പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 26 JUL 2025 11:03PM by PIB Thiruvananthpuram

 

വണക്കം!

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ കിഞ്ചരപു രാമമോഹൻ നായിഡു ജി, ഡോ. എൽ. മുരുകൻ ജി, തമിഴ്‌നാട് മന്ത്രിമാരായ തങ്കം തെന്നരസു ജി, ഡോ. ടി.ആർ.ബി. രാജ ജി, പി. ഗീത ജീവൻ ജി, അനിത ആർ. രാധാകൃഷ്ണൻ ജി, എംപി കനിമൊഴി ജി, തമിഴ്നാട് ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റും നമ്മുടെ എംഎൽഎയുമായ നായനാർ നാഗേന്ദ്രൻ ജി, തമിഴ്‌നാട്ടിലെ എന്റെ സഹോദരീ സഹോദരന്മാരേ!

ഇന്ന് കാർഗിൽ വിജയ് ദിവസാണ്. ഒന്നാമതായി, കാർഗിൽ വീരന്മാരെ ഞാൻ അഭിവാദ്യം ചെയ്യുകയും രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നാലു ദിവസത്തെ വിദേശ വാസത്തിനുശേഷം, രാമേശ്വരന്റെ ഈ പുണ്യഭൂമിയിലേക്ക് നേരിട്ട് വരാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്റെ വിദേശ വാസത്തിനിടെ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഒരു ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു. ഇന്ത്യയിലുള്ള ലോകത്തിന്റെ വളരുന്ന വിശ്വാസത്തിന്റെയും ഇന്ത്യയുടെ പുതിയ ആത്മവിശ്വാസത്തിന്റെയും പ്രതീകമാണിത്. ഈ ആത്മവിശ്വാസത്തോടെ, നമ്മൾ ഒരു വികസിത ഇന്ത്യയെ, ഒരു വികസിത തമിഴ്‌നാടിനെ കെട്ടിപ്പടുക്കും. ഇന്നും, രാമേശ്വരം ഭഗവാന്റെയും തിരുച്ചെന്തൂർ മുരുകന്റെയും അനുഗ്രഹത്താൽ, തൂത്തുക്കുടിയിൽ വികസനത്തിന്റെ ഒരു പുതിയ അധ്യായം എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. തമിഴ്‌നാടിനെ വികസനത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്നതിനായി 2014 ൽ ആരംഭിച്ച ദൗത്യത്തിന് തൂത്തുക്കുടി തുടർച്ചയായി സാക്ഷ്യം വഹിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, 'വി.ഒ. ചിദംബരനാർ തുറമുഖ'ത്തിനായുള്ള 'ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനലി'ന്റെ തറക്കല്ലിടൽ ഞാൻ ഇവിടെ നടത്തി. ആ സമയത്ത്, നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെട്ടു. സെപ്റ്റംബറിൽ, പുതിയ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ ഞാൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വീണ്ടും, 4800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. വിമാനത്താവളം, ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേ എന്നിവയ്‌ക്കായുള്ള പദ്ധതികളും വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രധാന സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിനായി തമിഴ്‌നാട് ജനതയായ നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഏതൊരു സംസ്ഥാനത്തിന്റെയും വികസനത്തിന്റെ നട്ടെല്ലാണ് അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജവും. ഈ 11 വർഷത്തിനിടയിൽ അടിസ്ഥാന സൗകര്യങ്ങളിലും ഊർജ്ജത്തിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴ്‌നാടിന്റെ വികസനത്തിന് ഞങ്ങൾക്ക് എത്രത്തോളം മുൻഗണനയുണ്ടെന്ന് കാണിക്കുന്നു. ഇന്നത്തെ എല്ലാ പദ്ധതികളും തൂത്തുക്കുടിയെയും തമിഴ്‌നാടിനെയും കണക്റ്റിവിറ്റിയുടെയും ശുദ്ധമായ ഊർജ്ജത്തിന്റെയും പുതിയ അവസരങ്ങളുടെയും കേന്ദ്രമാക്കി മാറ്റും.

