പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക-മഴ ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി

കാംഗ്രയിൽ ചേർന്ന  യോഗത്തിൽ പ്രധാനമന്ത്രി സ്ഥിതിഗതികൾ  അവലോകനം ചെയ്ത്  നാശനഷ്ടങ്ങൾ വിലയിരുത്തി 

ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക-മഴ ബാധിത പ്രദേശങ്ങൾക്ക് പ്രധാനമന്ത്രി 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക്  2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ദുരിതബാധിതരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു

എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, ആപ്ദ മിത്ര വളണ്ടിയർമാർ എന്നിവരെ  നേരിൽ കണ്ട  പ്രധാനമന്ത്രി  അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു 

ദുരിതബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനത്തിനും പുനർനിർമ്മാണത്തിനും എല്ലാ സഹായവും കേന്ദ്ര സർക്കാർ ഉറപ്പ് നൽകുന്നു

Posted On: 09 SEP 2025 3:01PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക സ്ഥിതിഗതികളും മേഘവിസ്ഫോടനം, മഴ, മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 സെപ്റ്റംബർ 9 ന് ഹിമാചൽ പ്രദേശ് സന്ദർശിച്ചു.

ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി ആദ്യം വ്യോമ നിരീക്ഷണം നടത്തി. തുടർന്ന്, ഹിമാചൽ പ്രദേശിൽ സ്വീകരിച്ച ദുരിതാശ്വാസ, പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി മോദി കാംഗ്രയിൽ ഒരു ഔദ്യോഗിക യോഗം ചേർന്നു. ഹിമാചൽ പ്രദേശിനായി പ്രധാനമന്ത്രി  1500 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. എസ്ഡിആർഎഫിന്റെ രണ്ടാം ഗഡുവും  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും മുൻകൂറായി സംസ്ഥാനത്തിന് അനുവദിക്കാനും തീരുമാനമായി .

മുഴുവൻ മേഖലയെയും ജനങ്ങളെയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ ബഹുമുഖ നടപടികൾ  സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകൾ പുനർനിർമിക്കൽ, ദേശീയ പാതകളുടെ പുനഃസ്ഥാപനം, സ്കൂളുകളുടെ  പുനർനിർമ്മാണം, പിഎംഎൻആർഎഫ് പ്രകാരം ആശ്വാസം നൽകൽ, കന്നുകാലികൾക്ക് മിനി കിറ്റുകൾ വിതരണം ചെയ്യൽ തുടങ്ങി നിരവധി മാർഗങ്ങളിലൂടെയാണ് ഇവ നടപ്പാക്കുക.

കാർഷിക സമൂഹത്തെ പിന്തുണയ്ക്കേണ്ടതിന്റെ നിർണായക ആവശ്യകത തിരിച്ചറിഞ്ഞ്, നിലവിൽ വൈദ്യുതി കണക്ഷനുകൾ ഇല്ലാത്ത കർഷകരെ ലക്ഷ്യം വച്ചുള്ള അധിക സഹായം നൽകും.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, കേടുപാടുകൾ സംഭവിച്ച വീടുകളുടെ ജിയോടാഗിംഗ് നടത്തും. കൃത്യമായ നാശനഷ്ട വിലയിരുത്തലിനും ദുരിതബാധിതർക്ക് സഹായം വേഗത്തിൽ എത്തിക്കുന്നതിനും ഇത് സഹായിക്കും.

തടസ്സമില്ലാത്ത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്, സ്കൂളുകൾക്ക് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും അവയെ  ജിയോടാഗ് ചെയ്യാനും കഴിയും, ഇത് സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരം സമയബന്ധിതമായി സഹായം സാധ്യമാക്കും.

മഴവെള്ളം ശേഖരിക്കാനും സംഭരിക്കാനും സഹായിക്കുന്നതിന് ജലസംഭരണത്തിനായി പുനരുപയോഗ സംഭരണികളുടെ  നിർമ്മാണം നടത്തും. ഈ ശ്രമങ്ങൾ ഭൂഗർഭജലനിരപ്പ് മെച്ചപ്പെടുത്തുകയും മികച്ച ജല പരിപാലനത്തെ  പിന്തുണയ്ക്കുകയും ചെയ്യും.

നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ കേന്ദ്ര സർക്കാർ ഇതിനകം അന്തർ-മന്ത്രാലയ  സംഘങ്ങളെ അയച്ചിട്ടുണ്ട്, അവരുടെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം പരിഗണിക്കും.

ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെയും പ്രധാനമന്ത്രി സന്ദർശിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ  അദ്ദേഹം അനുശോചനവും ദുഃഖവും അറിയിച്ചു . ഈ ദുഷ്‌കരമായ സമയത്ത് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി അടുത്ത് പ്രവർത്തിക്കുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

ദുരന്ത ബാധിത സംസ്ഥാനങ്ങൾക്ക്, മുൻകൂർ വിതരണം ഉൾപ്പെടെ ദുരന്തനിവാരണ നിയമങ്ങൾ പ്രകാരമുള്ള എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തര ദുരിതാശ്വാസത്തിനും പ്രതികരണത്തിനുമായി  എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, സൈന്യം, സംസ്ഥാന ഭരണകൂടം, മറ്റ് സേവനാധിഷ്ഠിത സംഘടനകൾ എന്നിവയിലെ ഉദ്യോഗസ്ഥർ നടത്തിയ  ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന ഗവൺമെൻ്റിൻ്റെ മെമ്മോറാണ്ടത്തിന്റെയും കേന്ദ്ര സംഘങ്ങളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വിലയിരുത്തലുകളിന്മേൽ കൂടുതൽ അവലോകനം നടത്തും. 

സാഹചര്യത്തിന്റെ ഗൗരവം പ്രധാനമന്ത്രി അംഗീകരിക്കുകയും സ്ഥിതിഗതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

**** 

NK


(Release ID: 2165018) Visitor Counter : 2