പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പെട്രോളിൽ 20 ശതമാനമോ അതിലധികമോ എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് സംബന്ധിച്ച ആശങ്കകളോടുള്ള പ്രതികരണം
Posted On:
12 AUG 2025 4:40PM by PIB Thiruvananthpuram
20% എഥനോൾ മിശ്രിത പെട്രോൾ (E-20) ഇന്ധനക്ഷമതയിലും വാഹനങ്ങളുടെ ആയുസ്സിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതത്തെക്കുറിച്ച് ഉയരുന്ന ആശങ്കകൾക്ക് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം 2025 ആഗസ്റ്റ് 11 ന് വിശദമായ മറുപടി നൽകി. അധിക സംശയങ്ങൾക്കുള്ള വിശദീകരണം താഴെ ചേർക്കുന്നു:
ജൈവ ഇന്ധനങ്ങളും പ്രകൃതിവാതകവും ഇന്ത്യയുടെ പരിവർത്തന ഊർജ്ജ സ്രോതസ്സുകളായാണ് കാണാക്കപ്പെടുന്നത്. മെച്ചപ്പെട്ട പ്രകൃതി സൗഹൃദ ലോകം സാക്ഷാത്ക്കരിക്കാനുള്ള നമ്മുടെ പ്രതിബദ്ധത നിറവേറ്റാനുതകുന്ന പ്രായോഗികവും തടസ്സരഹിതവുമായ പരിവർത്തനത്തെ അവ പ്രതിനിധീകരിക്കുന്നു. കൂടാതെ 2070 ഓടെ 'പൂജ്യം കാർബൺ ബഹിർഗമനമെന്ന' ലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ഇന്ത്യ ദേശീയമായി നിർണ്ണയിച്ച സംഭാവനകൾക്ക് (NDC) അനുപൂരകമാണിത്. എഥനോളിന്റെ ജീവിതചക്ര ബഹിർഗമനത്തെക്കുറിച്ച് നിതി ആയോഗ് നടത്തിയ പഠനം വ്യക്തമാക്കുന്നത്, കരിമ്പും ചോളം അധിഷ്ഠിത എഥനോളും ഉപയോഗിക്കുമ്പോൾ പെട്രോളിനെ അപേക്ഷിച്ച് ഹരിതഗൃഹ വാതക ബഹിർഗമനം യഥാക്രമം 65% ഉം 50% ഉം കുറയുമെന്നാണ്.
പെട്രോളിലെ എഥനോൾ മിശ്രിതം, മലിനീകരണം കുറയ്ക്കുന്നതിനൊപ്പം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണാത്മകവും പരിവർത്തനാത്മകവും ആയ നേട്ടങ്ങളും, കരിമ്പ് സംഭരണവുമായി ബന്ധപ്പെട്ട കുടിശ്ശികയുടെ നിവാരണവും സാധ്യമാക്കി. രാജ്യത്ത് ചോളം കൃഷി മെച്ചപ്പെടുന്നതിനും ഇത് കാരണമായി. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് അവരുടെ ക്ഷേമം വർദ്ധിപ്പിക്കുക മാത്രമല്ല, കർഷക ആത്മഹത്യയെന്ന നിർണ്ണായക വെല്ലുവിളിയെ അഭിസംബോധ ചെയ്യാനും സഹായകമായിട്ടുണ്ട്. വിദർഭ പോലുള്ള പ്രദേശങ്ങളിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ കർഷക ആത്മഹത്യകൾ വ്യാപകമായിരുന്നുവെന്നത് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.
