പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'സമുദ്ര സേ സമൃദ്ധി' പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

Posted On: 20 SEP 2025 2:33PM by PIB Thiruvananthpuram

ജനകീയനായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, സർബാനന്ദ സോനോവാൾ ജി, സി.ആർ.പാട്ടിൽ, മൻസുഖ്ഭായ് മാണ്ഡവ്യ, ശന്തനു ‌‌ഠാക്കൂർ, നിമുബെൻ ബാംഭാണിയ, രാജ്യത്തെ 40-ലധികം സ്ഥലങ്ങളിൽ നിന്നുമുള്ള, ഈ പരിപാടിയുമായി ബന്ധപ്പെട്ട വിശിഷ്ടാതിഥികൾ, പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ടാതിഥികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ... നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു!

രോമാഞ്ചമുണ്ടാക്കുന്ന ഒരു അന്തരീക്ഷം ഭാവ്‌നഗർ സൃഷ്ടിച്ചിരിക്കുന്നു. പന്തലിന് പുറത്ത് ഒരു ജനസമുദ്രം തന്നെ ഞാൻ കാണുന്നു. ഇത്രയും വലിയൊരു ആൾക്കൂട്ടം അനുഗ്രഹം ചൊരിയാൻ എത്തിയിരിക്കുന്നു. നിങ്ങളോട് എല്ലാവരോടും ഞാൻ അഗാധമായ നന്ദിയുള്ളവനാണ്.

സുഹ‍ൃത്തുക്കളേ,

ഈ പരിപാടി ഭാവ്‌നഗറിലാണ് നടക്കുന്നതെങ്കിലും ഇത് മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ള ഒരു പരിപാടിയാണ്. ഇന്ന് ഭാവ്‌നഗർ ഒരു നിമിത്തമായി മാറിയിരിക്കുന്നു, ഭാരതം 'സമുദ്ര സേ സമൃദ്ധി' എന്ന ദിശയിലേക്ക് എങ്ങനെ നീങ്ങുന്നുവെന്ന് അടയാളപ്പെടുത്താൻ, ഈ സുപ്രധാന പരിപാടിയുടെ കേന്ദ്രബിന്ദുവായി ഭാവ്‌നഗറിനെ തിരഞ്ഞെടുത്തിരിക്കുന്നു. ഗുജറാത്തിലെയും ഭാവ്‌നഗറിലെയും ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

സെപ്റ്റംബർ 17 ന്, നിങ്ങളെല്ലാവരും നിങ്ങളുടെ നരേന്ദ്ര ഭായിക്ക് അയച്ച ആശംസകൾക്കും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എനിക്ക് ലഭിച്ച ആശംസകൾക്കും - വ്യക്തിപരമായി ഓരോരുത്തർക്കും നന്ദി പറയാൻ കഴിയില്ല. എങ്കിലും ഭാരതത്തിന്റെ എല്ലാ കോണുകളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും അനുഗ്രഹങ്ങളുമാണ് എന്റെ ഏറ്റവും വലിയ സമ്പത്തും ശക്തിയും. അതിനാൽ, പരസ്യമായി, എന്റെ രാജ്യത്തെയും ലോകത്തിലെയും എല്ലാ ജനങ്ങളോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെയിതാ, ഒരു മകൾ ഒരു ചിത്രം കൊണ്ടുവന്നിട്ടുണ്ട്, അവിടെ ഒരു മകൻ ചിത്രം കൊണ്ടുവന്നിട്ടുണ്ട്. എന്റെ സുഹൃത്തുക്കളേ ദയവായി അവ സ്വീകരിക്കൂ. കുട്ടികൾക്ക് എന്റെ അനുഗ്രഹങ്ങൾ. അവരെ കൂട്ടിക്കൊണ്ടുവന്നവർക്ക് നന്ദി. നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. നിങ്ങൾ അത്രയധികം പരിശ്രമിച്ചു - നന്ദി, എന്റെ കുട്ടീ, നന്ദി എന്റെ സുഹൃത്തേ.

