വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയ്ക്കും സായുധ സേനയ്ക്കുമെതിരായ പാകിസ്ഥാൻ പ്രചാരണം ഔദ്യോഗിക വസ്തുത പരിശോധന സംവിധാനത്തിലൂടെ പൊളിച്ചടുക്കി സർക്കാർ
വ്യാജ വാർത്തകളും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും കണ്ടെത്താനും തടയാനും പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അതിവേഗം മറുപടി നല്‍കാനും ഓപ്പറേഷൻ സിന്ദൂറിനിടെ 24 മണിക്കൂറും പ്രവർത്തനക്ഷമമായി പിഐബി വസ്തുത പരിശോധന വിഭാഗം
ഓപ്പറേഷൻ സിന്ദൂറിനിടെ ദേശവിരുദ്ധ പ്രചാരണം നടത്തിയ 1,400-ലധികം യുആര്‍എല്ലുകള്‍ തടഞ്ഞ് സർക്കാർ
Posted On:
30 JUL 2025 4:46PM by PIB Thiruvananthpuram
നിയമപരവും സ്ഥാപനപരവുമായി ലഭ്യമായ സംവിധാനങ്ങളുപയോഗിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളുടെ വ്യാപനം നിയന്ത്രിക്കാൻ സർക്കാർ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പ്രധാനമായും ഇന്ത്യയ്ക്ക് പുറത്തുനിന്ന് വൻതോതില്‍ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും നടക്കുന്നതായി ശ്രദ്ധയില്‍പെട്ടു. അത്തരം വ്യാജപ്രചാരണങ്ങളെ ചെറുക്കാൻ സജീവ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്:
ആധികാരിക വിവരങ്ങൾ നൽകൽ: ഇടക്കിടെ പത്രസമ്മേളനങ്ങൾ നടത്തിയ കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെയും പൗരന്മാരെയും കൃത്യമായി വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. പ്രതിരോധ സേനാവിഭാഗങ്ങള്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ വിശദാംശങ്ങൾ പ്രസക്ത ദൃശ്യ-ശ്രാവ്യ ഉപഗ്രഹ ചിത്രങ്ങൾ സഹിതം വിശദീകരിച്ചു. ഈ പത്രസമ്മേളനങ്ങള്‍ ആധികാരിക വിവരങ്ങൾ പങ്കുവെച്ചു.
മന്ത്രാലയങ്ങള്‍ക്കിടയിലെ ഏകോപനം: ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വകുപ്പുകള്‍ക്കിടയിലെ ഏകോപനത്തിന് ഒരു കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിച്ച ഈ കൺട്രോൾ റൂം വഴി എല്ലാ മാധ്യമ പങ്കാളികൾക്കും തത്സമയ വിവരങ്ങള്‍ നല്‍കി. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ നോഡൽ പ്രതിനിധികളും വിവിധ സർക്കാർ മാധ്യമ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഉദ്യോഗസ്ഥരും ഈ കൺട്രോൾ റൂമിന്റെ ഭാഗമായി. വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളും പോസ്റ്റുകളും സജീവമായി തിരിച്ചറിഞ്ഞു.
വസ്തുത പരിശോധന
ഇന്ത്യയ്ക്കും രാജ്യത്തെ സായുധ സേനയ്ക്കുമെതിരായ പാകിസ്ഥാൻ പ്രചാരണങ്ങളെ പൊളിച്ചടുക്കിയ പിഐബി ഫാക്ട് ചെക്ക് വിഭാഗം അത്തരം ഉള്ളടക്കങ്ങള്‍ക്കെതിരായ നിരവധി പോസ്റ്റുകൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കൂടാതെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വസ്തുത പരിശോധന നടത്തിയ വ്യാജവിവരങ്ങളോ തെറ്റായ വാർത്തകളോ സംബന്ധിച്ച ലിങ്കുകൾ ഉചിതമായ നടപടികൾ സ്വീകരിക്കാന്‍ ഫാക്ട്ചെക്ക് യൂണിറ്റ് ബന്ധപ്പെട്ട ഇടനില മാധ്യമങ്ങളുമായി ഉടന്‍ പങ്കിട്ടു.
വസ്തുത പരിശോധന വിഭാഗത്തിന്റെ ശ്രമങ്ങളെ മാധ്യമങ്ങൾ അഭിനന്ദിച്ചു. ചില ലേഖനങ്ങളുടെ ലിങ്കുകൾ താഴെ:
https://www.livemint.com/industry/media/india-pib-govt-fact-checking-unit-operation-sindoor-misinformation-false-claims-11746770729519.html
https://www.hindustantimes.com/india-news/how-india-is-fighting-pakistan-s-disinformation-campaign-101746644575505.html
തടയല്‍
ഇന്ത്യയ്ക്ക് പുറത്തുനിന്ന് ചില സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാജവും ദോഷകരവുമായ വിവരങ്ങൾ സജീവമായി പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2000-ത്തിലെ വിവരസാങ്കേതികവിദ്യ നിയമത്തിന്റെ സെക്ഷൻ 69-എ പ്രകാരം ഇന്ത്യയുടെ പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രതിരോധത്തിന്റെയും സംസ്ഥാന സുരക്ഷയുടെയും ക്രമസമാധാനത്തിന്റെയും താൽപ്പര്യങ്ങൾ മുൻനിർത്തി വെബ്‌സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പോസ്റ്റുകളും തടയാന്‍ ആവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഡിജിറ്റൽ മാധ്യമങ്ങളിലെ 1,400-ലധികം യുആര്‍എല്ലുകൾ ബ്ലോക്ക് ചെയ്യാനും മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. പാകിസ്ഥാൻ ആസ്ഥാനമായ സമൂഹമാധ്യമ അക്കൗണ്ടുകളിലെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും ദേശവിരുദ്ധവുമായ വാർത്തകളും വർഗീയ ഉള്ളടക്കവും ഇന്ത്യൻ സായുധ സേനയ്‌ക്കെതിരെ വന്ന പ്രകോപനപരമായ ഉള്ളടക്കവുമാണ് ഈ യുആര്‍എല്ലുകളിലുണ്ടായിരുന്നത്.
മാധ്യമങ്ങൾക്കുള്ള നിര്‍ദേശം
ദേശസുരക്ഷ മുന്‍നിര്‍ത്തി പ്രതിരോധ പ്രവർത്തനങ്ങളുടെയും സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കാൻ എല്ലാ മാധ്യമ ചാനലുകൾക്കും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 2025 ഏപ്രിൽ 26-ന് നിര്‍ദേശം നൽകി.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ലോക്സഭയിൽ നല്‍കിയതാണ് ഈ വിവരങ്ങള്‍.
(Release ID: 2150462)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Tamil
,
Telugu
,
Kannada