സഹകരണ മന്ത്രാലയം
ദേശീയ സഹകരണ നയം - 2025 കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ പുറത്തിറക്കി
സഹകരണത്തിലൂടെ സമൃദ്ധി എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ചരിത്രപരമായ ഒരു ചുവടുവയ്പ്പാണ് ദേശീയ സഹകരണ നയം.
Posted On:
24 JUL 2025 8:45PM by PIB Thiruvananthpuram
ദേശീയ സഹകരണ നയം - 2025 കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ പുറത്തിറക്കി. തദവസരത്തിൽ, കേന്ദ്ര സഹകരണ സഹമന്ത്രി ശ്രീ കൃഷൻ പാൽ ഗുർജാർ, ശ്രീ മുരളീധർ മൊഹോൾ, സഹകരണ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി, മുൻ കേന്ദ്ര മന്ത്രിയും പുതിയ സഹകരണ നയത്തിന്റെ കരട് രൂപീകരണ സമിതി ചെയർമാനുമായ ശ്രീ സുരേഷ് പ്രഭു അടക്കമുള്ള ഒട്ടേറ പ്രമുഖർ പങ്കെടുത്തു.
സഹകരണമേഖലയുടെ ശോഭനമായ ഭാവി ലക്ഷ്യമിട്ടാണ് ശ്രീ സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ 40 അംഗ സമിതി രൂപീകരിച്ചതെന്ന് ദേശീയ സഹകരണ നയം - 2025 പ്രഖ്യാപന ചടങ്ങിൽ കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. നയ രൂപീകരണത്തിന്റെ ഭാഗമായി, പ്രാദേശിക ശില്പശാലകൾ സംഘടിപ്പിച്ചതിനോടൊപ്പം, സഹകരണരംഗത്തെ പ്രമുഖർ, വിഷയ വിദഗ്ധർ, അക്കാദമിക വിദഗ്ധർ, മന്ത്രാലയങ്ങൾ, ബന്ധപ്പെട്ട പങ്കാളികൾ അടക്കമുള്ളവരുമായി വിപുലമായ ചർച്ചകളും സമിതി നടത്തി. സമിതിക്ക് മുമ്പാകെ ഏകദേശം 750 നിർദ്ദേശങ്ങൾ ലഭിച്ചു. 17 യോഗങ്ങൾ സംഘടിപ്പിച്ചു. റിസർവ്വ് ബാങ്കുമായും നബാർഡുമായും കൂടിയാലോചിച്ച ശേഷമാണ് നയത്തിന് അന്തിമരൂപം നൽകിയത്.
2002 ലാണ് ഭാരത സർക്കാർ ആദ്യമായി ഒരു സഹകരണ നയം അവതരിപ്പിച്ചതെന്നും, നിലവിൽ അധികാരത്തിലുള്ള രാഷ്ട്രീയ കക്ഷിയുടെ നേതാവായിരുന്ന അന്തരിച്ച അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു ആ സമയത്ത് പ്രധാനമന്ത്രി പദമലങ്കരിച്ചിരുന്നതെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇപ്പോൾ 2025 ൽ, ഭാരത സർക്കാർ രണ്ടാം സഹകരണ നയം അവതരിപ്പിക്കുമ്പോൾ, അതെ രാഷ്ട്രീകക്ഷിയിലെ ശ്രീ നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി പദത്തിലുള്ളതെന്നും ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. ഭരണനിർവ്വഹണ വീക്ഷണകോണിൽ സഹകരണ മേഖലയ്ക്ക് പ്രാധാന്യം നൽക്കൊണ്ടുള്ള കാഴ്ചപ്പാടും ധാരണയുമുള്ള ഒരു കക്ഷിയ്ക്കു മാത്രമേ രാജ്യത്തിനും, രാജ്യവികസനത്തിനും ആവശ്യമായത് നേടിയെടുക്കാൻ സാധിക്കൂ എന്നും ശ്രീ അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സഹകാർ സെ സമൃദ്ധി' (സഹകരണത്തിലൂടെ സമൃദ്ധി) എന്ന ദർശനം സാക്ഷാത്ക്കരിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണ് പുതിയ സഹകരണ നയമെന്ന് കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ വ്യക്തമാക്കി. 2027 ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരണമെന്നതാണ് മോദി സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം,140 കോടി പൗരന്മാരുടെ സമഗ്ര വികസനമെന്ന ലക്ഷ്യവും ഇന്ത്യ ഏറ്റെടുക്കുന്നു. എല്ലാവരുടെയും വികസനം, സന്തുലിത വളർച്ച, എല്ലാവരുടെയും സംഭാവനകളിലൂടെ ദേശീയ പുരോഗതി എന്നിവ ഉറപ്പാക്കുന്ന ഒരു മാതൃക സൃഷ്ടിക്കുക എന്നതാണ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 75 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് സഹകരണ മന്ത്രാലയം സ്ഥാപിച്ചതെന്ന് ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. മന്ത്രാലയം സ്ഥാപിതമായ സമയത്ത് സഹകരണ മേഖല ജീർണാവസ്ഥയിലായിരുന്നു. ഇന്ന് രാജ്യത്തെ ഏറ്റവും ചെറിയ സഹകരണ സംഘത്തിലെ അംഗങ്ങൾക്ക് പോലും അഭിമാനവും ആത്മവിശ്വാസവും അനുഭവവേദ്യമാക്കാനായിട്ടുണ്ട് എന്നതാണ് 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിനായി സ്ഥാപിതമായ സഹകരണ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ നാല് വർഷമായി, സഹകരണ മേഖല എല്ലാ കാര്യങ്ങളിലും കോർപ്പറേറ്റ് മേഖലയുമായി മത്സരക്ഷമതയോടെ നിലകൊള്ളുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2020 ന് മുമ്പ് വരെ, ചിലർ സഹകരണ മേഖലയെ നിർജ്ജീവമെന്ന് മുദ്രകുത്തി എഴുതിത്തള്ളിയിരുന്നു. എന്നാൽ ഇപ്പോൾ, മേഖലയുടെ പ്രാധാന്യവും ഭാവിയും അവർ പോലും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുകയെന്നത് ഏറെ പ്രധാനമാണെങ്കിലും, 140 കോടി ജനങ്ങളുടെ വികസനമെന്ന ലക്ഷ്യത്തിനും തുല്യമായ പരിഗണന നൽകണമെന്ന് കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. 140 കോടി പൗരന്മാരുടെയും സംഭാവനകൾ ഉൾക്കൊണ്ട്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സമഗ്ര വികസനത്തിലേക്ക് നയിക്കാനുള്ള ശേഷി സഹകരണ മേഖലയ്ക്ക് മാത്രമാണുള്ളതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വൻകിട സംരംഭങ്ങൾ സൃഷ്ടിക്കാനുതകും വിധം അനേകം വ്യക്തികളിൽ നിന്ന് ചെറിയ മൂലധനം ശേഖരിക്കാനുള്ള ശേഷി സഹകരണ മേഖലയുടെ സവിശേഷതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഹകരണ നയം രൂപീകരിക്കുമ്പോൾ, ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ - പ്രത്യേകിച്ച് ഗ്രാമങ്ങൾ, കാർഷികമേഖല, ഗ്രാമീണ വനിതകൾ, ദളിതർ, ആദിവാസികൾ എന്നിവരുടെ - വികസനത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സഹകരണത്തിലൂടെ സമൃദ്ധി എന്ന ദർശനത്തിലൂന്നി 2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്നതാണ് പുതിയ സഹകരണ നയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വൈദഗ്ദ്ധ്യപൂർണ്ണവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവും ഉത്തരവാദിത്തപൂർണ്ണവും സാമ്പത്തികമായി സ്വയംപര്യാപ്തവും വിജയകരവുമായ ചെറുകിട സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നയത്തിന്റെ ദൗത്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഒരു സഹകരണ സംഘമെങ്കിലും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക എന്നതും നയത്തിന്റെ ദൗത്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
സഹകരണ മേഖലയുടെ നിർദ്ദിഷ്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആറ് സ്തംഭങ്ങൾ നിർവ്വചിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. അടിത്തറ ശാക്തീകരിക്കുക, ആകർഷകത്വം വളർത്തുക, സഹകരണ സംഘങ്ങളെ ഭാവി സജ്ജമാക്കുക, സർവ്വാശ്ലേഷിത്വവും വൈപുല്യവും മെച്ചപ്പെടുത്തുക, പുതിയ മേഖലകളിലേക്ക് വികസിക്കുക, സഹകരണത്തിലൂടെയുള്ള വികസനത്തിനായി യുവതലമുറയെ സജ്ജമാക്കുക എന്നിവയാണ് ആറ് സ്തംഭങ്ങൾ.
