പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ട്രിനിഡാഡ് & ടുബേഗോയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടുബേഗോ’ നൽകി ആദരിച്ചു
പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടുബേഗോ’ നൽകി ആദരിച്ചതിനു താങ്കൾക്കും താങ്കളുടെ ഗവണ്മെന്റിനും ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ നന്ദി; ഈ ബഹുമതി ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതവും അഗാധവുമായ സൗഹൃദത്തിന്റെ പ്രതീകമാണ്; 140 കോടി ഇന്ത്യക്കാർക്കുവേണ്ടി, ഏവരുടെയും അഭിമാനം ഉയർത്തിപ്പിടിക്കുന്ന ഈ ബഹുമതി ഞാൻ സ്വീകരിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യൻ സമൂഹം ഇന്നും നമ്മുടെ പൊതുവായ പാരമ്പര്യവും സംസ്കാരവും ആചാരങ്ങളും സംരക്ഷിച്ചു എന്നതു വളരെയധികം അഭിമാനകരമാണ്; പ്രസിഡന്റ് കംഗലൂ ജിയും പ്രധാനമന്ത്രി കംല ജിയും ഈ സമൂഹത്തിന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർമാരാണ്: പ്രധാനമന്ത്രി
ട്രിനിഡാഡ് & ടുബേഗോ ഇന്ത്യയുടെ CARICOM പങ്കാളി മാത്രമല്ല; ആഗോളതലത്തിലെ സുപ്രധാന പങ്കാളി കൂടിയാണ്; ഞങ്ങളുടെ സഹകരണം ഗ്ലോബൽ സൗത്തിനാകെ പ്രധാനമാണ്: പ്രധാനമന്ത്രി
Posted On:
04 JUL 2025 9:17PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ട്രിനിഡാഡ് & ടുബേഗോയുടെ പരമോന്നത ദേശീയ ബഹുമതിയായ “ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടുബേഗോ” സമ്മാനിച്ചു. പോർട്ട് ഓഫ് സ്പെയിനിൽ പ്രസിഡന്റിന്റെ വസതിയിൽ നടന്ന പ്രത്യേക ചടങ്ങിൽ, ട്രിനിഡാഡ് & ടുബേഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂവാണു ബഹുമതി സമ്മാനിച്ചത്. പ്രധാനമന്ത്രിയുടെ രാഷ്ട്രതന്ത്രജ്ഞതയ്ക്കും, ഗ്ലോബൽ സൗത്തിന്റെ മുൻഗണനകൾ ഉയർത്തിപ്പിടിച്ചതിനും, ഇന്ത്യയും ട്രിനിഡാഡ് & ടുബേഗോയും തമ്മിലുള്ള ബന്ധത്തിനു കരുത്തേകാൻ നൽകിയ സവിശേഷ സംഭാവനയ്ക്കുമുള്ള അംഗീകാരമായാണു ബഹുമതി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ നേതാവാണു പ്രധാനമന്ത്രി ശ്രീ മോദി.
ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ ബഹുമതി സ്വീകരിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദബന്ധത്തിന് ഈ ബഹുമതി സമർപ്പിച്ചു. 180 വർഷങ്ങൾക്കുമുമ്പു ട്രിനിഡാഡ് & ടുബേഗോയിൽ എത്തിയ ഇന്ത്യക്കാർ കെട്ടിപ്പടുത്ത പൊതുവായ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും അധിഷ്ഠിതമാണ് ഈ പ്രത്യേക ബന്ധങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും ട്രിനിഡാഡ് & ടുബേഗോയും തമ്മിലുള്ള ഉഭയകക്ഷിപങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
ചടങ്ങിൽ ട്രിനിഡാഡ് & ടുബേഗോ പ്രധാനമന്ത്രി കംല പെർസാദ്-ബിസെസ്സർ, മന്ത്രിസഭാംഗങ്ങൾ, പാർലമെന്റംഗങ്ങൾ, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.
-NK-
(Release ID: 2142376)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada