പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു


അരുണാചൽ പ്രദേശ് സമാധാനത്തിന്റെയും സംസ്കാരത്തിന്റെയും സംഗമസ്ഥാനമാണ്, അത് ഇന്ത്യയുടെ അഭിമാനമാണ്: പ്രധാനമന്ത്രി

വടക്കുകിഴക്ക്, ഇന്ത്യയുടെ അഷ്ടലക്ഷ്മിയാണ്: പ്രധാനമന്ത്രി

വടക്കുകിഴക്കൻ മേഖല രാജ്യത്തിന്റെ വികസനത്തിന്റെ ചാലകശക്തിയായി മാറുകയാണ്: പ്രധാനമന്ത്രി

വൈബ്രന്റ് വില്ലേജ് പരിപാടിയുടെ വിജയം ജനങ്ങളുടെ ജീവിതം എളുപ്പമാക്കി: പ്രധാനമന്ത്രി

ജിഎസ്ടി ഇപ്പോൾ 5% ഉം 18% ഉം ആയി ലളിതമാക്കിയിരിക്കുന്നു, മിക്ക ഇനങ്ങളുടെയും നികുതി കുറയുന്നു : പ്രധാനമന്ത്രി

Posted On: 22 SEP 2025 1:14PM by PIB Thiruvananthpuram

അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, എല്ലാവർക്കും അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ച അദ്ദേഹം, സർവ്വശക്തനായ ഡോണി പോളോയ്ക്ക് ആദരവറിയിച്ചു.

ഹെലിപാഡിൽ നിന്ന് ഗ്രൗണ്ടിലേക്കുള്ള യാത്ര, വഴിയിൽ എണ്ണമറ്റ ആളുകളെ കണ്ടുമുട്ടിയത്, ദേശീയ പതാക പിടിച്ചുകൊണ്ട് കുട്ടികളും യുവാക്കളും നിന്നത് -- ഇവ അരുണാചൽ പ്രദേശിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയാൽ തന്നെ അഭിമാനഭരിതനാക്കിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അരുണാചൽ ഉദയസൂര്യന്റെ നാട് മാത്രമല്ല, തീക്ഷ്ണമായ ദേശസ്നേഹത്തിന്റെ നാടുകൂടിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ പതാകയുടെ ആദ്യ നിറം കാവിയായിരിക്കുന്നതുപോലെ, അരുണാചലിന്റെ ആത്മാവും കാവിയിൽ നിന്നാണ് ആരംഭിക്കുന്നത്. അരുണാചലിലെ ഓരോ വ്യക്തിയും ധീരതയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഓരോ സന്ദർശനവും തനിക്ക് വളരെയധികം സന്തോഷം നൽകുന്നുവെന്നും ജനങ്ങളോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും അവിസ്മരണീയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. തന്നോട് കാണിച്ച സ്നേഹവും വാത്സല്യവും ഒരു വലിയ ബഹുമതിയായി അദ്ദേഹം അംഗീകരിച്ചു. തുടർന്ന് അരുണാചൽ എന്ന പുണ്യഭൂമിയെ അഭിവാദ്യം ചെയ്തുകൊണ്ട് ,ഇത് ഭാരതമാതാവിന്റെ അഭിമാനമാണെന്ന് ഓർമ്മിപ്പിച്ച്, "തവാങ് ആശ്രമം മുതൽ നംസായിയിലെ സുവർണ്ണ പഗോഡ വരെ, അരുണാചൽ പ്രദേശ് സമാധാനത്തിന്റെയും സംസ്കാരത്തിന്റെയും സംഗമസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു" എന്ന് പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് വ്യത്യസ്ത കാരണങ്ങളാൽ അരുണാചൽ പ്രദേശിലേക്കുള്ള തന്റെ ഇന്നത്തെ സന്ദർശനം സവിശേഷമാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഒന്നാമതായി, നവരാത്രിയുടെ ശുഭകരമായ ആദ്യ ദിനത്തിൽ, മനോഹരമായ പർവതനിരകൾ കാണാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞു. ഈ ദിവസം ഭക്തർ ഹിമാലയത്തിന്റെ മകളായ മാതാ ശൈലപുത്രിയെ ആരാധിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാമതായി, രാജ്യത്തുടനീളം അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും ജിഎസ്ടി സമ്പാദ്യോത്സവം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉത്സവകാലത്ത് പൗരന്മാർക്ക് ഇരട്ടി നേട്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. മൂന്നാമതായി, വൈദ്യുതി, കണക്റ്റിവിറ്റി, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി അരുണാചൽ പ്രദേശിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് അദ്ദേഹം ഊന്നൽ നൽകി. ഇത് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും തങ്ങളുടെ  ഗവൺമെന്റുകളുടെ ഇരട്ടി നേട്ടത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു, ഈ പദ്ധതികൾക്ക് അരുണാചൽ ജനതയെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ ഇന്ത്യയിലെ ജനങ്ങൾക്ക് സന്തോഷവും സമൃദ്ധിയും വിജയവും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