സുഹൃത്തുക്കളേ,

തമിഴ്‌നാടിന്റെയും തൂത്തുക്കുടിയുടെയും നാടും അവിടുത്തെ ജനങ്ങളും നൂറ്റാണ്ടുകളായി സമ്പന്നവും ശക്തവുമായ ഒരു ഇന്ത്യയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. വി.ഒ. ചിദംബരം പിള്ളയെപ്പോലുള്ള ദീർഘവീക്ഷണമുള്ളവർ ജനിച്ച നാടാണിത്. അടിമത്തകാലത്തും കടലിലൂടെയുള്ള വ്യാപാരത്തിന്റെ ശക്തി അദ്ദേഹം മനസ്സിലാക്കി. കടലിൽ തദ്ദേശീയ കപ്പലുകൾ ഓടിച്ചുകൊണ്ട് അദ്ദേഹം ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചു. വീര-പാണ്ഡ്യ കട്ട-ബൊമ്മൻ, അളഗു-മുത്തു കോൺ തുടങ്ങിയ മഹാന്മാർ സ്വതന്ത്രവും ശക്തവുമായ ഒരു ഇന്ത്യയുടെ സ്വപ്നം നെയ്തു. സുബ്രഹ്മണ്യം ഭാരതിയെപ്പോലുള്ള ദേശീയ കവിയും സമീപത്ത് ജനിച്ചു. നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ, സുബ്രഹ്മണ്യം ഭാരതി ജിക്ക് തൂത്തുക്കുടിയുമായി ശക്തമായ ബന്ധമുണ്ടായിരുന്നു, എന്റെ പാർലമെന്ററി മണ്ഡലമായ കാശിയുമായും അദ്ദേഹത്തിന് അത്രയും ശക്തമായ ബന്ധമുണ്ട്. കാശി-തമിഴ് സംഗമം പോലുള്ള പരിപാടികളിലൂടെ ഞങ്ങൾ ഞങ്ങളുടെ സാംസ്കാരിക പൈതൃകം നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷമാണ് ഞാൻ തൂത്തുക്കുടിയിലെ പ്രശസ്തമായ മുത്തുകൾ ബിൽ ഗേറ്റ്സിന് സമ്മാനിച്ചത് എന്ന് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് ആ മുത്തുകൾ വളരെ ഇഷ്ടമായിരുന്നു. ഇവിടുത്തെ പാണ്ഡ്യ മുത്തുകൾ ഒരുകാലത്ത് ലോകമെമ്പാടുമുള്ള ഇന്ത്യയുടെ സാമ്പത്തിക ശക്തിയുടെ പ്രതീകമായിരുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, നമ്മുടെ ശ്രമങ്ങളിലൂടെ, വികസിത തമിഴ്‌നാടിന്റെയും വികസിത ഇന്ത്യയുടെയും ദർശനം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. ബ്രിട്ടനും ഇന്ത്യയും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു. എഫ്‌ടി‌എ ഈ ദർശനത്തിന് പ്രചോദനം നൽകുന്നു. ഇന്ന്, ഇന്ത്യയുടെ വളർച്ചയിൽ ലോകം അതിന്റെ വളർച്ച കാണുന്നു. ഈ കരാർ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ശക്തി നൽകും. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള നമ്മുടെ വേഗത ഇത് കൂടുതൽ ത്വരിതപ്പെടുത്തും.

സുഹൃത്തുക്കളേ,

ഈ എഫ്‌ടി‌എ കരാറിന് ശേഷം, ബ്രിട്ടനിൽ വിൽക്കുന്ന 99% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും നികുതി ഉണ്ടായിരിക്കില്ല. ബ്രിട്ടനിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിലകുറഞ്ഞാൽ, അവിടെ ആവശ്യകത വർദ്ധിക്കുകയും ഇന്ത്യയിൽ ആ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും.

സുഹൃത്തുക്കളേ,

തമിഴ്‌നാട്ടിലെ യുവാക്കൾ, നമ്മുടെ ചെറുകിട വ്യവസായങ്ങൾ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്കാണ് ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. വ്യവസായമായാലും, നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരീസഹോദരന്മാരായാലും, ഗവേഷണ-നവീകരണ മേഖലയായാലും, ഇത് എല്ലാവർക്കും പ്രയോജനകരമാണ്.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യാ ഗവൺമെന്റ് മെയ്ക്ക് ഇൻ ഇന്ത്യയിലും മിഷൻ മാനുഫാക്ചറിംഗിലും വളരെയധികം ഊന്നൽ നൽകുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ മെയ്ക്ക് ഇൻ ഇന്ത്യയുടെ ശക്തി നിങ്ങൾ എല്ലാവരും കണ്ടതാണ്. ഭീകരതയുടെ ഒളിത്താവളങ്ങൾ നശിപ്പിക്കുന്നതിൽ ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾ ഇപ്പോഴും ഭീകരതയുടെ യജമാനന്മാർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു.

സുഹൃത്തുക്കളേ,

തമിഴ്‌നാടിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന്, തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമങ്ങൾ നടത്തിവരികയാണ്. തമിഴ്‌നാട്ടിൽ, ഞങ്ങൾ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ ഹൈടെക് ആക്കുകയാണ്. ഇതിനുപുറമെ, വിമാനത്താവളങ്ങൾ, ഹൈവേകൾ, റെയിൽവേകൾ എന്നിവയും പരസ്പരം സംയോജിപ്പിക്കപ്പെടുന്നു. തൂത്തുക്കുടി വിമാനത്താവളത്തിന്റെ പുതിയ വിപുലമായ ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന് ഈ ദിശയിലുള്ള മറ്റൊരു വലിയ ചുവടുവയ്പ്പാണ്. 450 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ടെർമിനൽ ഇപ്പോൾ പ്രതിവർഷം 20 ലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളും. നേരത്തെ ഇതിന്റെ വാർഷിക ശേഷി 3 ലക്ഷം യാത്രക്കാർ മാത്രമായിരുന്നു.

സുഹൃത്തുക്കളേ,

പുതിയ ടെർമിനൽ തൂത്തുക്കുടിയെ രാജ്യത്തെ നിരവധി റൂട്ടുകളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. കോർപ്പറേറ്റ് യാത്ര, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, തമിഴ്‌നാട്ടിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഇതിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കും. ഇതോടൊപ്പം, ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്കും പുതിയ ഊർജ്ജം ലഭിക്കും.

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ തമിഴ്‌നാട്ടിലെ രണ്ട് പ്രധാന റോഡ് പദ്ധതികളും ജനങ്ങൾക്ക് സമർപ്പിച്ചു. ഏകദേശം 2,500 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ റോഡുകൾ ചെന്നൈയിലെ രണ്ട് പ്രധാന വികസന മേഖലകളെ ബന്ധിപ്പിക്കും. ഈ റോഡുകൾ കാരണം, ചെന്നൈയെ ഡെൽറ്റ ജില്ലകളുമായുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെട്ടു.

സുഹൃത്തുക്കളേ,

ഈ പദ്ധതികളുടെ സഹായത്തോടെ, തൂത്തുക്കുടി തുറമുഖത്തിന്റെ കണക്റ്റിവിറ്റിയും വളരെയധികം മെച്ചപ്പെട്ടു. ഈ റോഡുകൾ മുഴുവൻ മേഖലയുടെയും ജീവിത സൗകര്യം വർദ്ധിപ്പിക്കുകയും വ്യാപാരത്തിന്റെയും തൊഴിലിന്റെയും പുതിയ വഴികൾ തുറക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

രാജ്യത്തെ റെയിൽവേയെ വ്യാവസായിക വളർച്ചയുടെയും സ്വാശ്രയ ഇന്ത്യയുടെയും ജീവരേഖയായി നമ്മുടെ ​ഗവൺമെന്റ് കണക്കാക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, രാജ്യത്തെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരണത്തിന്റെ ഒരു പുതിയ ഘട്ടം കണ്ടത്. റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവൽക്കരണ പ്രചാരണത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ് തമിഴ്‌നാട്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം നമ്മുടെ ​ഗവൺമെന്റ് തമിഴ്‌നാട്ടിലെ 77 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക വന്ദേ ഭാരത് ട്രെയിനുകളിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പുതിയൊരു അനുഭവം ലഭിക്കുന്നു. രാജ്യത്തെ ആദ്യത്തെയും അതുല്യവുമായ ലംബമായി ഉയർത്താൻ കഴിയുന്ന റെയിൽ പാലമായ പാമ്പൻ പാലവും തമിഴ്‌നാട്ടിലാണ് നിർമ്മിച്ചിരിക്കുന്നത്. സു​ഗമമായി ബിസിനസ് ചെയ്യുന്നതും എളുപ്പത്തിലുള്ള യാത്രയും പാമ്പൻ പാലം വേ​ഗത്തിലാക്കി.

സുഹൃത്തുക്കളേ,

ഇന്ന്, മെഗാ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി രാജ്യത്ത് ഒരു മെഗാ കാമ്പെയ്‌ൻ നടക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ജമ്മു കശ്മീരിലെ ചെനാബ് പാലം ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ്. ഈ പാലം ആദ്യമായി ജമ്മുവിനെ ശ്രീനഗറുമായി റെയിൽവേ വഴി ബന്ധിപ്പിച്ചു. ഇതിനുപുറമെ, രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു നിർമ്മിച്ചു, അസമിൽ ബോഗിബീൽ പാലം നിർമ്മിച്ചു, 6 കിലോമീറ്ററിലധികം നീളമുള്ള സോനാമാർഗ് തുരങ്കം നിർമ്മിച്ചു, ഇന്ത്യാ ഗവൺമെന്റ്, എൻ‌ ഡി‌ എ ഗവൺമെന്റ് എന്നിവ അത്തരം നിരവധി പദ്ധതികൾ പൂർത്തിയാക്കി. ഇവയെല്ലാം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

സുഹൃത്തുക്കളേ,

ഇന്നും തമിഴ്‌നാട്ടിൽ ഞങ്ങൾ സമർപ്പിച്ച റെയിൽവേ പദ്ധതികൾ ദക്ഷിണ തമിഴ്‌നാട്ടിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടും. മധുര മുതൽ ബോഡി-നായ്ക്കനൂർ വരെയുള്ള പാതയുടെ വൈദ്യുതീകരണം വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ ഓടുന്നതിനുള്ള വഴി തുറന്നിരിക്കുന്നു. ഈ റെയിൽവേ പദ്ധതികൾ തമിഴ്‌നാടിന്റെ വേഗതയ്ക്കും വികസന നിലവാരത്തിനും ഒരു പുതിയ ഉത്തേജനം നൽകും.

സുഹൃത്തുക്കളേ,

ഇന്ന്, 2000 മെഗാവാട്ട് കൂടംകുളം ആണവ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ട്രാൻസ്മിഷൻ പദ്ധതിയുടെ ശിലാസ്ഥാപനവും ഇവിടെ നടന്നു. ഏകദേശം 550 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ സംവിധാനം വരും വർഷങ്ങളിൽ രാജ്യത്തിന് ശുദ്ധമായ ഊർജ്ജം നൽകുന്നതിൽ വലിയ പങ്കുവഹിക്കും. ഇന്ത്യയുടെ ആഗോള ഊർജ്ജ ലക്ഷ്യങ്ങളും പരിസ്ഥിതി പ്രതിബദ്ധതകളും നിറവേറ്റുന്നതിനുള്ള ഒരു മാർഗമായി ഈ ഊർജ്ജ പദ്ധതി വർത്തിക്കും. വൈദ്യുതി ഉൽപ്പാദനം വർദ്ധിക്കുമ്പോൾ, തമിഴ്‌നാടിന്റെ വ്യവസായത്തിനും ഗാർഹിക ഉപയോക്താക്കൾക്കും ഇതിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി തമിഴ്‌നാട്ടിൽ വേഗത്തിൽ നടക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇതുവരെ, ​ഗവൺമെന്റിന് ഏകദേശം 1 ലക്ഷം അപേക്ഷകൾ ലഭിച്ചു, 40000 സോളാർ റൂഫ്‌ടോപ്പ് ഇൻസ്റ്റാളേഷനുകൾ പൂർത്തിയായി. സൗജന്യവും ശുദ്ധവുമായ വൈദ്യുതി നൽകുക മാത്രമല്ല, ആയിരക്കണക്കിന് ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

