വിദ്യാഭ്യാസ മന്ത്രാലയം
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ചുവർഷ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച അഖില ഭാരതീയ ശിക്ഷാ സമാഗം- 2025 കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു
പുതിയ സംരംഭങ്ങളും കാമ്പസ് ഉദ്ഘാടനങ്ങളും ശിലാസ്ഥാപനവുമടക്കം 4,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് ശ്രീ ധർമേന്ദ്ര പ്രധാൻ തുടക്കം കുറിച്ചു
Posted On:
29 JUL 2025 3:10PM by PIB Thiruvananthpuram
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ചു വർഷത്തെ സ്മരണയ്ക്ക് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അഖില ഭാരതീയ ശിക്ഷാ സമാഗം-2025 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. 2020 -ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി ദേശീയ വിദ്യാഭ്യാസ നയം കൈവരിച്ച ശ്രദ്ധേയമായ പുരോഗതി അവലോകനം ചെയ്യാനും ഭാവി ആസൂത്രണത്തിനും അക്കാദമിക വിദഗ്ധർക്കും നയരൂപകർത്താക്കൾക്കും അധ്യാപകർക്കും ഈ മേഖലയിലെ നേതാക്കള്‍ക്കും സർക്കാർ പ്രതിനിധികൾക്കും വേദിയൊരുക്കി.
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും നൈപുണ്യ വികസന - സംരംഭകത്വ വകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി, വടക്കുകിഴക്കൻ മേഖല വിദ്യാഭ്യാസ - വികസന സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍ എന്നിവര്‍ക്കൊപ്പം 13 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ വിദ്യാഭ്യാസ - ബഹിരാകാശ മേഖലകളിലെ സംഭാവനകൾക്കും ദീർഘവീക്ഷണ നേതൃത്വത്തിനും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപീകരണ സമിതി ചെയർമാൻ പദ്മവിഭൂഷണ്‍ ഡോ. കെ. കസ്തൂരിരംഗന് വിശിഷ്ടാതിഥികളുടെ പുഷ്പാര്‍ച്ചനയോടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.
2020-ലെ ദേശീയ വിദ്യാഭ്യാസ നയം വിജയകരമായി അഞ്ച് വർഷം പൂർത്തിയാക്കിയ വേളയില്‍ ശ്രീ ധർമേന്ദ്ര പ്രധാൻ ആശംസകള്‍ നേര്‍ന്നു.
രാജ്യവളർച്ചയുടെ കാതലായി വിദ്യാഭ്യാസത്തെ പ്രതിഷ്ഠിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരിവർത്തനാത്മക ദർശനത്തെയാണ് 2020-ലെ ദേശീയ വിദ്യാഭ്യാസനയം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2047-ലെ വികസിത ഭാരതമെന്ന കാഴ്ചപ്പാടിലേക്ക് രാജ്യം മുന്നേറുമ്പോള്‍ ദേശീയ വിദ്യാഭ്യാസ നയം ഒരു മാര്‍ഗദര്‍ശക ദേശീയ ദൗത്യമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്‍ഇപി-യെ ഒരു നയത്തില്‍നിന്ന് പ്രയോഗവല്‍ക്കരിക്കുന്നതില്‍ സർക്കാർ വിജയിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാതൃകാപരമായ മാറ്റം കൊണ്ടുവന്ന ഈ നയം ക്ലാസ് മുറികളിലേക്കും കാമ്പസുകളിലേക്കും സമൂഹങ്ങളിലേക്കും എത്തിച്ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൻഇപി-യുടെ കാതല്‍ ഇന്ത്യൻ ധാർമികതയാണെന്ന് ശ്രീ പ്രധാൻ ചൂണ്ടിക്കാട്ടി. ശാസ്ത്രീയ വിദ്യാഭ്യാസം, നൂതനാശയങ്ങള്‍, ഗവേഷണം, ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങള്‍, ഇന്ത്യൻ ഭാഷകൾ എന്നിവയിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിച്ച് രാഷ്ട്രനിർമാണത്തിന്റെ വിശാല ലക്ഷ്യവുമായി വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുന്നതാണ് നയമെന്ന് അദ്ദേഹം വിശദീകരിച്ചു.
'വികസിത ഭാരത'മെന്നത് കേവലം ദർശനമല്ലെന്നും മറിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ പ്രവർത്തനാഹ്വാനമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഏറ്റവും ശക്തമായ ഉപകരണമാണ് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം. ഓരോ ക്ലാസ് മുറിയും അർത്ഥപൂര്‍ണ പഠനത്തിന്റെ ഇടമായി മാറുന്നുവെന്നും ഓരോ കുട്ടിയുടെയും കഴിവുകൾ പരിപോഷിപ്പിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധാപൂര്‍വം മുൻകൈയെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
അഖില ഭാരതീയ ശിക്ഷാ സമാഗം കേവലം സമ്മേളനം മാത്രമല്ലെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ദേശീയ നിശ്ചയദാര്‍ഢ്യത്തിന്റെ കൂട്ടായ പ്രകടനമാണെന്നും പറഞ്ഞാണ് ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ തന്റെ അഭിസംബോധന ഉപസംഹരിച്ചത്. ക്ലാസ് മുറികളിൽ നിന്ന് സർഗാത്മകതയിലേക്കും പഠനത്തിൽ നിന്ന് രാഷ്ട്രനിര്‍മാണത്തിലേക്കും മുന്നേറാന്‍ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് എല്ലാവരും പൂർണഹൃദയത്തോടെ പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: https://www.pib.gov.in/PressReleasePage.aspx?PRID=2149668
****
(Release ID: 2149848)