എഥനോൾ മിശ്രിത പരിപാടിയിലൂടെ, മുമ്പ് അസംസ്കൃത എണ്ണ ഇറക്കുമതിക്കായി ചെലവഴിച്ചിരുന്ന പണം ഇപ്പോൾ "അന്നദാതാക്കൾ" എന്നതിലുപരി "ഊർജ്ജദാതാക്കൾ" ആയി മാറിയ നമ്മുടെ കർഷകർക്ക് ലഭിക്കുന്നു. എഥനോൾ വിതരണ വർഷം (ESY) 2014-15 മുതൽ ESY 2024-25 വരെയുള്ള കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിൽ, പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (OMC-കൾ) പെട്രോളിൽ എഥനോൾ മിശ്രിതം ഉപയോഗിച്ചതിലൂടെ 1,44,087 കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കുകയും, ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയും, ഏകദേശം 245 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയ്ക്ക് പകരം വയ്ക്കുകയും, ഏകദേശം 736 ലക്ഷം മെട്രിക് ടൺ CO2 ബഹിർഗമനം കുറയ്ക്കുകയും ചെയ്തു. ഇത് 30 കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്. 20% മിശ്രിതത്തിലൂടെ, ഈ വർഷം മാത്രം കർഷകർക്ക് 40,000 കോടി രൂപ ലഭ്യമാക്കാനും ഏകദേശം 43,000 കോടി രൂപയുടെ വിദേശനാണ്യം ലഭിക്കാനും കഴിഞ്ഞു.
പ്രകടനവും മൈലേജുമായി ബന്ധപ്പെട്ട ഇപ്പോൾ ഉയർന്നുവരുന്ന ആശങ്കകൾ 2020 ൽ തന്നെ സർക്കാർ പ്രതീക്ഷിച്ചിരുന്നതാണ്. ആയതിനാൽ NITI ആയോഗിന്റെ ഒരു ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി (IMC) അവ വിശദമായി പരിശോധിച്ചു. IOCL, ARAI, SIAM എന്നിവ നടത്തിയ ഗവേഷണ പഠനങ്ങളും ഇതിന് പിന്തുണ നൽകി.
E-20 ന്റെ ഉപയോഗം മികച്ച ത്വരണം (ആക്സെലറേഷൻ), മികച്ച യാത്രാ നിലവാരം എന്നിവ നൽകുന്നു. E10 ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 30% കാർബൺ ബഹിർഗമനം കുറയ്ക്കുന്നു എന്നതാണ് ഏറ്റവും പ്രധാന നേട്ടം. എഥനോളിന്റെ ഉയർന്ന-ഒക്ടേൻ സംഖ്യ (പെട്രോളിന്റെ 84.4 മായി താരതമ്യം ചെയ്യുമ്പോൾ ~108.5) എഥനോൾ-മിശ്രിത ഇന്ധനങ്ങളെ ഉയർന്ന-ഒക്ടേൻ ആവശ്യകതകൾക്കുള്ള വിലപ്പെട്ട ബദലാക്കി മാറ്റുന്നു. ഇത് ആധുനിക ഹൈ-കംപ്രഷൻ എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. E20-യ്ക്കായി ട്യൂൺ ചെയ്ത വാഹനങ്ങൾ മികച്ച ആക്സെലറേഷൻ നൽകുന്നു. ഇത് നഗരങ്ങളിലെ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ഘടകമാണ്. കൂടാതെ, എഥനോളിന്റെ ഉയർന്ന ബാഷ്പീകരണ താപം ഇൻടേക്ക് മാനിഫോൾഡ് താപനില കുറയ്ക്കുകയും വായു-ഇന്ധന മിശ്രിത സാന്ദ്രതയും വോള്യൂമെട്രിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുമ്പ് ഇന്ത്യയിൽ പെട്രോൾ വിറ്റിരുന്നത് 88 എന്ന റിസർച്ച് ഒക്ടെയ്ൻ നമ്പറിലാണ് (RON). ഇന്ന്, ഇന്ത്യയിലെ സാധാരണ പെട്രോളിന് BS-VI ആവശ്യകതകൾ നിറവേറ്റുന്നതിനുതകുന്ന 91 എന്ന റിസർച്ച് ഒക്ടെയ്ൻ നമ്പറാണുള്ളത്. ദോഷകരമായ ബഹിർഗമനം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. 20% എഥനോൾ മിശ്രിതം ഉപയോഗിച്ച് RON 95 ആയി മെച്ചപ്പെടുത്താനായിട്ടുണ്ട്. ഇത് മികച്ച ആന്റി-നോക്കിംഗ് ഗുണങ്ങളും പ്രകടനവും ഉറപ്പാക്കുന്നു.
