പ്രധാനമന്ത്രിയുടെ ഓഫീസ്
ബീഹാറിലെ പൂർണിയയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
15 SEP 2025 7:26PM by PIB Thiruvananthpuram
ഭാരത് മാതാ കീ – ജയ്!
ഭാരത് മാതാ കീ – ജയ്!
ബഹുമാനപ്പെട്ട ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ജി, നമ്മുടെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ ജി, വേദിയിൽ സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!
നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ. പൂർണിയ, പുരൺ ദേവിയുടെയും ഭക്ത പ്രഹ്ലാദന്റെയും ഭൂമികയും, മഹർഷി മേഹി ബാബയുടെ കർമ്മഭൂമിയുമാണ്. ഫണീശ്വർ നാഥ് രേണു, സതിനാഥ് ഭാദുരി തുടങ്ങിയ നോവലിസ്റ്റുകൾക്കും ഈ മണ്ണ് ജന്മം നൽകിയിട്ടുണ്ട്. വിനോബ ഭാവെ പോലുള്ള 'കർമയോഗികളുടെ' 'കർമഭൂമി'യാണിത്. ഈ പുണ്യഭൂമിയെ ഞാൻ വീണ്ടും വീണ്ടും വണങ്ങുന്നു.
ഞാൻ തുടങ്ങുന്നതിനുമുമ്പ്, ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കൊൽക്കത്തയിൽ എന്റെ പരിപാടി നീണ്ടു, അതിന്റെ ഫലമായി ഞാൻ ഇവിടെ എത്താൻ വൈകി. ഇതൊക്കെയാണെങ്കിലും, നിങ്ങളിൽ പലരും എന്നെ അനുഗ്രഹിക്കാൻ ഇവിടെ വന്നിട്ടുണ്ട്, നിങ്ങൾ ഇത്രയും നേരം കാത്തിരുന്നു, ഞാൻ നിങ്ങളോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. വൈകിയെത്തിയതിന് ജനങ്ങളുടെ കാൽക്കൽ വീണു മാപ്പ് ചോദിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, ബീഹാറിനായി ഏകദേശം 40,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ, വിമാനത്താവളങ്ങൾ, വൈദ്യുതി, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികൾ സീമാഞ്ചലിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. ഇന്ന്, 40,000-ത്തിലധികം ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പക്കാ (സ്ഥിരം) വീടുകൾ ലഭിച്ചു. ഈ 40,000 കുടുംബങ്ങൾക്ക് ഇന്ന് ഒരു പുതിയ തുടക്കം കുറിക്കുന്നു. ദന്തേരസ്, ദീപാവലി, ഛഠ് പൂജ എന്നിവയ്ക്ക് തൊട്ടുമുമ്പ് ഒരു സ്ഥിരം വീട് നേടുകയും നിങ്ങളുടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത് ശരിക്കും ഒരു അനുഗ്രഹമാണ്. ഈ കുടുംബങ്ങളെ ഞാൻ അഭിനന്ദിക്കുകയും അവർക്ക് എന്റെ ആശംസകൾ നേരുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
എന്റെ വീടില്ലാത്ത സഹോദരീസഹോദരന്മാർക്ക് ഉറപ്പ് നൽകുന്നതിന് കൂടിയുള്ള അവസരമാണ് ഇന്ന്. അവർക്കും പക്കാ വീട് ലഭിക്കുന്ന ദിവസം വരും, എന്നത് മോദിയുടെ ഉറപ്പാണ്. കഴിഞ്ഞ 11 വർഷത്തിനിടെ നമ്മുടെ ഗവൺമെന്റ് ദരിദ്രർക്കായി 4 കോടിയിലധികം പക്കാ വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇപ്പോൾ, 3 കോടി കൂടി വീടുകൾ നിർമ്മിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. പാവപ്പെട്ട ഓരോ വ്യക്തിക്കും ഒരു നല്ല വീട് ലഭിക്കുന്നതുവരെ മോദി നിർത്തുകയോ വിശ്രമിക്കുകയോ ചെയ്യില്ല. പിന്നാക്കക്കാർക്ക് മുൻഗണന നൽകുകയും ദരിദ്രർക്കുള്ള സേവനം നൽകുകയുമാണ് മോദിയുടെ ദൗത്യം.
സുഹൃത്തുക്കളേ,
ഇന്ന്, സർ എം. വിശ്വേശ്വരയ്യ ജിയുടെ ജന്മദിനത്തിൽ നമ്മൾ എഞ്ചിനീയേഴ്‌സ് ദിനം ആഘോഷിക്കുകയാണ്. ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) 'വികസിത് ബീഹാർ' (വികസിത ബീഹാർ) നിർമ്മിക്കുന്നതിൽ എഞ്ചിനീയർമാർ നിർണായക പങ്ക് വഹിക്കുന്നു. ഈ അവസരത്തിൽ രാജ്യത്തെ എല്ലാ എഞ്ചിനീയർമാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഇന്നത്തെ പരിപാടിയിലും എഞ്ചിനീയർമാരുടെ കഠിനാധ്വാനവും കഴിവുകളും ദൃശ്യമാണ്. അഞ്ച് മാസത്തിനുള്ളിൽ റെക്കോർഡ് സമയത്തിനുള്ളിൽ പൂർണിയ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം നിർമ്മിച്ചു. ഇന്ന്, ഈ ടെർമിനൽ ഉദ്ഘാടനം ചെയ്തു, ആദ്യത്തെ വാണിജ്യ വിമാനവും ഫ്ലാഗ് ഓഫ് ചെയ്തു. നമ്മുടെ വ്യോമയാന മന്ത്രി ശ്രീ നായിഡു ജിയും ഇവിടെയുണ്ട്; നമുക്ക് അദ്ദേഹത്തിന് ഒരു വലിയ കൈയ്യടി നൽകാം, കാരണം ഇവിടെ നിന്ന് വിമാനങ്ങൾ ഉറപ്പാക്കുന്നത് അദ്ദേഹമാണ്. ഈ പുതിയ വിമാനത്താവളത്തോടെ പൂർണിയ ഇപ്പോൾ രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തിലാണ്. ഇനി മുതൽ, പൂർണിയയ്ക്കും സീമാഞ്ചൽ മേഖലയ്ക്കും രാജ്യത്തെ പ്രധാന നഗരങ്ങളുമായും വ്യാപാര കേന്ദ്രങ്ങളുമായും നേരിട്ട് ബന്ധം ഉണ്ടായിരിക്കും.
സുഹൃത്തുക്കളേ,
എൻഡിഎ ഗവൺമെന്റ് ഈ മേഖലയെ മുഴുവൻ ആധുനിക ഹൈടെക് റെയിൽ സർവീസുകളുമായി ബന്ധിപ്പിക്കുന്നു. ഇന്ന് ഞാൻ വന്ദേ ഭാരത്, അമൃത് ഭാരത്, പാസഞ്ചർ ട്രെയിനുകൾ എന്നിവ ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ അരാരിയ-ഗൽഗാലിയ റെയിൽ പാത ഉദ്ഘാടനം ചെയ്തു, പുതിയ വിക്രമശില-കട്ടാരിയ റെയിൽ പാതയുടെ ശിലാസ്ഥാപനവും നടത്തി.
