പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സെപ്റ്റംബർ 11 ന് ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിക്കും


മൗറീഷ്യസ് പ്രധാനമന്ത്രിക്ക് വാരണാസിയിൽ പ്രധാനമന്ത്രി ആതിഥ്യമേകും

ഉഭയകക്ഷി സഹകരണത്തിന്റെ പൂർണ്ണ വശങ്ങൾ അവലോകനം ചെയ്യും

ഇന്ത്യയുടെ മഹാസാഗർ ദർശനത്തിലും 'അയൽപക്കം ആദ്യം' എന്ന നയത്തിലും മൗറീഷ്യസിന് നിർണായക പങ്കുണ്ട്

സമൃദ്ധിയും സുസ്ഥിരതയും നേടുന്നതിനുള്ള കൂട്ടായ യാത്രയിൽ വാരണാസി ഉച്ചകോടി ഒരു സുപ്രധാന നാഴികക്കല്ലാണ്

ഡെറാഡൂണിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ സംബന്ധിച്ച വ്യോമ സർവേയും അവലോകന യോഗവും പ്രധാനമന്ത്രി നടത്തും

Posted On: 10 SEP 2025 1:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 11ന്  ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിക്കും.  

ഇന്ത്യയിൽ സെപ്തംബർ 9 മുതൽ 16 വരെ ഔദ്യോ​ഗിക സന്ദർശനം നടത്തുന്ന മൗറീഷ്യസ്  പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലത്തിന് പ്രധാനമന്ത്രി വാരണാസിയിൽ രാവിലെ 11:30ന് ആതിഥ്യമരുളും.

തുടർന്ന്, പ്രധാനമന്ത്രി ഡെറാഡൂണിലേക്ക് പോകുകയും വൈകുന്നേരം 4:15 ന് ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ വ്യോമ സർവേ നടത്തുകയും ചെയ്യും. വൈകുന്നേരം 5 മണിയോടെ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല അവലോകന യോഗത്തിന് അധ്യക്ഷത വഹിക്കും.

ചരിത്രപ്രസിദ്ധമായ വാരണാസിയിൽ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ച, ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സവിശേഷവും അതുല്യവുമായ ബന്ധത്തെ രൂപപ്പെടുത്തിയ സാംസ്കാരിക ബന്ധം, ആത്മീയ ബന്ധങ്ങൾ, ആഴത്തിൽ വേരോടിയ ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെ അടിവരയിടുന്നതാണ്.

വികസന പങ്കാളിത്തത്തിലും ശേഷി വികസനത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സഹകരണത്തിന്റെ മുഴുവൻ വശങ്ങളും ഉഭയകക്ഷി ചർച്ചകളിൽ ഇരു നേതാക്കളും അവലോകനം ചെയ്യും. ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രം & സാങ്കേതികവിദ്യ, ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, നീല സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും അവർ ചർച്ച ചെയ്യും.

2025 മാർച്ചിൽ പ്രധാനമന്ത്രി മോദിയുടെ മൗറീഷ്യസ് സന്ദർശ വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തെ 'വിപുലീകരിച്ച നയതന്ത്ര പങ്കാളിത്ത'ത്തിലേക്ക് ഉയർത്തി. പ്രധാനമന്ത്രിയുടെ സന്ദർശനം സൃഷ്ടിച്ച ​ഗുണപരമായ മുന്നോട്ട് പോക്കിന് ആക്കം കൂട്ടുന്നതാണ് ഈ സന്ദർശനം. 

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഒരു മൂല്യവത്തായ പങ്കാളിയും അടുത്ത സമുദ്ര അയൽക്കാരനും എന്ന നിലയിൽ, ഇന്ത്യയുടെ മഹാസാഗർ (മ്യൂച്വൽ ആൻഡ് ഹോളിസ്റ്റിക് അഡ്വാൻസ്മെൻ്റ് ഫോ‍ർ സെക്യൂരിറ്റി ആൻ്റ് ​ഗ്രോത്ത് എക്രോസ് റീജിയൺ - MAHASAGAR) ദർശനത്തിലും 'അയൽപക്കം ആദ്യം' നയത്തിലും മൗറീഷ്യസ് നിർണായകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലാകുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്ക് മാത്രമല്ല, ​ഗ്ലോബൽ സൗത്തിന്റെ കൂട്ടായ അഭിലാഷങ്ങൾക്കും പ്രാധാന്യം നൽകുന്നു.

പരസ്പര അഭിവൃദ്ധി, സുസ്ഥിര വികസനം, സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഭാവി എന്നിവയിലേക്കുള്ള ഇന്ത്യയുടെയും മൗറീഷ്യസിന്റെയും പരസ്പര യാത്രയിൽ വാരണാസി ഉച്ചകോടി ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും.

***

SK


(Release ID: 2165246) Visitor Counter : 2