പ്രധാനമന്ത്രിയുടെ ഓഫീസ്
79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയിലെ പ്രധാന ഭാഗങ്ങൾ
Posted On:
15 AUG 2025 3:52PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിനമായ ഇന്നു ഡൽഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. 103 മിനിറ്റു നീണ്ട ശ്രീ മോദിയുടെ അഭിസംബോധന ചെങ്കോട്ടയിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗമായിരുന്നു, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന നേട്ടത്തിനായുള്ള ധീരമായ രൂപരേഖ അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര അദ്ദേഹം എടുത്തുകാട്ടി.
ഇന്ത്യയുടെ പുരോഗതി സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിലാണു കെട്ടിപ്പടുത്തിരിക്കുന്നതെന്നു വ്യക്തമാക്കി, 2047-ലെ വികസിത ഇന്ത്യക്കായുള്ള കാഴ്ചപ്പാടു ശ്രീ മോദി വിശദീകരിച്ചു. തന്ത്രപരമായ പ്രതിരോധം മുതൽ സെമികണ്ടക്ടറുകൾ വരെയും, സംശുദ്ധ ഊർജം മുതൽ കൃഷി വരെയും, ഡിജിറ്റൽ പരമാധികാരം മുതൽ യുവജനശാക്തീകരണം വരെയുമുള്ള മേഖലകളിൽ, 2047-ഓടെ ഇന്ത്യയെ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും, ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും, സാമൂഹ്യമായി ഉൾക്കൊള്ളുന്നതും, തന്ത്രപരമായി സ്വയംഭരണാധികാരമുള്ളതുമാക്കാനുമാണു മാർഗരേഖ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ അഭിസംബോധനയിലെ പ്രസക്ത ഭാഗങ്ങൾ ഇനി പറയുന്നു:
1. പൊതുവായ കാര്യങ്ങൾ
* നമ്മുടെ ജനങ്ങളുടെ 140 കോടി പ്രതിജ്ഞകളുടെ ആഘോഷമാണു മഹത്തായ ഈ സ്വാതന്ത്ര്യദിനം.
* ഇന്ത്യ തുടർച്ചയായി ഐക്യത്തിന്റെ ചൈതന്യത്തിനു കരുത്തേകുന്നു.
* 75 വർഷമായി, ഇന്ത്യയുടെ ഭരണഘടന ദീപസ്തംഭമായി നമ്മെ നയിക്കുന്നു.
* ഇന്ത്യയുടെ ഭരണഘടനയ്ക്കായി ജീവൻ ബലിയർപ്പിച്ച ആദ്യത്തെ മഹദ്‌വ്യക്തിത്വമായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖർജി.
* പ്രകൃതി നമ്മെയെല്ലാം പരീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനങ്ങൾ, എണ്ണമറ്റ മറ്റു ദുരന്തങ്ങൾ എന്നിങ്ങനെ നിരവധി പ്രകൃതിദുരന്തങ്ങൾ നാം നേരിട്ടു.
* ‘ഓപ്പറേഷൻ സിന്ദൂറി’ലെ ധീരയോദ്ധാക്കളെ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽനിന്ന് അഭിവാദ്യം ചെയ്യാനുള്ള മികച്ച അവസരമാണ് ഇന്നു ലഭിച്ചത്.
* ഇത്രയും കാലം സഹിച്ചുപോന്ന ആണവഭീഷണികൾ ഇനി സഹിക്കില്ലെന്ന് ഇന്ത്യ ഇപ്പോൾ തീരുമാനിച്ചു.
* നമ്മുടെ ശത്രുക്കൾ ഭാവിയിൽ ഭീകരപ്രവർത്തനങ്ങൾ തുടർന്നാൽ, നമ്മുടെ സൈന്യം സ്വന്തം നിബന്ധനകളിൽ, അതു തെരഞ്ഞെടുക്കുന്ന സമയത്ത്, ഉചിതമെന്നു കരുതുന്ന രീതിയിൽ തീരുമാനങ്ങളെടുക്കുകയും, തെരഞ്ഞെടുക്കുന്ന ലക്ഷ്യങ്ങൾ ഭേദിക്കുകയും ചെയ്യും, അതനുസരിച്ചു ഞങ്ങൾ പ്രവർത്തിക്കും. ഞങ്ങൾ ഉചിതമായതും കരുത്തുറ്റതുമായ പ്രതികരണം നൽകും.
* രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ഇന്ത്യ ഇപ്പോൾ തീരുമാനിച്ചു. സിന്ധു ജല ഉടമ്പടി അന്യായമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. നമ്മുടെ കർഷകർ കഷ്ടപ്പെടുമ്പോൾ സിന്ധു നദീജല സംവിധാനത്തിൽനിന്നുള്ള വെള്ളം ശത്രുഭൂമിക്കു ജലസേചനം നൽകി.
* നമ്മുടെ കർഷകരുടെ താൽപ്പര്യത്തിനും രാഷ്ട്രത്തിന്റെ താൽപ്പര്യത്തിനുമായി സിന്ധു ജല ഉടമ്പടി നമുക്ക് അംഗീകരിക്കാനാകില്ല.
* സ്വയംപര്യാപ്ത ഇന്ത്യയാണു വികസിത ഇന്ത്യയുടെ അടിത്തറ.
* ആശ്രയിക്കൽ ശീലമായി മാറുന്നതും, നാം മറ്റുള്ളവരെ ആശ്രയിക്കുന്നതു സ്വയം തിരിച്ചറിയാതിരിക്കുന്നതും സ്വയംപര്യാപ്തത ഇല്ലാതാകുന്നതും മറ്റുള്ളവരെ ആശ്രയിക്കുന്നതും വലിയ ദൗർഭാഗ്യമാണ്.
* സ്വയംപര്യാപ്തത നമ്മുടെ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വയംപര്യാപ്തത കുറയാൻ തുടങ്ങുമ്പോൾ, നമ്മുടെ കഴിവും നിരന്തരം കുറയുന്നു. അതിനാൽ, നമ്മുടെ കഴിവുകൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും, സ്വയംപര്യാപ്തത പുലർത്തേണ്ടത് അനിവാര്യമാണ്.