വിനോദസഞ്ചാരം, ടാക്സി സേവനങ്ങൾ, ഇൻഷുറൻസ്, ഹരിതോർജ്ജം തുടങ്ങിയ മേഖലകൾക്കായി സഹകരണ മന്ത്രാലയം വിശദമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ടാക്സി, ഇൻഷുറൻസ് മേഖലകളിൽ ശ്രദ്ധേയമായ തുടക്കം കുറിക്കാനാകുമെന്ന് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. വളർന്നുവരുന്ന മേഖലകളിൽ സഹകരണ സംഘങ്ങളുടെ പങ്കാളിത്തം എന്നതിലൂടെ അർത്ഥമാക്കുന്നത് വിജയകരമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഒന്നിച്ച് പുതിയ സഹകരണ സംരംഭങ്ങൾ രൂപീകരിക്കുകയും, പുതിയ മേഖലകളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുകയെന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ സംഘങ്ങളുടെ ലാഭം ആത്യന്തികമായി ഗ്രാമീണ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലെ (PACS) അംഗങ്ങളിലേക്ക് എത്തിച്ചേരും. വിപുലവും ദൃഢവുമായ ഒരു സഹകരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഉദ്യമങ്ങളിൽ സഹകരണം ഒരു സുപ്രധാന ഉപാധിയാകുമെന്ന വിശ്വാസം ഭാവി തലമുറകളിൽ ദൃഢമായി സ്ഥാപിക്കുകയെന്നതും ലക്ഷ്യമാണ്.
സർവ്വ മേഖലകളിലെയും സഹകരണ സ്ഥാപനങ്ങളെ സദാ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ്ണമായും സജ്ജമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. എന്നിരുന്നാലും, സംഘങ്ങൾ ആന്തരികമായി സ്വയം ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായുള്ള ഇടപെടലുകൾ നടത്താൻ 83 ആശയങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 58 ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. 3 ആശയങ്ങൾ പൂർണ്ണമായും നടപ്പിലാക്കിക്കഴിഞ്ഞു. തുടർച്ചയായതും നിരന്തരവുമായ നിർവ്വഹണം ആവശ്യമുള്ള 2 ആശയങ്ങളാണുള്ളത്. ശേഷിക്കുന്ന ആശയങ്ങളും താമസം വിനാ പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങളും പ്രസ്തുത നയം ജാഗ്രതയോടെ നടപ്പിലാക്കുമ്പോൾ, അത് സർവ്വാശ്ലേഷിയും, സ്വയംപര്യാപ്തവും, ഭാവി സജ്ജവുമായ ഒരു തനത് മാതൃക സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നും, രാജ്യത്തിന്റെ സഹകരണ സംവിധാനത്തിന് പുതിയ രൂപവും ഭാവവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2034 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) സഹകരണ മേഖലയുടെ സംഭാവന മൂന്നിരട്ടിയാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യമെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. ഇത് ഒരു അഭിലാഷകരമായ ദൗത്യമാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ലക്‌ഷ്യം കൈവരിക്കുന്നതിനായി സമഗ്രമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ മേഖലയിൽ അംഗങ്ങളല്ലാത്തവരോ നിഷ്‌ക്രിയരോ ആയ 50 കോടി പൗരന്മാരെ സജീവ പങ്കാളിത്തത്തിലേക്ക് നയിക്കുക എന്നതാണ് ഒരു പ്രധാന കടമ്പ. സഹകരണ സംഘങ്ങളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. നിലവിൽ 8.3 ലക്ഷം സംഘങ്ങളുണ്ട്. ഇത് 30 ശതമാനം വർദ്ധിപ്പിക്കും.
ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരു പ്രാഥമിക സഹകരണ സംഘമെങ്കിലും ഉണ്ടായിരിക്കണം. അത് പ്രാഥമിക കാർഷിക വായ്പാ സംഘം (PACS), പ്രാഥമിക ക്ഷീര സഹകരണ സംഘം, പ്രാഥമിക മത്സ്യബന്ധന സഹകരണ സംഘം, പ്രാഥമിക മൾട്ടിപർപ്പസ് PACS, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രാഥമിക സംഘം ആകാവുന്നതാണ്. യുവാക്കൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സംഘങ്ങൾ സഹായിക്കും. സുതാര്യത, സാമ്പത്തിക സ്ഥിരത, സ്ഥാപനപരമായ വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിന്, ഓരോ സംഘത്തെയും ശാക്തീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിനായി ക്ലസ്റ്റർ, നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കും.