സുഹൃത്തുക്കളേ,
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഭാരത ഗവൺമെന്റ് മറ്റൊരു പ്രധാന തീരുമാനം എടുത്തു. ബക്സർ-ഭഗൽപൂർ അതിവേഗ ഇടനാഴിയിലെ മൊകാമ-മുംഗർ ഭാഗം അംഗീകരിച്ചു. ഇത് മുൻഗർ, ജമാൽപൂർ, ഭഗൽപൂർ തുടങ്ങിയ വ്യാവസായിക കേന്ദ്രങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഭഗൽപൂർ-ദുംക-രാംപൂർഹട്ട് റെയിൽ പാത ഇരട്ടിപ്പിക്കുന്നതിനും ഗവൺമെന്റ് അംഗീകാരം നൽകി.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ വികസനത്തിന് ബീഹാറിന്റെ വികസനം അത്യാവശ്യമാണ്. ബീഹാറിന്റെ വികസനത്തിന് പൂർണ്ണിയയുടെയും സീമാഞ്ചലിന്റെയും വികസനം ആവശ്യമാണ്. ആർജെഡി, കോൺഗ്രസ് സർക്കാരുകളുടെ ദുർഭരണം മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് ഈ മേഖലയാണ്. എന്നാൽ ഇപ്പോൾ എൻഡിഎ ഗവൺമെന്റ് സ്ഥിതിഗതികൾ മാറ്റുകയാണ്. ഇപ്പോൾ വികസന മധ്യേയാണ് ഈ പ്രദേശം.
സുഹൃത്തുക്കളേ,
ബിഹാറിനെ വൈദ്യുതി മേഖലയിൽ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഭഗൽപൂരിലെ പിർപൈന്തിയിൽ 2,400 മെഗാവാട്ട് താപവൈദ്യുത പദ്ധതി ആരംഭിച്ചു.
സുഹൃത്തുക്കളേ,
കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിന് ബീഹാറിലെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഇന്ന്, കോസി-മേച്ചി അന്തർ-സംസ്ഥാന നദീ ലിങ്ക് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ശിലാസ്ഥാപനവും നടന്നു. ഇത് കിഴക്കൻ കോസി പ്രധാന കനാൽ വികസിപ്പിക്കുകയും ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിക്ക് ജലസേചനം നൽകുകയും വെള്ളപ്പൊക്ക വെല്ലുവിളിയെ നേരിടുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ബീഹാറിലെ കർഷകർക്ക് മഖാന (fox nut) കൃഷിയും ഒരു പ്രധാന വരുമാന സ്രോതസ്സാണ്. എന്നാൽ മുൻ ഗവൺമെന്റുകൾ മഖാനയെയും അത് കൃഷി ചെയ്ത കർഷകരെയും അവഗണിച്ചു. എന്റെ ഗവൺമെന്റ് വരുന്നതിനുമുമ്പ് ഇവിടെ ചുറ്റിത്തിരിയുന്നവർ മഖാന എന്ന വാക്ക് പോലും കേട്ടിട്ടില്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. മഖാനയ്ക്ക് അർഹമായ മുൻഗണന നൽകിയത് നമ്മുടെ ഗവൺമെന്റാണ്.
സുഹൃത്തുക്കളേ,
ഒരു ദേശീയ മഖാന ബോർഡ് സ്ഥാപിക്കുമെന്ന് ഞാൻ ബീഹാറിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെയാണ് കേന്ദ്ര ഗവൺമെന്റ് ദേശീയ മഖാന ബോർഡ് സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മഖാന കർഷകർക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്നും ഈ മേഖലയിൽ ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ദേശീയ മഖാന ബോർഡ് തുടർച്ചയായി പ്രവർത്തിക്കും. മഖാന മേഖലയുടെ വികസനത്തിനായി ഏകദേശം 450 കോടി രൂപയുടെ പദ്ധതിക്ക് നമ്മുടെ ഗവൺമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ബീഹാറിലെ ഈ വികസന വേഗത, ബീഹാറിന്റെ ഈ പുരോഗതി, ചില ആളുകൾക്ക് ഇഷ്ടമല്ല. പതിറ്റാണ്ടുകളായി ബീഹാറിനെ ചൂഷണം ചെയ്തവർ, ഈ മണ്ണിനെ വഞ്ചിച്ചവർ, ബീഹാറിനും പുതിയ നാഴികക്കല്ലുകൾ കൈവരിക്കാൻ കഴിയുമെന്ന് അംഗീകരിക്കാൻ തയ്യാറല്ല. ബീഹാറിലെ എല്ലാ മേഖലകളിലും ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾ നടക്കുന്നുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഹോക്കി ഏഷ്യ കപ്പ് ആതിഥേയത്വം വഹിക്കുന്ന രാജ്ഗിർ, ആന്റ–സിമാരിയ പാലം പോലുള്ള ചരിത്രപരമായ നിർമ്മാണ പ്രവർത്തനങ്ങൾ, ബീഹാറിൽ നിർമ്മിച്ച ട്രെയിൻ എഞ്ചിനുകൾ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു തുടങ്ങി പ്രധാന സംഭവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിനും ആർജെഡിക്കും ഈ പുരോഗതി ദഹിക്കുന്നില്ല. ബീഹാർ മുന്നോട്ട് പോകുമ്പോഴെല്ലാം ഈ ആളുകൾ ബീഹാറിനെ അപമാനിക്കാൻ തുടങ്ങുന്നു. ആർജെഡിയുടെ സഖ്യകക്ഷിയായ കോൺഗ്രസ്, ബിഹാറിനെ സോഷ്യൽ മീഡിയയിൽ ഒരു 'ബീഡി'യോട് ഉപമിച്ചത് നിങ്ങൾ അടുത്തിടെ കണ്ടിരിക്കണം. ബീഹാറിനോടുള്ള അവരുടെ വെറുപ്പ് അത്രയ്ക്കുണ്ട്! അഴിമതികളിലൂടെയും അഴിമതിയിലൂടെയും അവർ ബീഹാറിന്റെ പ്രശസ്തി നശിപ്പിച്ചു. ഇപ്പോൾ, ബിഹാറിന്റെ പുരോഗതി കണ്ട്, കോൺഗ്രസും ആർജെഡിയും വീണ്ടും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ തീരുമാനിച്ചു.
സഹോദരീ സഹോദരന്മാരേ,
ഇത്തരമൊരു മനോഭാവമുള്ള ആളുകൾക്ക് ഒരിക്കലും ബീഹാറിന് ഒരു നന്മയും ചെയ്യാൻ കഴിയില്ല. സ്വന്തം ഖജനാവ് നിറയ്ക്കുന്നതിൽ മാത്രം ശ്രദ്ധാലുക്കളായവർ, ദരിദ്രരുടെ വീടുകളെക്കുറിച്ച് അവർ എന്തിന് ശ്രദ്ധിക്കണം? കോൺഗ്രസ് ഗവൺമെന്റ് 100 പൈസ അയച്ചപ്പോൾ, നടുവിൽ 85 പൈസ കൊള്ളയടിച്ചുവെന്ന് ഒരു കോൺഗ്രസ് പ്രധാനമന്ത്രി പോലും ഒരിക്കൽ സമ്മതിച്ചിരുന്നു. ഇപ്പോൾ നിങ്ങൾ എന്നോട് പറയൂ, കോൺഗ്രസ്-ആർജെഡി ഗവൺമെന്റിന്റെ കാലത്ത്, പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിയിട്ടുണ്ടോ? കത്തിച്ച വിളക്കുമായി, (ആർജെഡിയുടെ ചിഹ്നം) അവരുടെ കൈ- കാലുകളാൽ ആ പണം തട്ടിയെടുത്തു, അവർ 85 പൈസ വിഴുങ്ങി. കൊറോണ പകർച്ചവ്യാധി മുതൽ, എല്ലാ ദരിദ്ര കുടുംബങ്ങൾക്കും സൗജന്യ റേഷൻ ലഭിച്ചുകൊണ്ടിരുന്നു. കോൺഗ്രസ്-ആർജെഡി ഗവൺമെന്റുകൾ എപ്പോഴെങ്കിലും നിങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുമായിരുന്നോ? ഇന്ന്, ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം എല്ലാ ദരിദ്ര കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്നു. നിങ്ങൾക്കായി ആശുപത്രികൾ നിർമ്മിക്കാൻ പോലും കഴിയാത്ത അവർക്ക് എപ്പോഴെങ്കിലും നിങ്ങൾക്ക് സൗജന്യ ചികിത്സ നൽകാൻ കഴിയുമായിരുന്നോ? അവർക്ക് സൗജന്യ ചികിത്സ നൽകാൻ കഴിയുമോ എന്ന് ഞാൻ നിങ്ങളോട് ചോദിക്കട്ടെ? അവർക്ക് എപ്പോഴെങ്കിലും നിങ്ങളെ പരിചരിക്കാൻ കഴിയുമായിരുന്നോ?
സുഹൃത്തുക്കളേ,
കോൺഗ്രസും ആർജെഡിയും ബീഹാറിന്റെ അഭിമാനത്തിന് മാത്രമല്ല, ബീഹാറിന്റെ സ്വത്വത്തിനും ഭീഷണിയാണ്. ഇന്ന്, സീമാഞ്ചലിലും കിഴക്കൻ ഇന്ത്യയിലുടനീളവും നുഴഞ്ഞുകയറ്റക്കാർ കാരണം ഒരു വലിയ ജനസംഖ്യാ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ബീഹാർ, ബംഗാൾ, അസം, മറ്റ് നിരവധി സംസ്ഥാനങ്ങളിലെ ആളുകൾ അവരുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷയെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. അതുകൊണ്ടാണ് ഞാൻ ചെങ്കോട്ടയിൽ നിന്ന് ഡെമോഗ്രഫി മിഷൻ പ്രഖ്യാപിച്ചത്. എന്നാൽ അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സ്വാർത്ഥത നോക്കൂ. കോൺഗ്രസും ആർജെഡിയും അവരുടെ മുഴുവൻ ആവാസവ്യവസ്ഥയും നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടി വാദിക്കുന്നതിലും, അവരെ സംരക്ഷിക്കുന്നതിലും, ലജ്ജയില്ലാതെ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിലും, വിദേശത്ത് നിന്ന് നിയമവിരുദ്ധമായി വന്നവരെ പ്രതിരോധിക്കാൻ മാർച്ചുകൾ സംഘടിപ്പിക്കുന്നതിലുമുള്ള തിരക്കിലാണ്. ഈ ആളുകൾ ബീഹാറിന്റെയും രാജ്യത്തിന്റെയും വിഭവങ്ങളും സുരക്ഷയും ചൂതാട്ടം നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ന്, പൂർണിയയുടെ മണ്ണിൽ നിന്ന് ഒരു കാര്യം ഞാൻ അവരോട് വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ആർജെഡിയും കോൺഗ്രസും ശ്രദ്ധാപൂർവ്വം കേൾക്കണം: ഓരോ നുഴഞ്ഞുകയറ്റക്കാരനും രാജ്യം വിടേണ്ടിവരും. നുഴഞ്ഞുകയറ്റത്തിന് പൂട്ട് ഇടുക എന്നത് എൻഡിഎയുടെ ഉറച്ച ഉത്തരവാദിത്തമാണ്. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ മുന്നോട്ടുവന്ന നേതാക്കളെയും പ്രതിരോധത്തിനായി നിലകൊള്ളുന്നവരെയും ഞാൻ വെല്ലുവിളിക്കുന്നു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ നിങ്ങൾ എത്ര ശ്രമിച്ചാലും, അവരെ നീക്കം ചെയ്യാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിൽ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് ഒരു കവചമാകാൻ ശ്രമിക്കുന്നവർ, ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുക. നുഴഞ്ഞുകയറ്റക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കല്ല, ഭാരതത്തിന്റെ നിയമം ഭാരതത്തിൽ നിലനിൽക്കും. ഇതാണ് മോദിയുടെ ഉറപ്പ്. നുഴഞ്ഞുകയറ്റക്കാർക്കെതിരെ നടപടിയെടുക്കും, അതിന്റെ നല്ല ഫലങ്ങൾ രാജ്യം കാണും. നുഴഞ്ഞുകയറ്റക്കാരെ പിന്തുണച്ച് കോൺഗ്രസും ആർജെഡിയും നടത്തുന്ന ശബ്ദത്തിന്, ബീഹാറിലെയും രാജ്യത്തെയും ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകും.
സുഹൃത്തുക്കളേ,
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബീഹാറിൽ കോൺഗ്രസും ആർജെഡിയും അധികാരത്തിന് പുറത്തായിരുന്നു. ഇതിൽ ഏറ്റവും വലിയ പങ്ക് ബീഹാറിലെ അമ്മമാർക്കും സഹോദരിമാർക്കുമാണ് എന്നതിൽ സംശയമില്ല. ഇന്ന്, ഞാൻ പ്രത്യേകിച്ച് ബീഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും മുന്നിൽ വണങ്ങുന്നു. പരസ്യമായ കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും, തട്ടിക്കൊണ്ടുപോകലുകളുടെയും ഏറ്റവും വലിയ ഇരകൾ ആർജെഡി കാലഘട്ടത്തിൽ ഈ നാട്ടിലെ സ്ത്രീകളായ ബീഹാറിലെ എന്റെ അമ്മമാരും സഹോദരിമാരുമാണ്. എന്നാൽ ഇരട്ട എഞ്ചിൻ ഗവൺമെന്റിനു കീഴിൽ, അതേ സ്ത്രീകൾ 'ലഖ്പതി ദീദികളും' 'ഡ്രോൺ ദീദികളും' ആയി മാറുകയാണ്. ഇന്ന് നമ്മൾ 'ഡ്രോൺ ദീദി'കളെ സൃഷ്ടിക്കുകയാണ്. സ്വയം സഹായ ഗ്രൂപ്പുകളിലൂടെ സ്ത്രീകൾ ഒരു വലിയ വിപ്ലവത്തിന് നേതൃത്വം നൽകുന്നു. പ്രത്യേകിച്ച് നിതീഷ് ജിയുടെ നേതൃത്വത്തിൽ, 'ജീവിക ദീദി' പ്രസ്ഥാനത്തിന്റെ വിജയം അഭൂതപൂർവമാണ്. ബീഹാർ മുഴുവൻ രാജ്യത്തിനും ഒരു പ്രചോദനമായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്നും, നമ്മുടെ സഹോദരിമാർക്കായി ഏകദേശം 500 കോടി രൂപയുടെ കമ്മ്യൂണിറ്റി നിക്ഷേപ ഫണ്ട് പുറത്തിറക്കി. 500 കോടി രൂപ! ഈ തുക ക്ലസ്റ്റർ തലത്തിലുള്ള ഫെഡറേഷനുകളിൽ എത്തും, ഇത് ഗ്രാമങ്ങളിലുടനീളമുള്ള സ്വയം സഹായ ഗ്രൂപ്പുകളെ ശാക്തീകരിക്കും. ഇത് സ്ത്രീകൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം നൽകും.
സുഹൃത്തുക്കളേ,
ആർജെഡിയുടെയും കോൺഗ്രസിന്റെയും ഏക ആശങ്ക എപ്പോഴും അവരുടെ സ്വന്തം കുടുംബമായിരുന്നു. അവർ ഒരിക്കലും നിങ്ങളുടെ കുടുംബങ്ങളെ പരിപാലിക്കില്ല. എന്നാൽ മോദിയെ സംബന്ധിച്ചിടത്തോളം, നിങ്ങളെല്ലാം മോദിയുടെ കുടുംബമാണ്. അതുകൊണ്ടാണ് മോദി പറയുന്നത്: 'സബ്കാ സാത്ത്, സബ്കാ വികാസ്'. ഈ ആളുകൾ എന്താണ് ചെയ്യുന്നത്? അവരുടെ കുടുംബത്തിനായുള്ള പിന്തുണ, അവരുടെ കുടുംബത്തിനായുള്ള വികസനം!
