വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
56-ാമത് IFFI സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം മുംബൈയിൽ നടന്നു
Posted On:
18 JUL 2025 4:51PM by PIB Thiruvananthpuram
ഗോവയിൽ നടക്കാനിരിക്കുന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് മുംബൈയിലെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) ആസ്ഥാനത്ത് നടന്നു.യോഗത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അധ്യക്ഷത വഹിച്ചു. മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ ശേഖർ കപൂർ, NFDC മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദും, ഗോവ സംസ്ഥാന ഗവൺമെന്റ് , വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, NFDC എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ- ആഗോള ചലച്ചിത്ര വ്യവസായ മേഖലയിൽ നിന്നുള്ള വിശിഷ്ടരായ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
IFFI 2025 ന്റെ തന്ത്രപരമായ ആസൂത്രണത്തിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. പരിപാടികൾ, പ്രചാരണ പ്രവർത്തനങ്ങൾ, പ്രതിഭാ സംവാദം എന്നിവയ്ക്ക് പുറമേ ചലച്ചിത്ര മേളയിൽ എല്ലാവരെയും ഉൾപ്പെടുത്തൽ, ആഗോളതലത്തിൽ സ്ഥാനം ഉറപ്പിക്കൽ, പൊതുജന ഇടപെടൽ എന്നിവ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നൂതന സംരംഭങ്ങളിലും വിശദമായ ചർച്ചകൾ നടന്നു.
IFFI- യുടെ 56-ാമത് പതിപ്പ് 2025 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. യുവാക്കൾക്ക് പ്രത്യേക ഊന്നൽ നൽകുന്ന മേളയിൽ, ക്യുറേറ്റഡ് മാസ്റ്റർക്ലാസുകൾ, ശില്പശാലകൾ, ആഗോള മെന്റർമാരുമായി നവ ചലച്ചിത്ര പ്രവർത്തകരെ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളായ ചലച്ചിത്ര നിർമ്മാതാക്കൾക്കും യുവ ഉള്ളടക്ക സ്രഷ്ടാക്കൾക്കും പുതിയ പാതകൾ തുറന്നു നൽകും.
IFFI-യോടൊപ്പം, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയും അന്താരാഷ്ട്ര ചലച്ചിത്ര മേഖലയിൽ ഇന്ത്യയുടെ നിർണായക ഘടകവുമായ വേവ്സ് ഫിലിം ബസാർ പ്രവർത്തിക്കും . ഉള്ളടക്കം, സർഗ്ഗാത്മകത, സഹ-നിർമ്മാണങ്ങൾ എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള തന്ത്രപരമായ വിശാല കാഴ്ചപ്പാടിന്റെ ഭാഗമായി ഫിലിം ബസാറിനെ, വേവ്സ് ഫിലിം ബസാർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെക്കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റി ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
മേളയുടെ രൂപകൽപ്പനയിൽ കൂടുതൽ സമഗ്രതയും സർഗാത്മക ഉൾക്കാഴ്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം 16 ൽ നിന്ന് 31 ആയി ഗണ്യമായി വർദ്ധിപ്പിച്ചു. കൂടുതൽ വൈവിധ്യപൂർണ്ണവും വ്യവസായ പ്രാതിനിധ്യവുമുള്ള ഒരു സംവിധാനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. അനുപം ഖേർ, ഗുനീത് മോംഗ കപൂർ, സുഹാസിനി മണിരത്നം, ഖുഷ്ബൂ സുന്ദർ, പങ്കജ് പരാശർ, പ്രസൂൺ ജോഷി തുടങ്ങി സിനിമ, നിർമ്മാണം, മാധ്യമം, സാംസ്കാരികം തുടങ്ങിയ മേഖലയിലെ വിദഗ്ധരായ പ്രമുഖർ കമ്മിറ്റിയിൽ ഉൾപ്പെടുന്നു
സർഗാത്മക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക, മാധ്യമ, വിനോദ മേഖലകളിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, ഏകജാലക സൗകര്യത്തിലൂടെയും ആനുകൂല്യ ബന്ധിതമായ നയങ്ങളിലൂടെയും ആഗോള നിർമ്മാണ സംരംഭങ്ങളെ ഇന്ത്യയിൽ ചലച്ചിത്രങ്ങൾ ചിത്രീകരിക്കാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങി രാജ്യത്തിന്റെ വിശാലമായ കാഴ്ചപ്പാടുമായി IFFI 2025 പൊരുത്തപ്പെടുന്നു. മികവുറ്റ പരിപാടികൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, ചലച്ചിത്ര പ്രതിഭയോടുള്ള പ്രതിജ്ഞാബദ്ധത എന്നിവകൊണ്ട്, IFFI 56-ാമത് പതിപ്പ് ചരിത്രപരമായ നാഴികക്കല്ല് സൃഷ്ടിക്കുന്ന സംരംഭമാകാൻ സജ്ജമായിരിക്കുന്നു. പരസ്പര ബന്ധിതവും, സർഗ്ഗപരവും, സഹകരണപരവുമായ ലോകത്ത് സിനിമയുടെ വികസിച്ചുകൊണ്ടിരിക്കുന്ന അർത്ഥതലങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും 56- മത് ചലച്ചിത്രമേള.
*****
(Release ID: 2145923)
Read this release in:
Marathi
,
Hindi
,
English
,
Urdu
,
Assamese
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada