പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഓഗസ്റ്റ് 17നു ഡൽഹിയിൽ 11,000 കോടി രൂപയുടെ ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ദ്വാരക അതിവേഗപാതയുടെ ഡൽഹി ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

എൻസിആറിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-2 പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹിയിൽ ബഹുതല സമ്പർക്കസൗകര്യമൊരുക്കുന്നതിനും ​തിരക്കു കുറയ്ക്കുന്നതിനും പദ്ധതികൾ സഹായിക്കും

Posted On: 16 AUG 2025 11:15AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12.30നു ഡൽഹിയിലെ രോഹിണിയിൽ ഏകദേശം 11,000 കോടിരൂപയുടെ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി പൊതുയോഗത്തെയും അഭിസംബോധന ചെയ്യും.

ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും സമ്പർക്കസൗകര്യം വളരെയധികം മെച്ചപ്പെടുത്തുക, യാത്രാസമയം കുറയ്ക്കുക, ഗതാഗതക്കുരുക്കു കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ, തലസ്ഥാനത്തെ തിരക്കു കുറയ്ക്കുന്നതിനുള്ള ഗവണ്മെന്റിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്തതാണു ദ്വാരക അതി​വേഗപാതയുടെ ഡൽഹി ഭാഗവും അർബൻ എക്സ്റ്റൻഷൻ റോഡ്-II ഉം (UER-II). ഈ പദ്ധതികൾ ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിച്ചു ജനജീവിതം സുഗമമാക്കുകയും തടസ്സരഹിതയാത്ര ഉറപ്പാക്കുകയും ചെയ്യുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.

ദ്വാരക അതിവേഗപാതയുടെ 10.1 കിലോമീറ്റർ നീളമുള്ള ഡൽഹി ഭാഗം ഏകദേശം 5360 കോടി രൂപ ചെലവിലാണു വികസിപ്പിച്ചത്. യശോഭൂമി, DMRC ബ്ലൂ ലൈൻ, ഓറഞ്ച് ലൈൻ, വരാനിരിക്കുന്ന ബിജ്വാസൻ റെയിൽവേ സ്റ്റേഷൻ, ദ്വാരക ക്ലസ്റ്റർ ബസ് ഡിപ്പോ എന്നിവയിലേക്കു ബഹുതല സമ്പർക്കസൗകര്യവും ഇതൊരുക്കും. ഈ ഭാഗത്തിൽ ഉൾപ്പെടുന്നത് ഇവയാണ്:

* പാക്കേജ് I: ശിവ് മൂർത്തി ഇന്റർസെക്ഷൻമുതൽ ദ്വാരക സെക്ടർ-21ലെ റോഡ് അടിപ്പാലം (RUB) വരെ 5.9 കിലോമീറ്റർ.
* പാക്കേജ് II: ദ്വാരക സെക്ടർ-21 RUB മുതൽ ഡൽഹി-ഹരിയാണ അതിർത്തിവരെ 4.2 കിലോമീറ്റർ; അർബൻ എക്സ്റ്റൻഷൻ റോഡ്-II ലേക്കു നേരിട്ടു സമ്പർക്കസൗകര്യമൊരുക്കുന്നു.

ദ്വാരക അതിവേഗപാതയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാണ ഭാഗം 2024 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

ഏകദേശം 5580 കോടി രൂപ ചെലവിൽ നിർമിച്ച അർബൻ എക്സ്റ്റൻഷൻ റോഡ്-IIന്റെ (UER-II) അലീപുർമുതൽ ദിചാവൂം കലാംവരെയുള്ള പാതയും ബഹാദുർഗഢിലേക്കും സോനീപത്തിലേക്കുമുള്ള പുതിയ റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡൽഹിയിലെ ഇന്നർ-ഔട്ടർ റിങ് റോഡുകളിലും മുകർബ ചൗക്ക്, ധൗള കുവാം, NH-09 തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലും ഇതു ഗതാഗതം സുഗമമാക്കും. പുതിയ പാതകൾ ബഹാദുർഗഢിലേക്കും സോനീപത്തിലേക്കും നേരിട്ടു പ്രവേശനം നൽകുകയും വ്യാവസായിക സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും നഗര ഗതാഗതത്തിരക്കു കുറയ്ക്കുകയും NCR-ലെ ചരക്കുനീക്കം വേഗത്തിലാക്കുകയും ചെയ്യും..

****

SK
 


(Release ID: 2157114)