വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ.

Posted On: 08 SEP 2025 1:59PM by PIB Thiruvananthpuram
ആഗോള സാഹചര്യത്തിൽ എത്ര വലിയ പ്രതിസന്ധി ഉയർന്നുവന്നാലും ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ.56-ാമത് എഞ്ചിനീയറിംഗ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ( EEPC)ഇന്ത്യയുടെ ദേശീയ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏത് പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള ശക്തി രാജ്യത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിസിനസ്സുകൾ തദ്ദേശീയ ഉത്പ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു.കാരണം ഇത് ഇന്ത്യയുടെ വളർച്ചയെ സഹായിക്കുക മാത്രമല്ല,രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയെ ശക്തിപ്പെടുത്തുകയും ചെയ്യും.ബിസിനസ്സുകൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ ഇന്ത്യയിലേക്കുള്ള പ്രധാന ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണവും വിലക്കും ഏർപ്പെടുത്താൻ ഏതൊരു രാജ്യത്തിനും കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.അതിനാൽ ആത്മനിർഭർ ഭാരതം എന്ന ആശയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.എല്ലാവരും സ്വീകരിക്കേണ്ട ഒരു പ്രവർത്തനത്തിനുള്ള ആഹ്വാനമായാണ് ശ്രീ ഗോയൽ
ഇതിനെ വിശേഷിപ്പിച്ചത്.

നൂതനത്വത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വദേശി ഉത്പ്പന്നങ്ങൾക്ക് ശക്തമായ ആഹ്വാനം നൽകിയതായി ശ്രീ ഗോയൽ ഓർമ്മിപ്പിച്ചു.ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളും വ്യവസായങ്ങളും വ്യാപാരവും ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഇന്ത്യയിൽ തന്നെ സംഭരിക്കാനും നിർമ്മിക്കാനും കഴിയുന്ന ഉത്പ്പന്നങ്ങൾ പരിഗണിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതിയെക്കുറിച്ചും പതിറ്റാണ്ടുകളായി ഈ മേഖല  കൈവരിച്ച പുരോഗതിയെക്കുറിച്ചും അവർ സംസാരിച്ചു.രാജ്യത്തിൻ്റെ  സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ആഗോള തലത്തിലെ ഇന്ത്യയുടെ സ്ഥാനം ഉയർത്തുന്നതിലുമുള്ള കയറ്റുമതി മേഖലയുടെ പ്രാധാന്യവും  രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ ശക്തി വ്യാപാരത്തേയും രാജ്യത്തെ ബിസിനസുകളുടെ നട്ടെല്ലായ സൂക്ഷ്മ, ചെറുകിട,ഇടത്തരം സംരംഭങ്ങ(MSME)ളേയും ആശ്രയിച്ചിരിക്കുന്നുവെന്ന് ശ്രീ ഗോയൽ എടുത്തുപറഞ്ഞു.ഇന്ത്യയുടെ ആത്മവിശ്വാസം ശക്തമാണെന്നും അത് ഇനിയും കൂടുതൽ ശക്തമാകുമെന്നും ആരുടേയും മുന്നിൽ  തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.1955 ൽ  10 മില്യൺ യു എസ് ഡോളറായിരുന്ന കയറ്റുമതി
ഇന്ന് 116 ബില്യൺ യു എസ് ഡോളറാണെന്നും ഇ. ഇ. പി. സിയുടെ യാത്രയെ പരാമർശിച്ചുകൊണ്ട്
അദ്ദേഹം ചൂണ്ടിക്കാട്ടി.കാലക്രമേണ,വലിയ ലക്ഷ്യങ്ങളോടും കൂടുതൽ ശക്തിയോടും കൂടി എഞ്ചിനീയറിംഗ് മേഖല കൂടുതൽ വളരുമെന്ന് അദ്ദേഹം പറഞ്ഞു.

"സീറോ ഡിഫക്ട്, സീറോ ഇഫക്റ്റ്" എന്ന മുദ്രാവാക്യത്തോടെ ഇന്ത്യ കൂടുതൽ വളരുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് മന്ത്രി പറഞ്ഞു.ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുകയും ലോകമെമ്പാടും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു. ലോകം ഇന്ന് ഇന്ത്യയെ ഒരു വിശ്വസ്ത പങ്കാളിയായി കണക്കാക്കുന്നുവെന്നും ആ വിശ്വാസം നിലനിർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുസ്ഥിരതയെക്കുറിച്ച് ബോധമുള്ള രാജ്യമാണ് ഇന്ത്യയെന്നും ശ്രീ ഗോയൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ നിന്നും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറിയെന്ന് ശ്രീ ഗോയൽ പറഞ്ഞു.കഴിഞ്ഞ നാല് വർഷമായി അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ പാദത്തിൽ രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച കൈവരിച്ചുവെന്നും ഇത് ലോക റെക്കോർഡാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചതിലൂടെയും ലളിതമാക്കിയതിലൂടെയും ആഭ്യന്തര ആവശ്യകതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തേജനം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.തൊഴിലാളികൾക്ക്  പുതിയ അവസരങ്ങളും വരുമാന വർദ്ധനവും ഇതിനെ തുടർന്നുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തിക വ്യവസ്ഥയുടെ ശക്തമായ അടിത്തറയിൽ അടിസ്ഥാന സൗകര്യ ചെലവുകളും ഉപഭോക്തൃ ആവശ്യവും വളരുമ്പോൾ,ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ ഒരു ലോകശക്തിയായി മാറുന്നതിൽ നിന്ന് തടയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുല്യ സാമ്പത്തിക നേട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്  എടുത്തു പറഞ്ഞുകൊണ്ട് ശ്രീ പിയൂഷ് ഗോയൽ ഉപസംഹരിച്ചു.ജിഎസ്ടി നിരക്കിൽ ഉണ്ടായ ഇളവുകളുടെ മുഴുവൻ പ്രയോജനവും ഉപഭോക്താക്കൾക്ക് കൈമാറണമെന്നും അതിലൂടെ മാത്രമേ വളർച്ച  ഓരോ പൗരനിലേക്കും എത്തിച്ചേരുകയുള്ളുവെന്നും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തമാകുകയും ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി.
 
****

(Release ID: 2164672) Visitor Counter : 2