വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സേവാ പർവ് ആഘോഷങ്ങളുടെ ഭാഗമായി ഡിഡി നാഷണൽ, ഡിഡി ന്യൂസ് എന്നിവയിലെ പ്രത്യേക പരിപാടികൾക്ക് കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചു

Posted On: 17 SEP 2025 4:52PM by PIB Thiruvananthpuram
സേവാ പർവ് ആഘോഷങ്ങളുടെ ഭാഗമായി ഡിഡി നാഷണൽ, ഡിഡി ന്യൂസ് എന്നിവയിലെ പ്രത്യേക പരിപാടികൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചു. ഡോക്യുമെന്ററികളുടെ പ്രചാരണ വീഡിയോയും പുറത്തിറക്കി.
 
 
ദൂരദർശനും പ്രസാർ ഭാരതിയും പുറത്തിറക്കിയ ഡോക്യുമെന്ററികൾ പ്രധാനമന്ത്രി മോദിയുടെ ആവേശകരമായ പ്രവർത്തനത്തെയും ആജീവനാന്ത സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. രാഷ്ട്രത്തെയും സമൂഹത്തെയും സേവിക്കുന്നതിനും രാഷ്ട്രനിർമ്മാണ ദൗത്യത്തിനുമായി വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റിവെച്ച് പ്രധാനമന്ത്രി അക്ഷീണം പ്രവർത്തിക്കുന്നതിനായി സ്വയം സമർപ്പിച്ചിരിക്കുന്നു. ഈ പ്രതിജ്ഞാബദ്ധത രാജ്യത്തിന് അനുഗ്രഹമാണെന്നും ഇന്ന് ഇന്ത്യയിലുടനീളം ദൃശ്യമാകുന്ന സുപ്രധാന പരിവർത്തനങ്ങൾ ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 
കഴിഞ്ഞ 11 വർഷമായി, ഇന്ത്യയുടെ വിദൂര ഗ്രാമങ്ങൾ പോലും പ്രകടമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, മുമ്പ് നിരവധി പതിറ്റാണ്ടുകൾ എടുത്തിരുന്ന വികസന പുരോഗതി ഇപ്പോൾ കേവലം ഒരു ദശകത്തിനുള്ളിൽ നേടാനായതായും ശ്രീ വൈഷ്ണവ് പറഞ്ഞു. ആഗോളതലത്തിൽ, സാങ്കേതികവിദ്യ, സർഗ്ഗാത്മകത, സാമൂഹിക നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച തുടങ്ങിയ മേഖലകളിൽ ഇന്ത്യ ഒരു പുതിയ സ്വത്വവും അംഗീകാരവും നേടിയിട്ടുണ്ട്. സേവാ പർവ് പരിപാടിയിലൂടെ സേവന പ്രവർത്തനങ്ങളിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ച അദ്ദേഹം, രക്തദാനത്തോടെയാണ് ഇന്നത്തെ തന്റെ ദിവസം ആരംഭിച്ചതെന്നും എല്ലാവരും സേവന മനോഭാവം പ്രകടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. 
 
പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ പൊതുസേവനവും സദ്ഭരണവും മാർഗ്ഗനിർദ്ദേശ തത്വങ്ങളായി സ്വീകരിച്ചുകൊണ്ട് രാജ്യം കാഴ്ചവെക്കുന്ന പരിവർത്തന യാത്രയെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പുരോഗതിയുടെയും വികസനത്തിന്റെയും ഗാഥകൾ ഉയർന്നുവരുന്നുണ്ടെന്നും 2047 ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഇന്ത്യ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെയാണ് പരിപാടി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
സേവാ പർവിന് കീഴിലുള്ള പ്രത്യേക പരിപാടികൾ സേവന മനോഭാവത്തിന്റെ അന്തസത്തയെ പ്രകടിപ്പിക്കുകയും വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെ രാഷ്ട്രനിർമ്മാണത്തിനായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടുകയും ചെയ്യും. ദൂരദർശനിലെ ക്യൂറേറ്റഡ് ഉള്ളടക്കം പൊതുസേവനം, വികസനം, കൂട്ടായ ഉത്തരവാദിത്വം എന്നിവയുടെ പ്രചോദനാത്മകമായ കഥകൾ പ്രദർശിപ്പിക്കും. ഡിഡി ന്യൂസ് ദേശീയ തലത്തിൽ മൂന്ന് ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. കൂടാതെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലുണ്ടായ വികസനത്തിന്റെയും പരിവർത്തനത്തിന്റെയും കഥ പറയുന്ന 'മേരാ ഗാവ് ആജ്' എന്ന പരമ്പരയും പ്രദർശിപ്പിക്കും. ഡിഡി നാഷണൽ 'സ്വ സേ സമഗ്ര തക്' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഡിഡി ന്യൂസിന്റെ പ്രാദേശിക ചാനലുകളിൽ പ്രാദേശിക ഭാഷകളിലും ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും.
 
പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓജ; പ്രസാർ ഭാരതി ചെയർമാൻ ശ്രീ നവനീത് കുമാർ സെഹ്ഗാൾ; പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദി, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമായ ഡോ ചന്ദ്രപ്രകാശ് ദ്വിവേദി; വാർത്താ വിതരണ മന്ത്രാലയത്തിലെ മാധ്യമ യൂണിറ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
 
 
പരിപാടിയിൽ പുറത്തിറക്കിയ ഡോക്യുമെന്ററികൾ/പരമ്പരകൾ
 
1.സങ്കൽപ് കി ശക്തി, സുശാസൻ കാ സാമർത്ഥ്യ
 
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷമായി ഇന്ത്യയിലെ ഭരണം പരിവർത്തനം ചെയ്യപ്പെട്ടു. ഇത് പൗരന്മാരെ ശാക്തീകരിക്കുകയും വികസന പ്രവർത്തനങ്ങളുടെ കേന്ദ്ര സ്ഥാനത്ത് അവരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ജനങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ സമഗ്രവും ഉൾക്കൊള്ളുന്നതുമായ വികസനത്തിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഭരണം "പരിഷ്ക്കരിക്കുക, പ്രവർത്തിക്കുക, പരിവർത്തനം ചെയ്യുക" എന്ന തത്വം പിന്തുടരുന്നു. സമഗ്രമായ സാമൂഹിക നീതി കൈവരിക്കുന്നതിന് വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പരിപാടികളിലൂടെ അർഹരായ എല്ലാവർക്കും സേവനം ലഭ്യമാക്കുക എന്നതാണ് പൂർത്തീകരണം (saturation) എന്ന സമീപനത്തിന്റെ ലക്ഷ്യം. 2047 ഓടെ ഒരു വികസിത ഭാരതം എന്ന ഇന്ത്യയുടെ അഭിലാഷത്തെയും അതിനായുള്ള സമഗ്ര സമീപനത്തെയും ഡോക്യുമെന്ററി എടുത്തുകാണിക്കുന്നു.
 
 
2.വിശ്വ പടൽ പർ നേതൃത്വ കാ ശംഖ്നാദ് - കഴിഞ്ഞ 11 വർഷമായി, പ്രധാനമന്ത്രി മോദി ആഗോളതലത്തിൽ നേതൃനിരയിലേക്ക് ഉയർന്നുവന്നിട്ടുണ്ട്. ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾക്കായി പോരാടുകയും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിക്കുകയും, സമാധാനത്തിനായി നിരന്തരം വാദിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര സൗരസഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടായ്മ എന്നിവയുൾപ്പെടെ നിരവധി ആഗോള സംരംഭങ്ങൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനമായി സ്വീകരിച്ചത് പ്രധാനമന്ത്രി മോദിയുടെ ആഗോള നേതൃ ശക്തിയെ കൂടുതൽ എടുത്തുകാണിക്കുന്നു. അദ്ദേഹത്തിന്റെ ദർശനം ലോകമെമ്പാടും പ്രശംസ നേടിയതെങ്ങനെയെന്ന് ഡോക്യുമെന്ററി കാണിച്ചുതരുന്നു.
 
