പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ടു നടന്ന പ്രത്യേക ചർച്ചയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തു


ഇന്ത്യൻ സായുധസേനയുടെ വീര്യത്തിന്റെയും ശക്തിയുടെയും തെളിവാണു വിജയോത്സവം: പ്രധാനമന്ത്രി

ഈ വിജയോത്സവത്തിന്റെ ചൈതന്യത്തോടെയാണ് ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനായി ഞാൻ സഭയിൽ നിൽക്കുന്നത്: പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ സ്വയംപര്യാ​പ്ത ഇന്ത്യയുടെ കരുത്തു തെളിയിച്ചു!: പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂറി’നിടെ, കര-നാവിക-വ്യോമസേനകളുടെ ഏകോപനം പാകിസ്ഥാന്റെ അടിത്തറ പിടിച്ചുകുലുക്കി: പ്രധാനമന്ത്രി

ഭീകരതയ്ക്കെ​തിരെ സ്വന്തം വ്യവസ്ഥകളിൽ പ്രതികരിക്കുമെന്നും, ആണവഭീഷണി വച്ചുപൊറുപ്പിക്കില്ലെന്നും, ഭീകരതയെ പിന്തുണയ്ക്കുന്നവരെയും സൂത്രധാരന്മാരെയും ഒരുപോലെ കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്: പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂറി’നിടെ, ഇന്ത്യക്കു ആഗോളതലത്തിൽ വ്യാപക പിന്തുണ ലഭിച്ചു: പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഇപ്പോഴും തുടരുന്നു; പാകിസ്ഥാന്റെ വീണ്ടുവിചാരമില്ലാത്ത ഏതൊരു നീക്കത്തിനും ഉറച്ച മറുപടി നൽകും: പ്രധാനമന്ത്രി

അതിർത്തികളിലെ കരുത്തുറ്റ സൈന്യം ഊർജസ്വലവും സുരക്ഷിതവുമായ ജനാധിപത്യം ഉറപ്പാക്കുന്നു: പ്രധാനമന്ത്രി

കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ സായുധസേന ആർജിച്ച വളർന്നുവരുന്ന ശക്തിയുടെ വ്യക്തമായ തെളിവാണ് ‘ഓപ്പറേഷൻ സിന്ദൂർ’: പ്രധാനമന്ത്രി

ഇന്ത്യ ബുദ്ധന്റെ നാടാണ്, യുദ്ധത്തിന്റേതല്ല; ശാശ്വത സമാധാനം ശക്തിയിലൂടെയേ കൈവരൂ എന്നു മനസിലാക്കി, സമൃദ്ധിക്കും ഐക്യത്തിനുമായി നാം പരിശ്രമിക്കുന്നു: പ്രധാനമന്ത്രി

രക്തത്തിനും വെള്ളത്തിനും ഒന്നിച്ചൊഴുകാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്: പ്രധാനമന്ത്രി

Posted On: 29 JUL 2025 10:37PM by PIB Thiruvananthpuram

പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ കരുത്തുറ്റതും വിജയകരവും നിർണായകവുമായ ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. സമ്മേളനത്തിന്റെ തുടക്കത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ വിജയങ്ങളുടെ ആഘോഷമായി ഈ സമ്മേളനത്തെ കാണണമെന്നു ബഹുമാന്യരായ എല്ലാ പാർലമെന്റ് അംഗങ്ങളോടും അഭ്യർഥിച്ച അദ്ദേഹം, ഇന്ത്യയുടെ മഹത്വത്തിനുള്ള ആദരമായും സമ്മേളനത്തെ കാണണമെന്ന് ആവശ്യപ്പെട്ടു.

ഭീകരരുടെ ആസ്ഥാനം പൂർണമായി തകർത്തതിനെ പരാമർശിക്കുന്നതാണു ‘വിജയോത്സവം’ എന്നു ചൂണ്ടി‌ക്കാട്ടിയ ശ്രീ മോദി, വിജയോത്സവം സിന്ദൂരം​തൊട്ടുള്ള പ്രതിജ്ഞയുടെ പൂർത്തീകരണമാണു പ്രതിനിധാനം ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു. അതു ദേശസ്നേഹത്തിനും ത്യാഗത്തിനുമുള്ള ആദരമാണെന്നും അദ്ദേഹം പറഞ്ഞു. “വിജയോത്സവം ഇന്ത്യൻ സായുധ സേനയുടെ വീര്യത്തിന്റെയും കരുത്തിന്റെയും തെളിവാണ്” - അദ്ദേഹം പറഞ്ഞു, വിജയോത്സവം 140 കോടി ഇന്ത്യക്കാരുടെ ഐക്യം, ഇച്ഛാശക്തി, കൂട്ടായ വിജയം എന്നിവയുടെ ആഘോഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനായി വിജയത്തിന്റെ ചൈതന്യത്തോടെയാണു താൻ സഭയിൽ നിൽക്കുന്നതെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്ത്യയുടെ കാഴ്ചപ്പാടു കാണാൻ കഴിയാത്തവർക്കായി കണ്ണാടിയും ഉയർത്തിപ്പിടിച്ചാണു താൻ നിൽക്കുന്നതെന്നും പറഞ്ഞു. 140 കോടി പൗരന്മാരുടെ വികാരങ്ങളോടു തന്റെ ശബ്ദം ചേർക്കാനാണു വന്നിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കൂട്ടായ വികാരങ്ങളുടെ അലയൊലികൾ സഭയിൽ മുഴങ്ങിയെന്നും, അവയോടൊപ്പം തന്റെ ശബ്ദവും ചേർക്കാനാണു താനിവിടെ നിൽക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു.

‘ഓപ്പറേഷൻ സിന്ദൂറി’നിടെ ഇന്ത്യയിലെ ജനങ്ങൾ നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തോട് എന്നും താൻ കടപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞു. പൗരന്മാരുടെ കൂട്ടായ ദൃഢനിശ്ചയത്തെ ഉയർത്തിക്കാട്ടിയ അദ്ദേഹം, ഓപ്പറേഷന്റെ വിജയത്തിൽ അവരുടെ പങ്കിനു നന്ദി അറിയിക്കുകയും ചെയ്തു.

2025 ഏപ്രിൽ 22-നു പഹൽഗാമിൽ നടന്ന ഹീനമായ സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചു. ഭീകരവാദികൾ മതം ചോദിച്ചശേഷം നിരപരാധികളെ ക്രൂരമായി വെടിവച്ചുകൊന്നതു ക്രൂരതയുടെ അങ്ങേയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അക്രമത്തിന്റെ തീജ്വാലയിലേക്കു തള്ളിവിടാനും വർഗീയ കലാപം ഇളക്കിവിടാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐക്യത്തോടെയും സ്ഥിരോത്സാഹത്തോടെയും ഈ ഗൂഢാലോചനയെ പരാജയപ്പെടുത്തിയതിന് അദ്ദേഹം ഇന്ത്യയിലെ ജനങ്ങൾക്കു നന്ദി പറഞ്ഞു.

​ഏപ്രിൽ 22-നുശേഷം ഇന്ത്യയുടെ നിലപാടു ലോകത്തെ വ്യക്തമായി അറിയിക്കുന്നതിനായി ഇംഗ്ലീഷിലുൾപ്പെടെ പൊതുപ്രസ്താവന പുറപ്പെടുവിച്ചതു ശ്രീ മോദി അനുസ്മരിച്ചു. ഭീകരതയെ തകർക്കുക എന്നത് ഇന്ത്യയുടെ ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗൂഢാലോചനക്കാർക്കു സങ്കൽപ്പിക്കാനാകുന്നതിലുമപ്പുറമുള്ള ശിക്ഷ നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 22-നു താൻ വിദേശപര്യടനത്തിലായിരുന്നുവെന്നും എന്നാൽ ഉന്നതതല യോഗം വിളിക്കാൻ ഉടൻ മടങ്ങിയെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയ്ക്കു നിർണായകമായ മറുപടി നൽകാൻ യോഗത്തിൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇതു ദേശീയ പ്രതിജ്ഞാബദ്ധതയാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യൻ സായുധസേനയുടെ കഴിവുകളിലും കരുത്തിലും ധൈര്യത്തിലും പൂർണവിശ്വാസമുണ്ടെന്ന് ഉറപ്പുനൽകി, സമയവും സ്ഥലവും പ്രതികരണരീതിയും തീരുമാനിക്കാൻ സൈന്യത്തിനു പൂർണ പ്രവർത്തനസ്വാതന്ത്ര്യം നൽകിയെന്നു ശ്രീ മോദി പറഞ്ഞു. ഉന്നതതല യോഗത്തിൽ ഈ നിർദേശങ്ങൾ വ്യക്തമായി അറിയിച്ചുവെന്നും ചില വശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരർക്കു നൽകിയ ശിക്ഷ വളരെ സ്വാധീനം ചെലുത്തിയതിനാൽ ഗൂഢാലോചന നടത്തിയവർക്ക് ഇപ്പോഴും ഉറക്കം നഷ്ടമായിരിക്കുകയാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

