പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ബഹിരാകാശ ദിനം 2025 നോടനുബന്ധിച്ചുള്ള, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന



ദേശീയ ബഹിരാകാശ ദിനം ഇന്ത്യയിലെ യുവാക്കൾക്ക് ആവേശത്തിൻ്റെയും പ്രചോദനത്തിൻ്റെയും അവസരമായി മാറിയിരിക്കുന്നു, ഇത് രാജ്യത്തിന് അഭിമാനകരമാണ്; ശാസ്ത്രജ്ഞരും യുവജനങ്ങളും ഉൾപ്പെടെ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഈ വേളയിൽ ആശംസകൾ നേരുന്നു: പ്രധാനമന്ത്രി

ബഹിരാകാശ മേഖലയിൽ ഒന്നിനു പുറകെ ഒന്നായി നേട്ടങ്ങൾ കൈവരിക്കുന്നത് ഇപ്പോൾ ഇന്ത്യയുടെയും ഇവിടുത്തെ ശാസ്ത്രജ്ഞരുടെയും സ്വാഭാവിക രീതിയായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി

സെമി-ക്രയോജനിക് എഞ്ചിനുകൾ, ഇലക്ട്രിക് പ്രൊപ്പൽഷൻ തുടങ്ങിയ മികച്ച സാങ്കേതികവിദ്യകളിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്, കൂടാതെ നമ്മുടെ ശാസ്ത്രജ്ഞരുടെ അർപ്പണബോധമുള്ള ശ്രമങ്ങളിലൂടെ വളരെ വേഗം ഇന്ത്യ ഗഗൻയാൻ വിക്ഷേപിക്കുകയും വരും വർഷങ്ങളിൽ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുകയും ചെയ്യും: പ്രധാനമന്ത്രി

വിള ഇൻഷുറൻസ് പദ്ധതികളിലെ ഉപഗ്രഹ അധിഷ്ഠിത വിലയിരുത്തലുകൾ, മത്സ്യത്തൊഴിലാളികൾക്ക് ഉപഗ്രഹം വഴിയുള്ള വിവരങ്ങളും സുരക്ഷയും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, പ്രധാനമന്ത്രിയുടെ ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ ജിയോസ്പേഷ്യൽ ഡാറ്റയുടെ ഉപയോഗം എന്നിങ്ങനെ ഏതിലുമാകട്ടെ, ബഹിരാകാശ സാങ്കേതികവിദ്യ ഇന്ത്യയിലെ ഭരണത്തിന്റെ ഒരു ഭാഗമായി വളർന്നു വരികയാണ്: പ്രധാനമന്ത്രി

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം ഇപ്പോൾ സാധാരണ പൗരന്മാരുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിന് നേരിട്ട് സംഭാവന നൽകുന്നു: പ്രധാനമന്ത്രി

Posted On: 23 AUG 2025 11:57AM by PIB Thiruvananthpuram

ദേശീയ ബഹിരാകാശ ദിനം 2025 നോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ചടങ്ങിൽ, ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഈ വർഷത്തെ പ്രമേയമായ "ആര്യഭട്ടയിൽ നിന്ന് ഗഗൻയാനിലേക്ക്"എന്നത് ഇന്ത്യയുടെ ഭൂതകാലത്തിന്റെ ആത്മവിശ്വാസത്തെയും ഭാവിക്കായുള്ള ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് എടുത്തുപറഞ്ഞു.  ചുരുങ്ങിയ സമയത്തിനുള്ളിൽ, ദേശീയ ബഹിരാകാശ ദിനം ഇന്ത്യയിലെ യുവാക്കൾക്ക് ആവേശത്തിന്റെയും ആകർഷണത്തിന്റെയും ഒരു അവസരമായി മാറിയെന്നും ഇത് രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരും യുവാക്കളും ഉൾപ്പെടെ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 300 യുവ പങ്കാളികളുമായി ഇന്ത്യ ഇപ്പോൾ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര, ജ്യോതിർഭൗതികശാസ്ത്ര ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. നിരവധി ഇന്ത്യൻ പങ്കാളികൾ ഈ പരിപാടിയിൽ മെഡലുകൾ നേടിയതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന ആഗോള നേതൃത്വത്തിന്റെ പ്രതീകമാണ് ഈ ഒളിമ്പ്യാഡ് എന്നും     അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിൽ ബഹിരാകാശത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനായി ISRO, ഇന്ത്യൻ സ്‌പേസ് ഹാക്കത്തോൺ, റോബോട്ടിക്സ് ചലഞ്ച് തുടങ്ങിയ ഉദ്യമങ്ങൾ ആരംഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും വിജയികളെയും അദ്ദേഹം അഭിനന്ദിച്ചു.

“ബഹിരാകാശ മേഖലയിൽ ഒന്നിനുപുറകെ ഒന്നായി നാഴികക്കല്ലുകൾ കൈവരിക്കുന്നത് ഇപ്പോൾ ഇന്ത്യയുടെയും അതിലെ ശാസ്ത്രജ്ഞരുടെയും  സ്വാഭാവിക രീതിയായി മാറിയിരിക്കുന്നു,” ശ്രീ മോദി ആവേശഭരിതനായി പറഞ്ഞു. രണ്ട് വർഷം മുമ്പ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചതും, ബഹിരാകാശത്ത് ഡോക്കിംഗ്-അൺഡോക്കിംഗ് കഴിവുകളുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദേശീയ പതാക ഉയർത്തി എല്ലാ ഇന്ത്യക്കാരെയും അഭിമാനത്തിലാഴ്ത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ മൂന്ന് ദിവസം മുൻപ് കണ്ട കാര്യം അദ്ദേഹം പങ്കുവെച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല ത്രിവർണ്ണ പതാക അദ്ദേഹത്തെ കാണിച്ചപ്പോൾ, അത് സ്പർശിച്ച അനുഭവം വാക്കുകൾക്ക് അതീതമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുമായുള്ള ആശയവിനിമയത്തിൽ പുതിയ ഇന്ത്യയിലെ യുവാക്കളുടെ അതിരുകളില്ലാത്ത ധൈര്യവും അനന്തമായ സ്വപ്നങ്ങളും താൻ കണ്ടുവെന്ന് ശ്രീ മോദി പറഞ്ഞു. ഈ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതിനായി, ഇന്ത്യ "ബഹിരാകാശ സഞ്ചാരി കളുടെ ഒരുകൂട്ടത്തെ (Astronaut Pool)" തയ്യാറാക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബഹിരാകാശ ദിനത്തിൽ, ഈ കൂട്ടത്തിൽ ചേരാനും ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് ചിറകുകൾ നല്കാൻ സഹായിക്കാനും അദ്ദേഹം യുവജനങ്ങളെ ക്ഷണിച്ചു.

സെമി-ക്രയോജനിക് എഞ്ചിനുകൾ, ഇലക്ട്രിക് പ്രൊപ്പൽഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി, താമസിയാതെ ഇന്ത്യ ഗഗൻയാൻ വിക്ഷേപിക്കും. വരുന്ന വർഷങ്ങളിൽ ഇന്ത്യ സ്വന്തമായി ഒരു ബഹിരാകാശ നിലയവും സ്ഥാപിക്കും,” പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇതിനകം ചന്ദ്രനിലും ചൊവ്വയിലും എത്തിക്കഴിഞ്ഞു. ഇനി ബഹിരാകാശത്തിന്റെ കൂടുതൽ ആഴങ്ങളിലേക്ക് സഞ്ചരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകൾക്ക് മനുഷ്യരാശിയുടെ ഭാവിക്കുവേണ്ടിയുള്ള നിർണ്ണായക രഹസ്യങ്ങൾ നൽകാൻ കഴിയുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്  “ആകാശഗംഗകൾക്കപ്പുറമാണ് നമ്മുടെ ചക്രവാളം!” എന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ബഹിരാകാശത്തിന്റെ അനന്തമായ വിശാലത, ഒരു ലക്ഷ്യസ്ഥാനവും അവസാനത്തേതല്ലെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. അതുപോലെ, ബഹിരാകാശ മേഖലയിലെ നയപരമായ പുരോഗതിക്കും ഒരു അവസാനമുണ്ടാകരുതെന്നും  അദ്ദേഹം ഊന്നിപ്പറഞ്ഞു. ചുവപ്പുകോട്ടയിൽ നടത്തിയ തന്റെ പ്രസംഗം ഓർമ്മിപ്പിച്ചുകൊണ്ട്, പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയാണ് ഇന്ത്യയുടെ പാതയെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ ബഹിരാകാശ മേഖലയിൽ രാജ്യം ഒട്ടേറെ വലിയ പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തെപ്പോലെയുള്ള അതിനൂതന മേഖലകൾക്ക് ഒരുകാലത്ത് നിരവധി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ആ നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും സ്വകാര്യമേഖലയ്ക്ക് ബഹിരാകാശ-സാങ്കേതികവിദ്യയിൽ പങ്കാളികളാകാൻ അനുമതി നൽകുകയും ചെയ്തതായി സ്ഥിരീകരിച്ചു. ഇന്നത്തെ പരിപാടിയിൽ സജീവമായി പങ്കെടുത്തുകൊണ്ട് 350-ലധികം സ്റ്റാർട്ടപ്പുകൾ ബഹിരാകാശ സാങ്കേതികവിദ്യയിൽ നവീനാശയങ്ങളുടെയും വളർച്ചയുടെയും ചാലകശക്തിയായി ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സ്വകാര്യമേഖല നിർമ്മിച്ച ആദ്യത്തെ പി.എസ്.എൽ.വി. റോക്കറ്റ് ഉടൻ വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹവും നിർമ്മാണത്തിലിരിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ഒരുകൂട്ടം ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ബഹിരാകാശ മേഖലയിൽ ഇന്ത്യയിലെ യുവാക്കൾക്കായി വലിയ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വിവിധ മേഖലകളിൽ സ്വാശ്രയത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും 2025 ഓഗസ്റ്റ് 15-ന് ചുവപ്പുകോട്ടയിൽ നടത്തിയ തന്റെ പ്രസംഗം ഓർമ്മിപ്പിക്കുകയും ചെയ്തുകൊണ്ട്, ഓരോ മേഖലയെയും സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റാൻ  പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു വെല്ലുവിളി മുന്നോട്ടുവെച്ച് ശ്രീ മോദി ചോദിച്ചു, “അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ മേഖലയിൽ നമുക്ക് അഞ്ച് യൂണികോണുകൾ നിർമ്മിക്കാൻ കഴിയുമോ?”. നിലവിൽ, ഇന്ത്യയിൽ നിന്ന് വർഷം തോറും 5-6 വലിയ വിക്ഷേപണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യമേഖല മുന്നോട്ട് വന്ന്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വർഷം തോറും 50 റോക്കറ്റുകൾ വിക്ഷേപിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഇന്ത്യ എത്തണമെന്ന ആഗ്രഹം പ്രധാനമന്ത്രി  പ്രകടിപ്പിച്ചു. ഈ കാഴ്ചപ്പാട് കൈവരിക്കുന്നതിന് ആവശ്യമായ അടുത്ത തലമുറ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഗവൺമെന്റിന് ഇച്ഛാശക്തിയും ലക്ഷ്യബോധവുമുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബഹിരാകാശ സമൂഹത്തോടൊപ്പം ഓരോ ഘട്ടത്തിലും ഗവണ്മെന്റ്  ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ബഹിരാകാശ സാങ്കേതികവിദ്യയെ ശാസ്ത്രീയമായ പര്യവേക്ഷണത്തിനുള്ള ഉപകരണമായി മാത്രമല്ല, ജീവിതം എളുപ്പമാക്കുന്നതിനുള്ള  മാർഗ്ഗമായി കൂടിയാണ് ഇന്ത്യ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിള ഇൻഷുറൻസ് പദ്ധതികളിലെ ഉപഗ്രഹ അധിഷ്ഠിത വിലയിരുത്തലുകൾ, മത്സ്യത്തൊഴിലാളികൾക്കുള്ള ഉപഗ്രഹം വഴിയുള്ള വിവരങ്ങളും സുരക്ഷയും, ദുരന്ത നിവാരണത്തിനുള്ള ആപ്ലിക്കേഷനുകൾ, പി.എം. ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ ജിയോസ്പേഷ്യൽ ഡാറ്റയുടെ ഉപയോഗം എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് “ബഹിരാകാശ സാങ്കേതികവിദ്യ ഇന്ത്യയിലെ ഭരണത്തിൻ്റെ ഒരു അവിഭാജ്യ ഘടകമായിക്കൊണ്ടിരിക്കുകയാണ്” എന്ന് ശ്രീ മോദി പറഞ്ഞു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതം എളുപ്പമാക്കാൻ നേരിട്ട് സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്നലെ നാഷണൽ മീറ്റ് 2.0 സംഘടിപ്പിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. അത്തരം ഉദ്യമങ്ങൾ തുടരുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പൊതുസേവന ലക്ഷ്യം മുൻനിറുത്തി പുതിയ പരിഹാരങ്ങളും കണ്ടുപിടിത്തങ്ങളും വികസിപ്പിക്കാൻ അദ്ദേഹം ബഹിരാകാശ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ചു. വരും കാലങ്ങളിൽ ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ യാത്ര പുതിയ ഉയരങ്ങളിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, ദേശീയ ബഹിരാകാശ ദിനത്തിൽ അദ്ദേഹം എല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ നേർന്നു.

പരിപാടിയിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

-SK-

(Release ID: 2160101)