പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാർലമെന്റ് അംഗങ്ങൾക്കായി ന്യൂഡൽഹിയിൽ പുതുതായി നിർമിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


സ്വയംപര്യാപ്തമായ 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ രൂപകൽപ്പന ചെയ്തത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടി

പാർപ്പിടപരിസരത്തു സിന്ദൂരത്തൈ നടുന്ന പ്രധാനമന്ത്രി, തൊഴിലാളികളുമായി ആശയവിനിമയം നടത്തും

പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും

Posted On: 10 AUG 2025 10:44AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഓഗസ്റ്റ് 11-നു രാവിലെ 10-നു ന്യൂഡൽഹിയിലെ ബാബ ഖരക് സിങ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്യും.

ഈ വേളയിൽ, പ്രധാനമന്ത്രി പാർപ്പിടപരിസരത്തു സിന്ദൂരത്തൈ നടും. പ്രധാനമന്ത്രി ഈ അവസരത്തിൽ തൊഴിലാളികളുമായും സംവദിക്കും. അദ്ദേഹം സമ്മേളനത്തെയും അഭിസംബോധന ചെയ്യും.

സ്വയംപര്യാപ്തമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സമുച്ചയം പാർലമെന്റ് അംഗങ്ങളുടെ പ്രവർത്തനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിപുലമായ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചതാണ്. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ ഉൾപ്പെടുത്തി, ഈ പദ്ധതി GRIHA 3-സ്റ്റാർ റേറ്റിങ് മാനദണ്ഡങ്ങൾ പാലിക്കുകയും 2016-ലെ ദേശീയ കെട്ടിട കോഡ് (NBC) പാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതിസൗഹൃദപരമായ ഈ സവിശേഷതകൾ ഊർജസംരക്ഷണം, പുനരുപയോഗ ഊർജോൽപ്പാദനം, ഫലപ്രദമായ മാലിന്യസംസ്കരണം എന്നിവയ്ക്കു സംഭാവന നൽകുമെന്നു പ്രതീക്ഷിക്കുന്നു. നൂതന നിർമാണ സാങ്കേതികവിദ്യയുടെ ഉപയോഗം (പ്രത്യേകിച്ച്, അലുമിനിയം ഷട്ടറിങ്ങുള്ള മോണോലിത്തിക്ക് കോൺക്രീറ്റ്), ഘടനാപരമായ ഈടുറപ്പാക്കുന്നതിനൊപ്പം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും സഹായിച്ചു. സമുച്ചയം ദിവ്യാംഗസൗഹൃദമാണ്. ഇത് ഏവരെയും ഉൾക്കൊള്ളുന്ന രൂപകൽപ്പനയോടുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നു.

പാർലമെന്റ് അംഗങ്ങൾക്കു മതിയായ ഭവനങ്ങളുടെ അഭാവത്താലാണു പദ്ധതിയുടെ വികസനം ആവശ്യമായിവന്നത്. ഭൂമിയുടെ ലഭ്യത കുറവായതിനാൽ, ഭൂമി പരമാവധി പ്രയോജനപ്പെടുത്തുകയും പരിപാലനച്ചെലവു കുറയ്ക്കുകയും ചെയ്യുന്നതിനായി ഉയരത്തിലുള്ള ഭവനനിർമാണത്തിനു തുടർച്ചയായ ഊന്നൽ നൽകിയിട്ടുണ്ട്.

ഓരോ പാർപ്പിടയൂണിറ്റും ഏകദേശം 5000 ചതുരശ്ര അടി കാർപെറ്റ് ഏരിയ ഉള്ളതാണ്. ഇതു താമസത്തിനും ഔദ്യോഗിക പ്രവർത്തനങ്ങൾക്കും മതിയായ സ്ഥലം നൽകുന്നു. ഓഫീസുകൾ, ജീവനക്കാരുടെ താമസം, കമ്മ്യൂണിറ്റി സെന്റർ എന്നിവയ്ക്കായി പ്രത്യേക ഇടങ്ങൾ ഉൾപ്പെടുത്തിയത് പാർലമെന്റ് അംഗങ്ങൾക്ക്, പൊതുജന പ്രതിനിധികൾ എന്ന നിലയിൽ അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനു സഹായകമാകും.

സമുച്ചയത്തിലെ എല്ലാ കെട്ടിടങ്ങളും ഭൂകമ്പപ്രതിരോധശേഷിയോടെ, ആധുനിക ഘടനാത്മക രൂപകൽപ്പന മാനദണ്ഡങ്ങൾ പാലിച്ചാണു നിർമിച്ചിട്ടുള്ളത്. എല്ലാ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രവും ശക്തവുമായ സുരക്ഷാസംവിധാനവും ഒരുക്കിയിട്ടുണ്ട്.

 

-NK-


(Release ID: 2154821)