പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പെട്രോളിയം, പ്രകൃതിവാതക മേഖലയിലെ വിപ്ലവകരമായ പരിഷ്‌ക്കാരങ്ങൾ: ഇന്ത്യയുടെ എണ്ണ, പ്രകൃതിവാതക ചട്ടക്കൂടിന്റെ നവീകരണം ലക്ഷ്യമിട്ടുള്ള കരട് PNGചട്ടങ്ങൾ .
2025 ജൂലൈ 17-നകം ബന്ധപ്പെട്ട പങ്കാളികളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി.
Posted On:
09 JUL 2025 3:30PM by PIB Thiruvananthpuram
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം ത്വരിതപ്പെടുത്തുകയെന്ന നമ്മുടെ ലക്ഷ്യത്തിന്റെ ഭാഗമായി, പര്യവേക്ഷണവും ഉത്പാദനവും പ്രോത്സാഹിപ്പിക്കാനുതകുന്ന ഒട്ടേറെ വിപ്ലവകരമായ നയ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കി വരുന്നു. 2025 ലെ പെട്രോളിയം, പ്രകൃതി വാതക കരട് ചട്ടങ്ങൾ ഉൾപ്പെടെയുള്ള ഈ പരിഷ്‌ക്കാരങ്ങൾ നമ്മുടെ പര്യവേഷണ, ഉത്പാദന വിദഗ്ദ്ധർക്ക് ബിസിനസ്സ് പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കും ," എന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു.
2025 ജൂലൈ 17-നകം png-rules@dghindia.gov.in എന്ന വിലാസത്തിൽ കരട് പെട്രോളിയം, പ്രകൃതി വാതക ചട്ടങ്ങൾ, പുതുക്കിയ മാതൃകാ വരുമാന പങ്കിടൽ കരാർ (MRSC), പുതുക്കിയ പെട്രോളിയം പാട്ട ഘടന എന്നിവ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ വ്യവസായ പ്രമുഖർ, വിദഗ്ധർ, പൗരന്മാർ എന്നിവരോട് മന്ത്രി അഭ്യർത്ഥിച്ചു. ജൂലൈ 17-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കാനിരിക്കുന്ന ഊർജ്ജ വാർത്ത 2025-ൽ ഈ പര്യാലോചനാ പ്രക്രിയ സമാപിക്കും.
ഇന്ത്യയുടെ എണ്ണ, പ്രകൃതി വാതക ചട്ടക്കൂടിനെ ഒട്ടേറെ സുപ്രധാന പരിഷ്‌ക്കാരങ്ങൾ മുഖാന്തിരം ആധുനികവത്ക്കരിക്കുക എന്നതാണ് 2025 ലെ പെട്രോളിയം, പ്രകൃതി വാതക ചട്ടക്കൂടിന്റെ ലക്ഷ്യം. ഭാവിയിലെ നിയമപരമോ സാമ്പത്തികമോ ആയ പരിവർത്തനങ്ങളുടെ പ്രതികൂല പ്രത്യാഘാതങ്ങളിൽ നിന്ന്, അതായത് നികുതി, റോയൽറ്റി മറ്റ് ലെവികൾ എന്നിവയിലെ വർദ്ധനവ് പോലുള്ളവയിൽ നിന്ന്, നഷ്ടപരിഹാരമോ കിഴിവുകളോ അനുവദിച്ചുകൊണ്ട്, പാട്ടക്കാരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു നിക്ഷേപക സൗഹൃദ സ്ഥിരതാ വ്യവസ്ഥ കൊണ്ടുവന്നതാണ് അവയിൽ പ്രധാനം. അടിസ്ഥാന സൗകര്യങ്ങളുടെ ഇരട്ടിപ്പ് കുറയ്ക്കുന്നതും ചെറു കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതും, പൈപ്പ്‌ലൈനുകളുടെയും മറ്റ് സൗകര്യങ്ങളുടെയും ഉപയോഗപ്പെടുത്താനാകാത്ത ശേഷി വെളിപ്പെടുത്തുന്നതും, സർക്കാർ മേൽനോട്ടത്തിന് വിധേയമായി ന്യായമായ വ്യവസ്ഥകളിൽ മൂന്നാം കക്ഷി പ്രവേശനം നൽകുന്നതും കരട് ചട്ടങ്ങൾ നിർബന്ധമാക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും പെട്രോളിയം ഉത്പാദനത്തിൽ ഇടപെടാതിരിക്കുകയും ചെയ്യുന്ന പക്ഷം, എണ്ണപ്പാട ബ്ലോക്കുകൾക്കുള്ളിൽ, സൗരോർജ്ജം, കാറ്റ്, ഹൈഡ്രജൻ, ഭൂതാപ ഊർജ്ജം എന്നിവയുൾപ്പെടെ പുനരുപയോഗിക്കാവുന്നതും കുറഞ്ഞ കാർബൺ ബഹിർഗമനമുള്ളതുമായ സമഗ്ര പദ്ധതികൾ ഏറ്റെടുക്കാൻ ആദ്യമായി, ഈ കരട് ചട്ടങ്ങൾ ഓപ്പറേറ്റർമാരെ അനുവദിക്കുന്നു. പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തിക്കൊണ്ട്, ഹരിതഗൃഹ വാതക ബഹിർഗമനം നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള ആവശ്യകതകൾ കരട് അവതരിപ്പിക്കുന്നു. കാർബൺ ആഗിരണത്തിനും സംഭരണത്തിനുമായി (CCS) ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്നു. കൂടാതെ അടച്ചുപൂട്ടലിന് ശേഷം, കുറഞ്ഞത് അഞ്ച് വർഷ നിരീക്ഷണത്തോടെ സൈറ്റ് പുനഃസ്ഥാപന ഫണ്ടുകൾ നിർബന്ധമാക്കുന്നു.
ഡാറ്റാ ഗവേണൻസിന്റെ കാര്യത്തിൽ, പര്യവേക്ഷണത്തിലും ഉത്പാദനത്തിലും സൃഷ്ടിക്കപ്പെടുന്ന എല്ലാ പ്രവർത്തന ഡാറ്റയും ഭൗതിക സാമ്പിളുകളും ഭാരത സർക്കാരിന് അവകാശപ്പെട്ടതായിരിക്കും. പാട്ടക്കാർക്ക് ഈ ഡാറ്റ ആന്തരിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ ഏതൊരു കയറ്റുമതി, ബാഹ്യ ഉപയോഗത്തിനും സർക്കാർ അനുമതി ആവശ്യമാണ്. രഹസ്യാത്മകത പരിരക്ഷ ഏഴ് വർഷം വരെ നീണ്ടുനിൽക്കും. കരാർ നിയമ പാലനം ഉറപ്പാക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും പിഴകൾ ചുമത്തുന്നതിനും അധികാരമുള്ള ഒരു സമർപ്പിത അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി രൂപീകരിക്കാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രവർത്തന സ്വാതന്ത്ര്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട്, ഒന്നിലധികം ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ജലസംഭരണികളുടെ പാട്ട ലയനം, വിപുലീകരണം, ഏകീകരണം എന്നിവയ്ക്കുള്ള വ്യക്തമായ നടപടിക്രമങ്ങളും അധിക വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
1949-ലെ കാലഹരണപ്പെട്ട പെട്രോളിയം കൺസെഷൻ റൂൾസ്, 1959-ലെ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റൂൾസ് എന്നിവയ്ക്ക് പകരമാണ് ഈ പരിഷ്‌ക്കാരങ്ങൾ. കൂടാതെ 1948-ലെ ഓയിൽഫീൽഡ്സ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) ആക്ടിന്റെ സമീപകാല ഭേദഗതിയെ പിന്തുടരുകയും ചെയ്യുന്നു. ഇന്ത്യയിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പര്യവേക്ഷണ-ഉത്പാദന ലേല റൗണ്ടായ OALP റൗണ്ട് X-ന് മുമ്പായി ഇവ സമയബന്ധിതമായി നടപ്പിലാക്കും.
കരട് ചട്ടങ്ങൾക്കൊപ്പം, യൂണിറ്റൈസേഷൻ, ലയിപ്പിച്ച പാട്ടക്കാലാവധി, അടിസ്ഥാന സൗകര്യ പങ്കിടൽ ബാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ ചട്ടക്കൂടുകൾക്ക് അനുപൂരകമാം വിധം പുതുക്കിയ മാതൃകാ വരുമാന പങ്കിടൽ കരാർ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. പാട്ടം ഉപേക്ഷിക്കൽ, റിസർവോയർ വിപുലീകരണം, ക്യാൻസലേഷൻ ട്രിഗറുകൾ എന്നിവ സംബന്ധിച്ച പ്രക്രിയകൾ വ്യക്തമാക്കിയതിലൂടെ കൂടുതൽ പ്രവർത്തന സ്ഥിരത ഉറപ്പ് നൽകുന്നു.
ശ്രീ ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത് പോലെ, “ഇന്ത്യയിൽ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം ഒരു കാലത്തും സുഗമവും വേഗതയേറിയതും ലാഭകരവുമായിരുന്നില്ല. ഒരു ആധുനിക, നിക്ഷേപക സൗഹൃദ ഭരണകൂടം രൂപപ്പെടുത്തുന്നതിനുള്ള ക്രിയാത്മക ഇടപെടലിനായി ഞങ്ങൾ ആഗ്രഹിക്കുന്നു." 2025 ജൂലൈ 17-ന് മുമ്പ് png-rules@dghindia.gov.in എന്ന വിലാസത്തിൽ ബന്ധപ്പെട്ട മേഖലയിലുള്ളവർ സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യയുടെ വിശാലമായ ഊർജ്ജ പരിവർത്തന ലക്ഷ്യങ്ങൾക്ക് അനുപൂരകമായ, സുതാര്യവും കാര്യക്ഷമവും സുസ്ഥിരവുമായ, പര്യവേക്ഷണവും ഉത്പാദന അന്തരീക്ഷവും സൃഷ്ടിക്കുക എന്നതാണ് ഈ ശ്രമങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
*******************
(Release ID: 2143564)
Read this release in:
English
,
Urdu
,
Marathi
,
Nepali
,
Hindi
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada