പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എം. എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


സമ്മേളനത്തിന്റെ പ്രമേയം: നിത്യഹരിത വിപ്ലവം, ജൈവ സന്തോഷത്തിലേക്കുള്ള പാത

ഭക്ഷണത്തിനും സമാധാനത്തിനുമായുള്ള ആദ്യത്തെ എം.എസ്. സ്വാമിനാഥൻ അവാർഡ് പ്രധാനമന്ത്രി സമ്മാനിക്കും

Posted On: 06 AUG 2025 12:20PM by PIB Thiruvananthpuram

എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് രാവിലെ 9 മണിക്ക് ന്യൂഡൽഹിയിലെ ICAR PUSAയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

"നിത്യഹരിത വിപ്ലവം, ജൈവ സന്തോഷത്തിലേക്കുള്ള പാത" എന്ന സമ്മേളനത്തിന്റെ പ്രമേയം എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രൊഫ. സ്വാമിനാഥന്റെ ആജീവനാന്ത സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നു. ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, വികസന പ്രൊഫഷണലുകൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് 'നിത്യഹരിത വിപ്ലവ'ത്തിന്റെ തത്വങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും അവധാനപൂർവ്വം  ചിന്തിക്കാനും സമ്മേളനം അവസരം നൽകും. ജൈവവൈവിധ്യത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും സുസ്ഥിര ക്രമീകരണം; ഭക്ഷണത്തിനും പോഷകാഹാര സുരക്ഷയ്ക്കും സുസ്ഥിര കൃഷി; കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിലൂടെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുക; സുസ്ഥിരവും തുല്യവുമായ ഉപജീവനമാർഗ്ഗങ്ങൾക്കായി ഉചിതമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക; യുവാക്കൾ, സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവരെ വികസന ചർച്ചകളിൽ ഉൾപ്പെടുത്തുക എന്നിവയാണ് പ്രധാന വിഷയങ്ങൾ. 

പ്രൊഫ. സ്വാമിനാഥന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും (എം.എസ്.എസ്.ആർ.എഫ്) വേൾഡ് അക്കാദമി ഓഫ് സയൻസസും (ടി.ഡബ്ല്യു.എ.എസ്) ചേർന്ന് 'എം.എസ്. സ്വാമിനാഥൻ അവാർഡ് ഫോർ ഫുഡ് ആൻഡ് പീസ്'-ന് ആരംഭം കുറിക്കും. ഈ അവസരത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവാർഡ് ആദ്യ ജേതാവിന് അവാർഡ് സമ്മാനിക്കും. ശാസ്ത്രീയ ഗവേഷണം, നയ വികസനം, അടിത്തട്ടിലുള്ള ഇടപെടൽ അല്ലെങ്കിൽ പ്രാദേശിക ശേഷി നിർമ്മാണം എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങൾക്ക് കാലാവസ്ഥാ നീതി, തുല്യത, സമാധാനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും മികച്ച സംഭാവനകൾ നൽകിയ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ ഈ അന്താരാഷ്ട്ര അവാർഡ് അംഗീകരിക്കും.

***

SK


(Release ID: 2152915)