പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സെപ്റ്റംബർ 22ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും
അരുണാചൽ പ്രദേശിന്റെ വിശാലമായ ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്തി, ഇറ്റാനഗറിൽ 3700 കോടിയിലധികം രൂപയുടെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും
ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സമ്പർക്കസൗകര്യം, ആരോഗ്യം, മറ്റ് വികസന സംരംഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും
ത്രിപുരയിൽ, മാതാ ത്രിപുരസുന്ദരി ക്ഷേത്രസമുച്ചയം സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
21 SEP 2025 9:54AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 22ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഇറ്റാനഗറിൽ 5100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും.
തുടർന്ന്, അദ്ദേഹം ത്രിപുര സന്ദർശിക്കുകയും മാതാബാരിയിലെ 'മാതാ ത്രിപുരസുന്ദരി ക്ഷേത്രസമുച്ചയ'ത്തിൽ പൂജയും ദർശനവും നടത്തുകയും ചെയ്യും. വികസന പ്രവർത്തനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി അരുണാചൽ പ്രദേശിൽ
വിശാലമായ ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്തുകയും മേഖലയിലെ സുസ്ഥിര ഊർജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്ത്, ഇറ്റാനഗറിൽ 3700 കോടിയിലധികം രൂപയുടെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഹിയോ ജലവൈദ്യുത പദ്ധതി (240 മെഗാവാട്ട്), ടാറ്റോ-ഐ ജലവൈദ്യുത പദ്ധതി (186 മെഗാവാട്ട്) എന്നിവ അരുണാചൽ പ്രദേശിലെ സിയോം ഉപതടത്തിൽ വികസിപ്പിക്കും.
തവാങ്ങിൽ അത്യാധുനിക കൺവെൻഷൻ സെന്ററിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. തവാങ്ങിന്റെ അതിർത്തി ജില്ലയിൽ 9820 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ദേശീയ-അന്തർദേശീയ സമ്മേളനങ്ങൾ, സാംസ്‌കാരികോത്സവങ്ങൾ, പ്രദർശനങ്ങൾ എന്നിവ നടത്തുന്നതിനുള്ള ഒരു നാഴികക്കല്ലായി വർത്തിക്കും. 1500-ലധികം പ്രതിനിധികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കേന്ദ്രം ആഗോള നിലവാരം പാലിക്കുകയും മേഖലയിലെ വിനോദസഞ്ചാര-സാംസ്‌കാരിക സാധ്യതകളെ പിന്തുണയ്ക്കുകയും ചെയ്യും.
സമ്പർക്കസൗകര്യം, ആരോഗ്യം, അഗ്‌നിസുരക്ഷ, ജോലി ചെയ്യുന്ന വനിതകൾക്കായുള്ള ഹോസ്റ്റലുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ സഹായിക്കുന്ന 1290 കോടിയിലധികം രൂപയുടെ വിവിധ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഈ സംരംഭങ്ങൾ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സമ്പർക്കസൗകര്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യാപാര നടത്തിപ്പ് സുഗമമാക്കുന്നതിനും ഊർജസ്വലമായ സംരംഭക ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, സമീപകാല ജിഎസ്ടി നിരക്ക് യുക്തിസഹമാക്കലിൻ്റെ സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി പ്രാദേശിക നികുതിദായകർ, വ്യാപാരികൾ, വ്യവസായ പ്രതിനിധികൾ എന്നിവരുമായി സംവദിക്കും.
പ്രധാനമന്ത്രി ത്രിപുരയിൽ
ഇന്ത്യയുടെ ആത്മീയ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, തീർത്ഥാടന പുനരുജ്ജീവന, ആത്മീയ പൈതൃക വർധന യജ്ഞം (PRASAD) പദ്ധതിയുടെ കീഴിൽ മാതാബാരിയിലെ 'മാതാ ത്രിപുരസുന്ദരി ക്ഷേത്രസമുച്ചയത്തിന്റെ' വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ത്രിപുരയിലെ ഗോമതി ജില്ലയിലെ ഉദയ്പൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന 51 ശക്തിപീഠങ്ങളിൽ ഒന്നാണിത്.
മുകളിൽ നിന്ന് നോക്കുമ്പോൾ ആമയുടെ ആകൃതി തോന്നിക്കുന്ന ഈ പദ്ധതിയിൽ, ക്ഷേത്ര പരിസരത്തെ പരിഷ്‌കാരങ്ങൾ, പുതിയ പാതകൾ, നവീകരിച്ച പ്രവേശന കവാടങ്ങളും വേലികളും, ജലനിർഗ്ഗമന സംവിധാനവും വിൽപ്പനശാലകൾ, ധ്യാന മുറി, അതിഥിതാമസ സൗകര്യങ്ങൾ, ഓഫീസ് മുറികൾ എന്നിവയും ഉൾപ്പെടുന്ന പുതിയ മൂന്ന് നില സമുച്ചയവും ഉൾപ്പെടുന്നു. വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിലും, തൊഴിലവസരങ്ങളും കച്ചവട അവസരങ്ങളും സൃഷ്ടിക്കുന്നതിലും, പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിലേക്ക് നയിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കും.
****
SK
(Release ID: 2169157)