E20 ഇന്ധനക്ഷമതയിൽ "വലിയ" കുറവുണ്ടാക്കുന്നു എന്ന വിമർശനങ്ങൾ തെറ്റാണ്. ഇന്ധനങ്ങളുടെ തരത്തിനപ്പുറം വാഹന മൈലേജിനെ ഒട്ടേറെ മറ്റ് ഘടകങ്ങൾ സ്വാധീനിക്കുന്നു. ഡ്രൈവിംഗ് ശീലങ്ങൾ, ഓയിൽ മാറ്റൽ, എയർ ഫിൽട്ടർ ശുചിത്വം, ടയർ മർദ്ദം, അലൈൻമെന്റ്, എയർ കണ്ടീഷനിംഗ് ലോഡ് എന്നിവ അടക്കമുള്ള പരിപാലന രീതികൾ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് സൊസൈറ്റിയുമായും (SIAM) പ്രമുഖ വാഹന നിർമ്മാതാക്കളുമായും വിപുലമായ ചർച്ചകൾ പൂർത്തിയായിട്ടുമുണ്ട്. E10 ഉപയോഗിക്കുന്ന വാഹനങ്ങളിൽ കാര്യക്ഷമതയിലെ (എന്തെങ്കിലും ഉണ്ടെങ്കിൽ) കുറവ് അവഗണനീയമാണ്. ചില വാഹന നിർമ്മാതാക്കൾ, 2009 മുതൽ തന്നെ വാഹനങ്ങൾ E 20 ഇന്ധനങ്ങൾക്ക് അനുയോജ്യമാക്കിയിട്ടുണ്ട്. അത്തരം വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ എന്തെങ്കിലും കുറവുണ്ടാകുമോ എന്ന ചോദ്യമേ ഉദിക്കുന്നില്ല.
E-0 പെട്രോളിലേക്ക് മടങ്ങുക എന്ന ബദൽ മാർഗ്ഗം, കഠിനാധ്വാനം കൊണ്ട് മലിനീകരണത്തിൽ നേടിയെടുത്ത നേട്ടങ്ങളും ഊർജ്ജ പരിവർത്തനത്തിൽ നേടിയെടുത്ത വിജയവും നഷ്ടപ്പെടുത്തും. IMC യുടെ രൂപരേഖ 2021 മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. E-20-യിലേക്കുള്ള പ്രയാണത്തിനുള്ള സുചിന്തിതമായ മാർഗ്ഗം ഇതിലൂടെ രൂപപ്പെട്ടു. വാഹന സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും വിതരണ ശൃംഖലയെ തദനുസൃതമായി പരിവർത്തനം ചെയ്യാനും സമഗ്രമായ ഒരു പാരിസ്ഥിതിക വ്യവസ്ഥ വികസിപ്പിക്കാനും 4 വർഷത്തിലധികം അനുവദിക്കുകയും ചെയ്തു.
