വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും ചലച്ചിത്രചരിതം പ്രദർശിപ്പിച്ചുകൊണ്ട് ത്രിദിന ഹർ ഘർ തിരംഗ ചലച്ചിത്രമേളയ്ക്ക് രാജ്യവ്യാപക തുടക്കം
Posted On:
11 AUG 2025 5:22PM by PIB Thiruvananthpuram
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുള്ള രാജ്യവ്യാപക ചലച്ചിത്ര ശ്രദ്ധാഞ്ജലിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് മുന്നു ദിവസം നീളുന്ന 'ഹർ ഘർ തിരംഗ' ദേശസ്‌നേഹ ചലച്ചിത്രോത്സവം ഇന്ന് ആവേശകരമായ പ്രതികരണത്തോടെ ആരംഭിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (എൻ.എഫ്.ഡി.സി) ആണ് 2025 ആഗസ്റ്റ് 11 മുതൽ 13 വരെ നടക്കുന്ന ഈ മേള സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച വിപുലമായ ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായുള്ള ഈ ചലച്ചിത്രമേള, ദേശീയപതാകയുമായുള്ള ഓരോ പൗരന്റെയും വൈകാരികബന്ധം ആഴത്തിലാക്കാനും, ഐക്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും നവീകൃതബോധം വളർത്താനും ശ്രമിക്കുന്നു. ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ചലച്ചിത്ര പ്രദർശനങ്ങളിലൂടെ, സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പ്രേക്ഷകരെ ഓർമ്മിപ്പിക്കുക, എണ്ണമറ്റ വീരന്മാരുടെ ത്യാഗങ്ങളെ ആഘോഷിക്കുക, രാജ്യത്തിന്റെ സ്വത്വത്തെ രൂപപ്പെടുത്തിയ കഥകൾ പ്രദർശിപ്പിക്കുക എന്നിവയാണ് മേള ലക്ഷ്യം വെക്കുന്നത്.
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനശ്വരമാക്കാനും തലമുറകളെ പ്രചോദിപ്പിക്കാനും ചലച്ചിത്രത്തിന് ശക്തിയുണ്ടെന്ന് ഡൽഹി എൻ.സി.ടിയിലെ കലാ, സാംസ്‌കാരിക, ഭാഷാ മന്ത്രി ശ്രീ കപിൽ മിശ്ര പറഞ്ഞു. 'ഹർ ഘർ തിരംഗ' ദേശസ്‌നേഹ ചലച്ചിത്രമേള ചലച്ചിത്രങ്ങളുടെ ഒരു ആഘോഷം മാത്രമല്ല, മറിച്ച് നമ്മുടെ സ്വാതന്ത്ര്യലബ്ധിയിലേക്കുള്ള പ്രയാണത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ചലച്ചിത്രം എന്ന മാധ്യമത്തിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രവും പൈതൃകവും പ്രദർശിപ്പിക്കുകയെന്നതാണ് 'ഹർ ഘർ തിരംഗ' ദേശസ്‌നേഹ ചലച്ചിത്രമേളയുടെ ലക്ഷ്യമെന്ന് മുംബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു പറഞ്ഞു. ചലച്ചിത്രം പ്രേക്ഷകരിൽ ദീർഘകാല സ്വാധീനം ചെലുത്തുന്ന ഒരു ദൃശ്യമാധ്യമായതിനാൽ, എല്ലാ ഇന്ത്യക്കാരിലും ദേശസ്നേഹത്തിന്റെ ആത്മാവിനെ ജ്വലിപ്പിക്കുകയെന്നതാണ് ഈ ചലച്ചിത്രോത്സവം ലക്ഷ്യം വെക്കുന്നതെന്ന് ശ്രീ ജാജു കൂട്ടിച്ചേർത്തു.
ഡൽഹി, മുംബൈ, ചെന്നൈ, പൂനെ എന്നീ നാല് നഗരങ്ങളിലായി പ്രൗഢമായ ഉദ്ഘാടന ചടങ്ങുകൾ:
ന്യൂഡൽഹി: എൻ.എഫ്.ഡി.സി-സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിവൽ ഡൽഹി എൻസിടിയിലെ കലാ, സാംസ്‌കാരിക, ഭാഷാ മന്ത്രി ശ്രീ കപിൽ മിശ്ര ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, പബ്ലിക്കേഷൻ ഡിവിഷൻ ഡയറക്ടറേറ്റിലെ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ഭൂപേന്ദ്ര കൈന്തോള, മാധ്യമ-വാർത്താവിനിമയ വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓജ എന്നിവരുൾപ്പെടെയുള്ള മുതിർന്ന വിശിഷ്ട വ്യക്തികൾ അദ്ദേഹത്തോടൊപ്പം സന്നിഹിതരായി.
