സഹകരണ മന്ത്രാലയം
azadi ka amrit mahotsav

സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി(CEA)യുടെ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റികളുമായുള്ള പ്രഥമ കൂടിയാലോചന യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്നു

Posted On: 11 AUG 2025 4:14PM by PIB Thiruvananthpuram
സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റികളുമായി ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രഥമ കൂടിയാലോചന യോഗം നടത്തി.സഹകരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിയുക്തവുമായി നടത്തുന്നതിനും നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. ഒഡീഷ, ബീഹാര്‍, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീ ദേവേന്ദ്ര കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.
 
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷായുടെ മാര്‍ഗനിര്‍ദ്ദേശത്തിലും സഹകരണ മേഖലയില്‍ സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി സ്ഥാപിക്കുന്നത് ഉള്‍പ്പെടെ വിവിധ പരിഷ്‌കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ ദേവേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു.
 
 
2024 മാര്‍ച്ച് മുതല്‍ ഇതുവരെയുള്ള കാലയളവില്‍ സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി 159 തിരഞ്ഞെടുപ്പുകള്‍ നടത്തി.കൂടാതെ 69 സഹകരണ തിരഞ്ഞെടുപ്പുകള്‍ കൂടി നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.2002 ലെ മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന്റെ 45-ാം വകുപ്പും 2023-ലെ ഭേദഗതിയും പ്രകാരം കേന്ദ്രത്തിന്റെ അധികാരങ്ങള്‍ വിനിയോഗിച്ച് 2024 മാര്‍ച്ച് 11-ന് സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയെ വിജ്ഞാപനം ചെയ്തു.
 
 
സഹകരണ തിരഞ്ഞെടുപ്പുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് മാനുവലുകളും പെരുമാറ്റച്ചട്ടങ്ങളും ആവശ്യമാണെന്ന് സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍പേഴ്സണ്‍ പറഞ്ഞു.മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും (MSCs) പെരുമാറ്റച്ചട്ടം രൂപീകരിക്കുക, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന് പരമാവധി പരിധി നിശ്ചയിക്കുക, റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള കൈപ്പുസ്തകം പ്രസിദ്ധീകരിക്കുക,ദേശീയ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ സഹകരണ സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുക,സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച മറ്റ് അജണ്ടകള്‍ എന്നിവയുമായി ബന്ധപ്പെട്ട       കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റികള്‍ നിര്‍ദ്ദേശിച്ച അജണ്ടകളിലൊന്ന് സഹകരണ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അവതരിപ്പിക്കുക എന്നതായിരുന്നു.
 
 
അംഗങ്ങളുടെ ഓഹരി മൂലധനം,സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങളുടെ ഉപയോഗം,സഹകരണ തിരഞ്ഞെടുപ്പുകളില്‍ മായാത്ത മഷിയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ശ്രീ ദേവേന്ദ്ര കുമാര്‍ സിംഗ് ഉന്നയിച്ചു.ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നു.
 
 
സഹകരണ തിരഞ്ഞെടുപ്പിലെ പരിഷ്‌കരണ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നത് ലക്ഷ്യമിട്ട് മൂന്ന് മാസത്തിലൊരിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗം ചേരാന്‍ സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി തീരുമാനിച്ചു.
****************
 

(Release ID: 2155262) Visitor Counter : 10