ബ്രസീൽ വർഷങ്ങളായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ വിജയകരമായി E27 ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായ് തുടങ്ങിയ വാഹന നിർമ്മാതാക്കൾ തന്നെയാണ് അവിടെയും വാഹനങ്ങൾ നിർമ്മിക്കുന്നത്. BIS മാനദണ്ഡങ്ങളിലൂടെയും ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡുകളിലൂടെയും E20-ഇന്ധനത്തിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഇതിനോടകം സുസ്ഥാപിതമാണ്. ഡ്രൈവബിലിറ്റി, സ്റ്റാർട്ടബിലിറ്റി, മെറ്റൽ കോംപാറ്റിബിലിറ്റി, പ്ലാസ്റ്റിക് കോംപാറ്റിബിലിറ്റി എന്നിവയുൾപ്പെടെ മിക്ക മാനദണ്ഡങ്ങളിലും, യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ചില പഴയ വാഹനങ്ങളുടെ കാര്യത്തിൽ, റബ്ബർ ഘടക ഭാഗങ്ങളും ഗാസ്കറ്റുകളും സാധാരണ കാലയളവിനും അല്പം മുമ്പേ മാറ്റേണ്ടി വന്നേക്കാം. ഇവ മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവാകട്ടെ വളരെ പരിമിതമാണ്. പതിവ് സർവീസിംഗ് സമയത്ത് എളുപ്പത്തിൽ മാറ്റാൻ കഴിയും. വാഹനത്തിന്റെ ആയുസ്സിൽ ഒരിക്കൽ മാത്രം ഇത് വേണ്ടി വന്നേക്കാം. ഏതെങ്കിലും അംഗീകൃത വർക്ക്‌ഷോപ്പിൽ ചെയ്യേണ്ട ഒരു ലളിതമായ പ്രക്രിയ മാത്രമാണിത്.
എഥനോൾ കലർത്തിയ പെട്രോൾ അങ്ങനെയല്ലാത്ത ഇന്ധനത്തേക്കാൾ വിലകുറഞ്ഞതാകേണ്ടതാണെന്നും ആ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. നിതി ആയോഗ് റിപ്പോർട്ടിനെയാണ് ഇതിന് ഉപോൽപലകമായി അവർ പരാമർശിക്കുന്നത്. എന്നാൽ 2020-21 ൽ, നിതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ, എഥനോളിന് പെട്രോളിനേക്കാൾ വില കുറവായിരുന്നു. കാലക്രമേണ, എഥനോളിന്റെ സംഭരണ വില വർദ്ധിച്ചു, ഇപ്പോൾ എഥനോളിന്റെ ശരാശരി വില ശുദ്ധീകരിച്ച പെട്രോളിന്റെ വിലയേക്കാൾ കൂടുതലാണ്.
31.07.2025 ലെ കണക്കനുസരിച്ച്, 2024-25 ലെ എഥനോൾ വിതരണ വർഷത്തിൽ, ഗതാഗതവും ജിഎസ്ടിയും ഉൾപ്പെടെ, ലിറ്ററിന് 71.32 രൂപയാണ് ശരാശരി സംഭരണ ചെലവ്. E20 ഉത്പാദിപ്പിക്കുന്നതിനായി, OMCകൾ സംഭരിക്കുന്ന എഥനോളിന്റെ 20% മോട്ടോർ സ്പിരിറ്റുമായി (MS) കലർത്തുന്നു. സി-ഹെവി മൊളാസസ് അധിഷ്ഠിത എഥനോളിന്റെ വില 46.66 രൂപയിൽ നിന്ന് (ESY 2021-22) 57.97 രൂപയായി (ESY 2024-25) വർദ്ധിച്ചു. അതേ കാലയളവിൽ ചോളം അധിഷ്ഠിത എഥനോളിന്റെ വില 52.92 രൂപയിൽ നിന്ന് 71.86 രൂപയായി വർദ്ധിച്ചു. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ വില വർദ്ധിച്ചിട്ടും, ഊർജ്ജ സുരക്ഷ, കർഷകരുടെ വരുമാനം, പരിസ്ഥിതി സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കുന്ന പദ്ധതിയായതിനാൽ, എഥനോൾ മിശ്രിത നിർദ്ദേശത്തിൽ നിന്ന് എണ്ണക്കമ്പനികൾ പിന്നോട്ട് പോയിട്ടില്ല.
