പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ പ്രധാനമന്ത്രിയും യുകെ പ്രധാനമന്ത്രിയും ഇരുരാജ്യങ്ങളിലെയും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

Posted On: 24 JUL 2025 7:38PM by PIB Thiruvananthpuram


ചരിത്രപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിൽ [CETA] ഒപ്പുവച്ചതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കീയർ സ്റ്റാർമറും ഇന്ന് ഇന്ത്യയിലെയും യുകെയിലെയും വ്യവസായപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം, ഔഷധനിർമാണം, രത്നങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, ഊർജം, നിർമാണം, ടെലികോം, സാങ്കേതികവിദ്യ, ഐടി, ലോജിസ്റ്റിക്സ്, തുണിത്തരങ്ങൾ, ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിൽനിന്ന് ഇരുപക്ഷത്തുമുള്ള വ്യവസായപ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളിലെയും തൊഴിലവസരസൃഷ്ടിക്കും ഏവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വികസനത്തിനും ഗണ്യമായി സംഭാവന ചെയ്യുന്നതാണ് ഈ മേഖലകൾ.

സമീപവർഷങ്ങളിൽ ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങളിലുണ്ടായ വികാസം ഇരുനേതാക്കളും ശ്രദ്ധയിൽപ്പെടുത്തി. വ്യവസായപ്രമുഖരുമായി സംവദിക്കവേ, വ്യാപാരം, നിക്ഷേപം, നവീകരണ പങ്കാളിത്തങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് CETA-യിൽനിന്നു ലഭിക്കുന്ന അവസരങ്ങളുടെ സാധ്യതകൾ മുഴുവനായും വിനിയോഗിക്കാൻ നേതാക്കൾ പ്രോത്സാഹിപ്പിച്ചു. മെച്ചപ്പെട്ട ഉഭയകക്ഷിസഹകരണത്തിലൂടെ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള അവരുടെ പൊതുവായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു. പുതിയ കരാർ രണ്ടു സമ്പദ്‌വ്യവസ്ഥകളിലെയും ആഗോള സാമ്പത്തിക മേഖലയിലെയും വ്യാവസായിക വളർച്ചയ്ക്ക് ഉത്തേജനം നൽകുമെന്ന് അവർ അഭിപ്രായപ്പെട്ടു. CETA-യുടെ പ്രകടമായ നേട്ടങ്ങൾ എടുത്തുകാട്ടുന്ന, ഇരുരാജ്യങ്ങളിലെയും മുൻനിര ഉൽപ്പന്നങ്ങളുടെയും നൂതനാശയങ്ങളുടെയും ശ്രദ്ധേയമായ പ്രദർശനം ഇരുനേതാക്കളും സന്ദർശിച്ചു. രത്നങ്ങളും ആഭരണങ്ങളും, എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, ഗുണമേന്മയുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, നൂതന സാങ്കേതിക പ്രതിവിധികൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു.

ഇന്ത്യ-യുകെ വ്യാവസായികപ്രമുഖർ ചരിത്രപരമായ വ്യാപാര കരാറിനെ പ്രശംസിക്കുകയും ഇത് സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിൽ പുതിയ യുഗത്തിനു തുടക്കമിടുമെന്നു വ്യക്തമാക്കുകയും ചെയ്തു. വ്യാപാരത്തിലും സമ്പദ്‌വ്യവസ്ഥയിലും മാത്രമല്ല, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, നവീകരണം, ഗവേഷണം, ആരോഗ്യം എന്നീ മേഖലകളിലും ഇതു സഹകരണം വർധ‌ിപ്പിക്കുമെന്ന് അവർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

പുതിയ കരാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും വരുംവർഷങ്ങളിൽ സാമ്പത്തിക സഹകരണ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ചെറുതും വലുതുമായ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു.

 

-NK-


(Release ID: 2148118)