പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

പഞ്ചായത്തുകളെ പിന്തുണയ്ക്കാന്‍ നിര്‍മിതബുദ്ധി: 'സഭാസാർ' (‘SabhaSaar’) ഇന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് ന്യൂഡല്‍ഹിയില്‍ പുറത്തിറക്കും

Posted On: 14 AUG 2025 9:36AM by PIB Thiruvananthpuram
ഗ്രാമസഭകളുടെയും മറ്റ് പഞ്ചായത്ത് യോഗങ്ങളുടെയും  ഓഡിയോ, വീഡിയോ രേഖകളില്‍ നിന്ന്   ഘടനാപരമായ യോഗവിവരണങ്ങള്‍  (Minutes of Meeting (MoM) )  സ്വയം സൃഷ്ടിക്കാന്‍ രൂപകൽപന ചെയ്‌ത നിര്‍മിതബുദ്ധി  അധിഷ്ഠിത മീറ്റിംഗ് സംഗ്രഹ സംവിധാനമായ ‘സഭാസാർ’ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം ഇന്ന് പുറത്തിറക്കും.  

കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് എന്ന ലാലൻ സിങിന്റെയും  പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേലിന്റെയും   സാന്നിധ്യത്തിൽ ന്യൂഡൽഹിയിലാണ് ചടങ്ങ്.  

നൂതന നിര്‍മിതബുദ്ധി (എഐ) - സ്വാഭാവിക ഭാഷാ വിശകലന (എന്‍എല്‍പി) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ രേഖപ്പെടുത്തുന്ന സഭാസാർ  പ്രധാന തീരുമാനങ്ങളും പ്രവർത്തന അജണ്ടകളും തിരിച്ചറിഞ്ഞ് അവയെ ചിട്ടയായ യോഗവിവരണങ്ങളാക്കി മാറ്റുന്നു.   കേന്ദ്രസര്‍ക്കാറിന്റെ ദേശീയ ഭാഷാ വിവർത്തന ദൗത്യമായ ഭാഷിണിയുമായി സംയോജിപ്പിച്ച ഈ സംവിധാനം നിലവിൽ 13 ഇന്ത്യൻ ഭാഷകളില്‍ ഉപയോഗിക്കാമെന്നത്  വ്യത്യസ്ത ഭാഷാ പശ്ചാത്തലങ്ങളിലെ പഞ്ചായത്ത് പ്രവർത്തനങ്ങള്‍ക്ക്  പ്രാപ്തമാക്കുന്നതിനൊപ്പം ഉൾച്ചേര്‍ക്കല്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ലഭ്യമായ ഭാഷകളുടെ എണ്ണം ഭാവിയിൽ ക്രമാനുഗതമായി വര്‍ധിപ്പിക്കും.  


2025 ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന പ്രത്യേക ഗ്രാമസഭകളില്‍ യോഗവിവരണങ്ങള്‍ തയ്യാറാക്കാന്‍  സഭാസാർ ഉപയോഗപ്പെടുത്തണമെന്ന് പഞ്ചായത്തിരാജ് മന്ത്രാലയം  സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. ആദ്യപടിയായി ത്രിപുരയിലെ  പരമ്പരാഗത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ 1194 ഗ്രാമപഞ്ചായത്തുകളും പ്രത്യേക ഗ്രാമസഭാ യോഗ വിവരണങ്ങള്‍  തയ്യാറാക്കാന്‍  സഭാസാര്‍  ഉപയോഗിക്കും.


പങ്കാളിത്ത ജനാധിപത്യം  ശക്തിപ്പെടുത്താനും തദ്ദേശ ഭരണത്തിലെ കാര്യക്ഷമത വർധിപ്പിക്കാനും  ഡിജിറ്റൽ നൂതനാശയം ഉപയോഗപ്പെടുത്തുന്ന  സംരംഭമാണ് സഭാസാർ. പരമ്പരാഗത രീതിയില്‍ രേഖകള്‍ തയ്യാറാക്കാനാവശ്യമായ സമയവും പരിശ്രമവും ഗണ്യമായി കുറച്ച് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കി ഭരണനിര്‍വഹണത്തിലും സേവന വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഭാസാർ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നു.  
 
SKY
 
******

(Release ID: 2156280)