പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മൻ കി ബാത്തിന്റെ' 124-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (27-07-2025)

Posted On: 27 JUL 2025 11:39AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ‘മൻ കി ബാത്തിൽ’, ഒരിക്കൽക്കൂടി രാജ്യത്തിന്റെ വിജയങ്ങളെക്കുറിച്ചും ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ, കായികരംഗത്തും ശാസ്ത്രരംഗത്തും സംസ്കാരികരംഗത്തും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഓരോ ഭാരതീയനും അഭിമാനമുണ്ട്. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാൻഷു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. രാജ്യം മുഴുവൻ അഭിമാനത്താൽ നിറഞ്ഞു. ഞാൻ ഓർക്കുകയാണ്, 2023 ഓഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ, രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും സ്പേസിനെക്കുറിച്ചും കുട്ടികളിൽ ഒരു പുതിയ ജിജ്ഞാസ രൂപപ്പെടുകയുണ്ടായി. ഇപ്പോൾ ചെറിയ കുട്ടികൾ പറയുന്നു, ഞങ്ങൾക്കും സ്പേസിൽ പോകണം, ഞങ്ങൾക്കും ചന്ദ്രനിൽ ഇറങ്ങണം - നമ്മൾ സ്പേസ് സയന്റിസ്റ്റ് ആകണമെന്നൊക്കെ.

സുഹൃത്തുക്കളേ, നിങ്ങൾ INSPIRE-MANAK അഭിയാനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഇത് കുട്ടികളുടെ ഇന്നോവേഷനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ്. ഇതിൽ, ഓരോ സ്‌കൂളിൽ നിന്നും അഞ്ച് കുട്ടികളെ തെരഞ്ഞെടുക്കുന്നു. ഓരോ കുട്ടിയും ഒരു പുതിയ ഐഡിയ കൊണ്ടുവരുന്നു. ഇതുവരെ, ലക്ഷക്കണക്കിന് കുട്ടികൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ചന്ദ്രയാൻ-3ന്ശേഷം, കുട്ടികളുടെ എണ്ണം ഇരട്ടിയായി. രാജ്യത്ത് സ്പേസ് സ്റ്റാർട്ടപ്പുകളും അതിവേഗം വളരുകയാണ്. അഞ്ച് വർഷം മുമ്പ്, 50-ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന്, സ്പേസ് സെക്ടറിൽമാത്രം 200-ലധികം സ്റ്റാർട്ടപ്പുകൾ ഉണ്ടായിരിക്കുന്നു. സുഹൃത്തുക്കളേ, അടുത്ത മാസം, ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആണ്. നിങ്ങൾ അത് എങ്ങനെയാണ് ആഘോഷിക്കുന്നത്, പുതിയ ഐഡിയ വല്ലതുമുണ്ടോ? ഉണ്ടെങ്കിൽ എനിക്ക് നമോ ആപ്പിൽ തീർച്ചയായും മെസ്സേജ് അയയ്ക്കണം.

സുഹൃത്തുക്കളേ, 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ, സയൻസ് ഒരു പുതിയ ഊർജ്ജത്തോടെ മുന്നോട്ട് പോകുകയാണ്. കുറച്ച് ദിവസം മുമ്പ്, നമ്മുടെ വിദ്യാർത്ഥികൾ ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിൽ മെഡലുകൾ കരസ്ഥമാക്കി. ദേവേഷ് പങ്കജ്, സന്ദീപ് കുച്ചി, ദെബ്ദത്ത് പ്രിയദർശി, ഉജ്ജ്വൽ കേസരി ഈ നാലുപേരും ഭാരതത്തിന്റെ യശസ്സ് ഉയർത്തി. മാത്സിന്റെ ലോകത്തും ഭാരതം തങ്ങളുടെ വ്യക്തിത്വം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നടന്ന ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ നമ്മുടെ വിദ്യാർത്ഥികൾ 3 ഗോൾഡ്, 2 സിൽവർ, ഒരു ബ്രോൺസ് എന്നിങ്ങനെ മെഡലുകൾ നേടി. സുഹൃത്തുക്കളേ, അടുത്ത മാസം മുംബൈയിൽ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡ് നടക്കാൻ പോവുകയാണ്. അതിൽ അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും പങ്കെടുക്കും. അത് ഇതുവരെയുള്ളതിൽ വെച്ച് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒളിമ്പ്യാഡ് ആയിരിക്കും. ഒരു തരത്തിൽ നോക്കിയാൽ, ഭാരതം ഇപ്പോൾ ഒളിമ്പിക്സിനായും ഒളിമ്പ്യാഡിനായും ഒരുപോലെ മുന്നോട്ട് കുതിക്കുകയാണെന്ന് കാണാം. 

