ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ലഖ്‌നൗ, തിരുവനന്തപുരം, തിരുച്ചി, കോഴിക്കോട്, അമൃത്സർ വിമാനത്താവളങ്ങളിലെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്പീ‍ഡ്, സ്കെയിൽ, സ്കോപ്പ് എന്ന വീക്ഷണം പദ്ധതിയിൽ സംയോജിപ്പിച്ചിരിക്കുന്നു; യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനുള്ള അടുത്ത ഘട്ട ശ്രമങ്ങൾക്ക് ഇന്ന് ആരംഭം

FTI–TTP യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുക മാത്രമല്ല, ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും

FTI–TTP നിലവിൽ വരുന്നതോടെ, യാത്രക്കാർക്ക് നീണ്ട വരികൾ, മാനുവൽ പരിശോധന, കാലതാമസം എന്നിവ ഒഴിവാക്കാനും 30 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ ക്ലിയറൻസ് നേടാനും കഴിയും

2011-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി


Posted On: 11 SEP 2025 3:01PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ ഇന്ന് ലഖ്‌നൗ, തിരുവനന്തപുരം, തിരുച്ചി, കോഴിക്കോട്, അമൃത്സർ വിമാനത്താവളങ്ങളിലെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറും ഉൾപ്പെടെ നിരവധി പ്രമുഖർ ച‌ടങ്ങിൽ പങ്കെടുത്തു.

ഈ പദ്ധതി യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ അവർക്ക് പരിചയപ്പെടുത്താനുള്ള അവസരവും നൽകുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്പീ‍ഡ്, സ്കെയിൽ, സ്കോപ്പ് എന്ന ദർശനവുമായി ചേർന്നുകൊണ്ട്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള പ​ദ്ധതിയുടെ അടുത്ത ഘട്ടം ഇന്ന് ഈ പരിപാടിയോടെ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, വിശ്വാസം വർദ്ധിപ്പിക്കുന്നതിനായും പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി മോദി എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ഇന്നത്തെ പരിപാടി ആ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും ശ്രീ അമിത് ഷാ കൂട്ടിച്ചേർത്തു.

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ഉപയോ​ഗപ്പെടുത്തുന്നതിലൂടെ, ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ തടസ്സമില്ലാത്ത ഇമിഗ്രേഷൻ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സൗകര്യം ഒരുക്കിയാൽ മാത്രം പോരാ; പരമാവധി യാത്രക്കാർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്‌പോർട്ടുകളും OCI കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണം. ഇത് നടപ്പിലാക്കാൻ കഴിഞ്ഞാൽ യാത്രക്കാർക്ക് വിരലടയാളം പതിക്കാനോ രേഖകൾ തയ്യാറാക്കുന്നതിനോ ​​വേണ്ടി തിരികെ വരേണ്ടതില്ലെന്നും, അവർക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി ആളുകൾക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സാങ്കേതിക സാധ്യതകളും പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ പൗരന്മാർക്ക് തീർച്ചയായും പ്രയോജനം ലഭിക്കുമെങ്കിലും, OCI കാർഡ് ഉടമകൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) സൗകര്യവും ദേശീയ സുരക്ഷയും വർദ്ധിപ്പിക്കുന്ന ഒരു പദ്ധതിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 2024 ൽ ഡൽഹിയിൽ നിന്നാണ് ഈ പരിപാടി ആരംഭിച്ചതെന്നും തുടർന്ന് മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ ഇത് നടപ്പിലാക്കിയെന്നും പറഞ്ഞ കേന്ദ്ര മന്ത്രി, ഇന്ന് അഞ്ച് പുതിയ വിമാനത്താവളങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണെന്നും സൂചിപ്പിച്ചു. പദ്ധതി ഇപ്പോൾ ആകെ 13 വിമാനത്താവളങ്ങളിൽ പ്രവർത്തനക്ഷമമാണെന്നും ശ്രീ ഷാ പറഞ്ഞു. വരാനിരിക്കുന്ന നവി മുംബൈ, ജെവാർ വിമാനത്താവളങ്ങളിലും ഇത് ഉൾപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ഈ സൗകര്യം ഉപയോഗപ്പെടുത്തി‌യിട്ടുള്ള എല്ലാവരും പ്രശംസയറിയിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. യാത്രക്കാർക്ക് ഇപ്പോൾ നീണ്ട വരികളോ മാനുവൽ പരിശോധനയോ ഇല്ല, കാലതാമസമില്ലാതെ വെറും 30 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നു. ഏകദേശം 3 ലക്ഷം യാത്രക്കാർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 2.65 ലക്ഷം പേർ യാത്രകളിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്, ഇത് തുടർച്ചയായി വർദ്ധിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷമായി അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 2014-ൽ വിദേശത്തേക്ക് സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 3.54 കോടിയായിരുന്നുവെന്നും ഇത് 2024-ൽ ഏകദേശം 73 ശതമാനം വർദ്ധിച്ച് 6.12 കോടിയായി എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ഇന്ത്യ സന്ദർശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണം 2014-ൽ 1.53 കോടിയായിരുന്നു, ഇത് ഏകദേശം 31 ശതമാനം വർദ്ധിച്ച് 2024-ൽ ഏകദേശം 2 കോടിയായി. രണ്ട് കണക്കുകളും ചേർത്ത് നോക്കുമ്പോൾ, 2014-ൽ ആകെ യാത്രക്കാരുടെ എണ്ണം 5.07 കോടിയായിരുന്നു, 2024-ൽ ഇത് 8.12 കോടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് വിദേശത്ത് നിന്ന് വന്നവരോ വിദേശത്തേക്ക് യാത്ര ചെയ്തവരോ ആയവരെ പ്രതിനിധീകരിക്കുന്നു, ഇത് മൊത്തത്തിൽ 60 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു. എല്ലാ ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു.

https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് FTI-TTP നടപ്പിലാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേരുന്നതിന്, അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും. രജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിംഗ് പാസ് ഇ-ഗേറ്റിൽ സ്കാൻ ചെയ്യേണ്ടതുണ്ട്; ഒപ്പം പാസ്‌പോർട്ടും സ്കാൻ ചെയ്യണം. ആ​ഗമനം, പുറപ്പെടൽ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ് പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് യാന്ത്രികമായി തുറക്കുകയും ഇമിഗ്രേഷൻ ക്ലിയറൻസ് നൽകപ്പെടുകയും ചെയ്യുന്നു.

-SK-


(Release ID: 2165693) Visitor Counter : 2