പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ, ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു


എല്ലാവർക്കും അവസരങ്ങൾ നൽകുന്ന തുറന്ന വേദികൾ, സകലർക്കും വേണ്ടിയുള്ള വേദികൾ, എല്ലാവർക്കും പുരോഗതി എന്നിവ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

ആഗോള തടസ്സങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിലും, ഇന്ത്യയുടെ വളർച്ച ശ്രദ്ധേയമായി തുടരുന്നു: പ്രധാനമന്ത്രി

ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണം; ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കണം: പ്രധാനമന്ത്രി

എല്ലാ ഘടകങ്ങളും 'ഇന്ത്യയിൽ നിർമ്മിച്ചത്' എന്ന അടയാളം വഹിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യയിൽ,ഞങ്ങൾ ഒരു ഊർജ്ജസ്വലമായ പ്രതിരോധമേഖല വികസിപ്പിക്കുകയാണ് :പ്രധാനമന്ത്രി

ജിഎസ്ടിയിലെ ഘടനാപരമായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചാ പ്രയാണത്തിന് പുതിയ ചിറകുകൾ നൽകും: പ്രധാനമന്ത്രി

Posted On: 25 SEP 2025 11:55AM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഇന്ന് നടന്ന  'ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം 2025' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും  തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, യുപി അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുക്കുന്ന എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവാക്കളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 2,200-ലധികം പ്രദർശകർ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ വ്യാപാര പ്രദർശനത്തിൽ രാജ്യത്തിന്റെ പങ്കാളി റഷ്യയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു, ഇത് കാലം തെളിയിച്ച പങ്കാളിത്തത്തിന്റെ ശക്തിപ്പെടലിന് അടിവരയിടുന്നു. പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഗവണ്മെന്റിലെ  സഹപ്രവർത്തകരെയും, മറ്റ് പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു. അന്ത്യോദയയുടെ പാതയിലേക്ക് രാജ്യത്തെ നയിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈയൊരു പ്രദർശനമേളയ്ക്ക് അരങ്ങൊരുങ്ങിയതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കി, ദരിദ്രരിലേക്ക് പോലും വികസനം എത്തിക്കുക എന്നതാണ് അന്ത്യോദയയുടെ അർത്ഥമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമഗ്രവും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ  വികസനത്തിന്റെ ഈ മാതൃക ഇന്ത്യ ഇപ്പോൾ ലോകത്തിന് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഉദാഹരണം ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയുടെ ഫിൻടെക് മേഖലയ്ക്ക് ആഗോളതലത്തിൽ ലഭിച്ച അംഗീകാരം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമഗ്ര വികസനത്തിനായുള്ള സംഭാവനയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാവർക്കും തുല്യ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന - യുപിഐ, ആധാർ, ഡിജിലോക്കർ, ഒഎൻഡിസി പോലുള്ള - എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന തുറന്ന പ്ലാറ്റ്‌ഫോമുകൾ ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. "എല്ലാവർക്കും വേദികൾ(പ്ലാറ്റ്‌ഫോമുകൾ),എല്ലാവർക്കും പുരോഗതി" എന്ന തത്വം അദ്ദേഹം അടിവരയിട്ടു. മാൾ നടത്തിപ്പുകാർ മുതൽ  തെരുവിൽ ചായ വിൽക്കുന്നവർ വരെ യുപിഐ ഉപയോഗിക്കുന്നതിനാൽ, ഈ പ്ലാറ്റ്‌ഫോമുകളുടെ സ്വാധീനം ഇന്ത്യയിലുടനീളം ദൃശ്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരുകാലത്ത് വലിയ കമ്പനികൾക്ക് മാത്രം ലഭ്യമായിരുന്ന ഔപചാരിക വായ്പകൾ  ഇപ്പോൾ പ്രധാനമന്ത്രി സ്വാനിധി പദ്ധതിയിലൂടെ തെരുവ് കച്ചവടക്കാരിലേക്ക് എത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) മറ്റൊരു പരിവർത്തന ഉദാഹരണമായി ഉദ്ധരിച്ചുകൊണ്ട്, ഗവൺമെന്റിന് സാധനങ്ങൾ വിൽക്കുന്നത് വലിയ കമ്പനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ശ്രീ മോദി അനുസ്മരിച്ചു. ഇന്ന്, ഏകദേശം 25 ലക്ഷം വിൽപ്പനക്കാരും സേവന ദാതാക്കളും GeM പോർട്ടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുകിട വ്യാപാരികൾ, സംരംഭകർ, കടയുടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു, അവർക്ക് ഇപ്പോൾ ഇന്ത്യാ ഗവൺമെന്റിന് നേരിട്ട് വിൽക്കാൻ കഴിയും. GeM വഴി ഇതുവരെ ₹15 ലക്ഷം കോടി രൂപയുടെ സാധനങ്ങളും സേവനങ്ങളും സർക്കാർ സംഭരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇതിൽ, ഏകദേശം ₹7 ലക്ഷം കോടി രൂപയുടെ വാങ്ങലുകൾ MSME-കളിൽ നിന്നും ചെറുകിട വ്യവസായങ്ങളിൽ നിന്നും നടത്തിയിട്ടുണ്ട്. മുൻ ഗവൺമെന്റുകളുടെ കീഴിൽ ഇത്തരമൊരു സാഹചര്യം സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ, രാജ്യത്തിന്റെ ഒരു വിദൂര കോണിലുള്ള ഒരു ചെറുകിട കടയുടമ പോലും GeM പോർട്ടലിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ഇതാണ് അന്ത്യോദയയുടെ സത്തയും ഇന്ത്യയുടെ വികസന മാതൃകയുടെ അടിത്തറയും എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

2047 ഓടെ വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് അടിവരയിട്ടുകൊണ്ട്,"ആഗോള തടസ്സങ്ങളും അനിശ്ചിതത്വവും നിലനിൽക്കുന്നെങ്കിലും , ഇന്ത്യയുടെ വളർച്ച ആകർഷകമായി തുടരുന്നു"  എന്ന് പ്രധാനമന്ത്രി പറഞ്ഞു. തടസ്സങ്ങൾ ഇന്ത്യയെ വഴിതിരിച്ചുവിടുന്നില്ല - അവ പുതിയ ദിശകൾ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വെല്ലുവിളികൾക്കിടയിൽ, വരും ദശകങ്ങൾക്കായി  ഇന്ത്യ ശക്തമായ അടിത്തറ പാകുകയാണ്. രാജ്യത്തിന്റെ ദൃഢനിശ്ചയവും മാർഗനിർദേശക മന്ത്രവുമാണ്  ആത്മനിർഭർ ഭാരത് എന്ന്  ശ്രീ മോദി ആവർത്തിച്ചു. മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാൾ വലിയ നിസ്സഹായതയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഒരു രാജ്യം മറ്റുള്ളവരെ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം അതിന്റെ വളർച്ചയ്ക്ക് തടസ്സം നേരിടുന്നു. "ഇന്ത്യ സ്വയംപര്യാപ്തമാകണം. ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കണം", പ്രധാനമന്ത്രി എടുത്തു പറഞ്ഞു. സംരംഭകർ, വ്യാപാരികൾ, നൂതനാശയക്കാർ എന്നിവരുടെ വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അവർ ആത്മനിർഭർ ഭാരത് കാമ്പെയ്‌നിലെ പ്രധാന പങ്കാളികളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്ന ബിസിനസ്സ് മാതൃകകൾ രൂപകൽപ്പന ചെയ്യാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

മെയ്ക്ക് ഇൻ ഇന്ത്യയിലും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലും ഗവൺമെൻറ്  ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അടിവരയിട്ടുകൊണ്ട്, ചിപ്പുകൾ മുതൽ കപ്പലുകൾ വരെ രാജ്യത്തിനകത്ത് ഉൽപ്പാദിപ്പിക്കുക എന്ന ദർശനത്തിന് പ്രധാനമന്ത്രി ഊന്നൽ നൽകി. ഇതിനെ പിന്തുണയ്ക്കുന്നതിനായി, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം വർദ്ധിപ്പിക്കുന്നതിന് ഗവൺമെൻറ്  തുടർച്ചയായി പ്രവർത്തിക്കുന്നു. 40,000-ത്തിലധികം നടപടിക്രമങ്ങൾ  ഇല്ലാതാക്കിയതായും, ചെറിയ ബിസിനസ്സ് പിഴവുകളുടെ പേരിൽ മുമ്പ് നിയമനടപടികളിലേക്ക് നയിച്ച നൂറുകണക്കിന് നിയമങ്ങൾ കുറ്റവിമുക്തമാക്കിയതായും ശ്രീ മോദി എടുത്തുപറഞ്ഞു.ഗവൺമെൻറ്,  സംരംഭകരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നിരുന്നാലും,ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് അദ്ദേഹം പ്രത്യാശ  പങ്കുവെച്ചു. തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ സ്ഥിരമായ പുരോഗതി പൗരന്മാർ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ടെന്നും ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഇപ്പോൾ സ്വദേശിയുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇതാണ് സ്വദേശി" എന്ന് അഭിമാനത്തോടെ പറയുന്നതിന്റെ വികാരം രാജ്യമെമ്പാടും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മന്ത്രം സ്വീകരിക്കാനും ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം വ്യാപാരികളോട് ആഹ്വാനം ചെയ്തു.

ഗവേഷണത്തിന്റെ നിർണായക പ്രാധാന്യം അടിവരയിട്ടുകൊണ്ട് , ഈ മേഖലയിലെ നിക്ഷേപം പലമടങ്ങ് വർദ്ധിക്കണമെന്ന് പ്രധാനമന്ത്രി  പറഞ്ഞു. ഈ വികാസത്തെ പിന്തുണയ്ക്കുന്നതിന് ഗവൺമെൻറ്   ഇതിനകം തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഗവേഷണത്തിലെ സ്വകാര്യ നിക്ഷേപം ഇപ്പോൾ അനിവാര്യമാണെന്നും അത് സജീവമായി പിന്തുടരേണ്ടതുണ്ടെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും തദ്ദേശീയ ഗവേഷണം, രൂപകൽപ്പന, വികസനം എന്നിവയ്ക്കായി സമഗ്രമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

അസാധാരണമായ നിക്ഷേപ സാധ്യതകളാൽ നിറഞ്ഞതാണ് ഉത്തർപ്രദേശ് എന്ന് എടുത്തുപറഞ്ഞുകൊണ്ട്, സമീപ വർഷങ്ങളിലെ കണക്റ്റിവിറ്റി വിപ്ലവം ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ എക്സ്പ്രസ് പാതകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്, അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണത്തിലും മുന്നിലാണ്. രണ്ട് പ്രധാന ചരക്ക് ഇടനാഴികളുടെ കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നു. പൈതൃക ടൂറിസത്തിൽ യുപി ഒന്നാം സ്ഥാനത്താണെന്നും നമാമി ഗംഗാ  പോലുള്ള സംരംഭങ്ങൾ യു പി യെ  ക്രൂയിസ് ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തിയതായും  ശ്രീ മോദി അഭിപ്രായപ്പെട്ടു. വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് പദ്ധതി യുപിയിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ എത്താൻ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉൽപ്പാദനത്തിൽ, യുപി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, മൊബൈൽ ഉൽപ്പാദനത്തിൽ. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഉൽപ്പാദക രാജ്യമായി മാറിയെന്നും രാജ്യത്ത് നിർമ്മിക്കുന്ന മൊബൈൽ ഫോണുകളുടെ ഏകദേശം 55 ശതമാനം ഉൽപ്പാദിപ്പിക്കുന്നത് യുപിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഏതാനും കിലോമീറ്റർ അകലെ പ്രവർത്തനം ആരംഭിക്കുന്ന ഒരു പ്രധാന സെമികണ്ടക്ടർ സംരംഭത്തോടെ സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യയുടെ സ്വാശ്രയത്വം യുപി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സായുധ സേന തദ്ദേശീയ പരിഹാരങ്ങൾ തേടുകയും ബാഹ്യ ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രതിരോധ മേഖലയെ മറ്റൊരു പ്രധാന ഉദാഹരണമായി ഉദ്ധരിച്ചു. "ഇന്ത്യയിൽ, ഞങ്ങൾ ഒരു ഊർജ്ജസ്വലമായ പ്രതിരോധ മേഖല വികസിപ്പിക്കുകയാണ്, ഓരോ ഘടകങ്ങളും 'ഇന്ത്യയിൽ നിർമ്മിച്ചത്' എന്ന അടയാളം വഹിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു", ഈ പരിവർത്തനത്തിൽ ഉത്തർപ്രദേശിന്റെ പ്രധാന പങ്ക് എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. റഷ്യൻ സഹകരണത്തോടെ സ്ഥാപിതമായ ഒരു ഫാക്ടറിയിൽ AK-203 റൈഫിളുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി. ബ്രഹ്മോസ് മിസൈലുകളുടെയും മറ്റ് ആയുധ സംവിധാനങ്ങളുടെയും നിർമ്മാണം ഇതിനകം ആരംഭിച്ചിരിക്കുന്ന ഉത്തർപ്രദേശിൽ ഒരു പ്രതിരോധ ഇടനാഴി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദശലക്ഷക്കണക്കിന് എംഎസ്എംഇകളുടെ ശക്തവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ശൃംഖലയുള്ള ഉത്തർപ്രദേശിൽ നിക്ഷേപം നടത്താനും ഉൽപ്പാദനം നടത്താനും പ്രധാനമന്ത്രി എല്ലാ പങ്കാളികളോടും അഭ്യർത്ഥിച്ചു. സംസ്ഥാനത്തിനുള്ളിൽ പൂരിത  ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു . ഉത്തർപ്രദേശ് ഗവൺമെന്റും  ഇന്ത്യാ ഗവൺമെന്റും ഇതിന്  പൂർണ്ണ പിന്തുണ നൽകാൻ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയോടുള്ള പ്രതിബദ്ധതയാൽ നയിക്കപ്പെടുന്ന വ്യവസായങ്ങൾ, വ്യാപാരികൾ, പൗരന്മാർ എന്നിവരോടൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞ ശ്രീ മോദി, മൂന്ന് ദിവസം മുമ്പ്, അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കിയതായും, ഈ പരിഷ്‌കാരങ്ങളെ   'ഇന്ത്യയുടെ വളർച്ചാ കഥയെ മുന്നോട്ട് നയിക്കുന്ന ഘടനാപരമായ മാറ്റങ്ങൾ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പുതിയ പരിഷ്കാരങ്ങൾ ജിഎസ്ടി രജിസ്ട്രേഷൻ ലളിതമാക്കുകയും നികുതി തർക്കങ്ങൾ കുറയ്ക്കുകയും എംഎസ്എംഇകൾക്കുള്ള റീഫണ്ടുകൾ ത്വരിതപ്പെടുത്തുകയും ചെയ്യും, ഇത് എല്ലാ മേഖലകൾക്കും ഗുണം ചെയ്യും. ജിഎസ്ടിക്ക് മുമ്പുള്ള, ജിഎസ്ടിക്ക് ശേഷമുള്ള, ഇപ്പോൾ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങൾ പങ്കാളികൾ അനുഭവിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, ഒപ്പം അവ വരുത്തിയ പ്രധാന വ്യത്യാസം  സംബന്ധിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. 2014 ന് മുമ്പ്, നികുതികളുടെ ബാഹുല്യം ബിസിനസ്സ് ചെലവുകളും ഗാർഹിക ബജറ്റുകളും കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കിയ കാര്യം ചില     ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു.  അതായത് , ₹1,000 വിലയുള്ള ഒരു ഷർട്ടിന് 2014 ന് മുമ്പ് ഏകദേശം ₹170 നികുതി കൊടുക്കേണ്ടിവന്നു. 2017 ൽ GST നിലവിൽ വന്നതിനുശേഷം ഇത് ₹50 ആയി കുറഞ്ഞു. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കുകൾ പ്രകാരം, അതേ ₹1,000 ഷർട്ടിന് ഇപ്പോൾ ₹35 നികുതി മാത്രമേ ഉള്ളൂ.

ജിഎസ്ടി പരിഷ്കാരങ്ങളുടെ പ്രകടമായ നേട്ടങ്ങൾ പ്രധാനമന്ത്രി ഒരു ഉദാഹരണത്തിലൂടെ വിശദീകരിച്ചു. 2014-ൽ ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയർ ഓയിൽ, ഷേവിംഗ് ക്രീം തുടങ്ങിയ അവശ്യവസ്തുക്കൾക്കായി ₹100 ചെലവഴിച്ചപ്പോൾ ₹31 നികുതിയായി നൽകേണ്ടി  വന്നതായും ബിൽ ₹131 ആയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017-ൽ ജിഎസ്ടി നിലവിൽ വന്നതിനുശേഷം, അതേ ₹100 വിലയുള്ള സാധനങ്ങൾക്ക് ₹118 ചിലവായി, അതിന്റെ ഫലമായി ₹13 നേരിട്ട് ലാഭിക്കാൻ കഴിഞ്ഞു. ഏറ്റവും പുതിയ തലമുറ ജിഎസ്ടി പരിഷ്കാരങ്ങളിലൂടെ, ഈ ചെലവ് ₹105 ആയി കുറഞ്ഞു - 2014-ന് മുമ്പുള്ള നിരക്കുകളെ അപേക്ഷിച്ച് ₹26 മൊത്തം ലാഭം. സാധാരണ കുടുംബങ്ങൾക്ക് ഇത് ഗണ്യമായ പ്രതിമാസ ലാഭം കൊണ്ടുവരുമെന്ന്  ശ്രീ മോദി ഊന്നിപ്പറഞ്ഞു. 2014-ൽ അവശ്യവസ്തുക്കൾക്കായി പ്രതിവർഷം 1 ലക്ഷം രൂപ ചെലവഴിക്കുന്ന ഒരു കുടുംബം ₹20,000–₹25,000 നികുതി നൽകേണ്ടിവരുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ന്, പുതിയ ജിഎസ്ടി ഭരണത്തിൻ കീഴിൽ, അതേ കുടുംബം പ്രതിവർഷം ₹5,000–₹6,000 മാത്രമേ  നികുതി ഇനത്തിൽ നൽകുന്നുള്ളൂ, കാരണം ഇപ്പോൾ മിക്ക അവശ്യവസ്തുക്കളും വെറും 5 ശതമാനം ജിഎസ്ടിയാണ് ആകർഷിക്കുന്നത്.

ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ ട്രാക്ടറുകളുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട്, 2014 ന് മുമ്പ് ഒരു ട്രാക്ടർ വാങ്ങുമ്പോൾ 70,000 രൂപയിൽ കൂടുതൽ നികുതി നൽകേണ്ടി വന്നിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന്, അതേ ട്രാക്ടറിന് 30,000 രൂപ മാത്രമേ നികുതി ഈടാക്കുന്നുള്ളൂ, ഇത് കർഷകർക്ക് 40,000 രൂപയിൽ കൂടുതൽ നേരിട്ട് ലാഭിക്കാൻ സഹായിക്കുന്നു. പാവപ്പെട്ടവരുടെ  പ്രധാന തൊഴിൽ സ്രോതസ്സായ മുച്ചക്ര വാഹനങ്ങൾക്ക് മുമ്പ് 55,000 രൂപ നികുതി ആകർഷിച്ചിരുന്നുവെന്നും അത് ഇപ്പോൾ 35,000 രൂപയായി കുറഞ്ഞുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു - ഇത് 20,000 രൂപ ലാഭിക്കാൻ സഹായിക്കുന്നു. അതുപോലെ, ജിഎസ്ടി നിരക്കുകൾ കുറഞ്ഞതിനാൽ, 2014 നെ അപേക്ഷിച്ച് സ്കൂട്ടറുകൾക്ക് ഇപ്പോൾ 8,000 രൂപയും മോട്ടോർ സൈക്കിളുകൾക്ക് 9,000 രൂപയും കുറവാണ്. ഈ സമ്പാദ്യം പാവപ്പെട്ടവർക്കും  നവ-മധ്യവർഗത്തിനും മധ്യവർഗത്തിനും ഒരുപോലെ പ്രയോജനം ചെയ്യുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇതൊക്കെയാണെങ്കിലും, ചില രാഷ്ട്രീയ പാർട്ടികൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വന്തം ഭരണ പരാജയങ്ങൾ മറച്ചുവെക്കാൻ പ്രതിപക്ഷ പാർട്ടികൾ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു, അവരുടെ ഭരണകാലത്തെ  അമിതമായ നികുതി സാധാരണ പൗരന്മാരെ കഷ്ടപ്പെടുത്തി എന്ന് അദ്ദേഹം വാദിച്ചു. തന്റെ സർക്കാർ നികുതി ഗണ്യമായി കുറയ്ക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കുകയും ജനങ്ങളുടെ വരുമാനവും സമ്പാദ്യവും വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാക്കുന്നതിലൂടെയും പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലൂടെയും പൗരന്മാർക്ക് ഈ വർഷം മാത്രം 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ ആഘോഷിക്കുകയാണെന്നും പൊതുജനപിന്തുണയോടെ ജിഎസ്ടി പരിഷ്കാരങ്ങളുടെ മേന്മ കുറയാതെ തുടരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ജനാധിപത്യ-രാഷ്ട്രീയ സ്ഥിരത, നയപരമായ പ്രവചനശേഷി എന്നിവയുടെ പിൻബലത്തോടെ പരിഷ്കാരങ്ങൾക്കായുള്ള ശക്തമായ ഇച്ഛാശക്തി ഇന്ന് ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ മറ്റൊരു മേഖലയിലും കാണാത്തത്ര മികച്ച സംയോജനമായ വിശാലമായ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും ചലനാത്മകമായ ഒരു യുവ ഉപഭോക്തൃ അടിത്തറയും ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തങ്ങളുടെ വളർച്ച ഉയർത്താൻ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനോ കമ്പനിക്കോ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ഏറ്റവും ആകർഷകമായ അവസരമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ നിക്ഷേപിക്കുന്നത് ഇരുവർക്കും ഒരുപോലെ പ്രയോജനകരമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ വികസിത ഇന്ത്യയും വികസിത ഉത്തർപ്രദേശും സാക്ഷാത്കരിക്കപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

പശ്ചാത്തലം

മെയ്ക്ക് ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ, ആത്മനിർഭർ ഭാരത് എന്നിവയോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഗ്രേറ്റർ നോയിഡയിൽ ഉത്തർപ്രദേശ് ഇന്റർനാഷണൽ ട്രേഡ് ഷോ-2025 (UPITS-2025) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 "അൾട്ടിമേറ്റ് സോഴ്‌സിംഗ് ബിഗിൻസ് ഹിയർ " എന്ന വിഷയത്തിൽ സെപ്റ്റംബർ 25 മുതൽ 29 വരെ വ്യാപാര പ്രദർശനം നടക്കും. ഇതിന് മൂന്ന് പ്രധാന ലക്ഷ്യങ്ങളുണ്ടാകും - നവീകരണം, സംയോജനം, അന്താരാഷ്ട്രവൽക്കരണം. അന്താരാഷ്ട്രതലത്തിൽ വാങ്ങൽ നടത്തുന്നവരെയും  , ആഭ്യന്തര രംഗത്ത്  ബിസിനസ്-ടു-ബിസിനസ് (B2B)തലത്തിൽ വാങ്ങൽ നടത്തുന്നവരെയും , ആഭ്യന്തര മേഖലയിൽ തന്നെ  ബിസിനസ്-ടു-കൺസ്യൂമർ (B2C) തലത്തിൽ വാങ്ങൽ നടത്തുന്നവരെയും  ലക്ഷ്യമിടുന്ന ഒരു ത്രിമുഖ വാങ്ങൽ തന്ത്രം, കയറ്റുമതിക്കാർക്കും ചെറുകിട ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ അവസരങ്ങൾ നൽകും.

UPITS-2025, സംസ്ഥാനത്തെ വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങൾ, ആധുനിക വ്യവസായങ്ങൾ, കരുത്തുറ്റ MSMEകൾ, വളർന്നുവരുന്ന സംരംഭകർ എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഉയർത്തിക്കാട്ടും. കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, തുകൽ, കൃഷി, ഭക്ഷ്യ സംസ്‌കരണം, ഐടി, ഇലക്ട്രോണിക്‌സ്, ആയുഷ് തുടങ്ങിയ പ്രധാന മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശിന്റെ സമ്പന്നമായ കല, സംസ്കാരം, പാചകരീതി എന്നിവയും ഒരു മേൽക്കൂരയ്ക്ക് കീഴിൽ പ്രദർശിപ്പിക്കും.

ഉഭയകക്ഷി വ്യാപാരം, സാങ്കേതിക കൈമാറ്റം, ദീർഘകാല സഹകരണം എന്നിവയ്ക്കുള്ള വഴികൾ തുറക്കുന്ന തന്ത്രപരമായ പ്രാധാന്യം നൽകുന്ന ഒരു പങ്കാളി രാജ്യമായി റഷ്യ പങ്കെടുക്കും. 2,400-ലധികം പ്രദർശകർ; 1,25,000 B2B സന്ദർശകർ; 4,50,000 B2C സന്ദർശകർ തുടങ്ങിയവർ  വ്യാപാര പ്രദർശനത്തിൽ പങ്കെടുക്കും.

 

 

***

AT

(Release ID: 2171236) Visitor Counter : 7