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മൾക്കെല്ലാവർക്കും അഭിമാനം നൽകുന്ന ഒരു വാർത്ത കൂടി യുനെസ്കോയിൽ നിന്ന് വന്നിട്ടുണ്ട്. യുനെസ്കോ പന്ത്രണ്ട് മറാഠാ കോട്ടകളെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളായി അംഗീകരിച്ചിരിക്കുന്നു. പതിനൊന്ന് കോട്ടകൾ മഹാരാഷ്ട്രയിലും, ഒരു കോട്ട തമിഴ്‌നാട്ടിലുമാണുള്ളത്. ഓരോ കോട്ടയോടും ചരിത്രത്തിലെ ഓരോരോ താളുകൾ ചേർന്നിരിക്കുന്നു. ഓരോ കല്ലും ഒരു ചരിത്ര സംഭവത്തിന് സാക്ഷിയാണ്. സൽഹേർ കോട്ടയിലാണ് മുഗളരെ തോല്പിച്ചത്. ശിവനേരിയിലാണ് ഛത്രപതി ശിവാജി മഹാരാജ് ജനിച്ചത്. എതിരാളികൾക്ക് ഭേദിക്കാൻ കഴിയാത്ത കോട്ട. ഖാന്ദേരി കോട്ട, കടലിന്റെ നടുവിൽ നിർമ്മിച്ച അത്ഭുതകരമായ കോട്ട. ശത്രുക്കൾക്ക് അദ്ദേഹത്തെ തടയണമെന്നുണ്ടായിരുന്നു. പക്ഷേ, ശിവജി മഹാരാജ് അസാധ്യമായതിനെ സാധ്യമാക്കി കാണിച്ചു. പ്രതാപ്ഗഡ് കോട്ട, അവിടെ അഫ്സൽഖാനെതിരെ വിജയം നേടി. ആ കഥയുടെ പ്രതിധ്വനി ഇന്നും കോട്ടയുടെ ഭിത്തികളിൽ അലയടിക്കുന്നു. വിജയദുർഗ്ഗ്, അവിടെ രഹസ്യ തുരങ്കങ്ങളുണ്ടായിരുന്നു, ഛത്രപതി ശിവാജി മഹാരാജിന്റെ ദീർഘവീക്ഷണത്തിന് തെളിവ് ഈ കോട്ടയിൽ കാണാം. ഞാൻ കുറച്ചുവർഷം മുൻപ് റായ്ഗഡ് സന്ദർശിച്ചിരുന്നു. അവിടെ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് മുന്നിൽ നമസ്കരിച്ചു. ഈ അനുഭവം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും.

സുഹൃത്തുക്കളേ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതുപോലെ അത്ഭുതകരമായ കോട്ടകളുണ്ട്, അവ ആക്രമണങ്ങളെ നേരിട്ടു, പ്രതികൂല കാലാവസ്ഥയുടെ പ്രഹരം സഹിച്ചു, പക്ഷേ ഒരിക്കലും ആത്മാഭിമാനം വെടിയാൻ അനുവദിച്ചില്ല. രാജസ്ഥാനിലെ ചിത്തോർഗഡ് കോട്ട, കുംഭൽഗഡ് കോട്ട, രൺഥംബോർ കോട്ട, ആമേർ കോട്ട, ജയ്‌സൽമേർ കോട്ട എന്നിവ ലോകപ്രസിദ്ധമാണ്. കർണാടകയിലെ ഗുൽബർഗ കോട്ടയും വളരെ വലുതാണ്. ചിത്രദുർഗ്ഗ കോട്ടയുടെ വലുപ്പം നിങ്ങളെ അത്ഭുതപ്പെടുത്തും, ആ കാലത്ത് ഈ കോട്ട എങ്ങനെ നിർമ്മിച്ചിട്ടുണ്ടാകും! സുഹൃത്തുക്കളേ, ഉത്തർപ്രദേശിലെ ബാന്ദയിൽ കാളിഞ്ചർ കോട്ടയുണ്ട്. മഹ്മൂദ് ഗസ്നവി പലതവണ ഈ കോട്ടയെ ആക്രമിച്ചു, ഓരോ തവണയും പരാജയപ്പെട്ടു. ബുന്ദേൽഖണ്ഡിൽ ഇതുപോലെയുള്ള പല കോട്ടകളുമുണ്ട്. ഗ്വാളിയോർ, ഝാൻസി, ദാതിയ, അജയ്ഗഡ്, ഗഡ്കുണ്ഡാർ, ചന്ദേരി. ഈ കോട്ടകൾ വെറും ഇഷ്ടികകളും കല്ലുകളുമല്ല. ഇവ നമ്മുടെ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്. സംസ്കാരവും സ്വാഭിമാനവും, ഇന്നും ഈ കോട്ടകളുടെ ഉയരമുള്ള മതിലുകളെ കവിഞ്ഞൊഴുകുന്നു. എല്ലാ പൗരന്മാരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, ഈ കോട്ടകൾ സന്ദർശിക്കുക, നമ്മുടെ ചരിത്രം അറിയുക അഭിമാനം കൊള്ളുക. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, നേരം പുലർന്നു തുടങ്ങുന്ന സമയം - ബിഹാറിലെ മുസാഫർപൂർ നഗരം, തീയതി ഓഗസ്റ്റ് പതിനൊന്ന്, ആയിരത്തി തൊള്ളായിരത്തി എട്ട്. ഓരോ തെരുവും ഓരോ കവലയും, ഓരോ ചലനവും ആ സമയത്ത് നിലച്ചതുപോലെയായിരുന്നു. ജനങ്ങളുടെ കണ്ണുകളിൽ കണ്ണീരുണ്ടായിരുന്നു, പക്ഷേ ഹൃദയങ്ങളിൽ അഗ്നി ജ്വലിച്ചു. ആളുകൾ ജയിൽ വളഞ്ഞു കഴിഞ്ഞിട്ടുണ്ടായിരുന്നു. അവിടെ ഒരു പതിനെട്ട് വയസ്സുകാരൻ യുവാവ്, ബ്രിട്ടീഷുകാർക്കെതിരെ തന്റെ രാജ്യസ്നേഹം പ്രകടിപ്പിച്ചതിന്റെ വില നൽകുകയായിരുന്നു. ജയിലിനുള്ളിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ, ആ യുവാവിനെ തൂക്കിലേറ്റാൻ തയ്യാറെടുത്തു. ആ യുവാവിന്റെ മുഖത്ത് ഭയമുണ്ടായിരുന്നില്ല, മറിച്ച് അഭിമാനം നിറഞ്ഞിരുന്നു. രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറുള്ളവർക്ക് ഉണ്ടാകുന്ന അഭിമാനം. ആ ധീരൻ, ആ ധൈര്യശാലിയായ യുവാവ് ഖുദിറാം ബോസ്. വെറും പതിനെട്ട് വയസ്സിൽ അദ്ദേഹം കാണിച്ച ധൈര്യം, രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. അന്ന് പത്രങ്ങൾ എഴുതി – “ഖുദിറാം ബോസ് തൂക്കുകയറിനടുത്തേക്ക് നടന്നപ്പോൾ, അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു” എന്ന്. ഇങ്ങനെയുള്ള അനേകം ത്യാഗങ്ങൾക്കുശേഷം, നൂറ്റാണ്ടുകളുടെ തപസ്സിനുശേഷം, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ വീരന്മാർ തങ്ങളുടെ രക്തംകൊണ്ട് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ നനച്ചു വളർത്തി. സുഹൃത്തുക്കളേ, ഓഗസ്റ്റ് മാസം അതുകൊണ്ടാണ് വിപ്ലവത്തിന്റെ മാസമാകുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി ലോകമാന്യ ബാല ഗംഗാധര തിലകിന്റെ പുണ്യതിഥിയാണ്. ഇതേ മാസം, ഓഗസ്റ്റ് എട്ടാം തീയതിയാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ ‘ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം’ ആരംഭിച്ചത്. പിന്നെ വരുന്നത് ഓഗസ്റ്റ് പതിനഞ്ചാണ്, നമ്മുടെ സ്വാതന്ത്ര്യ ദിനം, നമ്മൾ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കുന്നു, അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. പക്ഷേ സുഹൃത്തുക്കളേ, നമ്മുടെ സ്വാതന്ത്ര്യത്തോടൊപ്പം രാജ്യത്തിന്റെ വിഭജനത്തിന്റെ വേദനയും ചേർന്നിട്ടുണ്ട്. അതുകൊണ്ട് നമ്മൾ ഓഗസ്റ്റ് പതിനാലാം തീയതി ‘വിഭജന ഭീകരത സ്മരണദിനമായി’ ആചരിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ആയിരത്തി തൊള്ളായിരത്തി അഞ്ച് ഓഗസ്റ്റ് ഏഴാം തീയതി മറ്റൊരു വിപ്ലവം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഹാൻഡ്ലൂമിന് ഒരു പുതിയ ഊർജ്ജം നൽകി. ഈ സ്മരണയിൽ രാജ്യം എല്ലാ വർഷവും ഓഗസ്റ്റ് ഏഴാം തീയതി ‘നാഷണൽ ഹാൻഡ്ലൂം ഡേ’ ആഘോഷിക്കുന്നു. ഈ വർഷം ഓഗസ്റ്റ് ഏഴിന് ‘നാഷണൽ ഹാൻഡ്ലൂം ഡേ’യുടെ പത്ത് വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യ സമരകാലത്ത് നമ്മുടെ ഖാദി എങ്ങനെയാണോ സ്വാതന്ത്ര്യ സമരത്തിന് പുതിയ ശക്തി നൽകിയത്, അതുപോലെ ഇന്ന് രാജ്യം, വികസിത ഭാരതമാകാൻ മുന്നോട്ട് പോകുമ്പോൾ, ‘ടെക്സ്റ്റൈൽ സെക്ട‍ർ’ രാജ്യത്തിന്റെ ശക്തിയായി മാറുകയാണ്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സെക്ടറുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ വിജയത്തിന്റെ പല കഥകളും രചിച്ചു. മഹാരാഷ്ട്രയിലെ പൈഠൺ ഗ്രാമത്തിലെ കവിത ധവളെ ആദ്യം ഒരു ചെറിയ മുറിയിലായിരുന്നു ജോലി ചെയ്തിരുന്നത് - അവിടെ സ്ഥലമോ, സൗകര്യമോ ഉണ്ടായിരുന്നില്ല. അവർക്ക് സർക്കാരിൽ നിന്ന് സഹായം ലഭിച്ചു. ഇപ്പോൾ അവരിലെ പ്രതിഭ ഉയരങ്ങളിലേക്ക് പറക്കുകയാണ്. അവർ മൂന്നിരട്ടി കൂടുതൽ സമ്പാദിക്കുന്നുണ്ട്. സ്വന്തമായി നെയ്ത പൈഠണി സാരികൾ വിൽക്കുന്നുണ്ട്. ഒഡീഷയിലെ മയൂർഭഞ്ചിലും ഇതുപോലൊരു വിജയത്തിന്റെ കഥയുണ്ട്. ഇവിടെ അറുനൂറ്റമ്പതിലധികം ആദിവാസി സ്ത്രീകൾ സന്താലി സാരിയെ പുനരുജ്ജീവിപ്പിച്ചു. ഇപ്പോൾ ഈ സ്ത്രീകൾ ഓരോ മാസവും ആയിരങ്ങൾ സമ്പാദിക്കുന്നു. ഇവർ വെറും തുണി നെയ്യുകയല്ല, സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുകയാണ്. ബിഹാറിലെ നളന്ദയിൽ നിന്നുള്ള നവീൻ കുമാറിന്റെ നേട്ടവും പ്രചോദനകരമാണ്. അദ്ദേഹത്തിന്റെ കുടുംബം തലമുറകളായി ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ ഏറ്റവും നല്ല കാര്യം എന്തെന്നാൽ, അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഈ മേഖലയിൽ ആധുനികരീതികളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ കുട്ടികൾ ഹാൻഡ്ലൂം ടെക്നോളജി പഠിക്കുന്നുണ്ട്. അവർ വലിയ ബ്രാൻഡുകളിൽ ജോലി ചെയ്യുകയും ചെയ്യുന്നു. ഈ മാറ്റം ഒരു കുടുംബത്തിന്റേത് മാത്രമല്ല, ഇത് ആ പരിസരത്തുള്ള അനേകം കുടുംബങ്ങളെയും മുന്നോട്ട് നയിക്കുന്നു.

സുഹൃത്തുക്കളേ ടെക്സ്റ്റൈൽ ഇന്ത്യയുടെ ഒരു സെക്ടർ മാത്രമല്ല, ഇത് നമ്മുടെ സാംസ്കാരിക വൈവിധ്യത്തിന്റെ ഉദാഹരണം കൂടിയാണ്. ഇന്ന് ടെക്സ്റ്റൈൽ അപ്പാരൽ മാർക്കറ്റ് വളരെ വേഗത്തിൽ വളരുകയാണ്, ഈ വളർച്ചയുടെ ഏറ്റവും നല്ല കാര്യം എന്തെന്നാൽ, ഗ്രാമങ്ങളിലെ സ്ത്രീകൾ, നഗരങ്ങളിലെ ഡിസൈനർമാർ, പ്രായമായ നെയ്ത്തുകാർ, സ്റ്റാർട്ടപ്പ് തുടങ്ങുന്ന നമ്മുടെ യുവാക്കൾ തുടങ്ങി എല്ലാവരും ഒരുമിച്ച് ഇതിനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ്. ഇന്ന് ഭാരതത്തിൽ മൂവായിരത്തിലധികം ടെക്സ്റ്റൈൽ സ്റ്റാർട്ടപ്പുകൾ സജീവമാണ്. പല സ്റ്റാർട്ടപ്പുകളും ഭാരതത്തിന്റെ ഹാൻഡ്ലൂം ഐഡന്റിറ്റിക്ക് ​ആ​ഗോളതലത്തിൽ ഉന്നതി നൽകിയിട്ടുണ്ട്. സുഹൃത്തുക്കളെ, രണ്ടായിരത്തി നാൽപ്പത്തിയേഴിലെ വികസിത ഭാരതത്തിലേക്കുള്ള വഴി സ്വാശ്രയത്വമാണ്. 'ആത്മനിർഭർ ഭാരത്' എന്നതിന്റെ ഏറ്റവും വലിയ അടിത്തറയാണ് ‘വോക്കൽ ഫോർ ലോക്കൽ’. ഭാരതത്തിൽ നിർമ്മിച്ച ഏതൊരു ഉൽപ്പന്നവുമാകട്ടെ, അത് ഉണ്ടാക്കാൻ ഒരു ഭാരതീയന്റെ വിയർപ്പ് വീണിട്ടുണ്ടെങ്കിൽ, അത് തന്നെ വാങ്ങുക, അത് തന്നെ വിൽക്കുക. ഇത് നമ്മുടെ ദൃഢനിശ്ചയമായിരിക്കണം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതത്തിലെ വൈവിധ്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച നമ്മുടെ നാടൻ പാട്ടുകളിലും പാരമ്പര്യങ്ങളിലും കാണാം, ഇതിന്റെ ഭാഗമാണ് നമ്മുടെ ഭജനകളും കീർത്തനങ്ങളും. പക്ഷേ, കീർത്തനങ്ങളിലൂടെ കാട്ടുതീയിനെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷേ ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ ഒരു അത്ഭുതകരമായ കാര്യം നടക്കുന്നുണ്ട്. അവിടെ രാധാകൃഷ്ണ സങ്കീർത്തന മണ്ഡലി എന്ന പേരിൽ ഒരു സംഘമുണ്ട്. ഭക്തിയോടൊപ്പം ഈ സംഘം, ഇന്ന്, പരിസ്ഥിതി സംരക്ഷണത്തിന്റെ മന്ത്രവും ജപിക്കുന്നുണ്ട്. ഈ സംരംഭത്തിന് പ്രചോദനം പ്രമീള പ്രധാൻ ആണ്. കാടിനെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ അവർ പരമ്പരാഗത ഗാനങ്ങളിൽ പുതിയ വരികളും പുതിയ സന്ദേശങ്ങളും ചേർത്തു. അവരുടെ സംഘം ഗ്രാമങ്ങൾ തോറും പോയി. വനങ്ങളിൽ തീ പിടിച്ചാൽ എത്ര നഷ്ടമുണ്ടാകുമെന്ന് അവർ പാട്ടുകളിലൂടെ അവിടത്തെ ആളുകൾക്ക് മനസ്സിലാക്കിക്കൊടുത്തു. ഈ ഉദാഹരണം നമ്മളെ ഓർമ്മിപ്പിക്കുന്നത്, നമ്മുടെ നാടൻ പാരമ്പര്യങ്ങൾ കഴിഞ്ഞ കാലത്തെ ഒരു കാര്യം മാത്രമല്ലെന്നാണ്. അവയിൽ ഇന്നും സമൂഹത്തിന് വഴികാട്ടിയാവാനുള്ള ശക്തിയുണ്ട്. പ്രിയ ദേശവാസികളേ, ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ നമ്മുടെ ഉത്സവങ്ങളും പാരമ്പര്യങ്ങളുമാണ്. എന്നാൽ നമ്മുടെ സംസ്കാരത്തിന്റെ സജീവതയ്ക്ക് മറ്റൊരു വശം കൂടിയുണ്ട്. നമ്മുടെ വർത്തമാനത്തെയും ചരിത്രത്തെയും നിരന്തരം ഡോക്യുമെൻ്റ് ചെയ്തുകൊണ്ടിരിക്കുകയെന്നതാണ് ആ വശം. നമ്മുടെ യഥാർത്ഥ ശക്തി, നൂറ്റാണ്ടുകളായി കൈയെഴുത്തു രൂപത്തിൽ സംരക്ഷിക്കപ്പെട്ട അറിവാണ്. ഈ മാനുസ്ക്രിപ്റ്റുകളിൽ ശാസ്ത്രവും ചികിത്സാരീതികളും, സംഗീതവും, ദർശനവുമുണ്ട്, പിന്നെ ഏറ്റവും വലിയ കാര്യം ചിന്തയാണ്. അതിന് മനുഷ്യരാശിയുടെ ഭാവിയെ ശോഭനമാക്കാൻ കഴിയും. സുഹൃത്തുക്കളെ, ഇങ്ങനെയുള്ള അസാധാരണമായ അറിവിനെ, ഈ പാരമ്പര്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. നമ്മുടെ രാജ്യത്ത് ഓരോ കാലഘട്ടത്തിലും, ഇതിനെ തങ്ങളുടെ സാധനയാക്കി മാറ്റിയ ചില ആളുകളുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ഒരു പ്രചോദനാത്മക വ്യക്തിത്വമാണ് – തമിഴ് നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള മണി മാരൻ. അദ്ദേഹത്തിന് തോന്നി, ഇന്നത്തെ തലമുറ തമിഴ് പുരാലിഖിതങ്ങൾ വായിക്കാൻ പഠിച്ചില്ലെങ്കിൽ, ഭാവിയിൽ ഈ അമൂല്യ പൈതൃകം നഷ്ടപ്പെടുമെന്ന്, അതുകൊണ്ട് അദ്ദേഹം