ഇന്ത്യയുടെ പ്രതികരണവും സായുധ സേനയുടെ വിജയവും സഭയിലൂടെ രാഷ്ട്രത്തിനുമുന്നിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. പഹൽഗാം ആക്രമണത്തെത്തുടർന്ന്, ഇന്ത്യ വലിയ രീതിയിലുള്ള മറുപടി നൽകുമെന്നു പ്രതീക്ഷിച്ച പാകിസ്ഥാൻ സൈന്യം ആണവഭീഷണി മുഴക്കിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടം വിശദീകരിച്ച്, 2025 മെയ് ആറിനും ഏഴിനും രാത്രിയിൽ ഇന്ത്യ ഓപ്പറേഷൻ നടത്തിയതിനാൽ പാകിസ്ഥാനു പ്രതികരിക്കാൻ കഴിഞ്ഞില്ല എന്നും, ഏപ്രിൽ 22-ലെ ആക്രമണത്തിന് ഇന്ത്യൻ സായുധസേന വെറും 22 മിനിറ്റിനുള്ളിൽ അവരുടെ ലക്ഷ്യങ്ങൾ നേടിയെടുത്തുവെന്നും ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ തന്ത്രപരമായ പ്രതികരണത്തിന്റെ രണ്ടാംഘട്ടം കൂടുതൽ വിശദീകരിച്ച ശ്രീ മോദി, ഇന്ത്യ മുമ്പു പാകിസ്ഥാനുമായി നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, മുമ്പു കടന്നുചെല്ലാത്ത സ്ഥലങ്ങളിൽ എത്തുന്ന തന്ത്രം നടപ്പാക്കുന്നത് ഇതാദ്യമാണെന്നു സഭയിലൂടെ അഭിപ്രായപ്പെട്ടു. ഇന്ത്യ എത്തിച്ചേരുമെന്ന് ആരും കരുതാത്ത പ്രദേശങ്ങൾ ഉൾപ്പെടെ, പാകിസ്ഥാനിലുടനീളമുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ നിർണായകമായി ലക്ഷ്യം വച്ചിരുന്നു. ബഹാവൽപുരിനെയും മുരീദ്കെയെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഈ താവളങ്ങൾ തകർത്തുവെന്നും ഇന്ത്യയുടെ സായുധസേന ഭീകരകേന്ദ്രങ്ങൾ വിജയകരമായി നശിപ്പിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

പാകിസ്ഥാന്റെ ആണവഭീഷണികൾ പൊള്ളയാണെന്നു തെളിയിക്കപ്പെട്ട മൂന്നാമത്തെ ഘട്ടത്തെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. ആണവഭീഷണി ഇനി അനുവദിക്കില്ലെന്നും ഒരിക്കലും അതിനുമുന്നിൽ വഴങ്ങില്ലെന്നും ഇന്ത്യ തെളിയിച്ചിട്ടുണ്ട്.

‘ഓപ്പറേഷൻ സിന്ദൂറി’നു കീഴിൽ ഇന്ത്യയുടെ തന്ത്രപരമായ പ്രതികരണത്തിന്റെ നാലാമത്തെ തലം വിശദീകരിച്ച പ്രധാനമന്ത്രി, പാകിസ്ഥാൻ പ്രദേശത്തിനുള്ളിൽ ആഴത്തിൽ കൃത്യമായ ആക്രമണങ്ങൾ നടത്തിയ ഇന്ത്യ നൂതന സാങ്കേതിക കഴിവുകൾ പ്രകടിപ്പിച്ചുവെന്നും അതിന്റെ ഫലമായി പാകിസ്ഥാന്റെ വ്യോമതാവള ആസ്തികൾക്കു കാര്യമായ നാശനഷ്ടമുണ്ടായെന്നും പറഞ്ഞു. അവയിൽ പലതും ഇപ്പോഴും ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യാധിഷ്ഠിത യുദ്ധത്തിന്റെ യുഗത്തിലാണു നാമിപ്പോൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ ഇന്ത്യയുടെ വൈദഗ്ധ്യം തെളിയിക്കാൻ ‘ഓപ്പറേഷൻ സിന്ദൂറി’നായി. കഴിഞ്ഞ പത്തു വർഷത്തെ തയ്യാറെടുപ്പുകൾ ഇല്ലായിരുന്നെങ്കിൽ, ഈ സാങ്കേതിക യുഗത്തിൽ രാജ്യത്തിനു വലിയ നഷ്ടങ്ങൾ നേരിടേണ്ടിവരുമായിരുന്നുവെന്നു പറഞ്ഞ്, ശ്രീ മോദി അഞ്ചാമത്തെ ഘട്ടം അവതരിപ്പിച്ചു. ‘ഓപ്പറേഷൻ സിന്ദൂറി’നിടെ ലോകം ആദ്യമായി സ്വയംപര്യാപ്ത ഇന്ത്യയുടെ കരുത്തിനു സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ ആയുധ സംവിധാനങ്ങളിലെ ദൗർബല്യം തുറന്നുകാട്ടിയ ഇന്ത്യൻ നിർമിത ഡ്രോണുകളുടെയും മിസൈലുകളുടെയും ഫലപ്രാപ്തി അദ്ദേഹം എടുത്തുകാട്ടി.

​ഇന്ത്യയുടെ പ്രതിരോധ ഘടനയിലെ സുപ്രധാന നേട്ടം എടുത്തുകാട്ടിയ ശ്രീ മോദി, സംയുക്ത സൈനിക ​മേധാവിയുടെ (CDS) പ്രഖ്യാപനം പരാമർശിച്ച്, ‘ഓപ്പറേഷൻ സിന്ദൂറി’ൽ കര-നാവിക-വ്യോമസേനകളുടെ സംയുക്ത നീക്കമുണ്ടായതായും സേനകൾ തമ്മിലുള്ള സമന്വയം പാകിസ്ഥാനെ വലിയ തോതിൽ നടുക്കിയതായും അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ മുമ്പും ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, സൂത്രധാരന്മാർ അസ്വസ്ഥരായില്ലെന്നും ഭാവി ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും ശ്രീ മോദി പറഞ്ഞു. സ്ഥിതി ഇപ്പോൾ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്, ഓരോ ആക്രമണത്തിനുശേഷവും, സൂത്രധാരന്മാർക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഇന്ത്യ തിരിച്ചടിക്കുകയും ഭീഷണികൾ കൃത്യമായി ഇല്ലാതാക്കുകയും ചെയ്യുമെന്ന് അവർക്കറിയാം. ഇന്ത്യ “സാധാരണമെന്ന നിലയിൽ” പുതിയ നടപടികൾക്ക് തുടക്കമിട്ടെന്നും പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

‘സിന്ദൂർ മുതൽ സിന്ധു വരെ’ പാകിസ്ഥാനിലുടനീളം ആക്രമണങ്ങൾ നടത്തിയെന്നു പ്രസ്താവിച്ച അ​ദ്ദേഹം, ‘ഓപ്പറേഷൻ സിന്ദൂർ’ പുതിയ സിദ്ധാന്തം സ്ഥാപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. ഇന്ത്യക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും അതിന്റെ സൂത്രധാരന്മാരും പാകിസ്ഥാനും കനത്ത വില നൽകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഓപ്പറേഷൻ സിന്ദൂറി’ൽനിന്ന് ഉരുത്തിരിഞ്ഞ വ്യക്തമായ മൂന്നു തത്വങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ഒന്നാമതായി, ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ സ്വന്തം നിബന്ധനകളിൽ, സ്വന്തം രീതിയിൽ, തെരഞ്ഞെടുത്ത സമയത്തു പ്രതികരിക്കും. രണ്ടാമതായി, ഏതെങ്കിലും തരത്തിലുള്ള ആണവഭീഷണി ഇനി അനുവദിക്കില്ല. മൂന്നാമതായി, ഭീകരവാദത്തിനു സഹായമേകുന്നവരെയും അത്തരം ആക്രമണങ്ങൾക്കു പിന്നിലെ സൂത്രധാരന്മാരെയും ഇന്ത്യ വേറിട്ടുകാണില്ല.

‘ഓപ്പറേഷൻ സിന്ദൂറി’നിടെ ഇന്ത്യയുടെ നടപടികൾക്ക് ആഗോളതലത്തിൽ പിന്തുണ ലഭിച്ചതിനെക്കുറിച്ചു ശ്രീ മോദി സഭയെ വ്യക്തമായി അറിയിച്ചു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായി ഇന്ത്യ ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ ലോകത്തിലെ ഒരു രാജ്യവും എതിർപ്പു പ്രകടിപ്പിച്ചില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ, ഓപ്പറേഷനിൽ പാകിസ്ഥാനെ പിന്തുണച്ചു മൂന്നു രാജ്യങ്ങൾ മാത്രമേ പ്രസ്താവനകൾ പുറപ്പെടുവിച്ചുള്ളൂവെന്നു പ്രധാനമന്ത്രി പറഞ്ഞു. ക്വാഡ്, ബ്രിക്സ് പോലുള്ള തന്ത്രപ്രധാന സംഘങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്നും ഫ്രാൻസ്, റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഇന്ത്യക്കു വ്യാപകമായ പിന്തുണ ലഭിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഇന്ത്യക്കു കരുത്തുറ്റ പിന്തുണയേകിയെന്നു പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയ്ക്ക് ആഗോള സമൂഹത്തിൽ നിന്ന് പിന്തുണ ലഭിച്ചെങ്കിലും, രാജ്യത്തിന്റെ സൈനികരുടെ വീര്യത്തിന് പ്രതിപക്ഷത്തിൽ നിന്ന് പിന്തുണ ലഭിക്കാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച ശ്രീ മോദി, ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ചില പ്രതിപക്ഷ നേതാക്കൾ സർക്കാരിനെ പരിഹസിക്കുകയും പരാജയം ആരോപിക്കുകയും ചെയ്തുവെന്ന് അഭിപ്രായപ്പെട്ടു. പഹൽഗാം കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പോലും രാഷ്ട്രീയ അവസരവാദത്തിൽ മുഴുകിയ ഈ പരിഹാസം ദേശീയ ദുഃഖത്തോടുള്ള അവഗണനയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പ്രസ്താവനകൾ അല്പത്തരമെന്ന് മാത്രമല്ല, ഇന്ത്യയുടെ സുരക്ഷാ സേനയുടെ മനോവീര്യം കെടുത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ചില പ്രതിപക്ഷ നേതാക്കൾ ഇന്ത്യയുടെ ശക്തിയിലോ സായുധ സേനയുടെ കഴിവുകളിലോ വിശ്വസിക്കുന്നില്ലെന്നും, ഓപ്പറേഷൻ സിന്ദൂറിൽ സംശയം പ്രകടിപ്പിക്കുന്നത് തുടരുകയാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. വാർത്തകൾക്ക് പിന്നാലെ പോകുന്നത്  രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഉപകരിച്ചേക്കാം, പക്ഷേ അത് ജനങ്ങളുടെ വിശ്വാസമോ ബഹുമാനമോ നേടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

