മന്ത്രിസഭ
azadi ka amrit mahotsav

പിഎം സ്വനിധി പദ്ധതിയുടെ പുനഃസംഘടനയ്ക്കും വായ്പാ കാലാവധി 31.12.2024 ന് ശേഷവും നീട്ടുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


വഴിയോര കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ട വായ്പ, യുപിഐ-ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകൾ, ഡിജിറ്റൽ ഇടപാടുകളുടെ പ്രാപ്യത, സമഗ്രമായ സാമൂഹിക-സാമ്പത്തിക വികസനം

Posted On: 27 AUG 2025 2:49PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, പിഎം സ്വനിധി പദ്ധതിയുടെ 31.12.2024 ന് ശേഷമുള്ള വായ്പാ കാലയളവ് പുനഃക്രമീകരിക്കുന്നതിനും നീട്ടുന്നതിനും അംഗീകാരം നൽകി. വായ്പാ കാലയളവ് ഇപ്പോൾ 2030 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. പദ്ധതിയുടെ ആകെ വിഹിതം ₹7,332 കോടിയാണ്. പുനഃക്രമീകരിച്ച പദ്ധതി അനുസരിച്ച്  50 ലക്ഷം പുതിയ ഗുണഭോക്താക്കൾ ഉൾപ്പെടെ 1.15 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാൻ  ലക്ഷ്യമിടുന്നു.

ഈ പദ്ധതിയുടെ നടത്തിപ്പ് ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെയും (MoHUA) ധനകാര്യ സേവന വകുപ്പിന്റെയും (DFS) സംയുക്ത ഉത്തരവാദിത്തമായിരിക്കും. ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ, അവയുടെ അടിസ്ഥാന തല ഉദ്യോഗസ്ഥർ എന്നിവയിലൂടെ വായ്പ/ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം DFS വഹിക്കും.

പുനഃക്രമീകരിച്ച പദ്ധതിയുടെ പ്രധാന സവിശേഷതകളിൽ ഒന്നാമതായി, ആദ്യ രണ്ട് ഘട്ടങ്ങളിൽ വർദ്ധിപ്പിച്ച വായ്പ തുക, രണ്ടാമത്തെ വായ്പ തിരിച്ചടച്ച ഗുണഭോക്താക്കൾക്ക് UPI-ലിങ്ക്ഡ് റുപേ ക്രെഡിറ്റ് കാർഡ് നൽകൽ, റീട്ടെയിൽ, മൊത്തവ്യാപാര ഇടപാടുകൾക്കുള്ള ഡിജിറ്റൽ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. നിയമാനുസൃത പട്ടണങ്ങൾക്കപ്പുറം സെൻസസ് പട്ടണങ്ങൾ, പെരി-അർബൻ പ്രദേശങ്ങൾ മുതലായവയിലേക്ക് ഗ്രേഡഡ് രീതിയിൽ പദ്ധതിയുടെ കവറേജ് വ്യാപിപ്പിക്കുന്നു.

മെച്ചപ്പെടുത്തിയ വായ്പാ ഘടനയിൽ ആദ്യ ഗഡു വായ്പകൾ ₹15,000 (₹10,000 ൽ നിന്ന്) രൂപയായും രണ്ടാം ഗഡു വായ്പകൾ ₹25,000 (₹20,000 ൽ നിന്ന്) രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്, മൂന്നാം ഗഡു ₹50,000 ൽ മാറ്റമില്ലാതെ തുടരുന്നു.

UPI-ലിങ്ക് ചെയ്ത RUPAY ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നതു വഴി, അടിയന്തിര ബിസിനസ്, വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് വഴിയോര കച്ചവടക്കാർക്ക് ഉടനടി വായ്പ  ലഭ്യമാകും.

കൂടാതെ, ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ചില്ലറ, മൊത്ത ഇടപാടുകൾ നടത്തുന്നതിന് വഴിയോര കച്ചവടക്കാർക്ക് ₹1,600 വരെ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

സംരംഭകത്വം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ നിപുണത, ഒത്തുചേരലിലൂടെ വിപണനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വഴിയോര കച്ചവടക്കാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിലും ഈ പദ്ധതി ഊന്നൽ നൽകുന്നു. FSSAI യുമായി സഹകരിച്ച് തെരുവോരത്ത് ഭക്ഷണം വിൽക്കുന്നവർക്കായി സാമാന്യ ശുചിത്വം, ഭക്ഷ്യ സുരക്ഷ എന്നിവയിൽ പരിശീലന പരിപാടികൾ നടത്തും.

