പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

17-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പരിസ്ഥിതി, സി ഒ പി-30, ആഗോള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 07 JUL 2025 11:38PM by PIB Thiruvananthpuram

"പരിസ്ഥിതി, സിഒപി-30, ആഗോള ആരോഗ്യം" എന്നിവയെക്കുറിച്ചുള്ള ഒരു സെഷനിൽ പ്രധാനമന്ത്രി ഇന്ന് പ്രസംഗിച്ചു. സെഷനിൽ ബ്രിക്‌സ് അംഗങ്ങൾ, പങ്കാളി രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ എന്നിവർ പങ്കെടുത്തു. ലോകത്തിന്റെ ഭാവിക്കായി ഇത്രയും സുപ്രധാന വിഷയങ്ങളിൽ സെഷൻ സംഘടിപ്പിച്ചതിന് അദ്ദേഹം ബ്രസീലിനോട് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം എന്നത്,  ഊർജ്ജ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം മാത്രമല്ല, ജീവിതത്തിനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കാലാവസ്ഥാ നീതിയെ ഒരു ധാർമ്മിക ഉത്തരവാദിത്തമായിട്ടാണ് സമീപിച്ചതെന്ന് അദ്ദേഹം അടിവരയിട്ടു, അത് നിറവേറ്റേണ്ടതുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ്, മിഷൻ ലൈഫ്, ഏക് പേഡ് മാ കേ നാം തുടങ്ങിയ ജനപക്ഷ, ഭൂമിക്ക് അനുകൂലമായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ വളർച്ചയിലേക്കുള്ള സുസ്ഥിരമായ പാത പിന്തുടരുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെങ്കിലും, പാരീസ് പ്രതിബദ്ധതകൾ മുമ്പേ നിറവേറ്റി. കാലാവസ്ഥാ വ്യതിയാന നടപടികൾ ഏറ്റെടുക്കാൻ വികസ്വര രാജ്യങ്ങൾക്ക് സാങ്കേതികവിദ്യ കൈമാറുന്നതിനും താങ്ങാനാവുന്ന വിലയിൽ ധനസഹായം നൽകുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ, ഗ്രൂപ്പ് അംഗീകരിച്ച കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള ചട്ടക്കൂട് പ്രഖ്യാപനം ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിത വികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, കോവിഡ് മഹാമാരി സമയത്ത് ഉൾപ്പടെ രാജ്യങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഇന്ത്യ "ഒരു ഭൂമി, ഒരു ആരോഗ്യം" എന്ന മന്ത്രം സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ ഡിജിറ്റൽ ആരോഗ്യ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അവ ആഗോള ദക്ഷിണ രാജ്യങ്ങളുമായി പങ്കിടാൻ തയ്യാറാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സാഹചര്യത്തിൽ, സാമൂഹികമായി നിർണ്ണയിക്കപ്പെടുന്ന രോഗങ്ങളുടെ ഉന്മൂലനത്തിനായി ബ്രിക്‌സ് പങ്കാളിത്തം എന്ന പ്രഖ്യാപനം അംഗീകരിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

ഇന്ത്യ അടുത്ത വർഷം ബ്രിക്‌സിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഈ സാഹചര്യത്തിൽ, ഇന്ത്യ അതിന്റെ അജണ്ടയിൽ ​ഗ്ലോബൽ സൗത്തിന് മുൻഗണന നൽകുമെന്നും ജനകേന്ദ്രീകൃതവും "മനുഷ്യത്വം ആദ്യം" എന്ന സമീപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയുടെ കീഴിൽ, ബ്രിക്‌സിനെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുമെന്നും അതിന്റെ ചുരുക്കെഴുത്ത് - സഹകരണത്തിനും സുസ്ഥിരതയ്ക്കുമായി പ്രതിരോധശേഷിയും നവീകരണവും കെട്ടിപ്പടുക്കുക എന്നായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രസിഡന്റ് ലുലയെ അദ്ദേഹം അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് നന്ദി പറയുകയും ചെയ്തു.

***

SK


(Release ID: 2143045)