വൈകുന്നേരങ്ങളിൽ ക്ലാസ്സുകൾ തുടങ്ങി. അവിടെ വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന യുവാക്കൾ, ഗവേഷകർ എല്ലാവരും വന്ന് പഠിക്കാൻ തുടങ്ങി. മണി മാരൻ ആളുകളെ “തമിഴ് സുവടിയിയൽ” അതായത് പനയോലയിൽ എഴുതപ്പെട്ട കൈയഴുത്തുപ്രതികൾ വായിക്കാനും മനസ്സിലാക്കാനുമുള്ള രീതി പഠിപ്പിച്ചു. ഇന്ന് നിരന്തര  ശ്രമങ്ങളിലൂടെ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ചില വിദ്യാർത്ഥികൾ ഈ കൈയെഴുത്തുപ്രതികളുടെ അടിസ്ഥാനത്തിൽ പരമ്പരാ​ഗത ചികിത്സാ വ്യവസ്ഥയിൽ ഗവേഷണവും തുടങ്ങിയിട്ടുണ്ട്. സുഹൃത്തുക്കളേ ചിന്തിക്കൂ, ഇങ്ങനെയൊരു ശ്രമം രാജ്യമെങ്ങും നടന്നാൽ നമ്മുടെ പുരാതന വിജ്ഞാനം വെറും ചുവരുകളിൽ ഒതുങ്ങിനിൽക്കില്ല. അത് പുതിയ തലമുറയുടെ ബോധത്തിന്റെ ഭാഗമായി മാറും. ഈ ചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഭാരത സർക്കാർ ഈ വർഷത്തെ ബഡ്ജറ്റിൽ ഒരു ചരിത്രപരമായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്, ‘​ഗ്യാൻ ഭാരതം മിഷൻ’. ഈ മിഷന്റെ കീഴിൽ പുരാതന കൈയെഴുത്തുപ്രതികളെ ഡിജിറ്റൽ രൂപത്തിലാക്കും. പിന്നെ ഒരു നാഷണൽ ഡിജിറ്റൽ റെപ്പോസിറ്ററി ഉണ്ടാക്കും, അവിടെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യവുമായി ബന്ധപ്പെടാൻ കഴിയും. എനിക്ക് നിങ്ങളോടൊരു അപേക്ഷയുണ്ട്, നിങ്ങൾ അത്തരമൊരു ശ്രമത്തിൽ പങ്കാളിയാണെങ്കിൽ അല്ലെങ്കിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ My Gov അല്ലെങ്കിൽ സാംസ്കാരിക മന്ത്രാലയവുമായി തീർച്ചയായും ബന്ധപ്പെടുക, കാരണം, ഇത് കേവലം കൈയെഴുത്തുപ്രതികൾ മാത്രമല്ല, ഇത് ഭാരതത്തിന്റെ ആത്മാവിന്റെ അധ്യായങ്ങളാണ്. ഇവയെ നമ്മൾ വരും തലമുറകൾക്ക് പകർന്നുകൊടുക്കേണ്ടതുണ്ട്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളോട് ചുറ്റും എത്രതരം പക്ഷികളുണ്ട്, കുരുവികളുണ്ട് എന്ന് ചോദിച്ചാൽ എന്തു പറയും? ഒരുപക്ഷേ, എനിക്ക് ദിവസവും അഞ്ചാറ് പക്ഷികളെ കാണാൻ കഴിയുന്നു അല്ലെങ്കിൽ കുരുവികളെ കാണാൻ കഴിയുന്നു എന്നായിരിക്കും പറയുക. ചിലത് പരിചിതമായവയാണ്, ചിലത് അപരിചിതമായവ. എന്നാൽ നമ്മുടെ ചുറ്റും ഏതൊക്കെ പക്ഷി വർഗ്ഗങ്ങൾ ജീവിക്കുന്നു എന്ന് അറിയുന്നത് വളരെ രസകരമാണ്. അടുത്തിടെ ഇതുപോലൊരു ഗംഭീരമായ ശ്രമം നടന്നിട്ടുണ്ട്, സ്ഥലം അസമിലെ കാസിരം​ഗ ദേശീയോദ്യാനം. സാധാരണയായി ഈ പ്രദേശം അവിടുത്തെ റൈനോകൾ അഥവാ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ടതാണ് - എന്നാൽ ഇത്തവണ ചർച്ചാ വിഷയമായിരിക്കുന്നത്, ഇവിടുത്തെ പുൽമേടുകളും അവിടെ വസിക്കുന്ന കുരുവികളുമാണ്. ആദ്യമായി അവിടെ ​ഗ്രാസ്ലാൻഡ് ബേഡ് സെൻസസ് നടന്നു. അതിനെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമാകും. കാരണം, ഈ കണക്കെടുപ്പുകൊണ്ട് നാല്പതിലധികം പക്ഷി വർഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പല അപൂർവ്വ പക്ഷികളും ഉൾപ്പെടുന്നു. നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, ഇത്രയും പക്ഷികളെ എങ്ങനെ തിരിച്ചറിഞ്ഞെന്ന്! ഇതിൽ സാങ്കേതികവിദ്യ അത്ഭുതം കാണിച്ചു. സെൻസസ് നടത്തിയ സംഘം ശബ്ദം റെക്കോർഡ് ചെയ്യുന്ന ഉപകരണങ്ങൾ സ്ഥാപിച്ചു. പിന്നെ കമ്പ്യൂട്ടറും AIയും ഉപയോഗിച്ച് ആ ശബ്ദങ്ങൾ വിശകലനം ചെയ്തു. ശബ്ദങ്ങളിൽ നിന്നുതന്നെ പക്ഷികളെ തിരിച്ചറിഞ്ഞു. അതും അവരെ ശല്യപ്പെടുത്താതെ. ഒന്ന് ആലോചിച്ചു നോക്കൂ! സാങ്കേതിക വിദ്യയും സംവേദനക്ഷമതയും ഒന്നിക്കുമ്പോൾ, പ്രകൃതിയെ ആഴത്തിൽ മനസ്സിലാക്കുന്നത് എത്ര എളുപ്പമാണ് എന്ന്. നമ്മൾ ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണം, അതുവഴി നമുക്ക് നമ്മുടെ ജൈവവൈവിധ്യത്തെ തിരിച്ചറിയാനും അടുത്ത തലമുറയെയും ഇതിലേക്ക് ബന്ധിപ്പിക്കാനും സാധിക്കണം. 