മുംബൈ: എൻ.എഫ്.ഡി.സിയുടെ ഇന്ത്യൻ ചലച്ചിത്ര ദേശീയ മ്യൂസിയം സമുച്ചയത്തിൽ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു മേള ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നടി ശ്രിയ പിൽഗോങ്കറുടെ സാന്നിധ്യം ചടങ്ങിന് താരപരിവേഷം പകർന്നു. മുതിർന്ന ഉദ്യോഗസ്ഥർ, ചലച്ചിത്ര പ്രവർത്തകർ, ചലച്ചിത്ര പ്രേമികൾ എന്നിവർ പങ്കെടുത്ത മേള മൂന്ന് ദിവസത്തെ പ്രചോദനാത്മകമായ ചലച്ചിത്ര പ്രദർശനങ്ങൾക്ക് കളമൊരുക്കി.
ചെന്നൈ: ടാഗോർ ഫിലിം സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്രങ്ങളിലൂടെ ദേശസ്നേഹത്തെക്കുറിച്ച് ഉൾക്കാഴ്ചയുള്ള ചിന്തകളൊരുക്കിയ സംവിധായകൻ വസന്ത്, ദേശീയാഭിമാനത്തിൽ കലയുടെ പങ്ക് എടുത്തുകാണിക്കുന്ന നൃത്തസംവിധായിക കലാ മാസ്റ്റർ, പിന്തുണയും പ്രോത്സാഹനവുമേകുന്ന തമിഴ് ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ശ്രീമതി ചോഴ നാച്ചിയാർ, മാന്യമായ സാന്നിദ്ധ്യവും ദേശസ്‌നേഹ ചിന്തകളുമായി നടി നമിത, സംസ്‌കാരം, പാരമ്പര്യം, യുവ പ്രതിഭകൾ എന്നിവയെ ബന്ധിപ്പിക്കുന്ന തമിഴ്നാട് സംഗീത കോളേജ് പ്രിൻസിപ്പൽ ഡോ. എ.വി.എസ് ശിവകുമാർ, നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ. വീര എന്നിവർ പങ്കെടുത്തു.
പൂനെ: പൂനെയിൽ തനത് പ്രദർശനങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, എൻ.എഫ്.ഡി.സിയുടെ ദേശീയ ചലച്ചിത്ര ആർക്കൈവി (എൻഎഫ്എഐ)ലെ പ്രേക്ഷകർ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്ഘാടന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ആസ്വദിച്ചു. അതുവഴി മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനത്തേക്ക് ഐക്യത്തിന്റെയും ആഘോഷം പങ്കുവെക്കലിന്റെയും ചൈതന്യം കൊണ്ടുവന്നു.
വൈവിധ്യമാർന്നതും പ്രചോദനം നൽകുന്നതുമായ ഒരു ചലച്ചിത്ര നിര
വൈവിധ്യമാർന്ന ചലച്ചിത്ര നിരയിൽ ഇനിപ്പറയുന്നവ പോലുള്ള ഇതിഹാസ ദേശസ്‌നേഹ സിനിമകൾ ഉൾപ്പെടുന്നു:
ഷഹീദ് (1965)- ഷഹീദ് ഭഗത് സിങ്ങിന്റെയും അദ്ദേഹത്തിന്റെ ആത്യന്തിക ത്യാഗത്തിന്റെയും ആവേശകരമായ കഥ.
സ്വാതന്ത്ര്യ വീർ സവർക്കർ (2024)- സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിതവും പ്രത്യയശാസ്ത്രവും വിവരിക്കുന്നു.
ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക് (2019)- 2016 ലെ ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണങ്ങളുടെ ഒരു ആധുനിക പുനരാഖ്യാനം.
ആർആർആർ (2022)- സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക വിവരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഐതിഹാസിക പോരാട്ട സിനിമ.
തൻഹാജി (2020)- മറാത്ത യോദ്ധാവ് തൻഹാജി മാലുസാരെയുടെ വീരകഥ.
****************
(Release ID: 2155319)