വഴിയോര കച്ചവടക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്രമായ ക്ഷേമവും വികസനവും ഉറപ്പാക്കുന്നതിനായി, പ്രതിമാസ ലോക് കല്യാൺ മേളകളിലൂടെ 'സ്വനിധി സേ സമൃദ്ധി' എന്ന ഘടകം  കൂടുതൽ ശക്തിപ്പെടുത്തും. വിവിധ ഗവൺമെന്റ് പദ്ധതികൾക്കു കീഴിലുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും പൂരിതമായിത്തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതുകൂടിയാണ് ഇതിന്റെ ഉദ്ദേശ്യം.

കോവിഡ്-19 മഹാമാരി സമയത്ത് അഭൂതപൂർവമായ ബുദ്ധിമുട്ടുകൾ നേരിട്ട വഴിയോര കച്ചവടക്കാരെ പിന്തുണയ്ക്കുന്നതിനായാണ് 2020 ജൂൺ 1 ന് ഗവൺമെന്റ് ആദ്യമായി പ്രധാനമന്ത്രി സ്വാനിധി പദ്ധതി ആരംഭിച്ചത്. തുടക്കം മുതൽ തന്നെ, വഴിയോര കച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനും അപ്പുറമാണ് പദ്ധതിയുടെ ഫലങ്ങളെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വഴിയോര കച്ചവടക്കാർക്ക് ഒരു സ്വത്വബോധം ഉറപ്പുവരുത്തുന്നതിനോടൊപ്പം തന്നെ, സമ്പദ്‌വ്യവസ്ഥയിലേക്ക് അവർ നൽകിയിട്ടുള്ള സംഭാവനകൾക്ക് ഔപചാരിക അംഗീകാരവും കൂടിയാണ് പദ്ധതി. 

ജനകീയമായ 'പ്രധാനമന്ത്രി സ്വനിധി പദ്ധതി' ഇതിനകം തന്നെ സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചുകഴിഞ്ഞു . 2025 ജൂലൈ 30 വരെ, 68 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാർക്ക് ₹13,797 കോടി രൂപയുടെ 96 ലക്ഷത്തിലധികം വായ്പകൾ വിതരണം ചെയ്‌തു. ഡിജിറ്റൽ രീതിയിൽ സജീവമായ ഏകദേശം 47 ലക്ഷം ഗുണഭോക്താക്കൾ ₹6.09 ലക്ഷം കോടി രൂപയുടെ 557 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടത്തി, ആകെ ₹241 കോടി ക്യാഷ്ബാക്ക് നേടി. 'സ്വാനിധി സേ സമൃദ്ധി' സംരംഭത്തിന് കീഴിൽ, 3,564 നഗര തദ്ദേശ സ്ഥാപനങ്ങളിലായി (ULB) 46 ലക്ഷം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി,1.38 കോടിയിലധികം പദ്ധതി അനുമതികളും നേടി.

ഈ പദ്ധതിക്ക് ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും, ഉപജീവനമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ഉൾപ്പെടുത്തൽ മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനയെ മുൻനിർത്തി നവീകരണത്തിനുള്ള പ്രധാനമന്ത്രിയുടെ പൊതുഭരണത്തിലെ മികവിനുള്ള അവാർഡ് (2023) (കേന്ദ്രതലം) ലഭിച്ചു. കൂടാതെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ഗവൺമെന്റ് പ്രോസസ് റീ-എഞ്ചിനീയറിംഗിലെ മികവിനുള്ള സിൽവർ അവാർഡും (2022) പദ്ധതി നേടി.

ബിസിനസ് വിപുലീകരണത്തിനും സുസ്ഥിര വളർച്ചയ്ക്കുള്ള അവസരങ്ങൾക്കും പിന്തുണ നൽകുന്നതിനായി വിശ്വസനീയമായ സാമ്പത്തിക സ്രോതസ്സ് വാഗ്ദാനം ചെയ്തുകൊണ്ട് വഴിയോര കച്ചവടക്കാരുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് ഈ പദ്ധതിയുടെ വിപുലീകരണം. ഇത് വഴിയോര കച്ചവടക്കാരെ ശാക്തീകരിക്കുക മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയ്ക്കും, വഴിയോര കച്ചവടക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനും, അവരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും, ആത്യന്തികമായി നഗര ഇടങ്ങളെ ഊർജ്ജസ്വലവും സ്വയം-സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥയാക്കി മാറ്റുന്നതിനും സഹായിക്കും.

***

SK


(Release ID: 2161234)