എഥനോൾ മിശ്രിതം ഒരു ദേശീയ പരിപാടിയാണ്. ചില തത്പര കക്ഷികൾ കാർ ഉടമകളുടെ മനസ്സിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിച്ച്, E20 ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന വാഹനങ്ങളുടെ കേടുപാടുകൾ ഇൻഷുറൻസ് കമ്പനികൾ നികത്തില്ലെന്ന് തെറ്റായ ആഖ്യാനം സൃഷ്ടിക്കുകയും പദ്ധതിയെ താളം തെറ്റിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഭീതി ജനിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവനകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. ഒരു ട്വീറ്റിന്റെ സ്ക്രീൻഷോട്ട് മനഃപൂർവ്വം തെറ്റായി വ്യാഖ്യാനിച്ച് ഭയവും ആശയക്കുഴപ്പവും സൃഷ്ടിച്ചതായി ഇത് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനി വിശദീകരണം നൽകിയിട്ടുണ്ട്. E20 ഇന്ധനത്തിന്റെ ഉപയോഗം ഇന്ത്യയിലെ വാഹനങ്ങളുടെ ഇൻഷുറൻസിന്റെ സാധുതയെ ഒരു തരത്തിലും ബാധിക്കില്ല.
അതേസമയം, വാഹനങ്ങളുടെ മികച്ച പ്രകടനം ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിനായി ഓട്ടോമൊബൈൽ നിർമ്മാതാക്കൾ വാഹന ഉടമകളുമായി ഇടപഴകുന്നത് തുടരുകയാണ്. വാഹനത്തിന് കൂടുതൽ ട്യൂണിംഗ്, ഘടകഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ എന്നിവ ആവശ്യമായി വന്നേക്കാം എന്ന് കരുതുന്ന വാഹന ഉടമകളുടെ അഭ്യർത്ഥനകളോട് പ്രതികരിക്കാൻ അംഗീകൃത സർവീസ് സ്റ്റേഷനുകളുടെ മുഴുവൻ ശൃംഖലയും സജ്ജമാണ്.
രാജ്യം അതിവേഗം E-20-യ്ക്കപ്പുറം പോകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. E-20-പരിധിയ്ക്കപ്പുറമുള്ള മിശ്രിതത്തിന് ശ്രദ്ധാപൂർവ്വമുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇതിനായി വിപുലമായ കൂടിയാലോചനകൾ നടന്നു വരുന്നു. ബ്രസീലിലെ വാഹന നിർമ്മാതാക്കളും മറ്റ് വാഹന നിർമ്മാതാക്കളും, ഫീഡ് സ്റ്റോക്കുകളുടെ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ, ഗവേഷണ വികസന ഏജൻസികൾ, എണ്ണ കമ്പനികൾ, എഥനോൾ ഉത്പാദകർ എന്നിവർ കൂടിയാലോചന പ്രക്രിയയിൽ പങ്കെടുക്കുന്നു. ഇതുവരെയും അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. അതേസമയം, നിലവിലെ രൂപരേഖ പ്രകാരം 31.10.2026 വരെയുള്ള കാലയളവിൽ E-20-മിശ്രിതത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 31.10.2026-ന് ശേഷമുള്ള തീരുമാനങ്ങളിൽ ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ റിപ്പോർട്ട്, അതിന്റെ ശുപാർശകളുടെ വിലയിരുത്തൽ, വിവിധ പങ്കാളികളുമായുള്ള കൂടിയാലോചനകൾ, സർക്കാരിന്റെ പരിഗണനയിലുള്ള വിഷയങ്ങൾ എന്നിവ ഉൾപ്പെടും. അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.
ശുദ്ധവും കൂടുതൽ സുസ്ഥിരവുമായ ഇന്ധന ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളിൽ പരിമിതമായ സ്വാധീനം ചെലുത്തിക്കൊണ്ട് അത്തരം പരിവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
SKY
****
(Release ID: 2155983)