സുഹൃത്തുക്കളേ,

തമിഴ്‌നാടിന്റെ വികസനം, വികസിത തമിഴ്‌നാടിന്റെ സ്വപ്നം  ഞങ്ങളുടെ പ്രധാന പ്രതിബദ്ധതയാണ്. തമിഴ്‌നാടിന്റെ വികസനവുമായി ബന്ധപ്പെട്ട നയങ്ങൾക്ക് ഞങ്ങൾ നിരന്തരം മുൻഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര ​ഗവൺമെന്റ് അധികാര വികേന്ദ്രീകരണത്തിലൂടെ മൂന്ന് ലക്ഷം കോടി രൂപ തമിഴ്‌നാടിന് അയച്ചു. മുൻ യുപിഎ ​ഗവൺമെന്റ് അയച്ച തുകയുടെ മൂന്നിരട്ടിയിലധികമാണിത്. ഈ പതിനൊന്ന് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ പതിനൊന്ന് പുതിയ മെഡിക്കൽ കോളേജുകൾ ലഭിച്ചു. തീരദേശ മേഖലയുമായി ബന്ധപ്പെട്ട സമൂഹങ്ങളോട് ആദ്യമായാണ്, ഏതെങ്കിലുമൊരു ​ഗവൺമെന്റ് ഇത്രയധികം ശ്രദ്ധ കാണിച്ചിട്ടുള്ളത്. നീല വിപ്ലവത്തിലൂടെ നാം തീരദേശ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന്, തൂത്തുക്കുടി എന്ന ഈ നാട് വികസനത്തിന്റെ ഒരു പുതിയ അധ്യായത്തിന് സാക്ഷ്യം വഹിക്കുകയാണ്. കണക്റ്റിവിറ്റി, വൈദ്യുതി പ്രസരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ഈ എല്ലാ പദ്ധതികളും വികസിത തമിഴ്‌നാടിനും വികസിത ഇന്ത്യയ്ക്കും ശക്തമായ അടിത്തറ സൃഷ്ടിക്കാൻ പോകുന്നു. ഈ പദ്ധതികൾക്കായി തമിഴ്‌നാട്ടിലെ എന്റെ എല്ലാ കുടുംബാംഗങ്ങളെയും ഞാൻ വീണ്ടും അഭിനന്ദിക്കുന്നു. വളരെ നന്ദി. എനിക്ക് ഒരു അഭ്യർത്ഥന കൂടിയുണ്ട്, ഇന്ന് നിങ്ങളെല്ലാവരും വളരെ ഉത്സാഹഭരിതരാണെന്ന് ഞാൻ കാണുന്നു, ഒരു കാര്യം ചെയ്യുക, നിങ്ങളുടെ മൊബൈൽ ഫോൺ പുറത്തെടുക്കുക, നിങ്ങളുടെ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ഈ പുതിയ വിമാനത്താവളത്തിന്റെ മഹിമ വർദ്ധിപ്പിക്കുക.

ഭാരത് മാതാ കി ജയ്.

ഭാരത് മാതാ കി ജയ്.

ഭാരത് മാതാ കി ജയ്.

വളരെ നന്ദി.

വണക്കം.

***


(Release ID: 2151122)