* ഇന്ത്യ ഇന്ന് എല്ലാ മേഖലകളിലും ആധുനിക ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ്. ആധുനിക ആവാസവ്യവസ്ഥ നമ്മുടെ രാജ്യത്തെ എല്ലാ മേഖലകളെയും സ്വയംപര്യാപ്തമാക്കും.
* “രാജ്യത്തെ യുവാക്കളോട് അവരുടെ നൂതന ആശയങ്ങൾ മുന്നോട്ടുകൊണ്ടുവരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. ഇന്നത്തെ ആശയം വരുംതലമുറകളുടെ ഭാവിയെ രൂപപ്പെടുത്തും. ഈ യാത്രയിൽ ഞാൻ നിങ്ങളോടൊപ്പം തോളോടുതോൾ ചേർന്നു നിൽക്കും” - ശ്രീ മോദി പറഞ്ഞു.
* തദ്ദേശീയ വാക്സിനുകളും കോവിൻ പോലുള്ള പ്ലാറ്റ്‌ഫോമുകളും ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു ജീവൻ രക്ഷിച്ചു. ഇന്ത്യയുടെ കോവിഡ്-19 പ്രതികരണത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്, ഈ നവീകരണ മനോഭാവം നാം വികസിപ്പിക്കണം.
* നമ്മുടെ ശാസ്ത്രജ്ഞരും യുവാക്കളും നമ്മുടെ സ്വന്തം ജെറ്റ് എൻജിനുകൾ നിർമിക്കുന്നതു വെല്ലുവിളിയായി ഏറ്റെടുക്കണം.
• ഗവേഷകരും സംരംഭകരും പുതിയ മരുന്നുകൾക്കും മെഡിക്കൽ സാങ്കേതികവിദ്യകൾക്കും പേറ്റന്റുകൾ നേടണം. ഇന്ത്യ സ്വന്തം ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, വൈദ്യശാസ്ത്ര സ്വയംപര്യാപ്തതയുടെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമായി മാറുകയും, ശാസ്ത്രം, സാങ്കേതികവിദ്യ, മനുഷ്യക്ഷേമം എന്നിവയിൽ നേതൃത്വം വഹിക്കാനുള്ള രാജ്യത്തിന്റെ കഴിവു തെളിയിക്കുകയും വേണം.
* ദേശീയ നിർമാണ ദൗത്യം വളരെ വേഗത്തിൽ പുരോഗമിക്കുന്നു.
* ഇന്ത്യയുടെ ബജറ്റിന്റെ വലിയൊരു പങ്ക് ഇപ്പോഴും പെട്രോൾ, ഡീസൽ, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിനാണ്. ഇന്ത്യയുടെ സമുദ്ര ഊർജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതിനും, ഊർജസ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും വിദേശ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനുമായി ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം ആരംഭിക്കും. ഇതു പൂർണമായും സ്വതന്ത്രവും ശക്തവുമായ ഇന്ത്യയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ്.
* പൗരന്മാരും കടയുടമകളും “വോക്കൽ ഫോർ ലോക്കൽ” സംരംഭത്തിനു കീഴിൽ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കണം.
* സ്വദേശി എന്നതു നിർബന്ധത്തിലൂടെയല്ല, അഭിമാനത്തിലൂടെയും ശക്തിയിലൂടെയുമാണ് ഉണ്ടാകേണ്ടത്.
* സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും, സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും, ഇന്ത്യയുടെ സാമ്പത്തിക- വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും കടകൾക്കു മുന്നിൽ “സ്വദേശി” ബോർഡുകൾ പോലുള്ള ദൃശ്യമായ പ്രോത്സാഹനത്തിനായി നാം ശ്രമിക്കണം.
* ഇന്ത്യയുടെ ശക്തി അതിന്റെ ജനങ്ങൾ, നവീകരണം, സ്വയംപര്യാപ്തതയ്ക്കായുള്ള പ്രതിജ്ഞാബദ്ധത എന്നിവയിലാണ്.
* കഴിഞ്ഞ ദശകത്തിൽ, ഇന്ത്യ പരിഷ്കാരങ്ങൾ, പ്രവർത്തനം, പരിവർത്തനം എന്നിവയിൽ വ്യാപൃതമായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
* നിയമങ്ങളും നിയന്ത്രണങ്ങളും പ്രക്രിയകളും ലളിതമാക്കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനു സംഭാവന നൽകുകയും ചെയ്യുന്ന, ആധുനികവും കാര്യക്ഷമവും പൗരസൗഹൃദപരവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ നമ്മുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
* അടുത്തതലമുറ പരിഷ്കാരങ്ങൾക്കായുള്ള ദൗത്യസംഘത്തിനു രൂപംനൽകും. അതു സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും വിലയിരുത്തും. ദൗത്യസംഘം നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവർത്തിച്ച്:
സ്റ്റാർട്ടപ്പുകൾ, MSME-കൾ, സംരംഭകർ എന്നിവർക്കുള്ള നിബന്ധനകൾ പാലിക്കൽ ചെലവുകൾ കുറയ്ക്കും
ഏകപക്ഷീയമായ നിയമനടപടികളെക്കുറിച്ചുള്ള ഭയത്തിൽനിന്നു മോചനം നൽകും
വ്യവസായം സുഗമമാക്കുന്നതിനു നിയമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കും
* നവീകരണം, സംരംഭകത്വം, സാമ്പത്തിക വളർച്ച എന്നിവയ്‌ക്കു പിന്തുണയേകുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം.
* സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള സമ്പൂർണതാസമീപനത്തോടെയാണു ഞങ്ങൾ പ്രവർത്തിക്കുന്നത്.
* ഇന്ന്, സമ്പൂർണതാസമീപനവുമായി ഗവണ്മെന്റ് ഏവരുടെയും വീട്ടുപടിക്കൽ എത്തുന്നു. കോടിക്കണക്കിനു ഗുണഭോക്താക്കൾ ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നുണ്ട്. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം യഥാർഥത്തിൽ വിപ്ലവകരമായ ചുവടുവയ്പ്പാണ്.
