റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

‘വാഹനത്തില്‍ പതിപ്പിക്കാത്ത ഫാസ്ടാഗ്' കരിമ്പട്ടികയിലുള്‍പ്പെടുത്തുന്ന പ്രക്രിയ ശക്തിപ്പെടുത്തി ദേശീയപാത അതോറിറ്റി

Posted On: 11 JUL 2025 1:17PM by PIB Thiruvananthpuram

സുഗമമായ ടോള്‍ പിരിവ് ഉറപ്പാക്കാനും ‘വാഹനത്തില്‍ പതിപ്പിക്കാത്ത ഫാസ്ടാഗുകൾ' റിപ്പോര്‍ട്ട് ചെയ്യുന്നത് ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് കൈയ്യില്‍ കരുതുന്ന ഫാസ്ടാഗുകള്‍ എന്നറിയപ്പെടുന്ന 'ലൂസ് ഫാസ്ടാഗുകൾ' ഉടന്‍ റിപ്പോർട്ട് ചെയ്ത് കരിമ്പട്ടികയിൽപെടുത്താന്‍ ടോള്‍ സമാഹരണ ഏജൻസികളും അംഗീകൃത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയം ദേശീയപാത അതോറിറ്റി കൂടുതൽ ഏകീകരിച്ചു. വരാനിരിക്കുന്ന വാർഷിക പാസ് സംവിധാനത്തിന്റെയും ബഹുപാതാ സുഗമയാത്ര ടോള്‍ സംരംഭത്തിന്റെയും (എംഎല്‍എഫ്എഫ്) പശ്ചാത്തലത്തില്‍ ഫാസ്ടാഗിന്റെ ആധികാരികതയും സംവിധാനത്തിന്റെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് ഈ പ്രശ്നപരിഹാരം നിർണായകമാണ്.

 

പലപ്പോഴും വാഹന ഉടമകൾ ഫാസ്ടാഗുകൾ മനഃപൂർവം വാഹനത്തിന്റെ മുന്നിലെ ഗ്ലാസില്‍ പതിക്കാതിരിക്കുന്നു. പ്രവർത്തന വെല്ലുവിളികൾ സൃഷ്ടിക്കുന്ന ഇത്തരം രീതികൾ ദേശീയപാതയിലെ തിരക്കിനും തെറ്റായി തുക ഈടാക്കുന്നതിനും പൂര്‍ണ നിയന്ത്രിത ടോളിംഗ് സംവിധാനത്തിന്റെ ദുരുപയോഗത്തിനും ഇലക്ട്രോണിക് ടോൾ സമാഹരണ ചട്ടക്കൂടിന്റെ തടസ്സത്തിനും കാരണമാകുന്നു. ഇത് ടോൾ കേന്ദ്രങ്ങളില്‍ അനാവശ്യ കാലതാമസവും ദേശീയപാത ഉപയോക്താക്കൾക്ക് അസൗകര്യവും സൃഷ്ടിക്കുന്നു. 

 

സമയബന്ധിത തിരുത്തൽ നടപടികൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം ഫാസടാഗുകള്‍ സംബന്ധിച്ച വിവരം ഉടൻ കൈമാറാന്‍ ടോൾ സമാഹരണ ഏജൻസികളോടും അംഗീകൃത സ്ഥാപനങ്ങളോടും നിർദേശിച്ച ദേശീയപാത അതോറിറ്റി ഇതിനായി പ്രത്യേക ഇമെയിൽ ഐഡി നൽകിയിട്ടുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അത്തരം ഫാസ്ടാഗുകളെ കരിമ്പട്ടികയില്‍പെടുത്തുകയോ പ്രത്യേകം പട്ടികപ്പെടുത്തുകയോ ചെയ്യാന്‍ ദേശീയപാത അതോറിറ്റി ഉടന്‍ നടപടി സ്വീകരിക്കും. 

 

രാജ്യത്ത് 98 ശതമാനത്തിലധികം വ്യാപകമായ ഫാസ്ടാഗ് സംവിധാനം ഇലക്ട്രോണിക് ടോൾ സമാഹരണ സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചു. കൃത്യമായി വാഹനത്തില്‍ പതിപ്പിക്കാത്ത "ടാഗ്-ഇൻ-ഹാൻഡ്" ഫാസ്ടാഗുകൾ ഇലക്ട്രോണിക് ടോൾ പിരിവ് പ്രവർത്തനങ്ങളുടെ കാര്യക്ഷമതയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ദേശീയപാത അതോറിറ്റിയുടെ ഈ നടപടി ടോൾ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുകയും ദേശീയപാത ഉപയോക്താക്കൾക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. 

 

***********************


(Release ID: 2144050)