മോദി സർക്കാർ കുറച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ഇന്ന് വടക്കുകിഴക്കൻ മേഖല സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ നിലനിന്നിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം, വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജന സംരംഭങ്ങൾ എന്നിവയിലൂടെ സർക്കാർ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ നേരിടുന്നതിൽ, മോദി സർക്കാർ മികച്ച ആസൂത്രണത്തോടെയാണ് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2004–2014 കാലയളവിലെ  7,300 അക്രമ സംഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2014–2024 ൽ 1,800 അക്രമ സംഭവങ്ങൾ മാത്രമാണുണ്ടായതെന്നും ശ്രീ ഷാ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിൽ 65 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 77 ശതമാനവും കുറവുണ്ടായി. രാജ്യത്തെ എല്ലാ നിയമങ്ങളും ഇപ്പോൾ  ജമ്മു കശ്മീരിലും നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി ജമ്മു കശ്മീരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടന്നു, 99.8 ശതമാനം പേർ വോട്ട് ചെയ്തു. ജമ്മു കശ്മീരിലെ ഭീകരവാദം പരിഹരിക്കുന്നതിനുള്ള പാതയിൽ നാം അനുക്രമം മുന്നോട്ട് കുതിക്കുകയാണെന്ന് ശ്രീ ഷാ പറഞ്ഞു.
 
*****

(Release ID: 2172663) Visitor Counter : 5