അതുകൊണ്ട് സഹോദരീ സഹോദരന്മാരേ,
മോദി നിങ്ങളുടെ ചെലവുകളെക്കുറിച്ച് ശ്രദ്ധിക്കുന്നു, മോദി നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ചും ശ്രദ്ധിക്കുന്നു. വരും ദിവസങ്ങളിൽ നിരവധി ഉത്സവങ്ങൾ അടുത്തുവരികയാണ്. ഇത്തവണ, ദീപാവലിക്കും ഛാത്തിനും മുമ്പ് നമ്മുടെ ഗവൺമെന്റ് ദരിദ്രർക്കും മധ്യവർഗത്തിനും വളരെ വലിയ ഒരു സമ്മാനം നൽകിയിട്ടുണ്ട്. ഇന്ന് സെപ്റ്റംബർ 15 ആണ്, കൃത്യം ഒരു ആഴ്ച കഴിഞ്ഞ്, നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22 ന്, രാജ്യത്തുടനീളം ജിഎസ്ടി ഗണ്യമായി കുറയും. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങളിൽ മിക്ക വസ്തുക്കളുടെയും ജിഎസ്ടി ഗണ്യമായി കുറഞ്ഞു. ജിഎസ്ടി കുറച്ചതിനാൽ അടുക്കള നടത്തുന്നതിനുള്ള ചെലവ് വളരെ കുറയുമെന്ന് ഇവിടെ സന്നിഹിതരായ എന്റെ അമ്മമാരോടും സഹോദരിമാരോടും ഞാൻ പ്രത്യേകിച്ച് പറയാൻ ആഗ്രഹിക്കുന്നു. ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ മുതൽ നെയ്യ്, നിരവധി ഭക്ഷ്യവസ്തുക്കൾ വരെ എല്ലാം വിലകുറഞ്ഞതായി മാറും. കുട്ടികളുടെ പഠനത്തിന് ആവശ്യമായ സ്റ്റേഷനറികളുടെ വിലയും കുറയും. ഈ ഉത്സവകാലത്ത് കുട്ടികൾക്കായി പുതിയ വസ്ത്രങ്ങളും ഷൂകളും വാങ്ങുന്നതും എളുപ്പമാകും, കാരണം ഇവയും വിലകുറഞ്ഞതായിരിക്കും. ദരിദ്രരെ പരിപാലിക്കുന്ന ഒരു ഗവൺമെന്റ് ഉണ്ടാകുമ്പോൾ, അത് ദരിദ്രരുടെ ക്ഷേമത്തിനായി കൃത്യമായി ഈ രീതിയിൽ പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യസമരത്തിൽ പൂർണിയയുടെ മക്കൾ ബ്രിട്ടീഷുകാർക്ക് ഭാരതത്തിന്റെ ശക്തി കാണിച്ചുകൊടുത്തിരുന്നു. ഇന്ന്, ഒരിക്കൽ കൂടി, ഓപ്പറേഷൻ സിന്ദൂരിലൂടെ നമ്മൾ രാജ്യത്തിന്റെ അതേ ശക്തി ശത്രുവിന് കാണിച്ചുകൊടുത്തു. പൂർണിയയുടെ ധീരനായ പുത്രനും ഈ തന്ത്രത്തിൽ വലിയ പങ്കുവഹിച്ചു. രാഷ്ട്ര പ്രതിരോധമായാലും രാഷ്ട്ര വികസനമായാലും, ഭാരതത്തിന്റെ പുരോഗതിയിൽ ബീഹാറിന് എല്ലായ്പ്പോഴും ഒരു പ്രധാന പങ്കുണ്ട്. ബീഹാറിന്റെ വികസനത്തിന്റെ ഈ പ്രചാരണം നമ്മൾ അതേ രീതിയിൽ ത്വരിതപ്പെടുത്തുന്നത് തുടരണം. ഒരിക്കൽ കൂടി, എല്ലാ വികസന പദ്ധതികൾക്കും ബീഹാറിലെ എന്റെ സഹോദരീസഹോദരന്മാർക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിതീഷ് ജിയുടെ നേതൃത്വത്തെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ നന്ദി പറയുന്നു. ഇപ്പോൾ, പൂർണ്ണ ശക്തിയോടെ പറയാൻ എന്നോടൊപ്പം ചേരൂ:
ഭാരത് മാതാ കി - ജയ്! ഭാരത് മാതാ കി - ജയ്! ഭാരത് മാതാ കി - ജയ്!
വളരെ നന്ദി.
****
(Release ID: 2167098)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada