പ്രധാനമന്ത്രിയുടെ ഓഫീസ്
ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്രതിരിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
Posted On:
28 AUG 2025 8:41PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരം പതിനഞ്ചാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞാൻ ജപ്പാനിലേക്ക് യാത്ര തിരിക്കുന്നു.
സന്ദർശന വേളയിൽ, കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ സുസ്ഥിരവും ഗണ്യവുമായ പുരോഗതി കൈവരിച്ച നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന് പുതിയ രൂപം നൽകുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. നമ്മുടെ സഹകരണത്തിന് പുതിയ മാനങ്ങൾ നൽകാനും, സാമ്പത്തിക, നിക്ഷേപ ബന്ധങ്ങളുടെ വ്യാപ്തിയും ലക്ഷ്യങ്ങളും വികസിപ്പിക്കാനും, നിർമ്മിതബുദ്ധി, അർദ്ധചാലകങ്ങൾ ഉൾപ്പെടെയുള്ള നവീനവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ശ്രമിക്കും. നമ്മുടെ ജനങ്ങളെ ബന്ധിപ്പിക്കുന്ന നാഗരികവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരം കൂടിയായിരിക്കും ഈ സന്ദർശനം.
ജപ്പാനിൽ നിന്ന്, ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം ഞാൻ ചൈനയിലെ ടിയാൻജിനിലേക്ക് പോകും. ഇന്ത്യ, എസ്.സി.ഒയുടെ സജീവവും ക്രിയാത്മകവുമായ അംഗമാണ്. നമ്മുടെ അധ്യക്ഷപദവി കാലത്ത്, നൂതനാശയങ്ങൾ, ആരോഗ്യം, സാംസ്കാരിക കൈമാറ്റങ്ങൾ എന്നീ മേഖലകളിൽ നമ്മൾ പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും സഹകരണത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. പൊതുവായ വെല്ലുവിളികളെ നേരിടാനും പ്രാദേശിക സഹകരണം വർദ്ധിപ്പിക്കാനും എസ്.സി.ഒ അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ഷി ജിൻപിങ്, പ്രസിഡന്റ് പുടിൻ, മറ്റ് നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും ഞാൻ ആഗ്രഹിക്കുന്നു.
ജപ്പാൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള എന്റെ സന്ദർശനങ്ങൾ നമ്മുടെ ദേശീയ താൽപ്പര്യങ്ങളെയും മുൻഗണനകളെയും കൂടുതൽ മെച്ചപ്പെടുത്തുമെന്നും, പ്രാദേശികവും ആഗോളവുമായ സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫലപ്രദമായ സഹകരണം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
-SK-
(Release ID: 2161714)
Visitor Counter : 44