2025 മെയ് 10 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രഖ്യാപനം വിവിധ ഊഹാപോഹങ്ങൾക്ക് കാരണമായെന്നും,ഇവയെല്ലാം  അതിർത്തിക്കപ്പുറത്തു നിന്നുള്ള പ്രചാരണമായിരുന്നുവെന്നും  അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ സായുധ സേന അവതരിപ്പിച്ച വസ്തുതകളെ വിശ്വസിക്കുന്നതിനുപകരം പാകിസ്ഥാന്റെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ തീരുമാനിച്ചവരെ അദ്ദേഹം വിമർശിച്ചു, ഇന്ത്യയുടെ നിലപാട് എല്ലായ്പ്പോഴും വ്യക്തവും ദൃഢവുമായി തുടരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.

വർഷങ്ങളായി ഇന്ത്യ നടത്തിയ ലക്ഷ്യത്തിലധിഷ്ഠിതമായ സൈനിക നീക്കങ്ങളെ അനുസ്മരിച്ചുകൊണ്ടും, സൈന്യത്തിൻ്റെ  തന്ത്രപരമായ വ്യക്തതയും നിർവ്വഹണവും ഊന്നിപ്പറഞ്ഞുകൊണ്ടും, സർജിക്കൽ സ്‌ട്രൈക്കുകളിൽ ശത്രു പ്രദേശത്തെ തീവ്രവാദ  കേന്ദ്രങ്ങൾ നശിപ്പിക്കുക എന്ന വ്യക്തമായ ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചിരുന്നുവെന്നും, സൂര്യോദയത്തിന് മുമ്പ് രാത്രിയിൽ തന്നെ അത് നേടിയെടുത്തതായും ശ്രീ മോദി പറഞ്ഞു. ബാലകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യ തീവ്രവാദ പരിശീലന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചതായും ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ വീണ്ടും വ്യക്തമായി നിർവചിക്കപ്പെട്ട ഒരു ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു - ഭീകരതയുടെ പ്രഭവകേന്ദ്രവും പഹൽഗാം ആക്രമണകാരികളുടെ പിന്നിലെ അടിസ്ഥാന സൗകര്യങ്ങളും, അവരുടെ ആസൂത്രണ കേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ഫണ്ടിംഗ് സ്രോതസ്സുകൾ, ട്രാക്കിംഗ്, സാങ്കേതിക പിന്തുണ, ആയുധ വിതരണ ശൃംഖലകൾ എന്നിവ ഉൾപ്പെടെ. "ഇന്ത്യ ഈ തീവ്രവാദികളുടെ നാഡീ കേന്ദ്രത്തെ കൃത്യമായി ആക്രമിക്കുകയും അവരുടെ പ്രവർത്തനങ്ങളുടെ ഉൾക്കാമ്പ്  തകർക്കുകയും ചെയ്തു", പ്രധാനമന്ത്രി പറഞ്ഞു.

"ഇന്ത്യൻ സൈന്യം വീണ്ടും അവരുടെ ലക്ഷ്യങ്ങളുടെ 100% നേടിയെടുത്ത്, രാജ്യത്തിൻ്റെ ശക്തി പ്രദർശിപ്പിച്ചു", ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ നാഴികക്കല്ലുകൾ മനഃപൂർവ്വം മറക്കാൻ തീരുമാനിച്ചവരെ അദ്ദേഹം വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ നാൾവഴികൾ  രാഷ്ട്രം നന്നായി ഓർക്കുന്നുവെന്ന് സ്ഥിരീകരിച്ച പ്രധാനമന്ത്രി മെയ് 6 രാത്രിയിലും മെയ് 7 രാവിലെയുമാണ് ഓപ്പറേഷൻ നടന്നതെന്നും മെയ് 7 ന് സൂര്യോദയത്തോടെ, ദൗത്യം പൂർത്തീകരിച്ചുവെന്നും തുടർന്ന് ഇന്ത്യൻ സൈന്യം ഒരു പത്രസമ്മേളനം നടത്തിയെന്നും ഓർത്തെടുത്തു. ഭീകര ശൃംഖലകൾ, അവരുടെ സൂത്രധാരന്മാർ, അവരുടെ ലോജിസ്റ്റിക്കൽ ഹബ്ബുകൾ എന്നിവ തകർക്കുക എന്ന ആദ്യ ദിവസം മുതലുള്ള  ഇന്ത്യയുടെ ലക്ഷ്യങ്ങൾ വ്യക്തമായിരുന്നുവെന്നും ദൗത്യം ആസൂത്രണം ചെയ്തതുപോലെ പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിനെ ഉദ്ധരിച്ച്, ഇന്ത്യയുടെ സായുധ സേന അതിൻ്റെ വിജയം മിനിറ്റുകൾക്കുള്ളിലാണ്  പാകിസ്ഥാൻ സൈന്യത്തെ  അറിയിച്ചതെന്നും സേനയുടെ പ്രവൃത്തിയുടെ  ഉദ്ദേശ്യങ്ങളും ഫലങ്ങളും വ്യക്തതയുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രി ഉറച്ചു വിശ്വസിച്ചു. തീവ്രവാദികളോടൊപ്പം പരസ്യമായി നിലകൊള്ളാനുള്ള പാകിസ്ഥാന്റെ തീരുമാനം അവരുടെ വിവേകമില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. അവർ വിവേകപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ അവർ ഇത്രയും വലിയ തെറ്റ് ചെയ്യുമായിരുന്നില്ല. ഇന്ത്യ പൂർണ്ണമായി തയ്യാറെടുക്കുകയും ശരിയായ നിമിഷത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നെങ്കിലും, ഒരു രാഷ്ട്രവുമായി സംഘർഷത്തിൽ ഏർപ്പെടുകയല്ല, മറിച്ച് ഭീകരതയെ ഇല്ലാതാക്കുക എന്നതായിരുന്നു നമ്മുടെ  ലക്ഷ്യമെന്നും  പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, തീവ്രവാദികളെ പിന്തുണച്ച് പാകിസ്ഥാൻ യുദ്ധക്കളത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചപ്പോൾ, ഇന്ത്യ ശക്തമായ ഒരു പ്രത്യാക്രമണത്തിലൂടെ മറുപടി നൽകി. മെയ് 9 അർദ്ധരാത്രിയിലും മെയ് 10 രാവിലെയും, ഇന്ത്യൻ മിസൈലുകൾ പാകിസ്ഥാനിലുടനീളം അവരുടെ ഭാവനയ്ക്കപ്പുറമുള്ള  തീവ്രതയോടെ ആക്രമണം നടത്തിയതായും അദ്ദേഹം എടുത്തുപറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിന്  കീഴിലെ  ഇന്ത്യയുടെ നിർണായക നടപടി പാകിസ്ഥാനെ മുട്ടുകുത്തിച്ചുവെന്ന് പ്രധാനമന്ത്രി സഭയിൽ (ലോക്സഭയിൽ) പറഞ്ഞു. പാകിസ്ഥാൻ പൗരന്മാർ എങ്ങനെയാണ് ഞെട്ടൽ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം ഓർമ്മിച്ചു, അവരുടെ പ്രതികരണങ്ങൾ ടെലിവിഷനിൽ വ്യാപകമായി കാണാമായിരുന്നു. ഇന്ത്യയുടെ പ്രതികരണം കണ്ട് പാകിസ്ഥാൻ വളരെയധികം നിരാശയിലായെന്നും, കൂടുതൽ ആക്രമണം സഹിക്കാൻ കഴിയില്ലെന്ന് സമ്മതിച്ചുകൊണ്ട് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (ഡിജിഎംഒ) ഇന്ത്യയെ നേരിട്ട് വിളിച്ച് ആക്രമണം നിർത്താൻ അഭ്യർത്ഥിച്ചുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. മെയ് 7 ന് രാവിലെ നടന്ന പത്രസമ്മേളനത്തിൽ, തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുത്തതായും കൂടുതൽ പ്രകോപനങ്ങൾക്ക് വില നൽകേണ്ടിവരുമെന്നും ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം മനഃപൂർവ്വമായതും, നന്നായി ആലോചിച്ച്, സായുധ സേനയുമായി ഏകോപിപ്പിച്ച് തയ്യാറാക്കിയതും, ഭീകരതയെയും അതിന്റെ സ്പോൺസർമാരെയും അവരുടെ താവളങ്ങളെയും തകർക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമായിരുന്നെന്നും യാതൊരു രീതിയിലും രംഗം വഷളാക്കുന്ന തരത്തിലുള്ളതായിരുന്നില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ പ്രവർത്തനങ്ങളെ ഒരു ലോക നേതാവും എതിർത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെയ് 9 ന് രാത്രി, ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗത്തിൽ ആയിരിക്കെ, അമേരിക്കൻ വൈസ് പ്രസിഡന്റ് തന്നെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. മറുപടി പറയുന്നതിനിടെ പാകിസ്ഥാൻ ഒരു വലിയ ആക്രമണം നടത്തിയേക്കാമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് പ്രധാനമന്ത്രിയെ അറിയിച്ചു. ഉടൻ തന്നെ പ്രധാനമന്ത്രി അസന്ദിഗ്ധമായി ഇങ്ങനെ  പ്രതികരിച്ചു: "അതാണ് പാകിസ്ഥാന്റെ ഉദ്ദേശ്യമെങ്കിൽ, അത് അവർക്ക് വലിയ വില നൽകേണ്ടിവരും." "വെടിയുണ്ടകൾക്ക് ഞങ്ങൾ പീരങ്കികൾ ഉപയോഗിച്ച് മറുപടി നൽകും" എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ കൂടുതൽ ശക്തിയോടെ തിരിച്ചടിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മെയ് 9 രാത്രിയിലും മെയ് 10 ന് രാവിലെയും ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിത ശക്തിയോടെ തകർത്തതായും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. "ഓരോ ഇന്ത്യൻ പ്രതികരണവും മുമ്പത്തേതിനേക്കാൾ ശക്തമായിരിക്കും എന്ന്" പാകിസ്ഥാൻ ഇപ്പോൾ പൂർണ്ണമായി മനസ്സിലാക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "പാകിസ്ഥാൻ വീണ്ടും ധൈര്യപ്പെട്ടാൽ, അതിന് ഉചിതമായതും ശക്തവുമായ തിരിച്ചടി നേരിടേണ്ടിവരും. ഓപ്പറേഷൻ സിന്ദൂർ സജീവവും ദൃഢനിശ്ചയത്തോടെയും തുടരുന്നു", ശ്രീ മോദി പ്രഖ്യാപിച്ചു.

"ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞതാണ്, സ്വാശ്രയത്വത്തിന്റെ ആത്മാവോടെ അതിവേഗം പുരോഗമിക്കുകയാണ്", ആത്മനിർഭരതയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെന്നും, എന്നാൽ രാഷ്ട്രീയ ആഖ്യാനങ്ങൾക്കായി പ്രതിപക്ഷം പാകിസ്ഥാനെ കൂടുതലായി ആശ്രയിക്കുന്ന ദൗർഭാഗ്യകരമായ പ്രവണതയും രാജ്യം കാണുന്നുണ്ടെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. 16 മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ, പ്രതിപക്ഷം പാകിസ്ഥാനിൽ നിന്ന് വിഷയങ്ങൾ ഇറക്കുമതി ചെയ്യുന്നത് കണ്ടതായി പ്രധാനമന്ത്രി പറഞ്ഞു - ഇത് അത്യന്തം ഖേദകരമാണ്.

വിവരങ്ങളും ആഖ്യാനനിർമ്മാണവും നിർണായക പങ്ക് വഹിക്കുന്ന യുദ്ധത്തിന്റെ പരിണാമ  സ്വഭാവത്തെ അടിവരയിട്ടുകൊണ്ട്, സായുധ സേനയുടെ മനോവീര്യം ദുർബലപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ അവിശ്വാസം വിതയ്ക്കുന്നതിനും AI-യുടെ സഹായത്തോടെയുള്ള തെറ്റായ വിവര പ്രചാരണങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ ദേശീയ താൽപ്പര്യത്തെ ദുർബലപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷവും സഖ്യകക്ഷികളും പാകിസ്ഥാന്റെ പ്രചാരണത്തിന്റെ വക്താക്കളായി ഫലത്തിൽ മാറിയിരിക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയുടെ സൈനിക നേട്ടങ്ങളെ ചോദ്യം ചെയ്യാനും കുറച്ചുകാണാനുമുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെ എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയുടെ വിജയകരമായ സർജിക്കൽ സ്ട്രൈക്കുകൾക്ക് ശേഷം പ്രതിപക്ഷ നേതാക്കൾ സായുധ സേനയിൽ നിന്ന് തെളിവ് ആവശ്യപ്പെട്ടുവെന്ന് ശ്രീ മോദി പറഞ്ഞു. പൊതുജനവികാരം സൈന്യത്തിന് അനുകൂലമായി മാറിയപ്പോൾ, പ്രതിപക്ഷ നേതാക്കൾ നിലപാട് മാറ്റി - മൂന്ന് മുതൽ പതിനഞ്ച് വരെ സർജിക്കൽ സ്ട്രൈക്കുകളുടെ വ്യത്യസ്ത എണ്ണം ചൂണ്ടിക്കാട്ടി തങ്ങളും അത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു.

ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന്, പ്രതിപക്ഷത്തിന് ഓപ്പറേഷനെ നേരിട്ട് വെല്ലുവിളിക്കാൻ കഴിയാതെവന്നപ്പോൾ പകരം ഫോട്ടോഗ്രാഫിക് തെളിവുകൾ ആവശ്യപ്പെടാൻ തുടങ്ങിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആക്രമണം എവിടെയാണ് നടന്നത്, എന്താണ് നശിപ്പിക്കപ്പെട്ടത്, എത്ര പേർ കൊല്ലപ്പെട്ടു തുടങ്ങിയ ചോദ്യങ്ങൾ അവർ ആവർത്തിച്ച് ചോദിക്കുന്നത് അദ്ദേഹം നിരീക്ഷിച്ചു. പാകിസ്ഥാന്റെ സ്വന്തം വാചാടോപത്തെ പ്രതിധ്വനിപ്പിക്കുന്ന ചോദ്യങ്ങളാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ പിടികൂടിയപ്പോൾ, ആ രാജ്യത്ത് ആഘോഷങ്ങൾ പ്രതീക്ഷിച്ചിരുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഇന്ത്യയിലെ ചില വ്യക്തികൾ പ്രധാനമന്ത്രി ആശയക്കുഴപ്പത്തിലാണെന്നും അഭിനന്ദനെ തിരികെ കൊണ്ടുവരുമോ എന്നും സംശയം പ്രകടിപ്പിച്ചു. അഭിനന്ദന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് "ധീരമായ ദൃഢനിശ്ചയത്തോടെ" ഉറപ്പാക്കിയതാണെന്നും അദ്ദേഹത്തെ സ്വദേശത്തേക്ക് തിരിച്ചയച്ചപ്പോൾ അത്തരം വിമർശകർ നിശബ്ദരായിപ്പോയെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

പഹൽഗാം ആക്രമണത്തിനുശേഷം, ഒരു ബിഎസ്എഫ് സൈനികനെ പാകിസ്ഥാൻ ബന്ദിയാക്കി കൊണ്ടുപോയപ്പോൾ, ചില കൂട്ടർ സർക്കാരിനെ കുടുക്കാൻ ഒരു പ്രധാന അവസരം ലഭിച്ചുവെന്ന് കരുതിയതായി ശ്രീ മോദി പറഞ്ഞു . അവരുടെ സംഘം  സോഷ്യൽ മീഡിയയിൽ നിരവധി കഥകൾ പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു - സൈനികന്റെ വിധി, കുടുംബത്തിന്റെ അവസ്ഥ, അദ്ദേഹം മടങ്ങിവരാനുള്ള സാധ്യത എന്നിവയെക്കുറിച്ചുള്ള അനുമാനപരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഈ ശ്രമങ്ങൾക്കിടയിലും, ഇന്ത്യ വ്യക്തതയോടും മാന്യതയോടും കൂടി പ്രതികരിച്ചു, തെറ്റായ വിവരങ്ങൾ ഇല്ലാതാക്കി, ഓരോ സൈനികനെയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.

