ആഭ്യന്തരകാര്യ മന്ത്രാലയം
സ്റ്റാർട്ടപ്പ് കോൺക്ലേവ്-2025 ഗുജറാത്തിലെ ഗാന്ധിനഗറിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു
Posted On:
23 SEP 2025 5:01PM by PIB Thiruvananthpuram
ഈ വര്‍ഷത്തെ സ്റ്റാർട്ടപ്പ് കോൺക്ലേവ് ഗുജറാത്തിലെ ഗാന്ധിനഗറിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പ് ലോകത്ത് ഇന്ത്യയുടെ സ്വത്വം അടയാളപ്പെടുത്താന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവിഷ്ക്കരിച്ച ദൗത്യത്തിൻ്റെ എല്ലാ വശങ്ങളെക്കുറിച്ചും കോൺക്ലേവ് ചർച്ച ചെയ്യുമെന്നും വെല്ലുവിളികൾക്കെല്ലാം പരിഹാരം കണ്ടെത്തുമെന്നും ശ്രീ അമിത് ഷാ അഭിസംബോധനയില്‍ പറഞ്ഞു. നവീകരണം, വളർച്ച, വേഗം എന്നീ മൂന്ന് ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകൾ സംഘടിപ്പിക്കുമെന്നും വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളെ നിക്ഷേപകരുമായി ബന്ധിപ്പിക്കാനും "മനസ്സിൽ നിന്ന് വിപണിയിലേക്ക്" എന്ന പ്രധാനമന്ത്രി മോദിയുടെ മന്ത്രം യാഥാർത്ഥ്യമാക്കാനും കോണ്‍ക്ലേവ് സുപ്രധാന വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിജ്ഞാന സമ്പ്രദായത്തിൻ്റെ ഒരു സമാഹാരം പരിപാടിയിൽ പ്രകാശനം ചെയ്തതായി ശ്രീ ഷാ എടുത്തുപറഞ്ഞു. ആയുർവേദം, ക്ലാസിക്കൽ കലകൾ, വാസ്തുവിദ്യ, ഗണിതം, തത്വചിന്ത, ശാസ്ത്രം, ബഹിരാകാശം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച അറിവുകൾ ഈ വിജ്ഞാനശേഖരത്തില്‍ ഉൾപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ പ്രധാനമന്ത്രി മോദി ഇന്ത്യൻ വിജ്ഞാന സമ്പ്രദായത്തെക്കുറിച്ച് ഗവേഷണം നടത്താനും പഠിക്കാനും പുതുവഴി തുറന്നു നൽകിയെന്നും ഈ വിജ്ഞാനശേഖരം രാജ്യത്തെ യുവതയ്ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അറിവ് പ്രയോജനപ്പെടുത്തി യുവ ഇന്ത്യക്കാർക്ക് ലോകോത്തര നിലവാരത്തില്‍ ഗവേഷണങ്ങൾ നടത്താം.

2014-ന് മുൻപ് രാജ്യത്തെ യുവത നൂതനാശയങ്ങൾ കണ്ടെത്താനും ഗവേഷണം നടത്താനും സ്റ്റാർട്ടപ്പ് രംഗത്ത് ആശയങ്ങൾ നടപ്പാക്കാനും രാജ്യം വിട്ടു പോകേണ്ടി വന്നിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 2000-ത്തിൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളെക്കുറിച്ചോ ഒരു ചിന്തയും ഉണ്ടായിരുന്നില്ല. 2014-ൽ കേവലം 500-ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നതെന്നും സമ്പന്നര്‍ക്ക് മാത്രമാണ് സ്റ്റാർട്ടപ്പിനെക്കുറിച്ച് സ്വപ്നം കാണാൻ സാധിച്ചിരുന്നതെന്നും ശ്രീ ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 2016-ൽ പ്രധാനമന്ത്രി മോദി 'സ്റ്റാർട്ടപ്പ് ഇന്ത്യ' സംരംഭത്തിന് തുടക്കം കുറിച്ചതോടെ ലോകോത്തര നിലവാരത്തില്‍ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'സ്റ്റാർട്ടപ്പ് ഇന്ത്യ'യിലൂടെ ‘തൊഴിലന്വേഷകർ’ എന്നതില്‍നിന്ന് ‘തൊഴില്‍ദാതാക്ക’ളായി രാജ്യത്തെ യുവതയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കേവലം ലാഭം കൊയ്യുന്ന സ്ഥാപനങ്ങൾ എന്നതിലുപരി സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന മാർഗമാക്കി സ്റ്റാർട്ടപ്പുകളെ പ്രധാനമന്ത്രി പരിവര്‍ത്തനം ചെയ്തു. രാജ്യത്തെ നിരവധി വെല്ലുവിളികൾക്ക് പരിഹാരം കാണാനും നൂതനാശയങ്ങൾക്ക് വേഗം പകരാനും യുവതയുടെ സർഗാത്മകതയ്ക്ക് അവസരങ്ങൾ നൽകാനും മികച്ച വേദിയായി സ്റ്റാർട്ടപ്പ് മേഖല മാറിയിരിക്കുന്നു.

2016 മുതൽ 2024 വരെ എട്ട് വർഷങ്ങളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത് വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മൂന്നാമത് വലിയ ഡിജിറ്റൽ ആവാസവ്യവസ്ഥയായി വളർന്ന ഇന്ത്യ സ്റ്റാർട്ടപ്പ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി. മോദി സർക്കാരിൻ്റെ 11 വർഷങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചതെന്നും സ്റ്റാർട്ടപ്പ് മേഖലയെ വിപുലീകരിക്കാന്‍ എല്ലാ മേഖലകളിലും ശ്രമങ്ങൾ നടന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഈ വിപുലീകരണത്തിൻ്റെ അംഗീകാരം പ്രധാനമന്ത്രി മോദി രൂപംനല്‍കിയ ഈ മേഖലയ്ക്കും രാജ്യത്തെ വിദ്യാർത്ഥികൾക്കും യുവതയ്ക്കുമാണ്. 2014-ലെ 500 സ്റ്റാർട്ടപ്പുകള്‍ ഇന്ന് 1.92 ലക്ഷമായി വർധിച്ചു. 380 മടങ്ങ് വർധനയാണിത്. സമാനമായി 2014-ൽ കേവലം 4 ആയിരുന്ന യൂനികോൺ സ്റ്റാർട്ടപ്പുകള്‍ ഇന്ന് 120-ലേറെയായി ഉയർന്നു. ഇവയുടെ ആകെ മൂല്യം 350 ബില്യൺ ഡോളറിന് മുകളിലാണ്. പ്രധാനമന്ത്രി മോദി രൂപംനല്‍കിയ ഈ മേഖലയെ പ്രയോജനപ്പെടുത്തി എങ്ങനെ പുതിയ യൂനികോൺ സ്റ്റാർട്ടപ്പുകൾ രൂപമെടുക്കുന്നുവെന്നതിൻ്റെ തെളിവാണിതെന്ന് ശ്രീ ഷാ വ്യക്തമാക്കി. എല്ലാ തലങ്ങളിലും സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ വ്യവസായ പ്രമുഖരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ത്യയിൽ നിലവിൽ ഐടി മേഖലയിൽ 21,000 സ്റ്റാർട്ടപ്പുകളും ആരോഗ്യരംഗത്ത് 17,000 സ്റ്റാർട്ടപ്പുകളുമുണ്ട്. കൂടാതെ കാർഷിക - സേവന - വിദ്യാഭ്യാസ മേഖലകളിൽ 11,000 വീതം സ്റ്റാർട്ടപ്പുകളുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 770 ജില്ലകളിലേക്ക് സ്റ്റാർട്ടപ്പുകൾ സാന്നിധ്യം വ്യാപിപ്പിച്ചത് രാജ്യത്ത് ഈ മേഖലയുടെ ശക്തി പ്രകടമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 48% സ്റ്റാർട്ടപ്പുകള്‍ സ്ഥാപിച്ചത് സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 900 സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നതും സ്ത്രീകളാണ്. സ്റ്റാർട്ടപ്പ് മേഖല ഇതുവരെ 17.9 ലക്ഷം പേര്‍ക്ക് തൊഴിൽ നൽകി. 2014 മുതൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും അവയുടെ വളർച്ചയ്ക്ക് സാമ്പത്തികവും നയപരവും വ്യാവസായികവുമായ പിന്തുണ നല്‍കുകയും ബാങ്കിങ്, അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് താഴെ നല്‍കിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
*********************
(Release ID: 2170327)