സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

പുനരുപയോഗ ഊർജ്ജ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി എൻ‌ എൽ‌ സി‌ ഐ‌ എല്ലിന് നിക്ഷേപ ഇളവ് നൽകാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted On: 16 JUL 2025 2:48PM by PIB Thiruvananthpuram

നവരത്ന കേന്ദ്ര പൊതുമേഖലാ സംരംഭങ്ങൾക്ക് (സി‌ പി‌ എസ്‌ ഇ) ബാധകമായ നിലവിലുള്ള നിക്ഷേപ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്ന് എൻ‌എൽ‌സി ഇന്ത്യ ലിമിറ്റഡിന് (NLCIL) പ്രത്യേക ഇളവ് നൽകാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഈ തന്ത്രപരമായ തീരുമാനം എൻ‌എൽ‌സി‌ഐ‌എല്ലിന് അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻ‌എൽ‌സി ഇന്ത്യ റിന്യൂവബിൾസ് ലിമിറ്റഡിൽ (എൻ‌ഐ‌ആർ‌എൽ) 7,000 കോടി രൂപ നിക്ഷേപിക്കാനും, നിലവിലെ അധികാര വിന്യാസമനുസരിച്ച് മുൻകൂർ അനുമതി ആവശ്യമില്ലാതെ നേരിട്ട് അല്ലെങ്കിൽ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിലൂടെ വിവിധ പദ്ധതികളിൽ നിക്ഷേപിക്കാനും പ്രാപ്തമാക്കുന്നു. NLCIL, NIRL എന്നിവയ്ക്ക് കൂടുതൽ പ്രവർത്തനപരവും സാമ്പത്തികവുമായി മെച്ചപ്പെട്ട സംയുക്ത സംരഭങ്ങളിലും ഉപവിഭാ​ഗങ്ങളിലും സി‌പി‌എസ്‌ഇകളുടെ മൊത്തത്തിലുള്ള നിക്ഷേപത്തിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസ് (ഡി‌പി‌ഇ) നിശ്ചയിച്ചിട്ടുള്ള 30% മൊത്തം ആസ്തി പരിധിയിൽ നിന്ന് ഈ നിക്ഷേപത്തെ കൂടുതൽ ഒഴിവാക്കിയിരിക്കുന്നു.

2030 ആകുമ്പോഴേക്കും 10.11 GW പുനരുപയോഗ ഊർജ്ജ (RE) ശേഷി വികസിപ്പിക്കുകയും 2047 ആകുമ്പോഴേക്കും ഇത് 32 GW ആയി വികസിപ്പിക്കുകയും ചെയ്യുക എന്ന NLCIL ന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ ഇളവുകൾ ലക്ഷ്യമിടുന്നത്. കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള COP26 വേളയിൽ ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതകളുമായി ഈ അംഗീകാരം യോജിക്കുന്നു. "പഞ്ചാമൃത്" ലക്ഷ്യങ്ങളുടെ ഭാഗമായി 2030-ഓടെ 500 GW ഫോസിൽ ഇതര ഇന്ധന ഊർജ്ജ ശേഷി നിർമ്മിക്കാനും 2070-ഓടെ നെറ്റ് സീറോ ബഹിർ​ഗമനം കൈവരിക്കുക എന്ന ദീർഘകാല പ്രതിബദ്ധതയ്ക്കും  രാജ്യം പ്രതിജ്ഞാബദ്ധമാണ്.

ഒരു പ്രധാന ഊർജ്ജ സേവനദാതാവും നവരത്ന കേന്ദ്ര പൊതുമേഖലാ സംരംഭവും എന്ന നിലയിൽ, NLCIL ഈ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ നിക്ഷേപത്തിലൂടെ, NLCIL അതിന്റെ പുനരുപയോഗ ഊർജ്ജ വിഭാ​ഗങ്ങൾ ഗണ്യമായി വികസിപ്പിക്കാനും ദേശീയ, ആഗോള കാലാവസ്ഥാ പ്രവർത്തന ലക്ഷ്യങ്ങൾക്ക് അർത്ഥവത്തായ സംഭാവന നൽകാനും ശ്രമിക്കുന്നു.

നിലവിൽ, NLCIL 2 GW സ്ഥാപിത ശേഷിയുള്ള ഏഴ് പുനരുപയോഗ ഊർജ്ജ ആസ്തികൾ പ്രവർത്തിപ്പിക്കുന്നു, അവ പ്രവർത്തനക്ഷമമോ വാണിജ്യ പ്രവർത്തനത്തിന് തൊട്ടടുത്തോ ആണ്. മന്ത്രിസഭയുടെ അംഗീകാരം അനുസരിച്ച് ഈ ആസ്തികൾ NIRL-ന് കൈമാറും. NLCIL-ന്റെ ഹരിത ഊർജ്ജ സംരംഭങ്ങളുടെ പ്രധാന വേദിയായി വിഭാവനം ചെയ്തിരിക്കുന്ന NIRL, പുനരുപയോഗ ഊർജ്ജ മേഖലയിലുടനീളമുള്ള പുതിയ അവസരങ്ങൾ സജീവമായി പര്യവേക്ഷണം ചെയ്യുന്നു, പുതിയ പദ്ധതികൾക്കായുള്ള മത്സരാധിഷ്ഠിത ലേലത്തിൽ പങ്കെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും, കൽക്കരി ഇറക്കുമതി കുറയ്ക്കുന്നതിലൂടെയും, രാജ്യത്തുടനീളമുള്ള 24x7 വൈദ്യുതി വിതരണത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിലൂടെയും, ഒരു ഹരിത ഊർജ്ജ നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ അംഗീകാരം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പാരിസ്ഥിതിക ആഘാതത്തിനപ്പുറം, നിർമ്മാണ, പ്രവർത്തന ഘട്ടങ്ങളിൽ നേരിട്ടും അല്ലാതെയും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, അതുവഴി പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.

***

NK


(Release ID: 2145227) Visitor Counter : 2