പഹൽഗാം സംഭവത്തിന് ശേഷം പിടിക്കപ്പെട്ട ബി‌എസ്‌എഫ് സൈനികനും ബഹുമാനത്തോടെയും അന്തസ്സോടെയും മടങ്ങിയെത്തിയെന്ന് പറഞ്ഞ ശ്രീ മോദി, തീവ്രവാദികളും അവരെ കൈകാര്യം ചെയ്യുന്നവരും ഇപ്പോൾ ദുഃഖിക്കുകയാണെന്നും കൂട്ടിച്ചേർത്തു. അവരെ കണ്ടപ്പോൾ ഇന്ത്യയ്ക്കുള്ളിലെ ചില വ്യക്തികളും ദുഃഖിക്കുന്നതായി തോന്നിയതായി പ്രധാനമന്ത്രി പറഞ്ഞു. സർജിക്കൽ സ്‌ട്രൈക്കുകളുടെ സമയത്ത്, രാഷ്ട്രീയ കളികൾ കളിക്കാൻ ശ്രമിച്ചെങ്കിലും അത് സ്വാധീനം ചെലുത്തിയില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. വ്യോമാക്രമണത്തിനിടയിലും സമാനമായ ശ്രമങ്ങൾ നടന്നെങ്കിലും അവയും പരാജയപ്പെട്ടു. ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, വിമർശകർ വീണ്ടും നിലപാട് മാറ്റി, ആദ്യം ഓപ്പറേഷൻ അംഗീകരിക്കാൻ വിസമ്മതിച്ചു, പിന്നീട് അത് എന്തുകൊണ്ട് നിർത്തിയെന്ന് ചോദ്യം ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എതിർക്കുന്നവർ എപ്പോഴും എതിർക്കാൻ ഒരു കാരണം അന്വേഷിക്കാറുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷം വളരെക്കാലമായി സായുധ സേനയോട് നിഷേധാത്മക മനോഭാവം പുലർത്തുന്നുണ്ടെന്ന് എടുത്തുകാണിച്ച പ്രധാനമന്ത്രി, അടുത്തിടെ കാർഗിൽ വിജയ് ദിവസ് ആചരിച്ചപ്പോഴും പ്രതിപക്ഷം വിജയം ആഘോഷിക്കുകയോ അതിന്റെ പ്രാധാന്യം അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ദോക്ലാം സംഘർഷത്തെ ഇന്ത്യൻ സൈന്യം സധൈര്യം നേരിട്ടപ്പോൾ, പ്രതിപക്ഷ നേതാക്കൾ സംശയാസ്പദമായ സ്രോതസ്സുകളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ തേടിയിരുന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാകിസ്ഥാന് പ്രതിപക്ഷം ക്ലീൻ ചിറ്റ് നൽകിയതിൽ പ്രധാനമന്ത്രി അത്ഭുതം പ്രകടിപ്പിച്ചു. പഹൽഗാം ഭീകരർ പാകിസ്ഥാൻ പൗരന്മാരാണെന്നതിന് തെളിവ് നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അദ്ദേഹം ചോദ്യം ചെയ്തു, പാകിസ്ഥാൻ  ഉന്നയിക്കുന്നതും അതേ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാഹ്യ ശക്തികളുടെ വിവരണങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രകടനങ്ങൾ പ്രതിപക്ഷത്തിനുള്ളിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമായി കാണാവുന്ന തെളിവുകളും വസ്തുതകളും ഉണ്ടായിട്ട് പോലും ചില വ്യക്തികൾ ഇപ്പോഴും സംശയങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അത്തരം വ്യക്തമായ തെളിവുകൾ ലഭ്യമല്ലായിരുന്നെങ്കിൽ ഈ വ്യക്തികൾ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നും അവരുടെ പ്രതികരണങ്ങൾ കൂടുതൽ തെറ്റിദ്ധരിപ്പിക്കുന്നതോ ഉത്തരവാദിത്തമില്ലാത്തതോ ആകുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ചകൾ സജീവമായി നടക്കുന്നു എന്നത്, ദേശീയ അഭിമാനത്തിന്റെയും രാജ്യത്തിന്റെ പ്രതിരോധ ശേഷിയുടെ ശക്തി പ്രകടനങ്ങളുടെയും പ്രതീകങ്ങളാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ അദ്ദേഹം പ്രശംസിച്ചു, അവ ലോകമെമ്പാടും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും "വൈക്കോൽ കൂന തകർക്കുന്നത് പോലെ" അവർ തകർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് 9 ന് പാകിസ്ഥാൻ ഇന്ത്യയെ ലക്ഷ്യമിട്ട് ഏകദേശം ആയിരം മിസൈലുകളും സായുധ ഡ്രോണുകളും ഉൾപ്പെടുന്ന ഒരു വലിയ ആക്രമണത്തിന് ശ്രമിച്ചുവെന്ന്  അദ്ദേഹം പറഞ്ഞു. ഈ മിസൈലുകൾ നമ്മുടെ മണ്ണിൽ പതിച്ചിരുന്നെങ്കിൽ അവ വ്യാപകമായ നാശത്തിന് കാരണമാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധം അവയെയെല്ലാം ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കി. ഈ നേട്ടം ഓരോ പൗരനിലും അഭിമാനം നിറയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആദംപൂർ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പാകിസ്ഥാൻ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതായും, ആ നുണ രാജ്യത്ത് വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമിച്ചതായും ശ്രീ മോദി വിമർശിച്ചു.  അടുത്ത ദിവസം തന്നെ താൻ നേരിട്ട് ആദംപൂർ സന്ദർശിച്ച് വ്യാജ വാർത്തകൾ തുറന്നുകാട്ടിയതായും അത്തരം തെറ്റായ വിവരങ്ങൾ ഇനി വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലവിലെ പ്രതിപക്ഷം ഇന്ത്യയെ നീണ്ട  കാലഘട്ടം ഭരിച്ചിരുന്നുവെന്നും ഭരണസംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർക്ക് പൂർണ്ണമായി അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അനുഭവം ഉണ്ടായിട്ടും, ഔദ്യോഗിക വിശദീകരണങ്ങൾ സ്വീകരിക്കാൻ അവർ നിരന്തരം വിസമ്മതിക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയായാലും, വിദേശകാര്യ മന്ത്രിയുടെ ആവർത്തിച്ചുള്ള പ്രതികരണങ്ങളായാലും, ആഭ്യന്തര, പ്രതിരോധ മന്ത്രിമാരുടെ വിശദീകരണങ്ങളായാലും, പ്രതിപക്ഷം അവയെ വിശ്വസിക്കാൻ വിസമ്മതിക്കുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി ഭരിച്ച ഒരു പാർട്ടിക്ക് എങ്ങനെയാണ് രാജ്യത്തിന്റെ സ്ഥാപനങ്ങളിൽ ഇത്രയധികം വിശ്വാസക്കുറവ് കാണിക്കാൻ കഴിയുക എന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ഇപ്പോൾ പാകിസ്ഥാന്റെ റിമോട്ട് കൺട്രോൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതിനനുസരിച്ച് അവരുടെ നിലപാട് മാറുകയാണെന്നും പ്രധാമന്ത്രി പറഞ്ഞു.

പ്രസ്താവനകൾ തയ്യാറാക്കുകയും യുവ എംപിമാരെക്കൊണ്ട് സംസാരിപ്പിക്കുകയും ചെയ്യുന്ന മുതിർന്ന പ്രതിപക്ഷ നേതാക്കളെ ശ്രീ മോദി വിമർശിച്ചു. നേരിട്ട് സംസാരിക്കാൻ ധൈര്യമില്ലാത്ത അത്തരം നേതൃത്വത്തെ അദ്ദേഹം അപലപിച്ചു, 26 പേരുടെ മരണത്തിനിടയാക്കിയ ക്രൂരമായ ഭീകരാക്രമണത്തിനെതിരെയുള്ള പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനെ "ഒരു മഹത്തായ സംഭവം" എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഒരു ഭീകര സംഭവത്തിന്റെ ഓർമ്മയിൽ ആസിഡ് ഒഴിക്കുന്നതിന് തുല്യമാണ് പ്രതിപക്ഷത്തിന്റെ ചില പ്രസ്താവനകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു, ഏറെ ലജ്ജാകരമായ പ്രവൃത്തിയാണ് അതെന്നും അദ്ദേഹം  പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷൻ മഹാദേവിൽ പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ ഇന്ത്യൻ സുരക്ഷാ സേന വധിച്ചതായി ശ്രീ മോദി അറിയിച്ചു.  ഈ അക്രമണത്തിനായി സാവൻ മാസത്തിലെ പുണ്യ ദിവസമായ തിങ്കളാഴ്ച നിശ്ചയിച്ചിരുന്നോ എന്നതരത്തിൽ ഓപ്പറേഷനെ അധിക്ഷേപിക്കുന്ന ചോദ്യങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും  അദ്ദേഹം അത്ഭുതവും നീരസവും പ്രകടിപ്പിച്ചു. ഈ മനോഭാവം അങ്ങേയറ്റത്തെ നിരാശയിൽ നിന്നും ഉണ്ടായതാണെന്ന്  അദ്ദേഹം വിമർശിച്ചു, പ്രതിപക്ഷ സമീപനത്തിന്റെ നികൃഷ്ടമായ അവസ്ഥയാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു രാഷ്ട്രം ആയുധങ്ങളാൽ സംരക്ഷിക്കപ്പെടുമ്പോൾ, അറിവ് തേടലും ദാർശനിക സംവാദവും അഭിവൃദ്ധി പ്രാപിക്കുമെന്ന് പുരാതന ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. "അതിർത്തികളിലെ ശക്തമായ സൈന്യം ഊർജ്ജസ്വലവും സുരക്ഷിതവുമായ ജനാധിപത്യം ഉറപ്പാക്കുന്നു", ശ്രീ മോദി പറഞ്ഞു.

"കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ സൈനിക ശാക്തീകരണത്തിന്റെ നേരിട്ടുള്ള തെളിവാണ് ഓപ്പറേഷൻ സിന്ദൂർ", പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു, അത്തരം ശക്തി സ്വയമേവ ഉയർന്നുവന്നതല്ല, മറിച്ച് കേന്ദ്രീകൃത ശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധത്തിൽ സ്വാശ്രയത്വം  പരിഗണിക്കപ്പെടാത്ത പ്രതിപക്ഷ ഭരണകാലവുമായി ഇതിനെ അദ്ദേഹം താരതമ്യപ്പെടുത്തി. ഗാന്ധിയൻ തത്ത്വചിന്തയിൽ വേരൂന്നിയ "സ്വാശ്രയത്വം" എന്ന പദം ഇന്നും പരിഹസിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ഭരണകാലത്ത് ഓരോ പ്രതിരോധ ഇടപാടും വ്യക്തിപരമായ നേട്ടത്തിനുള്ള അവസരങ്ങളായിരുന്നുവെന്ന് വാദിച്ച ശ്രീ മോദി, അടിസ്ഥാന ഉപകരണങ്ങൾക്ക് പോലും ഇന്ത്യ വിദേശ വിതരണക്കാരെ ആശ്രയിച്ചിരുന്നുവെന്ന് പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെയും നൈറ്റ് വിഷൻ ക്യാമറകളുടെയും അഭാവം പോലുള്ള പോരായ്മകൾ അദ്ദേഹം ഉയർത്തിക്കാട്ടി. ജീപ്പുകൾ മുതൽ ബൊഫോഴ്‌സ്, ഹെലികോപ്റ്ററുകൾ വരെയുള്ള എല്ലാ പ്രതിരോധ ഇടപാടുകളിലും അഴിമതികൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ആധുനിക ആയുധങ്ങൾക്കായി ഇന്ത്യൻ സൈന്യത്തിന് പതിറ്റാണ്ടുകളായി കാത്തിരിക്കേണ്ടി വന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പുരാതന യുദ്ധകാലത്തും ഇന്ത്യൻ ആയുധങ്ങൾ മികച്ചതായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഉദ്ധരിച്ചു. സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ ശക്തമായ പ്രതിരോധ നിർമ്മാണ ആവാസവ്യവസ്ഥയെ മനഃപൂർവ്വം ദുർബലപ്പെടുത്തുകയും വ്യവസ്ഥാപിതമായി തകർക്കുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവേഷണത്തിനും ഉൽപ്പാദനത്തിനുമുള്ള സാധ്യതകൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നുവെന്നും, ആ നയങ്ങൾ തുടർന്നിരുന്നെങ്കിൽ, 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. അത്തരം സാഹചര്യങ്ങളിൽ, ആയുധങ്ങൾ, ഉപകരണങ്ങൾ, വെടിക്കോപ്പുകൾ എന്നിവ യഥാസമയം കണ്ടെത്താൻ ഇന്ത്യ പാടുപെടുമായിരുന്നുവെന്നും, സൈനിക നടപടികളിൽ തടസ്സങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ നിർമ്മിച്ച ആയുധങ്ങൾ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഒരു ദശാബ്ദം മുമ്പ് ഇന്ത്യക്കാർ ശക്തവും, സ്വാശ്രയത്വമുള്ളതും, ആധുനികവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ദൃഢനിശ്ചയം ചെയ്തതിനെത്തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി നടപ്പിലാക്കിയ സുരക്ഷാ പരിഷ്കാരങ്ങളുടെ ഒരു പരമ്പരയ്ക്ക് സാഹചര്യമൊരുങ്ങിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സംയുക്ത സേനാ മേധാവിയുടെ നിയമനം ഒരു പ്രധാന പരിഷ്കാരമായിരുന്നു - ആഗോളതലത്തിൽ വളരെക്കാലമായി ചർച്ച ചെയ്യപ്പെടുകയും നടപ്പിലാക്കുകയും ചെയ്തിരുന്നതും എന്നാൽ ഇന്ത്യയിൽ ഒരിക്കലും നടപ്പാക്കപ്പെട്ടിട്ടില്ലാത്തതുമായ ഒന്നായിരുന്നു അത്. ഈ സംവിധാനത്തിന് മൂന്ന് സേനകളും നൽകിയ  പൂർണ്ണഹൃദയത്തോടെയുള്ള പിന്തുണയും സ്വീകാര്യതയും അദ്ദേഹം പ്രശംസിച്ചു.

ഇപ്പോൾ ഏറ്റവും വലിയ ശക്തി, സഹകരണത്തിലും സംയോജനത്തിലുമാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, നാവികസേന, വ്യോമസേന, കരസേന എന്നിവയുടെ സംയോജനം ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഓപ്പറേഷൻ സിന്ദൂർ ഈ പരിവർത്തനത്തിന്റെ വിജയത്തെ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ ഉൽ‌പാദന സ്ഥാപനങ്ങളിൽ പ്രശ്നങ്ങളും, പണിമുടക്കുകളും മറ്റും ഉണ്ടായിരുന്നിട്ടും പരിഷ്കാരങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. ദേശീയ താൽപ്പര്യത്തിന് പ്രഥമ പരിഗണന നൽകിയതിനും പരിഷ്കാരങ്ങൾ സ്വീകരിച്ചതിനും ഉയർന്ന ഉൽ‌പാദനക്ഷമത നേടിയതിനും അദ്ദേഹം തൊഴിലാളികളെ പ്രശംസിച്ചു. ഇന്ത്യയുടെ പ്രതിരോധ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുത്തുവെന്നും ഇന്ന് സ്വകാര്യ മേഖല ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ള 27-30 വയസ്സ് പ്രായമുള്ള യുവ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രതിരോധ സ്റ്റാർട്ടപ്പുകൾ - യുവതികളുടേത് ഉൾപ്പെടെ - നവീകരണത്തിന് ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഡ്രോൺ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രധാനമായും നേതൃത്വം നൽകുന്നത് 30-35 വയസ്സ് പ്രായമുള്ളവരാണെന്നും, ഓപ്പറേഷൻ സിന്ദൂരിൽ അവരുടെ സംഭാവനകൾ നിർണായകമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭാവനകൾ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും രാജ്യം മുന്നോട്ട് പോകുന്നത് തുടരുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.

പ്രതിരോധ മേഖലയിൽ 'മെയ്ക്ക് ഇൻ ഇന്ത്യ' എന്നത് വെറുമൊരു മുദ്രാവാക്യമായിരുന്നില്ലെന്ന് അടിവരയിട്ട പ്രധാനമന്ത്രി, വ്യക്തമായ 
കാഴ്ചപ്പാടോടെയാണ് ബജറ്റ് വർദ്ധനകളും നയപരമായ മാറ്റങ്ങളും പുതിയ പദ്ധതികളും സ്വീകരിച്ചതെന്നും ഇത് തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിൽ ദ്രുതഗതിയിലുള്ള പുരോഗതി സാധ്യമാക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് മൂന്നിരട്ടിയോളം വർധിച്ചു. പ്രതിരോധ ഉത്പാദനം ഏകദേശം 250 ശതമാനം വർധിച്ചുവെന്നും, പ്രതിരോധ കയറ്റുമതി കഴിഞ്ഞ 11 വർഷത്തിനിടെ 30 മടങ്ങ് വർധിച്ച് ഇപ്പോൾ ഏകദേശം 100 രാജ്യങ്ങളിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ചില നാഴികക്കല്ലുകളുണ്ടെന്നും, ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയെ ആഗോള പ്രതിരോധ വിപണിയിൽ ഉറപ്പിച്ചുനിർത്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ആയുധങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്നും, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) ശാക്തീകരിക്കുമെന്നും, യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവജനങ്ങൾ തങ്ങളുടെ നൂതനാശയങ്ങളിലൂടെ രാജ്യത്തിന്റെ ശക്തി ഇപ്പോൾ ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇന്നത്തെ മത്സരാധിഷ്ഠിത യുഗത്തിൽ, പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത രാജ്യ താൽപ്പര്യത്തിന് മാത്രമല്ല ആഗോള സമാധാനത്തിനും അത്യന്താപേക്ഷിതമാണെന്ന് ശ്രീ മോദി വ്യക്തമാക്കി. "ഇന്ത്യ യുദ്ധത്തിന്റെയല്ല, ബുദ്ധന്റെ നാടാണ്. രാജ്യം ഐശ്വര്യവും സമാധാനവും ആഗ്രഹിക്കുന്നുണ്ടെങ്കിലും, രണ്ടിലേക്കുമുള്ള പാതയിൽ ശക്തിയും നിശ്ചയദാർഢ്യവും ആവശ്യമാണ്," ശ്രീ മോദി പറഞ്ഞു. ഛത്രപതി ശിവജി മഹാരാജ്, മഹാരാജ രഞ്ജിത് സിംഗ്, രാജേന്ദ്ര ചോള, മഹാറാണാ പ്രതാപ്, ലച്ചിത് ബർഫുകൻ, മഹാരാജ സുഹേൽദേവ് തുടങ്ങിയ മഹത്തായ യോദ്ധാക്കളുടെ നാടാണ് ഇന്ത്യയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി തന്ത്രപരമായ ശക്തി, വികസനത്തിനും സമാധാനത്തിനും അത്യന്താപേക്ഷിതമാണെന്നും ഊന്നിപ്പറഞ്ഞു.

ദേശീയ സുരക്ഷയെക്കുറിച്ച് പ്രതിപക്ഷത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ലെന്നും അവർ അതിൽ നിരന്തരം വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാക് അധീന കശ്മീർ (PoK) എന്തുകൊണ്ട് തിരിച്ചുപിടിച്ചില്ല എന്ന് ഇപ്പോൾ ചോദ്യം ചെയ്യുന്നവർ, ആദ്യം പാകിസ്ഥാന് അത് പിടിച്ചെടുക്കാൻ ആരാണ് അവസരം നൽകിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യാനന്തരമുള്ള ചില തീരുമാനങ്ങൾ രാജ്യത്തിന് ഇപ്പോഴും ഭാരമായി തുടരുന്നുവെന്ന് ശക്തമായി വിമർശിച്ചുകൊണ്ട്, നിർണായകമായ തെറ്റിദ്ധാരണകൾ കാരണം അക്സായി ചിനിലെ 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചുവെന്നും ഇത്  തരിശുഭൂമിയെന്ന് തെറ്റായിചിത്രീകരിക്കപ്പെട്ടുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. 1962 നും 1963 നും ഇടയിൽ, അന്നത്തെ ഭരണകക്ഷി നേതാക്കൾ ജമ്മു കശ്മീരിലെ പൂഞ്ച്, ഉറി, നീലം താഴ്വര, കിഷൻഗംഗ ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങൾ പാകിസ്ഥാന് വിട്ടുകൊടുക്കാൻ നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

"സമാധാന രേഖ"യുടെ മറവിലാണ് കീഴടങ്ങൽ നിർദ്ദേശിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 1966-ൽ റാൻ ഓഫ് കച്ചിലെ തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ പ്രതിപക്ഷം തയ്യാറായെന്നും, ഇത് ഛാഡ് ബെറ്റ് മേഖല ഉൾപ്പെടെ ഏകദേശം 800 ചതുരശ്ര കിലോമീറ്റർ ഭൂമി പാകിസ്ഥാന് കൈമാറാൻ ഇടയാക്കിയെന്നും അദ്ദേഹം വിമർശിച്ചു. 1965-ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ഹാജിപിർ പാസ് തിരിച്ചുപിടിച്ചിട്ടും, അന്നത്തെ ഭരണകൂടം അത് തിരികെ നൽകി രാജ്യത്തിന്റെ തന്ത്രപരമായ വിജയത്തിന് തുരങ്കം വെച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

1971-ലെ യുദ്ധത്തിൽ ഇന്ത്യ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പാകിസ്ഥാൻ പ്രദേശം പിടിച്ചെടുക്കുകയും 93,000 പേരെ യുദ്ധത്തടവുകാരായി പിടിക്കുകയും ചെയ്തിരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അനുകൂലമായ സാഹചര്യങ്ങളുണ്ടായിട്ടും പാക് അധീന  കശ്മീർ (PoK) തിരിച്ചു പിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിക്കടുത്തുള്ള കർത്താർപൂർ സാഹിബ് പോലും സുരക്ഷിതമാക്കാൻ കഴിഞ്ഞില്ല. 1974-ൽ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഈ കൈമാറ്റം കാരണം തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് തുടർച്ചയായി നേരിടുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിയാച്ചിനിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ പതിറ്റാണ്ടുകളായി പ്രതിപക്ഷം ശ്രമിച്ചിരുന്നുവെന്നും ഇത് ദേശീയ സുരക്ഷയെ അപകടത്തിലാക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.