സുഹൃത്തുക്കളേ,

വിശ്വകർമ ജയന്തി മുതൽ ഗാന്ധി ജയന്തി വരെ - അതായത്, സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ - രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ സേവാ പഖ്‌വാഡ (സേവനത്തിന്റെ രണ്ടാഴ്ച) ആചരിക്കുന്നു. ഗുജറാത്തിലും 15 ദിവസത്തെ 'സേവാ പഖ്‌വാഡ'യാണെങ്കിലും, കഴിഞ്ഞ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. നൂറുകണക്കിന് രക്തദാന ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്, ഇതിനകം ഒരു ലക്ഷം പേർ രക്തം ദാനം ചെയ്തു. ഗുജറാത്തിനെ കുറിച്ച് എനിക്ക് ലഭിച്ച വിവരങ്ങൾ മാത്രമാണിത്. നിരവധി നഗരങ്ങളിൽ ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്, ലക്ഷക്കണക്കിനാളുകൾ ഈ ഉദ്യമങ്ങളിൽ പങ്കുചേർന്നു. സംസ്ഥാനത്തുടനീളം 30,000-ത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഒട്ടേറെ രോഗനിർണയവും ചികിത്സയും ആളുകൾക്ക് നൽകുന്നു. രാജ്യമെമ്പാടും ഈ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഈ സമ്മേളനത്തിന്റെ തുടക്കത്തിൽ, ശ്രീ കൃഷ്ണ കുമാർ സിംഗ് ജിയെ ഞാൻ ആദരവോടെ ഓർക്കുന്നു. സർദാർ പട്ടേലിന്റെ ദൗത്യത്തിൽ പങ്കുചേർന്ന്, ഭാരതത്തിന്റെ ഐക്യത്തിന് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അത്തരം ദേശസ്‌നേഹികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ന് നമ്മൾ ഭാരതത്തിന്റെ ഐക്യം ശക്തിപ്പെടുത്തുകയും "ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്" എന്ന മനോഭാവം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നവരാത്രിയുടെ പവിത്രമായ ആഘോഷങ്ങൾ ആരംഭിക്കാൻ പോകുന്ന സമയത്താണ് ഞാൻ ഭാവ്‌നഗറിൽ എത്തിയിരിക്കുന്നത്. ഇത്തവണ ജിഎസ്ടിയിലെ ഇളവ് കാരണം വിപണികൾ കൂടുതൽ ഊർജ്ജസ്വലമാകും. ഈ ഉത്സവ ആവേശത്തിൽ, ഇന്ന് നമ്മൾ 'സമുദ്ര സേ സമൃദ്ധി' എന്ന മഹത്തായ ഉത്സവം ആഘോഷിക്കുകയാണ്. ഭാവ്‌നഗറിലെ സഹോദരങ്ങളേ, ക്ഷമിക്കണം, രാജ്യമെമ്പാടുമുള്ള ആളുകൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇന്ന് ഞാൻ ഹിന്ദിയിൽ സംസാരിക്കേണ്ടിയിരിക്കുന്നു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകൾ പരിപാടിയുടെ ഭാഗമാകുമ്പോൾ, ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുകയും ഹിന്ദിയിൽ സംസാരിക്കുകയും വേണം.

സുഹൃത്തുക്കളേ,

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതം കടലിനെ ഒരു മികച്ച അവസരമായി കാണുന്നു. അൽപ്പം മുമ്പ്, തുറമുഖാധിഷ്ഠിത വികസനം ത്വരിതപ്പെടുത്തുന്നതിന്, ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്ത് ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ ഇന്ന് മുംബൈയിൽ ഉദ്ഘാടനം ചെയ്തു. ഭാവ്‌നഗറിന്റെയും ഗുജറാത്തിന്റെയും വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ആരംഭിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഗുജറാത്തിലെ ജനങ്ങൾക്കും എന്റെ ആശംസകൾ.

സുഹൃത്തുക്കളേ,

"വസുധൈവ കുടുംബകം" എന്ന ആശയത്തോടെയാണ് ഭാരതം ഇന്ന് മുന്നേറുന്നത് - ലോകം ഒരു കുടുംബമാണ്. ലോകത്ത് നമുക്ക് ശക്തനായ ശത്രുവില്ല. സത്യത്തിൽ, നമ്മുടെ ഏക ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുക എന്നതാണ്. അതാണ് നമ്മുടെ ഏറ്റവും വലിയ എതിരാളി. ഒരുമിച്ച്, ആശ്രയത്വത്തിന്റെ ഈ ശത്രുവിനെ മറികടക്കണം. നാം എപ്പോഴും സ്വയം ഓർമ്മിപ്പിക്കണം - വിദേശ ആശ്രിതത്വം വർധിക്കുന്നത് വലിയ ദേശീയ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം സ്വാശ്രയമാകണം. നമ്മൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് തുടർന്നാൽ നമ്മുടെ ആത്മാഭിമാനത്തിന് മുറിവേൽക്കും. മറ്റുള്ളവരുടെ കാരുണ്യത്തിൽ 140 കോടി ഇന്ത്യക്കാരുടെ ഭാവി നമുക്ക് വിട്ടുകൊടുക്കാൻ കഴിയില്ല. രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ നിക്ഷിപ്തമായിരിക്കുന്നത് നമുക്ക് അനുവദിക്കാനാവില്ല. നമ്മുടെ വരും തലമുറകളുടെ ഭാവിയെ നമുക്ക് അപകടത്തിലാക്കാൻ കഴിയില്ല.