അരുണാചൽ പ്രദേശിലാണ് ആദ്യം സൂര്യരശ്മികൾ പതിക്കുന്നതെങ്കിലും, ദ്രുതഗതിയിലുള്ള വികസനത്തിന്റെ കിരണങ്ങൾ ഈ മേഖലയിലേക്ക് എത്താൻ പതിറ്റാണ്ടുകളെടുത്തു എന്നത് നിർഭാഗ്യകരമാണെന്ന് പരാമർശിച്ച ശ്രീ മോദി, 2014 ന് മുമ്പ് നിരവധി തവണ അരുണാചൽ സന്ദർശിച്ച് അവിടുത്തെ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കാര്യം ഓർമ്മിപ്പിച്ചു. പ്രകൃതിയാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ട ഈ സംസ്ഥാനം അതിന്റെ ഭൂമി, കഠിനാധ്വാനികളായ പൗരന്മാർ, അപാരമായ സാധ്യതകൾ എന്നിവയാൽ അനുഗ്രഹീതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ശക്തികൾ ഉണ്ടായിരുന്നിട്ടും, മുൻകാലങ്ങളിൽ ഡൽഹിയിൽ നിന്ന് ഭരിച്ചവർ അരുണാചലിനെ നിരന്തരം അവഗണിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ചെറിയ ജനസംഖ്യയും രണ്ട് ലോക്‌സഭാ സീറ്റുകൾ മാത്രമുള്ള അരുണാചൽ ശ്രദ്ധ അർഹിക്കുന്നില്ല എന്ന ചിന്താഗതിക്ക് ചില രാഷ്ട്രീയ പാർട്ടികളെ അദ്ദേഹം വിമർശിച്ചു. വികസന യാത്രയിൽ വളരെ പിന്നിലായിരുന്ന അരുണാചലിനും മുഴുവൻ വടക്കുകിഴക്കൻ മേഖലയ്ക്കും ഈ സമീപനം കാര്യമായ ദോഷം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

2014-ൽ രാഷ്ട്രത്തെ സേവിക്കാൻ അവസരം ലഭിച്ചതിനു ശേഷം, മുൻ ഗവൺമെന്റുകളുടെ മാനസികാവസ്ഥയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ താൻ ദൃഢനിശ്ചയം ചെയ്തതായി ശ്രീ മോദി പറഞ്ഞു. തന്റെ ഗവൺമെൻ്റിൻ്റെ വഴികാട്ടിയും  പ്രചോദനവും ഏതെങ്കിലും സംസ്ഥാനത്തെ വോട്ടുകളുടെയോ സീറ്റുകളുടെയോ എണ്ണമല്ല, മറിച്ച് "രാഷ്ട്രം ആദ്യം" എന്ന തത്വമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗവൺമെൻ്റിൻ്റെ പ്രധാന മന്ത്രമായ 'നാഗരിക് ദേവോഭവ' അദ്ദേഹം ആവർത്തിച്ചു. മുമ്പ് ഒരിക്കലും അംഗീകരിക്കപ്പെടാത്തവരെ ഇപ്പോൾ മോദി ബഹുമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഭരണകാലത്ത് അവഗണിക്കപ്പെട്ട വടക്കുകിഴക്കൻ മേഖല 2014-ന് ശേഷം വികസന മുൻഗണനകളുടെ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മേഖലയുടെ വികസനത്തിനായുള്ള ബജറ്റ് പലമടങ്ങ് വർദ്ധിപ്പിച്ചു, അവസാന മൈൽ കണക്റ്റിവിറ്റിയും വിതരണവും നമ്മുടെ ഭരണത്തിന്റെ മുഖമുദ്രകളാക്കി. ഭരണം ഇനി ഡൽഹിയിൽ മാത്രമായി ഒതുങ്ങില്ലെന്നും ഉദ്യോഗസ്ഥരും മന്ത്രിമാരും ഇടയ്ക്കിടെ വടക്കുകിഴക്കൻ മേഖല സന്ദർശിക്കുകയും അവിടെ തങ്ങി കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മുൻ സർക്കാരിന്റെ കാലത്ത്, ഒരു കേന്ദ്രമന്ത്രി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ മാത്രമേ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുമായിരുന്നുള്ളൂ എന്ന്  പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഇതിനു വിപരീതമായി, തങ്ങളുടെ സർക്കാരിന്റെ കീഴിൽ കേന്ദ്രമന്ത്രിമാർ 800-ലധികം തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും,  ഈ സന്ദർശനങ്ങൾ പ്രതീകാത്മകമല്ലെന്നും  അദ്ദേഹം ഊന്നിപ്പറഞ്ഞു; മന്ത്രിമാർ പ്രദേശത്ത് തങ്ങുകയും മേഖലയുമായി അർത്ഥവത്തായി ഇടപഴകാനും ശ്രമിക്കുന്നു. താൻ 70-ലധികം തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ്  മിസോറാം, മണിപ്പൂർ, അസം എന്നിവിടങ്ങളിൽ യാത്ര ചെയ്യുകയും ഗുവാഹത്തിയിൽ രാത്രി ചെലവഴിക്കുകയും ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.  വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടുള്ള തന്റെ ആഴമായ സ്നേഹം അദ്ദേഹം പ്രകടിപ്പിച്ചു, തന്റെ സർക്കാർ വൈകാരിക വിടവ് നികത്തുകയും ഡൽഹിയെ ജനങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയിലെ എട്ട് സംസ്ഥാനങ്ങളെയും അഷ്ടലക്ഷ്മികളായി ആദരിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അതിനാൽ തന്നെ വികസന യാത്രയിൽ പിന്നോട്ട് പോകരുതെന്ന് പറഞ്ഞു. കേന്ദ്ര സർക്കാർ മേഖലയുടെ പുരോഗതിക്കായി ഗണ്യമായ ഫണ്ട് അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഉദാഹരണം ഉദ്ധരിച്ച്, കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ ഒരു ഭാഗം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. മുൻ ഭരണകാലത്ത്, പത്ത് വർഷത്തിനിടെ അരുണാചൽ പ്രദേശിന് കേന്ദ്ര നികുതികളിൽ നിന്ന് 6,000 കോടി രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇതിനു വിപരീതമായി, തങ്ങളുടെ  സർക്കാരിന്റെ കീഴിൽ, ഇതേ കാലയളവിൽ അരുണാചലിന് ഒരു ലക്ഷം കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു - 16 മടങ്ങ് കൂടുതലാണിത്. ഈ കണക്ക് നികുതി വിഹിതവുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂവെന്നും സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കും പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്കും കീഴിലുള്ള അധിക ചെലവുകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് അരുണാചൽ ഇന്ന് ഇത്ര വിപുലവും വേഗത്തിലുള്ളതുമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഉദ്ദേശ്യങ്ങൾ ഉദാത്തവും പരിശ്രമങ്ങൾ സത്യസന്ധവുമാകുമ്പോൾ ഫലങ്ങൾ ദൃശ്യമാകുമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, വടക്കുകിഴക്കൻ മേഖല രാജ്യത്തിന്റെ വികസനത്തിൽ ഒരു പ്രേരകശക്തിയായി ഉയർന്നുവരികയാണെന്നും, സദ്ഭരണത്തിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പറഞ്ഞു. പൗരന്മാരുടെ ക്ഷേമത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നും തന്റെ ഗവൺമെന്റിനില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ജീവിതം സുഗമമാക്കുന്നതിനായി യാത്രാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന്; ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിന്, വൈദ്യചികിത്സ എളുപ്പമാക്കുന്നതിന്; വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിന്, വിദ്യാഭ്യാസം എളുപ്പമാക്കുന്നതിന്; ബിസിനസ്സ് സുഗമമാക്കുന്നതിന്, ബിസിനസ്സ് എളുപ്പമാക്കുന്നതിന് ഗവൺമെൻ്റ് പ്രവർത്തിക്കുകയാണെന്ന്  ശ്രീ മോദി പറഞ്ഞു. കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ ഈ ലക്ഷ്യങ്ങൾ സജീവമായി പിന്തുടരുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒരുകാലത്ത് റോഡുകൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മേഖലകളിൽ ഇപ്പോൾ ഗുണനിലവാരമുള്ള ഹൈവേകളുടെ നിർമ്മാണം നടക്കുന്നു. ഒരുകാലത്ത് അസാധ്യമെന്ന് കണക്കാക്കപ്പെട്ടിരുന്ന സേല ടണൽ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ അരുണാചലിന്റെ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അരുണാചൽ പ്രദേശിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വിദൂര പ്രദേശങ്ങളിൽ ഹെലിപോർട്ടുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ഈ പ്രദേശങ്ങളെ ഉഡാൻ പദ്ധതിക്ക് കീഴിൽ സംയോജിപ്പിക്കാൻ ഹൊളോംഗി വിമാനത്താവളത്തിൽ ഒരു പുതിയ ടെർമിനൽ കെട്ടിടം നിർമ്മിച്ചിട്ടുണ്ടെന്നും ഇത് ഇപ്പോൾ ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി. ഈ വികസനം സാധാരണ യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും മാത്രമല്ല, പ്രാദേശിക കർഷകരെയും ചെറുകിട വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നു. രാജ്യത്തുടനീളമുള്ള പ്രധാന വിപണികളിലേക്ക് പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗതാഗതം ഇപ്പോൾ വളരെ എളുപ്പമായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

2047 ഓടെ ഒരു വികസിത രാജ്യമാകുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കൂട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും, ഓരോ സംസ്ഥാനവും ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുമ്പോൾ മാത്രമേ ഈ ദർശനം യാഥാർത്ഥ്യമാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വടക്കുകിഴക്കൻ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. വൈദ്യുതി മേഖലയെ ഒരു പ്രധാന ഉദാഹരണമായി ഉദ്ധരിച്ചുകൊണ്ട്, 2030 ഓടെ സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതി എന്നിവയുൾപ്പെടെ പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്ന് 500 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി പറഞ്ഞു. അരുണാചൽ പ്രദേശ് ഈ ദൗത്യത്തിൽ സജീവമായി സംഭാവന ചെയ്യുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഊർജ്ജ ഉൽപ്പാദക സംസ്ഥാനമെന്ന നിലയിൽ അരുണാചലിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ വൈദ്യുതി നൽകുന്നതിനും സഹായിക്കുന്ന രണ്ട് പുതിയ വൈദ്യുതി പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടൽ പ്രഖ്യാപിച്ചു. അരുണാചലിനെയും മുഴുവൻ വടക്കുകിഴക്കൻ മേഖലയെയും പ്രതികൂലമായി ബാധിച്ച, ബുദ്ധിമുട്ടുള്ള വികസന പ്രവർത്തനങ്ങൾ ഒഴിവാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ദീർഘകാല പ്രവണതയെ പ്രധാനമന്ത്രി വിമർശിച്ചു. പർവതപ്രദേശങ്ങൾ, വനപ്രദേശങ്ങൾ എന്നിങ്ങനെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളെ പലപ്പോഴും പിന്നാക്കമായി പ്രഖ്യാപിക്കുകയും പ്രതിപക്ഷ പാർട്ടി അവഗണിക്കുകയും ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ ഗോത്ര മേഖലകളും ജില്ലകളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്, അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങളെ "അവസാന ഗ്രാമങ്ങൾ" എന്ന് തള്ളിക്കളഞ്ഞു, മുൻ സർക്കാരുകൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും പരാജയങ്ങൾ മറയ്ക്കാനും ഇത് കാരണമായി എന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ഈ അവഗണന ഗോത്ര, അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള തുടർച്ചയായ കുടിയേറ്റത്തിന് കാരണമായി.

പ്രാദേശിക വികസനത്തിനായുള്ള മുൻകാല സമീപനത്തിൽ  തങ്ങളുടെ ഗവൺമെൻ്റ് മാറ്റം വരുത്തിയെന്ന് പറഞ്ഞ ശ്രീ മോദി, മുൻ ഗവൺമെന്റുകൾ  മുമ്പ് "പിന്നാക്കം " എന്ന് മുദ്രകുത്തിയിരുന്ന ജില്ലകളെ "ആസ്പിരേഷണൽ ജില്ലകൾ" എന്ന് പുനർനിർവചിക്കുകയും വളർച്ചയ്ക്ക് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഒരിക്കൽ "അവസാന ഗ്രാമങ്ങൾ" എന്ന് നിരസിക്കപ്പെട്ട അതിർത്തി ഗ്രാമങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ "ആദ്യ ഗ്രാമങ്ങൾ" ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിർത്തി പ്രദേശങ്ങളിലെ വികസനത്തിന്റെ വേഗത ത്വരിതപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയ  പ്രധാനമന്ത്രി ഈ മാറ്റത്തിന്റെ നല്ല ഫലങ്ങൾ എടുത്തുകാട്ടി. വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ വിജയം ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തി. അരുണാചൽ പ്രദേശിൽ മാത്രം, അത്തരം 450-ലധികം അതിർത്തി ഗ്രാമങ്ങൾ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ചു, റോഡുകൾ, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ ഈ പ്രദേശങ്ങളിലേക്ക് എത്തിയിരിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഒരുകാലത്ത് സാധാരണമായിരുന്നെങ്കിലും, ഈ ഗ്രാമങ്ങൾ ഇപ്പോൾ വിനോദസഞ്ചാരത്തിന്റെ പുതിയ കേന്ദ്രങ്ങളായി ഉയർന്നുവരുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അരുണാചൽ പ്രദേശിലെ വിനോദസഞ്ചാരത്തിനുള്ള അപാരമായ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട്, പുതിയ മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി വികസിക്കുന്നതിനനുസരിച്ച് ടൂറിസം ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തിൽ അരുണാചലിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി എന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. പ്രകൃതിക്കും സംസ്കാരത്തിനും അതീതമാണ് അരുണാചലിന്റെ ടൂറിസം ശക്തിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, ആഗോളതലത്തിൽ കോൺഫറൻസ്, കൺസേർട്ട് ടൂറിസത്തിന്റെ ഉയർച്ചയിലേക്ക് വിരൽ ചൂണ്ടി. ഈ സാഹചര്യത്തിൽ, തവാങ്ങിൽ വരാനിരിക്കുന്ന ആധുനിക കൺവെൻഷൻ സെന്റർ സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് ഒരു പുതിയ മാനം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു. അതിർത്തിയിലുള്ള ഗ്രാമങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ഒരു നാഴികക്കല്ലാണെന്നും ഇത് അരുണാചലിന്റെ വികസനത്തിന് ഗണ്യമായി സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് അരുണാചൽ പ്രദേശിൽ ദൃശ്യമാകുന്ന ദ്രുതഗതിയിലുള്ള വികസനം അവരുടെ സർക്കാരുകൾ ഡൽഹിയിലും ഇറ്റാനഗറിലും പ്രവർത്തിക്കുന്നതിന്റെ ഫലമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയോജിത ഊർജ്ജം വികസനത്തിലേക്ക് തിരിച്ചുവിടുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഒരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതും മേഖലയിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതും അദ്ദേഹം ഉദ്ധരിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം നിരവധി പൗരന്മാർക്ക് സൗജന്യ വൈദ്യചികിത്സ ലഭിച്ചിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ഈ നേട്ടങ്ങൾ സാധ്യമാക്കിയത് കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളിലൂടെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 

കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളുടെ പരിശ്രമഫലമായി അരുണാചൽ പ്രദേശ് കൃഷിയിലും പൂന്തോട്ടപരിപാലനത്തിലും ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. കിവി, ഓറഞ്ച്, ഏലം, പൈനാപ്പിൾ തുടങ്ങിയ പ്രാദേശിക ഉൽ‌പന്നങ്ങൾ സംസ്ഥാനത്തിന് ഒരു പുതിയ വ്യക്തിത്വം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി‌എം-കിസാൻ സമ്മാൻ നിധി പദ്ധതി ഈ മേഖലയിലെ കർഷകർക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ശാക്തീകരിക്കുക എന്നത് തന്റെ ​ഗവൺമെന്റിന്റെ പ്രധാന മുൻഗണനയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തുടനീളം മൂന്ന് കോടി "ലഖ്പതി ദീദികളെ" സൃഷ്ടിക്കുക എന്ന തന്റെ ദൗത്യം അദ്ദേഹം ആവർത്തിച്ചു, മുഖ്യമന്ത്രി പേമ ഖണ്ഡുവും സംഘവും ഈ ദൗത്യം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാനത്ത് നിരവധി വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, ഇത് യുവതികൾക്ക് വളരെയധികം പ്രയോജനം ചെയ്യും.

പരിപാടിയിൽ സ്ത്രീകളുടെ വലിയ സാന്നിധ്യം അംഗീകരിച്ചു കൊണ്ട് ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവലിന് വീണ്ടും അഭിനന്ദനങ്ങൾ നേർന്ന ശ്രീ മോദി, അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങളുടെ നേട്ടങ്ങൾ അവർക്ക് ​ഗണ്യമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഊന്നിപ്പറഞ്ഞു. കുടുംബങ്ങൾക്ക് ഇപ്പോൾ പ്രതിമാസ ബജറ്റിൽ ഗണ്യമായ ആശ്വാസം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുക്കള സാമഗ്രികൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ സാമഗ്രികൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2014 ന് മുമ്പുള്ള കാലഘട്ടം ഓർമ്മിക്കാൻ പൗരന്മാരെ പ്രേരിപ്പിച്ചുകൊണ്ട്, അക്കാലത്ത് നേരിട്ട നിരവധി വെല്ലുവിളികൾ എടുത്തുകാണിച്ചുകൊണ്ട്, പണപ്പെരുപ്പം കുതിച്ചുയരുകയും വലിയ അഴിമതികൾ വ്യാപകമായിരുന്നുവെന്നും, അന്നത്തെ ​ഗവൺമെന്റ് പൊതുജനങ്ങളുടെ മേലുള്ള നികുതി ഭാരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2 ലക്ഷം രൂപയുടെ വാർഷിക വരുമാനം പോലും ആദായനികുതിക്ക് വിധേയമായിരുന്നുവെന്നും, 2014 ന് മുമ്പുള്ള ഭരണകാലത്ത് പല അവശ്യവസ്തുക്കളുടെയും നികുതി 30 ശതമാനത്തിൽ കൂടുതലുള്ള നിരക്കിൽ ചുമത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരന്മാരുടെ വരുമാനവും സമ്പാദ്യവും വർദ്ധിപ്പിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത അനുസ്മരിച്ച ശ്രീ മോദി, വർഷങ്ങളായി വലിയ വെല്ലുവിളികൾ നേരിട്ടിട്ടും, തന്റെ ​ഗവൺമെന്റ് ആദായനികുതി നിരക്കുകൾ തുടർച്ചയായി കുറച്ചുവെന്ന് ചൂണ്ടിക്കാട്ടി. ഈ വർഷം, 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനം പൂർണ്ണമായും നികുതി രഹിതമാക്കിയിട്ടുണ്ട്. ജിഎസ്ടി ഇപ്പോൾ 5 ശതമാനവും 18 ശതമാനവും എന്ന രണ്ട് സ്ലാബുകളായി ലളിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പല ഇനങ്ങളും നികുതി രഹിതമായിട്ടുണ്ടെന്നും മറ്റ് വസ്തുക്കളുടെ നികുതി ഗണ്യമായി കുറച്ചിട്ടുണ്ടെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. വീട് പണിയുക, സ്കൂട്ടർ അല്ലെങ്കിൽ ബൈക്ക് വാങ്ങുക, പുറത്ത് ഭക്ഷണം കഴിക്കുക, യാത്ര ചെയ്യുക എന്നിവയെല്ലാം കൂടുതൽ താങ്ങാനാവുന്ന വിലയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ ജനങ്ങൾക്ക് ഒരു അവിസ്മരണീയ നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

അരുണാചൽ പ്രദേശിന്റെ ദേശസ്നേഹത്തെ പ്രശംസിച്ച ശ്രീ മോദി, ഇവിടുത്തെ ആളുകൾ "നമസ്കാരത്തിന് മുമ്പ് തന്നെ" ജയ് ഹിന്ദ് "എന്ന് പറയുകയും അത് രാഷ്ട്രത്തെ സ്വയം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ രാജ്യം കൂട്ടായി പരിശ്രമിക്കുമ്പോൾ, സ്വാശ്രയത്വത്തിന്റെ ദേശീയ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ സ്വയംപര്യാപ്തമാകുമ്പോൾ മാത്രമേ വികസിക്കുകയുള്ളൂവെന്നും അതിനായി "സ്വദേശി" എന്ന മന്ത്രം അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുകയും വിൽക്കുകയും ചെയ്യേണ്ടതിന്റെയും അവ അഭിമാനത്തോടെ സ്വദേശിയായി പ്രഖ്യാപിക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പൗരന്മാരോട് സ്വദേശി സ്വീകരിക്കാൻ അഭ്യർത്ഥിച്ചു. ഈ മന്ത്രം പിന്തുടരുന്നത് രാഷ്ട്രത്തിന്റെയും അരുണാചൽ പ്രദേശിന്റെയും മുഴുവൻ വടക്കുകിഴക്കൻ മേഖലയുടെയും വികസനം ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പുതുതായി ആരംഭിച്ച വികസന പദ്ധതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

അരുണാചൽ പ്രദേശ് ഗവർണർ, ലെഫ്റ്റനന്റ് ജനറൽ കെ ടി പർനായിക് (റിട്ട.), അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

മേഖലയിലെ വിശാലമായ ജലവൈദ്യുത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും സുസ്ഥിര ഊർജ്ജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഇറ്റാനഗറിൽ 3,700 കോടി രൂപയിലധികം വിലമതിക്കുന്ന രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. അരുണാചൽ പ്രദേശിലെ സിയോം ഉപതടത്തിൽ ഹിയോ ജലവൈദ്യുത പദ്ധതിയും (240 മെഗാവാട്ട്) ടാറ്റോ-ഐ ജലവൈദ്യുത പദ്ധതിയും (186 മെഗാവാട്ട്) വികസിപ്പിക്കും.

തവാങ്ങിൽ ഒരു അത്യാധുനിക കൺവെൻഷൻ സെന്ററിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. തവാങ്ങിലെ അതിർത്തി ജില്ലയിൽ 9,820 അടിയിൽ കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ദേശീയ, അന്തർദേശീയ സമ്മേളനങ്ങൾ, സാംസ്കാരിക ഉത്സവങ്ങൾ, പ്രദർശനങ്ങൾ എന്നിവ നടത്തുന്നതിനുള്ള ഒരു നാഴികക്കല്ലായി വർത്തിക്കും. 1,500-ലധികം പ്രതിനിധികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കേന്ദ്രം ആഗോള നിലവാരം പുലർത്തുകയും മേഖലയിലെ വിനോദസഞ്ചാര, സാംസ്കാരിക സാധ്യതകളെ പിന്തുണയ്ക്കുകയും ചെയ്യും.

കണക്റ്റിവിറ്റി, ആരോഗ്യം, അഗ്നി സുരക്ഷ, ജോലി ചെയ്യുന്ന വനിതാ ഹോസ്റ്റലുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്കായി 1,290 കോടിയിലധികം വിലമതിക്കുന്ന ഒന്നിലധികം പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.  മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഈ സംരംഭങ്ങൾ ഉത്തേജനം നൽകുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ബിസിനസ് ചെയ്യുന്നത് സു​ഗമമാക്കുന്നതിനും ഊർജ്ജസ്വലമായ ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുമുള്ള തന്റെ കാഴ്ചപ്പാടിന് അനുസൃതമായി, അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് യുക്തിസഹീകരണത്തിന്റെ ഫലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി പ്രാദേശിക നികുതിദായകർ, വ്യാപാരികൾ, വ്യവസായ പ്രതിനിധികൾ എന്നിവരുമായി സംവദിച്ചു.

-SK-

(Release ID: 2169726)