പൈശാചികമായ 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം, ഏതാനും ആഴ്ചകൾക്കുള്ളിൽ വിദേശ സമ്മർദ്ദം മൂലം അന്നത്തെ ഗവണ്മെന്റ് പാകിസ്ഥാനുമായി ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത് പ്രധാനമന്ത്രി സഭയെ ഓർമ്മിപ്പിച്ചു. 26/11 ആക്രമണത്തിന്റെ വ്യാപ്തി തീവ്രമായിരുന്നിട്ടും, അന്നത്തെ ഗവണ്മെന്റ് ഒരു പാകിസ്ഥാൻ നയതന്ത്രജ്ഞനെയെങ്കിലും പുറത്താക്കുകയോ ഒരു വിസ പോലും റദ്ദാക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരാക്രമണങ്ങൾ തടസ്സമില്ലാതെ തുടർന്നിട്ടും, അന്നത്തെ ഗവണ്മെന്റിന്റെ കീഴിൽ പാകിസ്ഥാന് "ഏറ്റവും പ്രിയപ്പെട്ട രാജ്യം" എന്ന പദവി നിലനിർത്താൻ കഴിഞ്ഞുവെന്നും അത് ഒരിക്കലും റദ്ദാക്കപ്പെട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാഷ്ട്രം, മുംബൈക്ക് നീതി ആവശ്യപ്പെട്ടപ്പോൾ, അന്നത്തെ ഭരണകക്ഷി പാകിസ്ഥാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. പാകിസ്ഥാൻ, ഭീകരരെ അയച്ച് ഇവിടെ നാശം വിതച്ചുകൊണ്ടിരുന്നപ്പോൾ, അന്നത്തെ ഗവണ്മെന്റ് സമാധാനം ലക്ഷ്യമിട്ട് ഇന്ത്യയിൽ കവി സമ്മേളനങ്ങളാണ് നടത്തിക്കൊണ്ടിരുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പാകിസ്ഥാന്റെ എം.എഫ്.എൻ. പദവി റദ്ദാക്കിയും, വിസകൾ നിർത്തിവെച്ചും, അട്ടാരി-വാഗാ അതിർത്തി അടച്ചും,  ഈ ഏകപക്ഷീയമായ ഭീകരതയും തെറ്റായ ശുഭാപ്തിവിശ്വാസവും അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. സിന്ധു നദീജല കരാർ ഇതിന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടി കൊണ്ട്, പ്രതിപക്ഷം ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ ആവർത്തിച്ച് പണയം വെച്ചുവെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയിൽ നിന്ന് ഉത്ഭവിക്കുന്ന നദികളെ - ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ ഭാഗമായ നദികളെ - ഉൾപ്പെടുത്തി അന്നത്തെ പ്രധാനമന്ത്രിയാണ് കരാർ നടപ്പിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുകാലത്ത് ഇന്ത്യയുടെ സ്വത്വത്തിന്റെ പര്യായമായിരുന്ന സിന്ധു, ഝലം പോലുള്ള നദികൾ, അവ ഇന്ത്യയുടെ സ്വന്തം നദികളും ജലവുമായിരുന്നിട്ടും, മധ്യസ്ഥതയ്ക്കായി ലോകബാങ്കിന് കൈമാറിയതായി ശ്രീ മോദി പറഞ്ഞു. ഈ നടപടി ഇന്ത്യയുടെ ആത്മാഭിമാനത്തിനും സാംസ്കാരിക ധാർമ്മികതയ്ക്കും എതിരായ വഞ്ചനയാണെന്ന് അദ്ദേഹം അപലപിച്ചു.

ഇന്ത്യയുടെ ജലാവകാശങ്ങളെയും വികസനത്തെയും, പ്രത്യേകിച്ച് സിന്ധു നദീജല ഉടമ്പടി പ്രകാരം, വിട്ടുവീഴ്ച ചെയ്ത ചരിത്രപരമായ നയതന്ത്ര തീരുമാനങ്ങളെയും അപലപിച്ച പ്രധാനമന്ത്രി, ഇന്ത്യയിൽ നിന്ന് ഉത്ഭവിക്കുന്ന നദികളിലെ 80% ജലവും പാകിസ്ഥാന് നൽകാനും, വിശാലമായ ഇന്ത്യ പോലുള്ള രാജ്യത്തിന് 20% മാത്രം നൽകാനും അന്നത്തെ പ്രധാനമന്ത്രി സമ്മതിച്ചതായി എടുത്തുപറഞ്ഞു. ഈ ക്രമീകരണത്തിന്റെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്യുകയും, ഇത് വിവേകത്തിന്റെയും നയതന്ത്രത്തിന്റെയും ദേശീയ താൽപ്പര്യത്തിന്റെയും പരാജയമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ മണ്ണിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ രാജ്യത്തെ പൗരന്മാരുടെ, പ്രത്യേകിച്ച് പഞ്ചാബിലെയും ജമ്മു കശ്മീരിലെയും കർഷകരുടെ അവകാശമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അന്നത്തെ ഭരണകൂടത്തിന്റെ കരാർ രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ ജലക്ഷാമത്തിലേക്ക് തള്ളിവിടുകയും ആഭ്യന്തര തലത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ ജല തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു. അതേസമയം പാകിസ്ഥാൻ ഇതിന്റെ പ്രയോജനം മുതലെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഈ നദികളുമായുള്ള ഇന്ത്യയുടെ സാംസ്കാരികവും നാഗരികവുമായ ബന്ധം അവഗണിക്കപ്പെട്ടുവെന്നും, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവർക്ക് – ഇന്ത്യയിലെ കർഷകർക്ക് – അവരുടെ ന്യായമായ അവകാശം നിഷേധിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഈ സാഹചര്യം ഉടലെടുത്തില്ലായിരുന്നെങ്കിൽ, പടിഞ്ഞാറൻ നദികളിൽ നിരവധി പ്രധാന ജല പദ്ധതികൾ വികസിപ്പിക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ കർഷകർക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുമായിരുന്നു, കൂടാതെ കുടിവെള്ള ക്ഷാമവും ഉണ്ടാകുമായിരുന്നില്ല. മാത്രമല്ല, വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയുമായിരുന്നു.

അന്നത്തെ ഗവണ്മെന്റ് കനാലുകൾ നിർമ്മിക്കാൻ പാകിസ്ഥാന് കോടിക്കണക്കിന് രൂപ നൽകിയത് പോലും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ദേശീയ താൽപ്പര്യം കണക്കിലെടുത്ത് സിന്ധു നദീജല കരാർ ഗവണ്മെന്റ് ഇപ്പോൾ റദ്ദുചെയ്തിരിക്കുകയാണെന്ന് ശ്രീ മോദി അറിയിച്ചു. "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരിക്കുന്നു," പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

2014-ന് മുമ്പ് രാജ്യം നിരന്തരമായ അരക്ഷിതാവസ്ഥയുടെ നിഴലിലായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ഓർമ്മിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ബോംബ് ഭയം കാരണം ആളുകളോട് അശ്രദ്ധമായിക്കിടക്കുന്ന വസ്തുക്കളിൽ നിന്ന് അകലം പാലിക്കാൻ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നതിനെ, രാജ്യമെമ്പാടും നിലനിന്നിരുന്ന ഭയത്തിന്റെ അന്തരീക്ഷമായി അദ്ദേഹം വിശേഷിപ്പിച്ചു. അന്നത്തെ ഭരണകൂടത്തിന്റെ ദുർബലമായ ഭരണം എണ്ണമറ്റ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും, ഗവൺമെന്റിന് പൗരന്മാരെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭീകരവാദം തടയാൻ കഴിയുമായിരുന്നുവെന്നും, കഴിഞ്ഞ 11 വർഷത്തെ പുരോഗതി ഇതിന് തെളിവാണെന്നും, 2004 നും 2014 നും ഇടയിൽ രാജ്യത്തെ വേട്ടയാടിയ ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്നും ശ്രീ മോദി വ്യക്തമാക്കി.

തീർച്ചയായും ഭീകരവാദം നിയന്ത്രിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് മുൻ ഗവൺമെന്റുകൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രീണന രാഷ്ട്രീയവും വോട്ട് ബാങ്ക് പരിഗണനകളും കാരണം ആ ഗവൺമെന്റുകൾ  ഭീകരവാദത്തെ വളരാൻ അനുവദിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

അന്നത്തെ സർക്കാർ കനാലുകൾ നിർമ്മിക്കാൻ പാകിസ്ഥാന് കോടിക്കണക്കിന് രൂപ നൽകിയത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിന്ധു നദീജല കരാർ ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണെന്ന് ശ്രീ മോദി അറിയിച്ചു. "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരിക്കുന്നു," പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

2014-ന് മുമ്പ് രാജ്യം നിരന്തരമായ അരക്ഷിതാവസ്ഥയുടെ നിഴലിലായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ഓർമ്മിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ബോംബ് ഭയം കാരണം ആളുകളോട് ശ്രദ്ധയില്ലാത്ത വസ്തുക്കൾ ഒഴിവാക്കാൻ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നതിനെ അദ്ദേഹം രാജ്യമെമ്പാടും നിലനിന്നിരുന്ന ഭയത്തിന്റെ അന്തരീക്ഷമായി വിശേഷിപ്പിച്ചു. അന്നത്തെ ഭരണകൂടത്തിന്റെ ദുർബലമായ ഭരണം എണ്ണമറ്റ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും, സർക്കാരിന് പൗരന്മാരെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭീകരവാദം തടയാൻ കഴിയുമായിരുന്നുവെന്നും, കഴിഞ്ഞ 11 വർഷത്തെ പുരോഗതി ഇതിന് തെളിവാണെന്നും, 2004 നും 2014 നും ഇടയിൽ രാജ്യത്തെ വേട്ടയാടിയ ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്നും ശ്രീ മോദി വ്യക്തമാക്കി.

ഭീകരവാദം നിയന്ത്രിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് മുൻ സർക്കാരുകൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രീണന രാഷ്ട്രീയവും വോട്ട് ബാങ്ക് പരിഗണനകളും കാരണം ആ ഗവൺമെന്റുകൾ  ഭീകരവാദത്തെ വളർത്താൻ അനുവദിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

2001ൽ, രാജ്യത്തിന്റെ പാർലമെന്റിനു നേരെ ആക്രമണമുണ്ടായപ്പോൾ, അഫ്സൽ ഗുരുവിന് സംശയത്തിന്റെ ആനുകൂല്യം നൽകുന്നതിനെക്കുറിച്ച് പ്രതിപക്ഷത്തെ ഒരു മുതിർന്ന നേതാവ് സംസാരിച്ചിരുന്നതും ശ്രീ മോദി ഓർമിപ്പിച്ചു. തീവ്രവാദി അജ്മൽ കസബിനെ പിടികൂടിയിട്ടും അയാളുടെ പാകിസ്ഥാൻ പൗരത്വം ലോകം മുഴുവൻ തിരിച്ചറിഞ്ഞിട്ടും 26/11 മുംബൈ ആക്രമണങ്ങളെ "കാവി ഭീകരത" എന്ന് പ്രചരിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

അന്നത്തെ ഭരണകക്ഷിയിലെ ഒരു നേതാവ് ഒരു ഉന്നത യു.എസ്. നയതന്ത്രജ്ഞനോട് പോലും ലഷ്കർ-ഇ-തൊയ്ബയേക്കാൾ വലിയ ഭീഷണിയാണ് ഹിന്ദു ഗ്രൂപ്പുകൾ എന്ന് പറഞ്ഞുവെന്നും, ഇത് വിദേശത്തുള്ള അവരുടെ പ്രചാരണ തന്ത്രത്തിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിൽ ഇന്ത്യൻ ഭരണഘടന പൂർണ്ണമായി നടപ്പാക്കുന്നത് തടഞ്ഞ പ്രതിപക്ഷത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടനയ്ക്ക് പ്രീണന രാഷ്ട്രീയം കാരണം ആ മേഖലയിൽ പ്രവേശിക്കാൻ കഴിയാതിരുന്നത് ദേശീയ സുരക്ഷയെ നിരന്തരം ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കാമെങ്കിലും, ദേശീയ താൽപ്പര്യത്തിൽ ഐക്യ ലക്‌ഷ്യം നിലനിൽക്കണമെന്ന് ശ്രീ മോദി ഏകീകരണത്തിന്റെ വികാരം ഉണർത്തിക്കൊണ്ട് പറഞ്ഞു. പഹൽഗാം ദുരന്തത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, അത് രാജ്യത്തിന് എങ്ങനെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും, ധീരതയും സ്വയംപര്യാപ്തതയും ദേശീയ നിശ്ചയദാർഢ്യവും ഉൾക്കൊള്ളുന്ന ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യയുടെ നിർണ്ണായക പ്രതികരണത്തിന് അത് എങ്ങനെ കാരണമായെന്നും എടുത്തുപറഞ്ഞു.

ഉറച്ച ബോധ്യത്തോടും വ്യക്തതയോടും കൂടി രാജ്യത്തെ ആഗോളതലത്തിൽ പ്രതിനിധീകരിച്ച ഇന്ത്യൻ പ്രതിനിധി സംഘങ്ങളെ അദ്ദേഹം പ്രശംസിച്ചു. അവരുടെ വാദങ്ങൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിലും പുറത്തും ഇപ്പോൾ രാജ്യത്തിന്റെ നിലപാടിനെ നയിക്കുന്ന 'സിന്ദൂർ സ്പിരിറ്റിനെ' പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആഗോള സന്ദേശത്തെ എതിർത്ത ചില പ്രതിപക്ഷ നേതാക്കളുടെ പ്രതികരണത്തിൽ നിരാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന് വേണ്ടി സഭയിൽ സംസാരിച്ചവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളിൽ ഖേദം പ്രകടിപ്പിച്ചു . ഈ മനോഭാവത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ധീരവും ലക്ഷ്യബോധമുള്ളതുമായ സംവാദത്തിന് ആഹ്വാനം ചെയ്യുന്ന ഒരു കവിതാശകലം അദ്ദേഹം പങ്കുവെച്ചു.

പാകിസ്ഥാനോട് മൃദുസമീപനത്തിന് കാരണമായേക്കാവുന്ന രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉപേക്ഷിക്കാൻ പ്രതിപക്ഷത്തോടാവശ്യപ്പെട്ട പ്രധാനമന്ത്രി  , ദേശീയ വിജയ നിമിഷങ്ങളെ രാഷ്ട്രീയ പരിഹാസമാക്കി മാറ്റരുതെന്നും മുന്നറിയിപ്പ് നൽകി. 

ഭീകരവാദം അതിന്റെ വേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കി. പാകിസ്ഥാനോട് നേരിട്ടുള്ള മുന്നറിയിപ്പായി ഓപ്പറേഷൻ സിന്ദൂർ നിലകൊള്ളുന്നു - അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കുന്നതുവരെ ഇന്ത്യ അതിന്റെ പ്രതികരണ നടപടികൾ തുടരും.

ഇന്ത്യയുടെ ഭാവി സുരക്ഷിതവും ഐശ്വര്യപൂർണ്ണവുമാണെന്ന് ഉറപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന്  ഉറപ്പിച്ച് പറഞ്ഞുകൊണ്ടാണ് ശ്രീ മോദി ഉപസംഹരിച്ചത്. ജനങ്ങളുടെ വികാരങ്ങൾ പ്രതിഫലിക്കുന്ന അർത്ഥവത്തായ ചർച്ചകളിൽ പങ്കെടുത്ത സഭയ്ക്ക് അദ്ദേഹം അഗാധമായ നന്ദി രേഖപ്പെടുത്തി.

 

Speaking in the Lok Sabha.
https://t.co/5YMO8qcisH

— Narendra Modi (@narendramodi) July 29, 2025

मैं भारत का पक्ष रखने के लिए खड़ा हुआ हूँ: PM @narendramodi in Lok Sabha pic.twitter.com/jSpcNQmszn

— PMO India (@PMOIndia) July 29, 2025

A Vijay Utsav of the valour and strength of the Indian Armed Forces. pic.twitter.com/6yjYhsLqVc

— PMO India (@PMOIndia) July 29, 2025

Operation Sindoor highlighted the power of a self-reliant India! pic.twitter.com/CWKAQzfzEv

— PMO India (@PMOIndia) July 29, 2025

During Operation Sindoor, the synergy of the Navy, Army and Air Force shook Pakistan to its core. pic.twitter.com/GZMPpfz5KN

— PMO India (@PMOIndia) July 29, 2025

India has made it clear that it will respond to terror on its own terms, won't tolerate nuclear blackmail and will treat terror sponsors and masterminds alike. pic.twitter.com/r4T3mBUWs4

— PMO India (@PMOIndia) July 29, 2025

During Operation Sindoor, India garnered widespread global support. pic.twitter.com/SN56e2DUsw

— PMO India (@PMOIndia) July 29, 2025

Operation Sindoor is ongoing. Any reckless move by Pakistan will be met with a firm response. pic.twitter.com/rARk30BCwz

— PMO India (@PMOIndia) July 29, 2025

A strong military at the borders ensures a vibrant and secure democracy. pic.twitter.com/SBbCom3iQK

— PMO India (@PMOIndia) July 29, 2025

Operation Sindoor stands as clear evidence of the growing strength of India's armed forces over the past decade. pic.twitter.com/AYgAixTYsV

— PMO India (@PMOIndia) July 29, 2025

India is the land of Buddha, not Yuddha (war). We strive for prosperity and harmony, knowing that lasting peace comes through strength. pic.twitter.com/gSp2sMCc4L

— PMO India (@PMOIndia) July 29, 2025

India has made it clear that blood and water cannot flow together. pic.twitter.com/rD2A17BhDO

— PMO India (@PMOIndia) July 29, 2025

 

***

SK


(Release ID: 2150098)