അതുകൊണ്ട്, സഹോദരീസഹോദരന്മാരേ,

നൂറ് രോഗങ്ങൾക്ക് ഒറ്റ പ്രതിവിധിയേയുള്ളൂവെന്ന് ഗുജറാത്തിയിൽ നമ്മൾ പറയും. ആ പ്രതിവിധി സ്വാശ്രയ ഭാരതമാണ്. എന്നാൽ ഇതിനായി, നാം വെല്ലുവിളികളെ നേർക്കുനേർ നിന്ന് എതിരിടുകയും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടർച്ചയായി കുറയ്ക്കുകയും വേണം. സ്വയം പര്യാപ്തമായ ഒരു രാഷ്ട്രമായി ലോകത്തിന് മുന്നിൽ ഭാരതം ശക്തമായി നിലകൊള്ളണം.

സഹോദരീ സഹോദരന്മാരേ,

ഭാരതത്തിൽ കഴിവിന് ഒരു കുറവുമില്ല. എന്നാൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഭാരതത്തിന്റെ എല്ലാ സാധ്യതകളെയും കോൺഗ്രസ് അവഗണിച്ചു. അതിനാൽ, സ്വാതന്ത്ര്യലബ്ധിയുടെ ആറ് അല്ലെങ്കിൽ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും, ഭാരതത്തിന് അർഹമായ വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. അതിന് രണ്ട് പ്രധാന കാരണങ്ങളുണ്ടായിരുന്നു. വളരെക്കാലമായി കോൺഗ്രസ് ഗവൺമെന്റുകൾ രാജ്യത്തെ ലൈസൻസ്-ക്വോട്ട രാജിൽ കുടുക്കി, ലോക വിപണികളിൽ നിന്ന് നമ്മെ ഒറ്റപ്പെടുത്തി. ആഗോളവൽക്കരണത്തോടെ, അവർ ഇറക്കുമതിക്കുള്ള വാതിലുകൾ തുറന്നുകൊടുത്തു. ഇതിനുപുറമെ, ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികളും നടന്നു. ഈ നയങ്ങൾ രാജ്യത്തെ യുവാക്കൾക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുകയും ഭാരതത്തിന്റെ യഥാർത്ഥ ശക്തി ഉയർന്നുവരുന്നത് തടയുകയും ചെയ്തു.

സുഹൃത്തുക്കളേ,

രാജ്യം അനുഭവിച്ച നഷ്ടത്തിന്റെ വ്യാപ്തി നമ്മുടെ ഷിപ്പിംഗ് മേഖലയിൽ വ്യക്തമായി കാണാൻ കഴിയും. നൂറ്റാണ്ടുകളായി ഭാരതം ഒരു വലിയ സമുദ്രശക്തിയാണെന്ന് നിങ്ങൾക്കറിയാം. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു നമ്മൾ. ഭാരതത്തിന്റെ തീരദേശ സംസ്ഥാനങ്ങളിൽ നിർമ്മിച്ച കപ്പലുകൾ രാജ്യത്തിനകത്തും പുറത്തുമുള്ള വാണിജ്യ,വ്യവഹാരങ്ങൾക്ക് നേതൃത്വം നൽകി. അമ്പത് വർഷങ്ങൾക്ക് മുമ്പ് പോലും, ഭാരതത്തിൽ നിർമ്മിച്ച കപ്പലുകളാണ് നമ്മൾ ഉപയോഗിച്ചിരുന്നത്. അക്കാലത്ത്, ഭാരതത്തിന്റെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും 40% ത്തിലധികം ഇന്ത്യയിൽ നിർമ്മിച്ച കപ്പലുകളിലായിരുന്നു. എന്നാൽ ഷിപ്പിംഗ് മേഖലയും കോൺഗ്രസിന്റെ വികലമായ നയങ്ങൾക്ക് ഇരയായി. ഭാരതത്തിൽ കപ്പൽനിർമ്മാണത്തെ ശക്തിപ്പെടുത്തുന്നതിനുപകരം, വിദേശ കപ്പലുകൾക്ക് വാടക ചാർജുകൾ നൽകാൻ കോൺഗ്രസ് ഇഷ്ടപ്പെട്ടു. തൽഫലമായി, ഭാരതത്തിന്റെ കപ്പൽനിർമ്മാണ ആവാസവ്യവസ്ഥ തകർന്നു, വിദേശ കപ്പലുകളെ ആശ്രയിക്കുന്നതിന് നമ്മൾ നിർബന്ധിതരായി. ഒരുകാലത്ത് നമ്മുടെ വ്യാപാരത്തിന്റെ 40% ഇന്ത്യൻ കപ്പലുകളിൽ നടന്നിരുന്നിടത്ത്, ഇന്ന് ആ വിഹിതം വെറും 5% ആയി കുറഞ്ഞു. അതായത്, നമ്മുടെ വ്യാപാരത്തിന്റെ 95% ത്തിനും നമ്മൾ വിദേശ കപ്പലുകളെയാണ് ആശ്രയിക്കുന്നത് - അത് നമുക്ക് വളരെയധികം നഷ്ടം വരുത്തിവച്ച ഒരു ആശ്രയത്വമാണ്.