ഗാന്ധിനഗറിലാണ് മാതൃകാ സഹകരണ ഗ്രാമ സംരംഭം ആദ്യമായി ആരംഭിച്ചതെന്നും ഇത് നബാർഡിന്റെ ആഭിമുഖ്യത്തിലുള്ള ഒരു ഉദ്യമമമാണെന്നും ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. സംസ്ഥാന സഹകരണ ബാങ്കുകൾ മുഖേന ഓരോ താലൂക്കിലും അഞ്ച് മാതൃകാ സഹകരണ ഗ്രാമങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധവള വിപ്ലവം 2.0 മുഖേന വനിതകളുടെ പങ്കാളിത്തം ഈ സംരംഭങ്ങളിൽ ഉറപ്പാക്കും. രണ്ട് സമർപ്പിത സമിതികൾ മുഖേന ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, സഹകരണ മന്ത്രാലയം ഈ നയം താഴെത്തട്ടിൽ പൂർണ്ണതോതിൽ നടപ്പിലാക്കാൻ പരിപൂർണ്ണ സജ്ജമാണ്. ഗ്രാമങ്ങളുടെ സാമൂഹിക-സാമ്പത്തിക ഘടനയിൽ ഗണ്യമായ പരിവർത്തനം സാധ്യമാക്കുന്നതിനും അടുത്ത രണ്ട് ദശകത്തിനുള്ളിൽ ഏറ്റവും ചെറിയ സഹകരണ സംഘങ്ങളിൽ പോലും സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രധാന ഘടകങ്ങൾ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നടപടിക്രമങ്ങളുടെ കമ്പ്യൂട്ടർ വത്ക്കരണം പ്രവർത്തന രീതികളെ പൂർണ്ണമായും മാറ്റിമറിക്കും. ഇത് കൂടുതൽ സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കും കാരണമാകും. മത്സരക്ഷമത, സാമ്പത്തിക സ്ഥിരത, സുതാര്യത, സഹകരണ മേഖലയിലെ വെല്ലുവിളികളെ ചെറുക്കാനുള്ള ശേഷി എന്നിവ വളർത്തിയെടുക്കാനുതകുന്ന ഒരു നിരീക്ഷണ സംവിധാനത്തിലൂടെ ഈ മാറ്റങ്ങൾ താഴെത്തട്ടിൽ നടപ്പിലാക്കും. സഹകരണ നയത്തെ കാലിക പ്രസക്തവും ഫലപ്രദവുമായി നിലനിർത്തുന്നതിന് ഓരോ 10 വർഷം കൂടുമ്പോഴും ആവശ്യമായ നിയമ ഭേദഗതികൾ വരുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ആത്മനിർഭര ഭാരതം എന്ന ലക്‌ഷ്യം കൈവരിക്കുന്നതിനായി, രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെയും ഗ്രാമീണ, കാർഷിക ആവാസവ്യവസ്ഥയെയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വിശ്വസനീയവും അവിഭാജ്യവുമായ ഘടകമാക്കുക എന്നതാണ് പുതിയ സഹകരണ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. സന്തുലിത സഹകരണ വികസനത്തിനുള്ള ഒരു രൂപരേഖ സംസ്ഥാനങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഈ സഹകരണ നയം ദർശനാത്മകവും പ്രായോഗികവും ഫലപ്രാപ്തിയുള്ളതുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ നയത്തെ അടിസ്ഥാനമാക്കി, ഇന്ത്യയുടെ സഹകരണ പ്രസ്ഥാനം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമാഘോഷിക്കുന്ന 2047 ലേക്ക് സ്ഥിരതയോടെ മുന്നേറുമെന്ന് ശ്രീ ഷാ വ്യക്തമാക്കി. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന ലക്ഷ്യത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ (GDP) വളർച്ച മാത്രമല്ല, തൊഴിൽ സൃഷ്ടിയും വ്യക്തിഗത ആത്മാഭിമാനം ഉയർത്തുന്നതും ഉൾപ്പെടുന്നു. ഒരു അംഗ കേന്ദ്രീകൃത മാതൃകയാണ് ഈ നയത്തിന്റെ അടിത്തറ. അംഗങ്ങളുടെ ക്ഷേമമാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ തത്വം നയ രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ വനിതകൾ, യുവാക്കൾ, ദളിതർ, ആദിവാസികൾ തുടങ്ങിയവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലും നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഷെഡ്യൂൾഡ് സഹകരണ ബാങ്കുകളെ വാണിജ്യ ബാങ്കുകൾക്ക് തുല്യമായി പരിഗണിക്കുന്നുണ്ടെന്നും, എവിടെയും രണ്ടാംകിട പരിഗണന നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ആഗോളതലത്തിലും, അന്താരാഷ്ട്ര വിപണികളിലേക്കുമുള്ള പ്രവേശനം ഉറപ്പാക്കാൻ നാഷണൽ കോപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യാധിഷ്ഠിത സുതാര്യ മാനേജ്‌മെന്റ് എന്ന ആശയം അടിസ്ഥാനമാക്കി, PACS നുള്ള (പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾ) ഒരു ഭരണമാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ എല്ലാത്തരം സഹകരണ സ്ഥാപനങ്ങൾക്കും സാങ്കേതികവിദ്യാധിഷ്ഠിത സുതാര്യ മാനേജ്‌മെന്റ് സംവിധാനങ്ങൾ സ്വീകരിക്കാനാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.. പരിസ്ഥിതി സുസ്ഥിരതയും "സഹകരണ സംഘങ്ങൾക്കിടയിലെ സഹകരണം" എന്ന തത്വവും മുഖേനയാണ് പുരോഗതി കൈവരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച വിദ്യാഭ്യാസം നേടിയ ശേഷം യുവാക്കൾ സഹകരണ സ്ഥാപനങ്ങളെ ഒരു തൊഴിൽ മേഖലയായി തിരഞ്ഞെടുക്കുന്ന അന്തരീക്ഷം രാജ്യത്തെ സഹകരണ രംഗത്ത് കെട്ടിപ്പടുക്കുക എന്നതാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും, അടുത്ത 25 വർഷത്തിനുള്ളിൽ മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കാനും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന മറ്റെല്ലാ മേഖലകൾക്കും തുല്യമായ നിലയിൽ അതിനെ സ്ഥാപിക്കാനും പുതിയ സഹകരണ നയത്തിന് പ്രാപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാ സംസ്ഥാനങ്ങളും മാതൃകാ ബൈലോകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. 45,000 പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS) സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി. PACS ന്റെ കമ്പ്യൂട്ടർവത്ക്കരണവും പൂർത്തിയായിട്ടുണ്ട്. PACS ന് നൽകിയിട്ടുള്ള 25 പുതിയ പ്രവർത്തനങ്ങളിൽ ഓരോന്നിലും പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ 4,108 PACS കൾക്ക് പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും, 393 PACS കൾ പെട്രോൾ, ഡീസൽ ചില്ലറ വില്പന കേന്ദ്രങ്ങൾ ആരംഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും, 100-ലധികം PACS കൾ പാചകവാതക വിതരണത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും, "ഹർ ഘർ നൽ സേ ജൽ" (എല്ലാ വീട്ടിലേക്കും പൈപ്പ് വെള്ളം) പദ്ധതിയും പ്രധാനമന്ത്രി സൂര്യ ഘർ യോജനയും നടപ്പാക്കുന്നതിൽ PACSകൾ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രവർത്തനങ്ങൾക്കെല്ലാം ഉതകുന്ന പരിശീലനം സിദ്ധിച്ച മാനവവിഭവശേഷി ലഭ്യമാക്കുന്നതിനായി ത്രിഭുവൻ സഹകാരി സർവകലാശാലയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ഈ വർഷം അവസാനത്തോടെ സർക്കാർ ആഭിമുഖ്യത്തിൽ 'സഹകർ ടാക്സി' സംരംഭം ആരംഭിക്കുമെന്നും, അതിന്റെ കീഴിലെ മുഴുവൻ ലാഭവും നേരിട്ട് ഡ്രൈവർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സഹകരണ വർഷത്തിൽ ഇന്ത്യ സ്വന്തം ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും അവ താഴെത്തട്ടിൽ നടപ്പിലാക്കാൻ പ്രവർത്തിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മാതൃകകളെ സർക്കാർ ക്രമേണ ശക്തിപ്പെടുത്തി വരികയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കയറ്റുമതി, വിത്ത് ഉത്പാദനം, ജൈവ ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ്, വിപണനം എന്നിവയ്ക്കായി മൂന്ന് മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. വരും ദിവസങ്ങളിൽ ഗ്രാമീണ വികസനത്തിന്റെ പ്രധാന സ്തംഭമായി ധവള വിപ്ലവം 2.0 മാറുമെന്നും വനിതകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രധാന ശ്രദ്ധാ കേന്ദ്രമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ശാക്തീകരിക്കുക, സമഗ്രവും സർവ്വവ്യാപിയുമായ വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയും ദീർഘവീക്ഷണത്തോടെയുമാണ് പ്രധാനമന്ത്രി മോദി സഹകരണ മന്ത്രാലയം സ്ഥാപിച്ചതെന്ന് കേന്ദ്ര സഹകരണ മന്ത്രി വ്യക്തമാക്കി. പുതിയ സഹകരണ നയം സഹകരണ മേഖലയെ അടുത്ത 25 വർഷത്തേക്ക് കാലിക പ്രസക്തവും ഭാവിസജ്ജവും ഗുണപ്രദവുമായി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
(Release ID: 2148200)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada