ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സാമ്പത്തിക പ്രതിരോധശേഷിയുടേയും തുടർച്ചയായ സാമ്പത്തിക ഏകീകരണത്തിൻ്റേയും അടിസ്ഥാനത്തിൽ S&P ഇന്ത്യയെ BBB നിലവാരത്തിലേക്ക് ഉയര്‍ത്തി

Posted On: 14 AUG 2025 6:37PM by PIB Thiruvananthpuram

 

ഇന്ത്യയുടെ ദീർഘകാല സോവറിൻ ക്രെഡിറ്റ് റേറ്റിംഗ് BBB- (minus)-ൽ നിന്ന് BBB ആയും ഹ്രസ്വകാല റേറ്റിംഗ് A-2 ൽ നിന്ന് A-3 ആയും സ്ഥിരതയുള്ള കാഴ്ചപ്പാടോടെ ഉയർത്താനുള്ള  സ്റ്റാൻഡേർഡ് ആൻഡ് പുവർസ് (S&P)  ഗ്ലോബൽ റേറ്റിംഗുകളുടെ തീരുമാനത്തെ കേന്ദ്ര ധനമന്ത്രാലയം സ്വാഗതം ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ പുരോഗതിയും വിവേകപൂർണ്ണമായ ധനകാര്യ നടത്തിപ്പുമാണ് റേറ്റിംഗിലെ ഉയർച്ച വ്യക്തമാക്കുന്നത്. 18 വർഷത്തിനിടെ  S&P നടത്തിയ ആദ്യത്തെ സോവറിൻ അപ്‌ഗ്രേഡ് ആണ് ഇത്. 2007 ലാണ് ഇന്ത്യയെ BBB- ഗ്രേഡിലേക്ക് ഉയർത്തിയത്. 2024 മെയ് മാസത്തിൽ, ഈ ഏജൻസി ഇന്ത്യയുടെ റേറ്റിംഗ് സ്ഥിരതയുള്ളത് എന്നതിൽ നിന്ന് പോസിറ്റീവ് ആയി പരിഷ്‌ക്കരിച്ചിരുന്നു.
 
ഇന്ന് പ്രസിദ്ധീകരിച്ച S&P യുടെ ഇന്ത്യ സോവറിൻ റേറ്റിംഗ് അവലോകനം അനുസരിച്ച്, ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ കുതിച്ചുചാട്ടം, ചലനാത്മകമായ സാമ്പത്തിക വളർച്ച, സാമ്പത്തിക ഏകീകരണത്തിനായുള്ള സർക്കാരിൻ്റെ സുസ്ഥിര പ്രതിബദ്ധത, പൊതു ചെലവുകളുടെ മെച്ചപ്പെട്ട ഗുണനിലവാരം, പ്രത്യേകിച്ച് മൂലധന- അടിസ്ഥാന സൗകര്യ മേഖലകളിലെ ചെലവുകൾ, ശക്തമായ കോർപ്പറേറ്റ്, സാമ്പത്തിക, ബാഹ്യ ബാലൻസ് ഷീറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങളുടെ സംയോജനമാണ് ഈ നിലവാര വർദ്ധന പ്രതിഫലിപ്പിക്കുന്നത്. വിലക്കയറ്റത്തിന്റെ വിശ്വാസ്യമായ നിയന്ത്രണവും നയങ്ങളുടെ പ്രവചനക്ഷമതയിലെ വർദ്ധനയും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
 
 
2022 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷ കാലയളവിൽ, ഏഷ്യ-പസഫിക് മേഖലയിലെ GDP വളർച്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 8.8 ശതമാനം കൈവരിച്ചുകൊണ്ട്, ആഗോളതലത്തിൽ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി നിലകൊള്ളാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രാപ്‌തമാക്കിയ പ്രധാന ശക്തികളെക്കുറിച്ച് S&P യുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ധനനയ പരിഷ്കാരങ്ങൾ, പ്രത്യേകിച്ച് പണപ്പെരുപ്പം ലക്ഷ്യമാക്കിയുള്ള നയ സംവിധാനത്തിൻ്റെ സ്വീകരണം, പണപ്പെരുപ്പം നിയന്ത്രിക്കുന്നത് സംബന്ധിച്ച പ്രതീക്ഷകളെ കൂടുതൽ ഫലപ്രദമാക്കിയതായി ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തിൽ തിരിച്ചടികളും വിലക്കയറ്റങ്ങളും ഉണ്ടായിരുന്നിട്ടും മൊത്തത്തിലുള്ള വിലസ്ഥിരത നിലനിർത്തിക്കൊണ്ട്  ഇന്ത്യ പ്രതിരോധശേഷി പ്രകടമാക്കിയിട്ടുണ്ടെന്ന് S&P കണ്ടെത്തി. ആഴത്തിലുള്ള ആഭ്യന്തര മൂലധന വിപണികളുടെ വികസനവും സാമ്പത്തിക പുരോഗതിയും മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യത്തിന് കൂടുതൽ സ്ഥിരതയുള്ളതും പിന്തുണയ്ക്കുന്നതുമായ  അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബാഹ്യ സാമ്പത്തിക നിലപാടുകൾ  ശക്തമാണെന്നും ജനാധിപത്യ സ്ഥാപനങ്ങൾ നയപരമായ തുടർച്ചയും ദീർഘകാല സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നത് തുടരുകയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
2026 സാമ്പത്തിക വർഷത്തിൽ, GDP വളർച്ച 6.5 ശതമാനമാകുമെന്നും അടുത്ത മൂന്ന് വർഷത്തേക്ക് തുടർച്ചയായ വളർച്ച കൈവരിക്കുമെന്നും S&P കണക്കാക്കുന്നു. ധനക്കമ്മി കുറയ്ക്കുന്നതും, തുടർച്ചയായ പൊതുനിക്ഷേപവും കൂടുതൽ പോസിറ്റീവ് റേറ്റിംഗ് നടപടികൾക്ക് സഹായകമാകുമെന്ന് ഏജൻസി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വലുതും സ്ഥിരതയുള്ളതുമായ ആഭ്യന്തര ഉപഭോഗ അടിത്തറ കാരണം, അടുത്തിടെ ഏർപ്പെടുത്തിയ U.S താരിഫുകളുടെ ആഘാതം പരിമിതമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
 
സമീപകാലത്ത്, മറ്റൊരു റേറ്റിംഗ് ഏജൻസിയായ മോർണിംഗ് സ്റ്റാർ DBRS ഇന്ത്യയെ BBB  പദവിയിലേക്ക് ഉയർത്തിയിരുന്നു.
 
******************

(Release ID: 2156631)