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ചിലപ്പോൾ ഏറ്റവും വലിയ വെളിച്ചം പൊട്ടിപ്പുറപ്പെടുന്നത്, ഇരുട്ട് ഏറ്റവും നിറഞ്ഞിടത്തു നിന്നാകും. അങ്ങനെയൊരു ഉദാഹരണമാണ് ഝാർഖണ്ഡിലെ ​ഗുംല ജില്ലയിലേത്. ഒരു കാലത്ത് ഈ പ്രദേശം മാവോയിസ്റ്റ് അക്രമങ്ങൾക്ക് പേരുകേട്ടതായിരുന്നു. ബാസിയ ബ്ലോക്കിലെ ഗ്രാമങ്ങൾ വിജനമായിക്കൊണ്ടിരുന്നു. ആളുകൾ ഭയത്തിന്റെ നിഴലിൽ ജീവിച്ചു. ജോലിയുടെ ഒരു സാധ്യതയും കണ്ടിരുന്നില്ല, ഭൂമി ഒഴിഞ്ഞുകിടന്നിരുന്നു, ചെറുപ്പക്കാർ പലായനം ചെയ്യുകയായിരുന്നു. പക്ഷേ പിന്നെ മാറ്റത്തിന്റെ വളരെ ശാന്തമായ ധീരമായ ഒരു തുടക്കം അവിടെ ഉണ്ടായി. ഓംപ്രകാശ് സാഹു എന്ന് പേരുള്ള ഒരു യുവാവ് അക്രമത്തിന്റെ വഴി ഉപേക്ഷിച്ചു. അദ്ദേഹം മത്സ്യകൃഷി തുടങ്ങി. പിന്നീട് തന്നെപ്പോലുള്ള പല കൂട്ടുകാരെയും ഇതിനായി പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ പ്രയത്നത്തിന് ഫലമുണ്ടായി. ആദ്യം തോക്ക് പിടിച്ചിരുന്നവർ, ഇപ്പോൾ മീൻ വലകൾ പിടിച്ചിരിക്കുന്നു. സുഹൃത്തുക്കളേ, ഓംപ്രകാശ് സാഹുവിന്റെ തുടക്കം എളുപ്പമായിരുന്നില്ല. എതിർപ്പുണ്ടായി, ഭീഷണികൾ വന്നു, പക്ഷേ അദ്ദേഹത്തിന്റെ ധൈര്യം നഷ്ടപ്പെട്ടില്ല. ‘പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന’ വന്നപ്പോൾ അദ്ദേഹത്തിന് പുതിയ ശക്തി ലഭിച്ചു. സർക്കാരിൽ നിന്ന് പരിശീലനം ലഭിച്ചു. കുളം നിർമ്മിക്കാൻ സഹായം ലഭിച്ചു. കണ്ടുനിൽക്കെ, ഗുംലയിൽ, മത്സ്യവിപ്ലവം ആരംഭിച്ചു. ഇന്ന് ബാസിയ ബ്ലോക്കിലെ നൂറ്റമ്പതിലധികം കുടുംബങ്ങൾ മത്സ്യകൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലരും മുൻപ് നക്സൽ സംഘടനയിൽ ഉണ്ടായിരുന്നവരാണ്. ഇപ്പോൾ അവർ ഗ്രാമത്തിൽത്തന്നെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നു, മറ്റുള്ളവർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. ഗുംലയിലെ ഈ യാത്ര നമ്മെ പഠിപ്പിക്കുന്നത് മാർഗ്ഗം ശരിയാണെങ്കിൽ, മനസ്സിൽ വിശ്വാസമുണ്ടെങ്കിൽ, ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും വികസനത്തിന്റെ ദീപം തെളിയിക്കാൻ കഴിയുമെന്നാണ്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങൾക്ക് അറിയാമോ ഒളിമ്പിക്സ് കഴിഞ്ഞാൽ ഏറ്റവും വലിയ കായിക മേള ഏതാണ് എന്ന്? ഇതിന്റെ ഉത്തരം ‘വേൾഡ് പൊലീസ് ആൻഡ് ഫയർ ​ഗെയിംസ്’ ആണ്. ലോകമെമ്പാടുമുള്ള പോലീസ് ഉദ്യോഗസ്ഥർ, അ​ഗ്നിശമനസേനാം​ഗങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കിടയിൽ നടക്കുന്ന കായിക മേള. ഇത്തവണ ഈ ടൂ‍ർണമെന്റ് അമേരിക്കയിൽ നടന്നു, ഇതിൽ ഭാരതം ചരിത്രം രചിച്ചു. ഭാരതം ഏകദേശം അറുനൂറ് മെഡലുകൾ നേടി. എഴുപത്തിയൊന്ന് രാജ്യങ്ങളുടെ പട്ടികയിൽ നമ്മൾ മൂന്നാം സ്ഥാനത്തെത്തി. യൂണിഫോം ധരിച്ചവരുടെ കഠിനാധ്വാനം ഫലം കണ്ടു, അവർ രാവും പകലും രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നു. നമ്മുടെ ഈ കൂട്ടുകാർ ഇപ്പോൾ കായികരംഗത്തും നമ്മുടെ പതാക ഉയർത്തുന്നു. ഞാൻ എല്ലാ കളിക്കാർക്കും കോച്ചിം​ഗ് സംഘത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതുംകൂടി അറിയുന്നതിൽ നിങ്ങൾക്ക് താല്പര്യമുണ്ടായിരിക്കും, 2029-ൽ ഈ മേള ഭാരതത്തിലാണ് നടക്കുക. ലോകമെമ്പാടുമുള്ള കളിക്കാർ നമ്മുടെ രാജ്യത്തേക്ക് വരും. നമ്മൾ അവർക്ക് ഭാരതത്തിന്റെ ആതിഥ്യമര്യാദ കാണിച്ചു കൊടുക്കും. നമ്മുടെ കായിക സംസ്കാരം പരിചയപ്പെടുത്തും. കൂട്ടുകാരേ കഴിഞ്ഞ ദിവസങ്ങളിൽ, എനിക്ക്, നിരവധി യുവ അത്ലറ്റുകളുടെയും അവരുടെ രക്ഷിതാക്കളുടെയും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയിൽ ‘ഖേലോ ഭാരത് നയം 2025’ നന്നായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഈ നയത്തിന്റെ ലക്ഷ്യം വ്യക്തമാണ് - ഭാരതത്തെ ഒരു സ്പോർട്ടിം​ഗ് സൂപ്പർ പവർ ആക്കുക. ഗ്രാമവാസികൾ, ദരിദ്രർ, പെൺകുട്ടികൾ എന്നിവർക്കാണ് ഈ നയത്തിൽ മുൻഗണന കൊടുത്തിരിക്കുന്നത്. സ്കൂളുകളും കോളേജുകളും, ഇപ്പോൾ കായികവിനോദങ്ങളെ, ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നു. കായികരംഗവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ - അത് സ്പോർട്സ് മാനേജ്മെന്റ്സ് ആയാലും മാനുഫാക്ചറിം​ഗുമായി ബന്ധപ്പെട്ടതായാലും - അവർക്ക് എല്ലാ രീതിയിലും സഹായം നൽകും. ഒന്ന് സങ്കല്പിച്ചുനോക്കൂ, രാജ്യത്തെ യുവജനങ്ങൾ സ്വന്തമായി നിർമ്മിച്ച റാക്കറ്റും ബാറ്റും ബോളും ഉപയോഗിച്ച് കളിക്കുമ്പോൾ, ആത്മനിർഭർ മിഷന് എത്ര വലിയ ശക്തി ലഭിക്കും എന്ന്. സുഹൃത്തുക്കളേ, കായിക വിനോദങ്ങൾ ടീം സ്പിരിറ്റ് ഉണ്ടാക്കുന്നു. ഇത് ഫിറ്റനസിലേക്കും, ആത്മവിശ്വാസത്തിലേക്കും ഒരു ശക്തമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിലേക്കുമുള്ള വഴിയാണ്. അതുകൊണ്ട് നന്നായി കളിക്കൂ നന്നായി വളരൂ. 

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ചില ആളുകൾക്ക് ചിലപ്പോൾ ഏതൊരു കാര്യവും അസാധ്യമായി തോന്നുന്നു. ഇത് നടക്കുമോ? എന്നാൽ രാജ്യം ഒരു ചിന്തയിലേക്ക് ഒരുമിച്ച് വന്നാൽ, അസാധ്യമായത് സാധ്യമാകും. ‘സ്വച്ഛ് ഭാരത് മിഷൻ’ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അടുത്ത് തന്നെ ഈ മിഷന് പതിനൊന്ന് വർഷം പൂർത്തിയാകും. എന്നാൽ, ഇതിന്റെ ശക്തിയും ആവശ്യകതയും അന്നും ഇന്നും ഒരുപോലെ തന്നെയാണ്. ഈ പതിനൊന്ന് വർഷങ്ങളിൽ ‘സ്വച്ഛ് ഭാരത് മിഷൻ’ ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ആളുകൾക്കിത് അവരുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു, ഇതാണല്ലോ ശരിക്കുള്ള ജനപങ്കാളിത്തം. സുഹൃത്തുക്കളേ, എല്ലാ വർഷവും നടക്കുന്ന സ്വച്ഛ് സർവേ ഈ മനോഭാവത്തെ കൂടുതൽ ദൃഢമാക്കി. ഈ വർഷം രാജ്യത്തെ നാലായിരത്തി അഞ്ഞൂറിലധികം നഗരങ്ങളും ചെറുപട്ടണങ്ങളും ഇതിൽ ചേർന്നു. പതിനഞ്ച് കോടിയിലധികം ആളുകൾ ഇതിൽ പങ്കെടുത്തു. ഇത് സാധാരണ സംഖ്യയല്ല. ഇത് സ്വച്ഛ് ഭാരതിന്റെ ശബ്ദമാണ്. സുഹൃത്തുക്കളേ, ശുചിത്വപാലനത്തിൽ നമ്മുടെ നഗരങ്ങളും ചെറുപട്ടണങ്ങളും അവരുടെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്നുണ്ട്, നഗരങ്ങൾ മാത്രമല്ല രാജ്യം മുഴുവനും ഈ രീതികൾ സ്വീകരിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ കീർത്തി നഗറിലെ ആളുകൾ, മലകളിലെ വേസ്റ്റ് മാനേജ്മെന്റിന് പുതിയ മാതൃക സ്ഥാപിക്കുന്നുണ്ട്. അതുപോലെ മംഗളൂരുവിൽ ടെക്നോളജി ഉപയോഗിച്ച് ഓർഗാനിക് വേസ്റ്റ് മാനേജ്മെന്റ് നടക്കുന്നുണ്ട്. അരുണാചലിൽ റോയിംഗ് എന്നൊരു ചെറിയ നഗരമുണ്ട്. ഒരു സമയത്ത്, ഇവിടെയുള്ള ആളുകളുടെ ആരോഗ്യത്തിന് വേസ്റ്റ് മാനേജ്മെന്റ് വലിയൊരു ചലഞ്ചായിരുന്നു. ഇവിടുത്തെ ആളുകൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അവർ ‘​ഗ്രീൻ റോയിം​ഗ് ഇനിഷ്യേറ്റീവ്’ തുടങ്ങി, പിന്നെ പുനരു​പ​യോ​ഗിക്കപ്പെട്ട വേസ്റ്റ് ഉപയോഗിച്ച് ഒരു പാർക്ക് തന്നെ ഉണ്ടാക്കി. അതുപോലെതന്നെ കരാടിൽ, വിജയവാഡയിൽ, വാട്ടർ മാനേജ്മെന്റിന് പുതിയ പല ഉദാഹരണങ്ങളും ഉണ്ടായിട്ടുണ്ട്. അഹമ്മദാബാദിലെ പുഴയോരങ്ങളുടെ ശുചീകരണവും രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ഭോപ്പാലിലെ ഒരു ടീമിന്റെ പേര് ‘സകാരാത്മക് സോച്ച്’ എന്നാണ്. ഇതിൽ ഇരുനൂറ് സ്ത്രീകളുണ്ട്. ഇവർ ശുചീകരണം മാത്രമല്ല നടത്തുന്നത്, ചിന്താഗതിയും മാറ്റുന്നു. ഒരുമിച്ച് നഗരത്തിലെ പതിനേഴ് പാർക്കുകൾ വൃത്തിയാക്കുക, തുണി സഞ്ചികൾ വിതരണം ചെയ്യുക, ഇവരുടെ ഓരോ ചുവടും ഓരോ സന്ദേശമാണ്. ഇങ്ങനെയുള്ള ശ്രമങ്ങൾ കാരണമാണ് ഭോപ്പാലും ഇപ്പോൾ സ്വച്ഛ് സർവേയിൽ ഒരുപാട് മുന്നോട്ട് വന്നത്. ലഖ്‌നൗവിലെ ഗോമതി നദി ടീമിനെക്കുറിച്ചും പറയേണ്ടത് അത്യാവശ്യമാണ്. പത്ത് വർഷമായി എല്ലാ ഞായറാഴ്ചയും, ക്ഷീണിക്കാതെ, നിർത്താതെ ഈ ടീമിലെ ആളുകൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഛത്തീസ്ഗഢിലെ ബിൽഹായുടെ ഉദാഹരണവും മികച്ചതാണ്. ഇവിടെ സ്ത്രീകൾക്ക് വേസ്റ്റ മാനേജ്മെന്റിൽ പരിശീലനം നൽകി, അവർ ഒരുമിച്ച് നഗരത്തിന്റെ ചിത്രം തന്നെ മാറ്റിമറിച്ചു. ഗോവയിലെ പനാജിയുടെ ഉദാഹരണവും നമുക്ക് പ്രചോദനം നൽകുന്നതാണ്. അവിടെ മാലിന്യം പതിനാറ് വിഭാ​ഗങ്ങളിലായി വേർതിരിക്കുന്നു, അതിന്റെ നേതൃത്വവും സ്ത്രീകൾ തന്നെയാണ് വഹിക്കുന്നത്. പനാജിക്ക് രാഷ്ട്രപതിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ശുചിത്വം എന്നത് ഒരു നേരത്തെ, ഒരു ദിവസത്തെ കാര്യമല്ല. നമ്മൾ വർഷത്തിൽ എല്ലാ ദിവസവും, എല്ലാ നിമിഷവും ശുചിത്വത്തിന് മുൻഗണന നൽകിയാൽ മാത്രമേ രാജ്യം ശുചിയായി നിലനിൽക്കൂ. 

സുഹൃത്തുക്കളേ സാവൻ മാസത്തിലെ മഴപെയ്ത്തിനിടയിൽ, രാജ്യം ഒരിക്കൽ കൂടി ഉത്സവങ്ങളുടെ ശോഭയാൽ അലങ്കരിക്കപ്പെടാൻ പോകുന്നു. ഇന്ന് ഹരിയാലി തീജ് ആണ്, പിന്നെ നാഗപഞ്ചമി, രക്ഷാബന്ധൻ, പിന്നെ നമ്മുടെ കുറുമ്പനായ കണ്ണന്റെ ജന്മദിനോത്സവമായ ജന്മാഷ്ടമി. ഈ ഉത്സവങ്ങളെല്ലാം നമ്മുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്, ഇവ പ്രകൃതിയോടുള്ള ബന്ധത്തിന്റെയും സന്തുലിതാവസ്ഥയുടെയും സന്ദേശവും നമുക്ക് നൽകുന്നു. നിങ്ങൾക്കെല്ലാവർക്കും ഈ പുണ്യ ഉത്സവങ്ങളുടെ ആശംസകൾ നേരുന്നു. 

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടേയിരിക്കുക. അടുത്ത മാസം രാജ്യത്തെ ജനങ്ങളുടെ കൂടുതൽ പുതിയ നേട്ടങ്ങളോടും പ്രചോദനങ്ങളോടും കൂടി ഒത്തുചേരാം. എല്ലാവർക്കും നല്ലത് വരട്ടെ. വളരെയധികം നന്ദി.

****

SK 


(Release ID: 2149003)