പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.


ഉഭയകക്ഷി ബന്ധങ്ങൾക്ക് അതിർത്തിയിലെ സമാധാനവും ശാന്തിയും എത്രത്തോളം പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

പ്രസിഡന്റ് ഷിയുമായി കഴിഞ്ഞ വർഷം കസാനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധങ്ങളിൽഉണ്ടായ സ്ഥായിയും അനുകൂലവുമായ പുരോഗതിയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പ്രസിഡന്റ് ഷിയുടെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.

സുസ്ഥിരവും, മുൻകൂട്ടി കാണാൻ കഴിയുന്നതും, ക്രിയാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങൾ പ്രാദേശിക, ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഗണ്യമായ സംഭാവനകൾ നൽകുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.

Posted On: 19 AUG 2025 7:38PM by PIB Thiruvananthpuram

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വീകരണം നൽകി. 

ടിയാൻജിനിൽ നടക്കാൻപോകുന്ന എസ്‌സി‌ഒ (SCO ) ഉച്ചകോടിയ്ക്കായുള്ള പ്രസിഡന്റ് ഷിയുടെ സന്ദേശവും ക്ഷണവും മിസ്റ്റർ വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൈമാറി. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയെക്കുറിച്ചും, അദ്ദേഹത്തിൻ്റെ സന്ദർശന വേളയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവലിനൊപ്പം അധ്യക്ഷത വഹിച്ച 24-ാമത് പ്രത്യേക പ്രതിനിധികളുടെ യോഗത്തെയും കുറിച്ചുള്ള അനുകൂല അഭിപ്രായങ്ങൾ അദ്ദേഹം പങ്കുവെച്ചു.

അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതിർത്തി പ്രശ്നത്തിന് ന്യായവും, യുക്തിസഹവും, പരസ്പരം സ്വീകാര്യവുമായ പരിഹാരം കാണാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.

കഴിഞ്ഞ വർഷം കസാനിൽ വെച്ച് പ്രസിഡന്റ് ഷിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം, പരസ്പര സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ, കൈലാസ മാനസരോവർ യാത്ര പുനരാരംഭിച്ചത് ഉൾപ്പെടെ ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായിട്ടുള്ള സ്ഥിരവും അനുകൂലവുമായ പുരോഗതിയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

SCO ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് ഷിക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തു. SCO ഉച്ചകോടിയിലെ ചൈനയുടെ അധ്യക്ഷതയ്ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ടിയാൻജിനിൽ വെച്ച് പ്രസിഡന്റ് ഷിയെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും, മുൻകൂട്ടി കാണാൻ കഴിയുന്നതും, ക്രിയാത്മകവുമായ ബന്ധങ്ങൾ പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സമൃദ്ധിക്കും ഗണ്യമായ സംഭാവനകൾ നൽകുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.

-NK-


(Release ID: 2158163)