* ഇന്ന്, കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടിയിലധികം ദരിദ്രർ, ദാരിദ്ര്യത്തെ മറികടന്ന്, അതിൽനിന്നു പുറത്തുകടന്ന്, പുതിയ “നവ-മധ്യവർഗം” സൃഷ്ടിച്ചു.
* സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു മാത്രമല്ല, വികസനം കാംക്ഷിക്കുന്ന ജില്ല-ബ്ലോക്ക് പദ്ധതികളിലൂടെ പിന്നാക്ക പ്രദേശങ്ങൾക്കും മുൻഗണന നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
* ഇന്ത്യ ഇനി ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. തദ്ദേശീയ സാങ്കേതികവിദ്യയെയും പ്രതിരോധ പ്ലാറ്റ്‌ഫോമുകളെയും പൂർണമായും ആശ്രയിച്ച്, വേഗത്തിലും നിർണായകമായും പ്രവർത്തിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ ഈ പ്രവർത്തനം അടിവരയിടുന്നു.
* മറ്റുള്ളവരെ ആശ്രയിക്കുന്നതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു. ആശ്രയിക്കുന്നതു ശീലമായി മാറുമ്പോൾ, അത് അപകടകരമാകും. അതുകൊണ്ടാണു നാം സ്വയംപര്യാപ്തരാകാൻ ബോധവാന്മാരാകുകയും പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യേണ്ടത്. സ്വയംപര്യാപ്തത എന്നതു കയറ്റുമതി, ഇറക്കുമതി, രൂപ അല്ലെങ്കിൽ ഡോളർ എന്നിവയെക്കുറിച്ചല്ല. അതു നമ്മുടെ കഴിവുകളെക്കുറിച്ചും സ്വന്തമായി നിൽക്കാനുള്ള നമ്മുടെ ശക്തിയെക്കുറിച്ചുമാണ്.
• പരിഷ്കരണം എന്നതു സാമ്പത്തികകാര്യങ്ങളെക്കുറിച്ചു മാത്രമല്ല, പൗരന്മാരുടെ ദൈനംദിന ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ചുകൂടിയാണ്.
* നമ്മുടെ ഗവൺമെന്റ് ഏറ്റെടുത്ത പരിഷ്കാരങ്ങൾ, സാധാരണക്കാർക്കു സൗകര്യവും നീതിയും ശാക്തീകരണവും അനുഭവിക്കാൻ കഴിയുന്ന ആധുനിക-പൗരകേന്ദ്രീകൃത ഗവണ്മെന്റിനെ സൂചിപ്പിക്കുന്നു.
* ഘടനാപരവും നിയന്ത്രണപരവും നയപരവും പ്രക്രിയാപരവുമായ പരിഷ്കാരങ്ങൾ, ഭരണസംവിധാനം ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രം കെട്ടിപ്പടുക്കൽ എന്നിവയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
* മറ്റുള്ളവരുടെ പരിമിതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഇന്ത്യ സ്വന്തം പുരോഗതിയുടെ പാത വികസിപ്പിക്കണം.
* വർധിച്ചുവരുന്ന സാമ്പത്തിക സ്വാർഥതാൽപ്പര്യങ്ങളുടെ ലോകത്ത്, ഇന്ത്യയുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിലും, അവസരങ്ങൾ വികസിപ്പിക്കുന്നതിലും, പൗരന്മാരെ ശാക്തീകരിക്കുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ പരിഷ്കാരങ്ങൾ ഭരണപരിവർത്തനത്തിന്റെ ത്വരിതപ്പെടുത്തിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുന്നു. ഇത് ഇന്ത്യ കൂടുതൽ പ്രതിരോധശേഷിയുള്ളതും, ഉൾക്കൊള്ളുന്നതും, ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാണെന്ന് ഉറപ്പാക്കുന്നു.
* ഓരോ ഇന്ത്യക്കാരനും ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെയോ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ സമ്പന്നവും ശക്തവും വികസിതവുമായ ഇന്ത്യ ഉറപ്പാക്കുന്നതിന് ശാസ്ത്രീയ-സാങ്കേതിക-സംരംഭക ഉദ്യമങ്ങളിൽ പങ്കെടുക്കുന്നതിലൂടെയോ രാഷ്ട്രനിർമാണത്തിനു സംഭാവന നൽകണം.
* വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്ന കാര്യത്തിൽ, നാം ശ്രമം നിർത്തുകയോ മുട്ടുമടക്കുകയോ ചെയ്യില്ല. നാം കഠിനാധ്വാനം ചെയ്യും. 2047-ൽ നമ്മുടെ കൺമുന്നിൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കും.
* നമ്മുടെ ജീവിതത്തിലും, നമ്മുടെ സംവിധാനങ്ങളിലും, നമ്മുടെ നിയമങ്ങളിലും, ചട്ടങ്ങളിലും പാരമ്പര്യങ്ങളിലും അടിമത്തത്തിന്റെ കണിക പോലും അവശേഷിക്കാൻ ഞങ്ങൾ അനുവദിക്കില്ല. എല്ലാത്തരം അടിമത്തത്തിൽനിന്നും മോചനം നേടുന്നതുവരെ നാം വിശ്രമിക്കില്ല.
* നമ്മുടെ പൈതൃകത്തിൽ നാം അഭിമാനിക്കും. നമ്മുടെ സ്വത്വത്തിന്റെ ഏറ്റവും വലിയ അലങ്കാരം, ഏറ്റവും വലിയ രത്നം, ഏറ്റവും വലിയ മകുടം നമ്മുടെ പൈതൃകമാണ്. നമ്മുടെ പൈതൃകത്തിൽ നാം അഭിമാനിക്കും.
* ഇവയിൽ ഏറ്റവും ശക്തമായ തത്വമാണ് ഐക്യം. അതിനാൽ, ആർക്കും ഐക്യത്തിന്റെ നൂൽ പൊട്ടിക്കാൻ കഴിയില്ല എന്നതാണു നമ്മുടെ കൂട്ടായ ദൃഢനിശ്ചയം.
2. പ്രതിരോധ മന്ത്രാലയം
* ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെയും തന്ത്രപരമായ സ്വയംഭരണത്തിന്റെയും ആവിഷ്കാരമാണ് ‘ഓപ്പറേഷൻ സിന്ദൂർ’.
* പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തതയ്ക്കായുള്ള കഴിഞ്ഞ പത്തു വർഷത്തെ നമ്മുടെ സ്ഥിരമായ ദൗത്യത്തിന്റെ ഫലങ്ങൾ ‘ഓപ്പറേഷൻ സിന്ദൂറി’ൽ ദൃശ്യമായി.
* ഇന്ത്യൻ നിർമിത ആയുധങ്ങൾ ഉപയോഗിച്ച്, ഭീകരശൃംഖലകളും പാകിസ്ഥാൻ ആസ്ഥാനമായുള്ള അടിസ്ഥാനസൗകര്യങ്ങളും ഈ ഓപ്പറേഷൻ തകർത്തു. ഇന്ത്യ ഇനി ആണവ ഭീഷണികളോ വിദേശ നിബന്ധനകളിലുള്ള ഭീഷണികളോ സ്വീകരിക്കാത്ത പുതിയ യുഗത്തിന്റെ സൂചന നൽകി.
* ഇന്ത്യൻ നിർമിത ആയുധങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ കഴിവുകൾ, ഇന്ത്യയെ നിർണായകമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നു. ഇതു ദേശീയ സുരക്ഷയ്ക്കു വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതു തുടരാനാകില്ലെന്നു തെളിയിക്കുന്നു.
* ഇന്ത്യൻ നൂതനാശയ ഉപജ്ഞാതാക്കളും യുവാക്കളും ഇന്ത്യയിൽ ജെറ്റ് എൻജിനുകൾ വികസിപ്പിക്കണം. ഭാവി പ്രതിരോധ സാങ്കേതികവിദ്യ പൂർണമായും സ്വദേശീയവും സ്വയംപര്യാപ്തവുമാണെന്ന് ഉറപ്പാക്കണം.
* ആധുനിക പ്രതിരോധ നവീകരണങ്ങളെ നയിക്കാൻ ഇന്ത്യ സമ്പന്നമായ സാംസ്കാരികവും പുരാണപരവുമായ പൈതൃകത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ ആക്രമണ-പ്രതിരോധ ശേഷികൾ ശക്തിപ്പെടുത്തുന്നതിനും, ശത്രുവിന്റെ പ്രതിരോധ നുഴഞ്ഞുകയറ്റങ്ങളെ നിർവീര്യമാക്കുന്നതിനും ഇന്ത്യയുടെ ആക്രമണ ശേഷികൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള “സുദർശനചക്രദൗത്യ”ത്തിനു നാം തുടക്കംകുറിക്കുന്നു.
* ശ്രീകൃഷ്ണന്റെ സുദർശനചക്രത്തിനു സമാനമായി, ഈ ദൗത്യം ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തോടുള്ള പ്രതിജ്ഞാബദ്ധതയെ അടിവരയിടുന്നു. ഏതു ഭീഷണിയിലും, വേഗത്തിലും കൃത്യമായും കരുത്തോടെയുമുള്ള പ്രതികരണങ്ങൾ ഉറപ്പാക്കുന്നു.
• ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ ശക്തിപ്പെടുത്തുന്നതിനും ദ്രുതവും കൃത്യവും ശക്തവുമായ പ്രതിരോധ പ്രതികരണങ്ങൾ വർധിപ്പിക്കുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തത്.
* 2035-ഓടെ എല്ലാ പൊതുസ്ഥലങ്ങളും വിപുലീകരിച്ച രാജ്യവ്യാപക സുരക്ഷാകവചത്തിനു കീഴിൽവരും. ഇതു രാജ്യത്തിനു സമഗ്രമായ സംരക്ഷണം ഉറപ്പാക്കുകയും സ്വയംപര്യാപ്തമായ പ്രതിരോധത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രദർശിപ്പിക്കുകയും ചെയ്യും.
3. ധനകാര്യ മന്ത്രാലയം
* ദീപാവലിയോടെ നടപ്പാക്കുന്ന, പുതുതലമുറ GST പരിഷ്കാരങ്ങൾ ദൈനംദിന അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കുകയും MSME-കൾ, പ്രാദേശിക വിൽപ്പനക്കാർ, ഉപഭോക്താക്കൾ എന്നിവർക്കു പ്രയോജനം നൽകുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും കൂടുതൽ കാര്യക്ഷമവും പൗരസൗഹൃദപരവുമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.
* നികുതി സമ്പ്രദായം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് ആദായ നികുതി പരിഷ്കരണവും ഫെയ്‌സ്‌ലെസ് മൂല്യനിർണയവും അവതരിപ്പിച്ചു.
* 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കിയത് രാഷ്ട്രനിർമാണത്തിനു സംഭാവന നൽകാൻ ആഗ്രഹിക്കുന്ന എന്റെ മധ്യവർഗ കുടുംബങ്ങൾക്കു വലിയ സന്തോഷം നൽകി.
* ഉൽപ്പാദനത്തിലെ നമ്മുടെ ശക്തി ലോകം തിരിച്ചറിയണമെങ്കിൽ, ‘സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ് ഉൽപ്പന്നങ്ങൾ’ നിർമിച്ച് ഗുണനിലവാരത്തിൽ നിരന്തരം പുതിയ ഉയരങ്ങൾ താണ്ടണം.
* നമ്മുടെ ഓരോ ഉൽപ്പന്നത്തിനും ഉയർന്ന മൂല്യമുണ്ടായിരിക്കണം, പക്ഷേ, ചെലവു കുറവായിരിക്കണം. ഈ മനോഭാവത്തോടെയാണു നാം മുന്നോട്ടു പോകേണ്ടത്.
* ആഗോള അസ്ഥിരതയ്ക്കിടയിൽ, ഇന്ത്യയുടെ സാമ്പത്തിക അച്ചടക്കവും ഇന്ത്യയുടെ ധനകാര്യ ഊർജവും പ്രതീക്ഷയുടെ കിരണമായി തുടരുന്നു. ലോകം മുഴുവൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വിശ്വാസം പ്രകടിപ്പിക്കുന്നു.
4 . ആഭ്യന്തര മന്ത്രാലയം
* ഇന്ത്യയുടെ ജനസംഖ്യാപരമായ അഖണ്ഡത സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്.
* അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റവും അനധികൃത കുടിയേറ്റവും കാരണം ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പൗരന്മാരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കും.
* ഇന്ത്യയുടെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ ഉറപ്പാക്കാനും, തന്ത്രപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാനും ലക്ഷ്യമിട്ട് ഒരു ഉന്നതതല ജനസംഖ്യാ ദൗത്യം (High-Powered Demography Mission) ആരംഭിക്കും.
* നമ്മുടെ ഗോത്രമേഖലകളും യുവജനങ്ങളും മാവോയിസത്തിൻ്റെ പിടിയിലായിരുന്നു. ഇന്ന് നമ്മൾ അത് 125-ൽ അധികം ജില്ലകളിൽ നിന്ന് വെറും 20-ലേക്ക് കുറച്ചിരിക്കുന്നു.
* ഒരുകാലത്ത് 'ചുവപ്പ് ഇടനാഴി' (റെഡ് കോറിഡോർ) എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ ഹരിത വികസന ഇടനാഴികളായി മാറുന്നു. ഇത് നമുക്ക് അഭിമാനകരമായ കാര്യമാണ്.
* ഒരുകാലത്ത് ഭാരതത്തിൻ്റെ ഭൂപടത്തിൽ രക്തത്താൽ ചുവന്നുകിടന്ന ആ ഭാഗങ്ങളിൽ, നമ്മൾ ഇപ്പോൾ ഭരണഘടനയുടെയും, നിയമവാഴ്ചയുടെയും, വികസനത്തിൻ്റെയും ത്രിവർണ്ണ പതാക ഉയർത്തിയിരിക്കുന്നു.
5 . കൃഷി, കർഷക ക്ഷേമ മന്ത്രാലയം
* ആശ്രിതത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ നട്ടെല്ലാണ് ഇവിടുത്തെ കർഷകർ.
* കോളനി ഭരണം രാജ്യത്തെ ദരിദ്രമാക്കിയിരുന്നു, എന്നാൽ കർഷകരുടെ അശ്രാന്ത പരിശ്രമമാണ് ഭാരതത്തിൻ്റെ ധാന്യപ്പുരകൾ നിറയ്ക്കുകയും രാജ്യത്തിൻ്റെ ഭക്ഷ്യ പരമാധികാരം ഉറപ്പാക്കുകയും ചെയ്തത്.
* കർഷകരുടെ താൽപ്പര്യങ്ങളിൽ രാജ്യം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.
* "ദോഷകരമായ ഏതൊരു നയത്തിനും എതിരെ കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും വേണ്ടി ഒരു മതിൽ പോലെ ഞാൻ നിലകൊണ്ടു, അവരുടെ അവകാശങ്ങളും ഉപജീവനമാർഗ്ഗവും സംരക്ഷിച്ചു," പ്രധാനമന്ത്രി പറഞ്ഞു.
* കഴിഞ്ഞ വർഷം, ഇന്ത്യൻ കർഷകർ ധാന്യ ഉൽപ്പാദനത്തിൽ എല്ലാ മുൻകാല റെക്കോർഡുകളും ഭേദിച്ചു.
* പാൽ, പയർവർഗ്ഗങ്ങൾ, ചണം എന്നിവയുടെ ഉൽപ്പാദനത്തിൽ രാജ്യം ഒന്നാം സ്ഥാനത്തും, അരി, ഗോതമ്പ്, പരുത്തി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ രണ്ടാം സ്ഥാനത്തുമാണ്. ഇത് കൃഷി രാജ്യ വികസനത്തിൻ്റെ ആണിക്കല്ലായി തുടരുന്നു എന്ന് കാണിക്കുന്നു.
* കാർഷിക കയറ്റുമതി ₹4 ലക്ഷം കോടി കടന്നു, ഇത് രാജ്യത്തിൻ്റെ ആഗോള മത്സരശേഷി പ്രതിഫലിക്കുന്നു.
* കർഷകരെ കൂടുതൽ ശാക്തീകരിക്കാൻ, 100 പിന്നാക്ക കാർഷിക ജില്ലകൾക്കായി പിഎം ധൻ-ധാന്യ കൃഷി യോജന ആരംഭിച്ചു. പിഎം-കിസാൻ, ജലസേചന പദ്ധതികൾ, കന്നുകാലി സംരക്ഷണ പരിപാടികൾ എന്നിവയിലൂടെ ഇന്ത്യയുടെ സമൃദ്ധിയുടെ നട്ടെല്ല് ശക്തവും സ്ഥിരതയുള്ളതുമാണെന്ന് ഇത് ഉറപ്പാക്കുന്നു.
* പിഎം കിസാൻ സമ്മാൻ നിധി, മഴവെള്ള സംഭരണം, ജലസേചന പദ്ധതികൾ, ഗുണമേന്മയുള്ള വിത്തുകളുടെ വിതരണം, സമയബന്ധിതമായ വളം ലഭ്യത തുടങ്ങിയ ഗവണ്മെന്റ് പദ്ധതികൾ രാജ്യത്തുടനീളമുള്ള കർഷകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
6. മൃഗസംരക്ഷണ മന്ത്രാലയം
* കുളമ്പ് രോഗം തടയാൻ ഉത്തരേന്ത്യയിൽ മാത്രം കന്നുകാലികൾക്ക് 125 കോടിയോളം സൗജന്യ വാക്സിനേഷൻ ഡോസുകൾ നൽകി.
7. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം
• 50-60 വർഷങ്ങൾക്ക് മുൻപ് സെമികണ്ടക്ടർ ഫാക്ടറികൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ "തുടക്കത്തിലേ ഇല്ലാതാക്കി", അതേസമയം മറ്റ് രാജ്യങ്ങൾ അഭിവൃദ്ധി പ്രാപിച്ചു. ഇന്ത്യ ഇപ്പോൾ സെമികണ്ടക്ടർ നിർമ്മാണ ദൗത്യത്തിലാണ്.
• നിർണായക സാങ്കേതിക മേഖലകളിലെ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ശക്തിയെ പ്രതിഫലിച്ചുകൊണ്ട്, 'മെയ്ഡ് ഇൻ ഇന്ത്യ' സെമികണ്ടക്ടർ ചിപ്പുകൾ 2025 അവസാനത്തോടെ ഇന്ത്യ പുറത്തിറക്കും.
• ആഗോള മത്സരശേഷിക്കായി നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ, ഡീപ്-ടെക്, ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയ മേഖലകളിൽ നവീകരണം അത്യാവശ്യമാണ്.
8. ബഹിരാകാശ വകുപ്പ്
• ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ഇന്ത്യ മുഴുവൻ സന്തോഷിക്കുന്നു.
• തദ്ദേശീയ ബഹിരാകാശ ശേഷിയുടെ പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട്, 'ആത്മനിർഭർ ഭാരത് ഗഗൻയാൻ' ദൗത്യത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നു. സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള അഭിലാഷകരമായ പദ്ധതികളും രാജ്യത്തിനുണ്ട്.
• ഉപഗ്രഹങ്ങൾ, ബഹിരാകാശ പര്യവേക്ഷണം, നൂതന ബഹിരാകാശ സാങ്കേതിക വിദ്യകൾ എന്നിവയിൽ 300-ൽ അധികം സ്റ്റാർട്ടപ്പുകൾ സജീവമായി പ്രവർത്തിക്കുന്നു. ഇത് ബഹിരാകാശ ശാസ്ത്രത്തിലും പര്യവേക്ഷണത്തിലും ഇന്ത്യ ഒരു പങ്കാളി മാത്രമല്ല, ആഗോളതലത്തിൽ ഒരു നേതാവായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഉറപ്പാക്കുന്നു.
9. ആണവോർജ്ജ വകുപ്പ്
• നിലവിൽ 10 പുതിയ ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 100-ാം വർഷത്തോടെ, രാജ്യത്തിൻ്റെ ആണവോർജ്ജ ശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കാനും ഊർജ്ജ സ്വാശ്രയത്വം ശക്തിപ്പെടുത്താനും സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കാനും രാജ്യം ലക്ഷ്യമിടുന്നു.
* ഊർജ്ജ-സാങ്കേതിക മേഖലകളിൽ അഭൂതപൂർവ്വമായ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ആണവ രംഗം സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുക്കുകയാണ്.
* ഇന്ത്യ ഊർജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്നില്ലെങ്കിൽ, അതുവഴി ലാഭിക്കുന്ന പണം കർഷകരുടെ ക്ഷേമത്തിനായി ഉപയോഗിക്കാൻ കഴിയും, ഇത് രാജ്യത്തിൻ്റെ സമൃദ്ധിയുടെ നെടുംതൂണിനെ കൂടുതൽ ശക്തിപ്പെടുത്തും.
10. തൊഴിൽ, ഉദ്യോഗ മന്ത്രാലയം
* പിഎം വികസിത് ഭാരത് റോസ്ഗാർ യോജന എന്ന പേരിൽ ഒരു ലക്ഷം കോടി രൂപയുടെ ഒരു ബൃഹത് തൊഴിൽ പദ്ധതി ആരംഭിക്കും. പദ്ധതി പ്രകാരം, പുതുതായി ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് 15,000 രൂപ ലഭിക്കും. മൂന്ന് കോടി യുവ ഇന്ത്യക്കാർക്ക് പ്രയോജനം ലഭ്യമാക്കാനും, സ്വതന്ത്ര ഭാരതത്തിൽ നിന്ന് സമൃദ്ധ ഭാരതത്തിലേക്കുള്ള മാർഗം ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
* ഈ ഉദ്യമം ഇന്ത്യയുടെ ജനസംഖ്യാപരമായ സാധ്യതകളെ യഥാർത്ഥ സാമ്പത്തികവും സാമൂഹികവുമായ സമൃദ്ധിയായി രൂപാന്തരപ്പെടുത്തും. സ്വതന്ത്ര ഭാരതത്തിൽ നിന്ന് സമൃദ്ധ ഭാരതത്തിലേക്കുള്ള പാലം ശക്തിപ്പെടുത്തുകയും രാജ്യത്തിൻ്റെ പുരോഗതിക്കും വികസനത്തിനും സജീവമായി സംഭാവന ചെയ്യാനുതകുന്ന രീതിയിൽ യുവാക്കളെ ശാക്തീകരിക്കുകയും ചെയ്യും.
11. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ മന്ത്രാലയം
• അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങൾ വരുന്ന ദീപാവലിക്ക് പുറത്തിറക്കും. ഇത് അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കുകയും, എംഎസ്എംഇകൾക്കും, പ്രാദേശിക വ്യാപാരികൾക്കും, ഉപഭോക്താക്കൾക്കും ആശ്വാസം നൽകുകയും ചെയ്യും.
• സ്റ്റാർട്ടപ്പുകൾക്കും, എംഎസ്എംഇകൾക്കും, സംരംഭകർക്കും വേണ്ടിയുള്ള ഗവണ്മെന്റ് പരിഷ്കാരങ്ങൾ, നിയമപരമായ ബാധ്യതകൾ കുറയ്ക്കുകയും കാലഹരണപ്പെട്ട നിയമവ്യവസ്ഥകളെക്കുറിച്ചുള്ള ഭയത്തിൽ നിന്ന് അവരെ മുക്തരാക്കുകയും ചെയ്യും. ഇത് ബിസിനസ് വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും നവീകരണത്തെയും സാമ്പത്തിക സ്വയംപര്യാപ്തതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
12. രാസവള മന്ത്രാലയം
• ഇന്ത്യയെ ലോകത്തിൻ്റെ 'ഫാർമസി' ആയി സ്വയം ശക്തിപ്പെടുത്തണം.
• ഗവേഷണത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപം നടത്തേണ്ടത് അത്യാവശ്യമാണ്.
• "മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഏറ്റവും മികച്ചതും താങ്ങാനാവുന്നതുമായ മരുന്നുകൾ നൽകേണ്ടത് നമ്മളായിരിക്കേണ്ടതല്ലേ?"
• ആഭ്യന്തര ഫാർമസ്യൂട്ടിക്കൽ നവീകരണത്തിൽ ഇന്ത്യയുടെ വളരുന്ന ശക്തി, പുതിയ മരുന്നുകളും, വാക്സിനുകളും, ജീവൻരക്ഷാ ചികിത്സകളും പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നു.
• ഭക്ഷ്യസുരക്ഷ, ഇറക്കുമതിയെ ആശ്രയിക്കുന്നത് അനുവദിക്കാൻ പാടില്ല.
• രാജ്യത്തിൻ്റെ സാമ്പത്തിക പരമാധികാരം ശക്തിപ്പെടുത്തുന്നതിനും കർഷകരെ ശാക്തീകരിക്കുന്നതിനും ഭാരതത്തിന്റെ കൃഷി സ്വയംപര്യാപ്തമായി അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന തരത്തിൽ രാസവളങ്ങളുടെയും മറ്റ് പ്രധാന അസംസ്കൃത വസ്തുക്കളുടെയും ആഭ്യന്തര ഉത്പാദനം അടിയന്തിരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്.
• മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ, ഇന്ത്യയുടെ ആവശ്യകതക്കനുസരിച്ച് സ്വന്തമായി വളങ്ങൾ നിർമ്മിക്കാൻ നമ്മൾ പുതിയ വഴികൾ കണ്ടെത്തണം.
• കർഷകരുടെ ക്ഷേമത്തിന് മാത്രമല്ല, രാജ്യത്തിൻ്റെ സാമ്പത്തിക പരമാധികാരം ശക്തിപ്പെടുത്തുന്നതിനും ഇത് നിർണായകമാണ്.
13. വനിതാ & ശിശു വികസന മന്ത്രാലയം
* വനിതാ സ്വയംസഹായ സംഘങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു, അവരുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള വിപണികളിൽ എത്തുന്നു.
* സ്റ്റാർട്ടപ്പുകൾ മുതൽ ബഹിരാകാശ മേഖല വരെ, കായികം മുതൽ സായുധ സേന വരെ, എല്ലാ മേഖലയിലും ഇന്ത്യയുടെ പെൺമക്കൾ ആധിപത്യം സ്ഥാപിക്കുന്നു. തോളോട് തോൾ ചേർന്ന് രാജ്യത്തിൻ്റെ വികസന യാത്രയിൽ അവർ അഭിമാനത്തോടെ പങ്കുചേരുന്നു.
* നമോ ഡ്രോൺ ദീദി നാരീശക്തിക്ക് ഒരു പുതിയ സ്വത്വം നൽകി.
* മൂന്ന് കോടി വനിതകളെ 'ലഖ്പതി ദീദിമാർ' ആക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
14. നിയമ, നീതിന്യായ മന്ത്രാലയം
* കഴിഞ്ഞ വർഷങ്ങളിൽ ഗവണ്മെന്റ് ചരിത്രപരമായ ഒട്ടേറെ പരിഷ്കാരങ്ങളുടെ തരംഗം സൃഷ്ടിച്ചു. 40,000-ൽ അധികം അനാവശ്യ നിയമങ്ങൾ ഒഴിവാക്കുകയും 1,500-ൽ അധികം കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ചെയ്തു.
* പൗരന്മാരുടെ താൽപ്പര്യങ്ങൾ മുൻനിർത്തിക്കൊണ്ട് പാർലമെന്റിലൂടെ ഡസൻ കണക്കിന് മറ്റ് നിയമങ്ങൾ ലഘൂകരിച്ചു.
* പാർലമെന്റിന്റെ സമീപകാല സമ്മേളനത്തിൽ മാത്രം, 280-ലധികം വ്യവസ്ഥകൾ നീക്കം ചെയ്തുകൊണ്ട് ഭരണം ലളിതവും ഓരോ ഇന്ത്യക്കാരനും കൂടുതൽ പ്രാപ്യവുമാക്കി.
* പീനൽ കോഡ് റദ്ദാക്കി, പൗരന്മാരിൽ വിശ്വാസം, സ്വന്തമാണെന്ന ബോധം, സംവേദനക്ഷമത എന്നിവ ഉൾക്കൊള്ളുന്ന ഭാരതീയ ന്യായ് സംഹിത കൊണ്ടുവന്നു.
15. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
അമിതവണ്ണം നമ്മുടെ രാജ്യത്തിന് ഒരു വലിയ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നു.
• അമിതവണ്ണത്തിനെതിരെ പോരാടുന്നതിന് ഓരോ കുടുംബവും പാചക എണ്ണയുടെ ഉപയോഗം 10% കുറയ്ക്കുമെന്ന് ദൃഢനിശ്ചയം ചെയ്യണം.
16. ഗോത്രകാര്യ മന്ത്രാലയം
* മാവോയിസത്തിൽ നിന്നും നക്സലിസത്തിൽ നിന്നും മോചിതരായ ശേഷം, ബസ്തറിലെ യുവാക്കൾ ഇന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്നു.
* ഈ വർഷം ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികമാണ്. ഈ ഗോത്രമേഖലകളെ നക്സലിസത്തിൽ നിന്ന് മോചിപ്പിച്ച് ഗോത്രകുടുംബങ്ങളിലെ യുവജനങ്ങളുടെ ജീവൻ രക്ഷിച്ചതിലൂടെ നമ്മൾ അദ്ദേഹത്തിന് യഥാർത്ഥ ആദരം നൽകി.
17. സാംസ്കാരിക മന്ത്രാലയം
* നമ്മുടെ സംസ്കാരത്തിൻ്റെയും മൂല്യങ്ങളുടെയും സംരക്ഷണത്തിനായി സർവവും ത്യജിച്ച ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികമാണ് ഈ വർഷം.