സുഹൃത്തുക്കളേ,

രാഷ്ട്രത്തിന് മുന്നിൽ ചില കണക്കുകൾ വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിദേശ ഷിപ്പിംഗ് കമ്പനികൾക്ക് അവരുടെ സേവനങ്ങൾക്കായി ഭാരതം ഓരോ വർഷവും ഏകദേശം 75 ബില്യൺ ഡോളർ - ഏകദേശം ആറ് ലക്ഷം കോടി രൂപ - നൽകുന്നുവെന്ന് അറിയുമ്പോൾ പൗരന്മാർ ഞെട്ടിപ്പോകും. ഇത് ഇന്ത്യയുടെ നിലവിലെ പ്രതിരോധ ബജറ്റിന് ഏതാണ്ട് തുല്യമാണ്. ഏഴ് പതിറ്റാണ്ടുകളായി നാം മറ്റ് രാജ്യങ്ങൾക്ക് എത്ര പണം നൽകിയിട്ടുണ്ടെന്ന് സങ്കൽപ്പിക്കുക. നമ്മുടെ പണം ഉപയോഗിച്ച്, വിദേശത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുൻകാല ഗവൺമെന്റുകൾ ഈ പണത്തിന്റെ ഒരു ചെറിയ ഭാഗം പോലും നമ്മുടെ ഷിപ്പിംഗ് വ്യവസായത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ, ഇന്ന് ലോകം നമ്മുടെ കപ്പലുകൾ ഉപയോഗിക്കുമായിരുന്നു. ഷിപ്പിംഗ് സേവനങ്ങളിൽ നിന്ന് നമ്മൾ ലക്ഷക്കണക്കിന് കോടി സമ്പാദിക്കുമായിരുന്നു - അതിനുപുറമെ, നമ്മൾ വളരെയധികം പണം ലാഭിക്കുമായിരുന്നു.

സുഹൃത്തുക്കളേ,

2047 ൽ, സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, ഭാരതം ഒരു വികസിത രാഷ്ട്രമായി മാറണമെങ്കിൽ, സ്വാശ്രയത്വം മാത്രമാണ് ഏക മാർഗം. അതിന് ബദലില്ല. 140 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയം ഒന്നായിരിക്കണം - ഒരു ചിപ്പായാലും കപ്പലായാലും, നമ്മൾ അത് ഭാരതത്തിൽ നിർമ്മിക്കണം. ഈ ദർശനത്തോടെ, ഭാരതത്തിന്റെ സമുദ്രമേഖല അടുത്ത തലമുറാ പരിഷ്കാരങ്ങൾ ഏറ്റെടുക്കുന്നു. ഇന്ന് മുതൽ, രാജ്യത്തെ എല്ലാ പ്രധാന തുറമുഖങ്ങളും എണ്ണമറ്റ രേഖകളിൽ നിന്നും പലവിധ പ്രക്രിയകളിൽ നിന്നും മോചിതമാകും. "ഒരു രാഷ്ട്രം, ഒരു രേഖ", "ഒരു രാഷ്ട്രം, ഒരു തുറമുഖ പ്രക്രിയ" എന്നിവ വ്യാപാരത്തെ കൂടുതൽ ലളിതമാക്കും. നമ്മുടെ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ജി പരാമർശിച്ചതുപോലെ, അടുത്തിടെ നടന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നമ്മൾ നിരവധി പുരാതന കൊളോണിയൽ നിയമങ്ങൾ ഭേദഗതി ചെയ്തു. സമുദ്രമേഖലയിൽ നാം നിരവധി പരിഷ്കാരങ്ങൾ ആരംഭിച്ചു. നമ്മുടെ ഗവൺമെന്റ് അഞ്ച് സമുദ്ര നിയമങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിച്ചു. ഇവ ഷിപ്പിംഗ് മേഖലയിലും തുറമുഖ ഭരണത്തിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും.

സുഹൃത്തുക്കളേ,

നൂറ്റാണ്ടുകളായി ഭാരതം വലിയ കപ്പലുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധരാണ്. അടുത്ത തലമുറ പരിഷ്കാരങ്ങൾ, ഈ മറന്നുപോയ മഹത്വം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. കഴിഞ്ഞ ദശകത്തിൽ, 40-ലധികം കപ്പലുകളും അന്തർവാഹിനികളും ഞങ്ങൾ നാവികസേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ഒഴികെ, ഇവയെല്ലാം ഭാരതത്തിലാണ് നിർമ്മിച്ചത്. നിങ്ങൾ ഐഎൻഎസ് വിക്രാന്തിനെക്കുറിച്ച് കേട്ടിരിക്കും - ഈ ശക്തമായ കപ്പൽ പൂർണ്ണമായും ഭാരതത്തിലാണ് നിർമ്മിച്ചത്. അതിൽ ഉപയോഗിച്ചിരിക്കുന്ന ഉയർന്ന നിലവാരമുള്ള ഉരുക്കും ഭാരതത്തിലാണ് നിർമ്മിച്ചത്. നമുക്ക് കഴിവുണ്ടെന്നും വൈദഗ്ധ്യത്തിന് ഒരു കുറവുമില്ലെന്നും ഇത് തെളിയിക്കുന്നു. വലിയ കപ്പലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്, ഈ ദൃഢനിശ്ചയം എന്റെ സഹ പൗരന്മാർക്ക് ഞാൻ ഉറപ്പ് നൽകുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ സമുദ്ര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഇന്നലെ ഒരു ചരിത്രപരമായ തീരുമാനമെടുത്തു. ഞങ്ങൾ ഒരു പ്രധാന നയമാറ്റം വരുത്തി, വലിയ കപ്പലുകളെ അടിസ്ഥാന സൗകര്യങ്ങളായി ഗവൺമെന്റ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു. ഏതൊരു മേഖലയെയും അടിസ്ഥാന സൗകര്യങ്ങളായി അംഗീകരിക്കുമ്പോൾ, അത് വളരെയധികം നേട്ടങ്ങളുണ്ടാക്കുന്നു. കപ്പൽ നിർമ്മാണ കമ്പനികൾക്ക് ഇനി ബാങ്ക് വായ്പകൾ ലഭിക്കുന്നത് എളുപ്പമാകും. അവർക്ക് കുറഞ്ഞ പലിശ നിരക്കുകൾ ലഭിക്കും. കൂടാതെ അടിസ്ഥാന സൗകര്യ ധനസഹായത്തിന്റെ മറ്റെല്ലാ ഗുണങ്ങളും ആസ്വദിക്കാൻ കഴിയും. ഈ തീരുമാനം ഇന്ത്യൻ ഷിപ്പിംഗ് കമ്പനികളുടെ മേൽ ചുമത്തിയ ഭാരം ലഘൂകരിക്കുകയും ആഗോളതലത്തിൽ മത്സരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഭാരതത്തെ ഒരു വലിയ സമുദ്രശക്തിയാക്കുന്നതിന് ഗവൺമെന്റ് മൂന്ന് പ്രധാന പദ്ധതികളിലും കർമ്മവ്യാപൃതരാണ്. ഈ പദ്ധതികൾ കപ്പൽ നിർമ്മാണ മേഖലയ്ക്ക് സാമ്പത്തിക സഹായം എളുപ്പമാക്കുകയും നമ്മുടെ കപ്പൽശാലകൾക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കാൻ സഹായിക്കുകയും രൂപകൽപ്പനയും ഗുണനിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യും. വരും വർഷങ്ങളിൽ ഇവയ്ക്കായി 70,000 കോടിയിലധികം രൂപ ചെലവഴിക്കും.

സുഹൃത്തുക്കളേ,

2007 ൽ, ഞാൻ ഇവിടെ മുഖ്യമന്ത്രിയായി നിങ്ങളെ സേവിക്കുമ്പോൾ, കപ്പൽ നിർമ്മാണ അവസരങ്ങളെക്കുറിച്ച് ഒരു പ്രധാന സെമിനാർ സംഘടിപ്പിച്ചതായി ഞാൻ ഓർക്കുന്നു. ആ സമയത്ത് ഞങ്ങൾ ഗുജറാത്തിലെ കപ്പൽ നിർമ്മാണ ആവാസവ്യവസ്ഥയെ പിന്തുണ നൽകി. ഇപ്പോൾ, രാജ്യത്തുടനീളം കപ്പൽ നിർമ്മാണത്തിനായി ഞങ്ങൾ സമഗ്രമായ നടപടികൾ സ്വീകരിക്കുന്നു. കപ്പൽ നിർമ്മാണം ഒരു സാധാരണ വ്യവസായമല്ലെന്ന് ഇവിടുത്തെ വിദഗ്ധർക്ക് അറിയാം. ലോകമെമ്പാടും ഇതിനെ "എല്ലാ വ്യവസായങ്ങളുടെയും മാതാവ്" എന്ന് വിളിക്കുന്നു. കാരണം, ഇത് ഒരു കപ്പൽ നിർമ്മാണം മാത്രമല്ല - ഉരുക്ക്, യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, പെയിന്റുകൾ, ഐടി സംവിധാനങ്ങൾ തുടങ്ങി നിരവധി അനുബന്ധ വ്യവസായങ്ങൾ ഇതിനൊപ്പം വികസിക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, എംഎസ്എംഇകൾ എന്നിവയുൾപ്പെടെ എണ്ണമറ്റ മേഖലകളെ ഷിപ്പിംഗ് വ്യവസായം സഹായിക്കുന്നു. കപ്പൽ നിർമ്മാണത്തിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും സമ്പദ്‌വ്യവസ്ഥയിൽ ഇരട്ടി നിക്ഷേപം സൃഷ്ടിക്കുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു. ഒരു കപ്പൽശാലയിൽ സൃഷ്ടിക്കപ്പെടുന്ന ഓരോ ജോലിയും വിതരണ ശൃംഖലയിൽ ആറ് മുതൽ ഏഴ് വരെ പുതിയ ജോലികൾക്ക് കാരണമാകുന്നു. അതായത് കപ്പൽ നിർമ്മാണത്തിൽ 100 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ, അനുബന്ധ മേഖലകളിൽ 600 ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കപ്പൽ നിർമ്മാണത്തിന്റെ ഗുണിത ഫലം ഇതാണ്.

സുഹൃത്തുക്കളേ,

കപ്പൽ നിർമ്മാണത്തിന് ആവശ്യമായ സ്കിൽ സെറ്റുകളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മുടെ ഐടിഐകൾ ഒരു പങ്ക് വഹിക്കും, നമ്മുടെ മാരിടൈം യൂണിവേഴ്സിറ്റിയുടെ പങ്ക് വികസിക്കും. സമീപ വർഷങ്ങളിൽ നാവികസേനയും എൻസിസിയും തമ്മിലുള്ള ഏകോപനത്തിലൂടെ തീരദേശ പ്രദേശങ്ങളിൽ ഞങ്ങൾ പുതിയ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നാവികസേനയ്ക്ക് മാത്രമല്ല, വാണിജ്യ മേഖലയിലെ റോളുകൾക്കും ഈ എൻസിസി കേഡറ്റുകൾ തയ്യാറെടുക്കും.

സുഹൃത്തുക്കളേ,

ഒരു പുതിയ ആവേശത്തോടെ ഇന്നത്തെ ഭാരതം മുന്നേറുകയാണ്. നിശ്ചയിച്ച ലക്ഷ്യങ്ങൾ നമ്മൾ ഇപ്പോൾ കാലത്തിന് മുമ്പേ നേടിയെടുക്കുന്നു. സൗരോർജ്ജ ഭാരതത്തിൽ നാലോ അഞ്ചോ വർഷം മുമ്പേ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നു. അതുപോലെ, തുറമുഖാധിഷ്ഠിത വികസനത്തിൽ, 11 വർഷം മുമ്പ് നമ്മൾ നിശ്ചയിച്ച ലക്ഷ്യങ്ങൾ വലിയ വിജയത്തോടെ കൈവരിക്കുന്നു. വലിയ കപ്പലുകൾക്കായി പ്രധാന തുറമുഖങ്ങൾ നിർമ്മിക്കുകയും സാഗർമാല പോലുള്ള പദ്ധതികളിലൂടെ തുറമുഖങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ 11 വർഷത്തിനിടെ, ഭാരതം അതിന്റെ തുറമുഖ ശേഷി ഇരട്ടിയാക്കി. 2014 ന് മുമ്പ്, ഭാരതത്തിൽ ശരാശരി കപ്പൽ ടേൺഅറൗണ്ട് സമയം രണ്ട് ദിവസമായിരുന്നു. ഇന്നത് ഒരു ദിവസത്തിൽ താഴെയാണ്. ഞങ്ങൾ പുതിയ, വലിയ തുറമുഖങ്ങൾ നിർമ്മിക്കുന്നു. അടുത്തിടെ, ഭാരതത്തിന്റെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്-ഷിപ്പ്മെന്റ് തുറമുഖം കേരളത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ, 75,000 കോടി രൂപയിലധികം ചെലവിൽ വാ‍ഡ്‍വൺ തുറമുഖം നിർമ്മിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച പത്ത് തുറമുഖങ്ങളിൽ ഒന്നായിരിക്കും ഇത്.

സുഹൃത്തുക്കളേ,

നിലവിൽ, ആഗോള സമുദ്ര വ്യാപാരത്തിൽ ഭാരതത്തിന്റെ പങ്ക് വെറും 10 ശതമാനം മാത്രമാണ്. ഇത് നാം വർദ്ധിപ്പിക്കണം. 2047 ആകുമ്പോഴേക്കും, ആഗോള സമുദ്ര വ്യാപാരത്തിൽ നമ്മുടെ വിഹിതം മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിടുന്നു. നമ്മൾ ഇത് കൈവരിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ സമുദ്ര വ്യാപാരം വളരുന്നതിനനുസരിച്ച്, നമ്മുടെ നാവികരുടെ എണ്ണവും വർദ്ധിക്കുന്നു. കഠിനാധ്വാനികളായ ഈ പ്രൊഫഷണലുകൾ കടലിൽ കപ്പലുകൾ പ്രവർത്തിപ്പിക്കുകയും എഞ്ചിനുകളും യന്ത്രങ്ങളും കൈകാര്യം ചെയ്യുകയും ലോഡിംഗ്, അൺലോഡിംഗ് എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. ഒരു ദശാബ്ദം മുമ്പ്, ഭാരതത്തിൽ 1.25 ലക്ഷത്തിൽ താഴെ നാവികർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു. ലോകത്തിലേക്ക് നാവികരെ എത്തിക്കുന്ന മൂന്ന് മികച്ച രാജ്യങ്ങളിൽ ഒന്നായി ഭാരതം ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഇത് നമ്മുടെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. അങ്ങനെ, ഭാരതത്തിന്റെ വളർന്നുവരുന്ന ഷിപ്പിംഗ് വ്യവസായവും ലോകത്തെ ശക്തിപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന് സമ്പന്നമായ ഒരു സമുദ്ര പൈതൃകമുണ്ട്. നമ്മുടെ മത്സ്യത്തൊഴിലാളികളും നമ്മുടെ പുരാതന തുറമുഖ നഗരങ്ങളും അതിന്റെ പ്രതീകങ്ങളാണ്. ഭാവ്‌നഗറും സൗരാഷ്ട്രയും അതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഈ പൈതൃകം ഭാവി തലമുറകൾക്ക് കൈമാറുകയും ലോകത്തിന് നമ്മുടെ ശക്തി പ്രദർശിപ്പിക്കുകയും വേണം. അതുകൊണ്ടാണ് നമ്മൾ ലോത്തലിൽ ഒരു ഗംഭീര സമുദ്ര മ്യൂസിയം നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര മ്യൂസിയമായിരിക്കും ഇതും. സ്റ്റാച്യു ഓഫ് യൂണിറ്റി പോലെ, ഇത് ഭാരതത്തിന്റെ ഒരു പുതിയ ഐഡന്റിറ്റിയായി മാറും. താമസിയാതെ, ഞാൻ അവിടെ പോകും.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ തീരങ്ങൾ സമൃദ്ധിയുടെ കവാടങ്ങളായി മാറും. അഭിമാനത്തോടെ എനിക്ക് പറയാൻ കഴിയും ഭാരതത്തിന്റെ കടൽത്തീരങ്ങൾ നമ്മുടെ സമ്പത്തിന്റെ പ്രവേശന കവാടങ്ങളാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഗുജറാത്തിന്റെ തീരപ്രദേശം വീണ്ടും ഈ പ്രദേശത്തിന് ഒരു അനുഗ്രഹമായി മാറുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ മുഴുവൻ പ്രദേശവും രാജ്യത്തിന് തുറമുഖാധിഷ്ഠിത വികസനത്തിന്റെ ഒരു പുതിയ പാത കാണിച്ചുകൊടുക്കുന്നു. ഇന്ന്, ഇന്ത്യൻ തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്ന ചരക്കിന്റെ 40% ഗുജറാത്തിലെ തുറമുഖങ്ങൾ വഴിയാണ്. താമസിയാതെ, ഈ തുറമുഖങ്ങൾക്കും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ പ്രയോജനപ്പെടും. ഇത് രാജ്യത്തുടനീളം സാധനങ്ങൾ വേഗത്തിൽ കൊണ്ടുപോകാൻ പ്രാപ്തമാക്കുകയും നമ്മുടെ തുറമുഖങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇവിടെയും, ഒരു പ്രധാന കപ്പൽ പുനരുപയോഗ ആവാസവ്യവസ്ഥ രൂപപ്പെടുകയാണ്. അലംഗിലെ കപ്പൽ പൊളിക്കൽ യാർഡ് ഇതിന് ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്, ഇത് നമ്മുടെ യുവാക്കൾക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ നൽകുന്നു.

സുഹൃത്തുക്കളേ,sector

ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന്, എല്ലാ മേഖലകളിലും നാം വേഗത്തിൽ പ്രവർത്തിക്കണം. വികസിത ഭാരതത്തിലേക്കുള്ള പാത ആത്മനിർഭർ ഭാരതിലൂടെ (സ്വാശ്രയ ഇന്ത്യ) കടന്നുപോകുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ, നമ്മൾ ഓർമ്മിക്കേണ്ടതാണ്: നമ്മൾ എന്ത് വാങ്ങുന്നുവോ അത് തദ്ദേശീയമായിരിക്കണം, നമ്മൾ എന്ത് വിൽക്കുന്നുവോ അത് തദ്ദേശീയമായിരിക്കണം. എല്ലാ കടയുടമകളോടും അവരുടെ കടകളിൽ ഒരു പോസ്റ്റർ പ്രദർശിപ്പിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു - "അഭിമാനത്തോടെ പറയുക: ഇതാണ് സ്വദേശി." ഈ ശ്രമം എല്ലാ ഉത്സവങ്ങളെയും ഭാരതത്തിന്റെ സമൃദ്ധിയുടെ ഉത്സവമാക്കും. ഈ ആവേശത്തോടെ, നവരാത്രിയിൽ ഞാൻ നിങ്ങൾക്കെല്ലാവർക്കും വീണ്ടും ആശംസകൾ നേരുന്നു.

ഒരു കൊച്ചുകുട്ടി കുറേ നേരമായി ഇവിടെ ഒരു ചിത്രം പിടിച്ച് നിൽക്കുന്നു; അവന്റെ കൈകൾ വേദനിക്കുന്നുണ്ടാകും. ദയവായി അത് അവനിൽ നിന്ന് വാങ്ങുക. നന്നായിട്ടുണ്ട് മകനേ. വരൂ, എന്റെ കുഞ്ഞേ, നിന്റെ ചിത്രം കിട്ടിയിരിക്കുന്നു. കരയേണ്ടതില്ല, എന്റെ കുഞ്ഞേ - അത് ലഭിച്ചു. നിന്റെ വിലാസം അതിൽ എഴുതിയിട്ടുണ്ടെങ്കിൽ, തീർച്ചയായും ഞാൻ നിനക്കൊരു കത്ത് എഴുതും.

സുഹൃത്തുക്കളേ,

ഇത്തരം കൊച്ചുകുട്ടികളുടെ സ്നേഹത്തേക്കാൾ വലിയ മറ്റെന്താണ് ജീവിതത്തിൽ ഉണ്ടാവുക? ഒരിക്കൽ കൂടി, എനിക്ക് നൽകിയ ഗംഭീരമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ബഹുമാനത്തിനും ഞാൻ നന്ദി പറയുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയപ്പോൾ, ഭാവ്‌നഗർ മുഴുവൻ പ്രവർത്തനരംഗത്തുണ്ടായിരുന്നുവെന്ന് എനിക്കറിയാം. നിങ്ങളുടെ ആവേശത്തെക്കുറിച്ച് എനിക്കറിയാം, അതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനുമാണ്. ഭാവ്‌നഗറിലെ സഹോദരീ സഹോദരന്മാരേ, നവരാത്രി മണ്ഡപത്തിൽ നിന്ന് നിങ്ങളുടെ ശബ്ദങ്ങൾ ഉയർത്തൂ, അങ്ങനെ ആത്മനിർഭർ ഭാരതിന്റെ സന്ദേശം രാജ്യമെമ്പാടും പ്രതിധ്വനിക്കും.

വളരെ നന്ദി, എന്റെ സഹോദരന്മാരേ!

-NK-


(Release ID: 2169586)