3.കർമയോഗ് - ഏക് അന്തീൻ യാത്ര
 
 ഇന്ത്യയുടെ പരിവർത്തനങ്ങളിൽ പ്രതിഫലിക്കുന്ന പ്രധാനമന്ത്രി മോദിയുടെ അവിരാമമായ കഠിനാധ്വാനം, സമർപ്പണം, പ്രതിജ്ഞാബദ്ധത എന്നിവയ്ക്കുള്ള ആദരമാണ് ഈ ഡോക്യുമെന്ററി. കഴിഞ്ഞ 11 വർഷമായി ബഹിരാകാശം, സ്റ്റാർട്ടപ്പുകൾ, സൗരോർജ്ജം, സ്ത്രീ ശാക്തീകരണം, സാംസ്കാരിക പുനരുജ്ജീവനം, ആത്മീയത തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ഇത് പ്രദർശിപ്പിക്കുന്നു. ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനവും ദേശീയ വികസനത്തിനായുള്ള നിരന്തരമായ പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനായി അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
4.സ്വ സേ സമഗ്ര തക്— ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത് കങ്കണ റണാവത്ത് അവതരിപ്പിച്ച രണ്ട് ഭാഗങ്ങളുള്ള ഈ പ്രത്യേക പരമ്പര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ ജീവിതയാത്രയോടുള്ള സമർപ്പണമാണ്. വഡ്നഗറിന്റെ പാതകൾ മുതൽ ചരിത്ര പ്രസിദ്ധമായ ചുവപ്പ് കോട്ട വരെ, പുരോഗമനപരമായ നേതൃ മികവിലൂടെ രാഷ്ട്രനിർമ്മാണത്തിനായി പ്രചോദനാത്മകമായ യാത്ര നടത്തുന്ന ദീർഘവീക്ഷണമുള്ള നേതാവിന്റെ കഥയാണിത്.
 
5.പ്രാദേശിക തലത്തിലുള്ള ഡോക്യുമെന്ററികൾ - കഴിഞ്ഞ 11 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ കൈവരിച്ച സാമ്പത്തിക, സാമൂഹിക പുരോഗതിയെ ആസ്പദമാക്കി നിരവധി പ്രാദേശിക ഡോക്യുമെന്ററികൾ ഡിഡി ന്യൂസിന്റെ പ്രാദേശിക ചാനലുകളിൽ സംപ്രേഷണം ചെയ്യും.
 
 
6.മേരാ ഗാവ് ആജ് - ഇത് കഴിഞ്ഞ 11 വർഷമായി ഇന്ത്യയിലെ ഗ്രാമങ്ങളിലുണ്ടായ പരിവർത്തനഗാഥ പറയുന്നു. 75 ഗ്രാമങ്ങളിൽ നിന്നുള്ള അടിസ്ഥാനതല റിപ്പോർട്ടുകൾ ഈ പരമ്പരയിൽ ഉൾപ്പെടുന്നു, സർപഞ്ചുമാർ, ഗ്രാമപഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, മാറ്റങ്ങൾ നേരിട്ട് കണ്ട പ്രദേശവാസികൾ എന്നിവർ ഇത് വിവരിക്കുന്നു. കണക്റ്റിവിറ്റി, അവസരങ്ങൾ, സമഗ്ര പുരോഗതി എന്നിവയിലെ മുന്നേറ്റം ഈ പരിപാടി പകർത്തുന്നു. ഇന്ത്യയിലെ ഗ്രാമങ്ങൾ മുമ്പെന്നത്തേക്കാളും വേഗത്തിൽ പരിവർത്തനം ചെയ്യപ്പെടുന്നതെങ്ങനെഎന്നും ഇത് പ്രദർശിപ്പിക്കുന്നു.
 
**************

(Release ID: 2167821) Visitor Counter : 2