* നമ്മുടെ സംസ്കാരത്തിൻ്റെ ശക്തി അതിൻ്റെ വൈവിധ്യത്തിലാണ്.
* 'മഹാ കുംഭമേള'യുടെ വിജയം ഭാരതത്തിൻ്റെ ഐക്യത്തിൻ്റെയും ശക്തിയുടെയും ഉജ്ജ്വല തെളിവാണ്.
• മറാഠി, അസമീസ്, ബംഗ്ലാ, പാലി, പ്രാകൃത് എന്നീ ഭാഷകൾക്ക് നമ്മൾ ക്ലാസിക്കൽ ഭാഷാ പദവി നൽകി.
* നമ്മുടെ ഭാഷകൾ എത്രത്തോളം വികസിക്കുന്നുവോ, എത്രത്തോളം സമ്പന്നമാകുന്നുവോ, അത്രത്തോളം നമ്മുടെ മുഴുവൻ വിജ്ഞാനവ്യവസ്ഥയും ശക്തമാകും.
* 'ജ്ഞാൻ ഭാരതം മിഷൻ' നു കീഴിൽ, കൈയെഴുത്ത് പ്രതികൾ, പുരാതന രേഖകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രന്ഥങ്ങൾ എന്നിവ കണ്ടെത്താനും, ആ വിജ്ഞാനസമ്പത്ത് ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവി തലമുറകൾക്കായി സംരക്ഷിക്കാനും നമ്മൾ രാജ്യമെമ്പാടും പ്രവർത്തിക്കുന്നു.
* നൂറ്റാണ്ടുകൾ നീണ്ട ദേശസേവന യാത്രയിൽ സംഭാവന നൽകിയ എല്ലാ സ്വയംസേവകരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ മഹത്തായതും അർപ്പണബോധമുള്ളതുമായ 100 വർഷത്തെ യാത്രയിൽ രാജ്യം അഭിമാനിക്കുന്നു, ഇത് നമ്മളെ തുടർന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.
18 . നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം
യുവജനങ്ങളുടെ ശോഭനമായ ഭാവിക്കും കർഷകരുടെ ക്ഷേമത്തിനും ഊർജ്ജ സ്വയംപര്യാപ്തത പരമപ്രധാനമാണ്. ഇത് നമ്മൾ നേടിയെടുക്കും.
* കഴിഞ്ഞ 11 വർഷമായി ഊർജ്ജത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിലൂടെ, രാജ്യത്തെ സൗരോർജ്ജ ഉൽപ്പാദനം മുപ്പത് മടങ്ങ് വർദ്ധിച്ചു.
* മിഷൻ ഗ്രീൻ ഹൈഡ്രജൻ വഴി ഭാരതം ഇന്ന് ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നു.
* ലോകം ആഗോളതാപനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, 2030-ഓടെ 50% ശുദ്ധമായ ഊർജ്ജം എന്ന ലക്ഷ്യം നേടാൻ ഇന്ത്യ പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ ആ ലക്ഷ്യം 2025-ൽ തന്നെ കൈവരിക്കാൻ സഹായിച്ചതിലുള്ള ജനങ്ങളുടെ അർപ്പണബോധത്തിന് നന്ദി.
* ഊർജ്ജ സ്വയംപര്യാപ്തതയിലേക്കുള്ള നിർണായക ചുവടുവയ്പ്പായി സൗരോർജ്ജം, ആണവ, ജല, ഹൈഡ്രജൻ ഊർജ്ജം എന്നിവ മുന്നേറിയിട്ടുണ്ട്.
19. ഊർജ്ജ മന്ത്രാലയം
* സൗരോർജ്ജ പാനലുകളോ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ഘടകങ്ങളോ ആകട്ടെ, അവ നമ്മൾ തന്നെ നിർമ്മിക്കണം.
20. ഖനി മന്ത്രാലയം
* ഊർജ്ജം, വ്യവസായം, പ്രതിരോധം എന്നിവയ്ക്ക് അത്യാവശ്യമായ വിഭവങ്ങൾ ഉറപ്പാക്കാൻ ഇന്ത്യ ദേശീയ നിർണ്ണായക ധാതു ദൗത്യം (National Critical Minerals Mission) ആരംഭിച്ചു. ഇതിന് കീഴിൽ 1,200 സ്ഥലങ്ങളിൽ പര്യവേക്ഷണം നടന്നുവരുന്നു.
* നിർണായക ധാതുക്കൾക്ക് മേലുള്ള നിയന്ത്രണം തന്ത്രപരമായ സ്വയംഭരണം ശക്തിപ്പെടുത്തുകയും, ഇന്ത്യയുടെ വ്യാവസായിക, പ്രതിരോധ മേഖലകൾ സ്വയംപര്യാപ്തമായി തുടരുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യും.
21. യുവജനകാര്യ, കായിക മന്ത്രാലയം
* ആശയവിനിമയം, ഡാറ്റ, സാങ്കേതിക ആവാസവ്യവസ്ഥകൾ എന്നിവ സുരക്ഷിതവും സ്വതന്ത്രവുമായി നിലനിർത്തുന്നതിന്, യുവജനങ്ങൾ ഇന്ത്യയുടെ സ്വന്തം സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണം. ഇത് ഇന്ത്യയുടെ ഡിജിറ്റൽ സ്വയംഭരണം ഉറപ്പാക്കും.
* കായികരംഗം പ്രോത്സാഹിപ്പിക്കാൻ നമ്മൾ ദേശീയ കായിക നയം കൊണ്ടുവന്നു.
* രാജ്യത്ത് നമ്മൾ 'ഖേലോ ഇന്ത്യ നയം' അവതരിപ്പിച്ചു.
കുറിപ്പ്: ചില ഇനങ്ങൾക്ക് ഒന്നിലധികം മന്ത്രാലയങ്ങളുടെ പങ്കാളിത്തമുണ്ട്, അതനുസരിച്ച് അവ ആവർത്തിക്കപ്പെടാം.
-SK-
(Release ID: 2157006)